അ എന്നാല്‍ അക്ഷരം


2 min read
Read later
Print
Share

മലയാളികളെ ഉണര്‍ത്തിയെടുക്കുക, അവരെ സമകാലികതയുടെ സഹസഞ്ചാരികളാക്കുക എന്നതായിരുന്നു മാതൃഭൂമിയുടെ അന്തിമലക്ഷ്യം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മണ്ണടരുകളില്‍ ജലമെത്തുന്നതുപോലെ വാക്കുകള്‍ മുളപൊട്ടുമ്പോള്‍ അത് ഭാവനകളുടെ ബോധിവൃക്ഷങ്ങളായി പന്തലിക്കുമെന്ന് മാതൃഭൂമിയുടെ അമരക്കാര്‍ക്ക് അറിയാമായിരുന്നു. അവരുടെ അക്ഷരസ്വപ്നങ്ങള്‍ക്ക് ജീവന്റെ വിലയുണ്ടായിരുന്നു. ഗാന്ധിജിയുടെ ഗാഢവ്യക്തിത്വത്തിന്റെ ഗാലറിയിലേക്ക് കടന്നുചെന്ന് മഹാകവി വള്ളത്തോള്‍ എഴുതിയ 'എന്റെ ഗുരുനാഥന്‍' മാതൃഭൂമിയുടെ ആദ്യ പത്രത്തില്‍ത്തന്നെ വെളിച്ചംകണ്ടത് ദൃഢബോധ്യങ്ങ ളില്‍നിന്ന് ഉയിര്‍ക്കുന്ന സന്ദേശമായിരുന്നു. കലയും സാഹിത്യവുമില്ലാതെ, അതിന്റെ വനനിബിഡമായ ഭാവനകളില്ലാതെ വിമോചനത്തിന്റെ ഉണര്‍ത്തുപാട്ടിനൊന്നും ചിറകുകളുണ്ടാവില്ലെന്ന് അവരറിഞ്ഞു.

ബോധേശ്വരന്റെ 'ജയജയകോമള കേരളധരണി....' യോടൊപ്പം മലയാളി ഏറ്റുപാടിയ കവിത 'എന്റെ ഗുരുനാഥ'നാണ്. ആ കവിതയിലൂടെ ഇന്ത്യന്‍ വിമോചനത്തിന്റെ ആദിമപ്പെരുമാളിനെ അവര്‍ മനസ്സില്‍ പ്രതിഷ്ഠിച്ചു. അതൊരു വലിയ സംഘത്തിന്റെ ഭാവനയുടെ നിറമാലയായിരുന്നു. മലയാളികളെ ഉണര്‍ത്തിയെടുക്കുക, അവരെ സമകാലികതയുടെ സഹസഞ്ചാരികളാക്കുക എന്നതായിരുന്നു അന്തിമ ലക്ഷ്യം. കെ.പി. കേശവമേനോനും കെ. കേളപ്പനും കെ. മാധവന്‍നായരും കുറൂരുമൊക്കെ എഴുത്തുകാര്‍തന്നെ. പക്ഷേ, അന്നേ അക്ഷരഗോപുരത്തില്‍നിന്ന കുട്ടികൃഷ്ണമാരാരും മാധവനാറും കുഞ്ഞപ്പയും എന്‍.പി. ദാമോദരനും അവരോടൊപ്പം ചേര്‍ന്നു.

1923 മാര്‍ച്ച് 29-ന് മഹാകവി കുമാരനാശാന്റെ 'സ്വാതന്ത്ര്യഗാഥ' വായനക്കാര്‍ ഏറ്റെടുത്തു. ആ കവിതയ്ക്കുശേഷം ആശാന്‍ മറ്റൊരു 'സ്വാതന്ത്ര്യഗാഥ'യുമായി മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു; 1927 മാര്‍ച്ച് 19-ന്. ഉള്ളൂരും സഹോദരന്‍ അയ്യപ്പനും കടത്തനാട്ട് മാധവിയമ്മയുമൊക്കെ പിന്നീട് മാതൃഭൂമിയുടെ പേജുകളില്‍ കവിതകള്‍ അവതരിപ്പിച്ചു. കെ. സുകുമാരന്‍ ബി.എ. നാടകങ്ങളുമായാണ് നിറഞ്ഞത്. കഥകളും മുറയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. മുറിച്ചുമാറ്റാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധമാണ് മാതൃഭൂമിക്ക് മറ്റ് എഴുത്തുകാരോട് ഉണ്ടായിരുന്നത്.

ഒരു സാഹിത്യപ്രസിദ്ധീകരണം അവരുടെ മുമ്പിലുണ്ടായിരുന്ന വിഷയമായിരുന്നെങ്കിലും സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ അത് സാക്ഷാത്കരിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായിരുന്നു. അതുകൊണ്ട് പത്രത്തിന്റെ ഏതെങ്കിലും പേജുകളില്‍ സ്ഥിരമായി സാഹിത്യസംബന്ധിയായ കോളങ്ങള്‍ വേണമെന്ന് അവര്‍ നിശ്ചയിച്ചു. അതിലൊന്ന് വായനക്കാരുടെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എന്ന കത്തെഴുത്ത് പംക്തിയായിരുന്നു. അക്കാലത്തെ കവിതകളുടെ ചമത്കാരത്തെക്കുറിച്ചും അര്‍ഥനിവേദനത്തെപ്പറ്റിയും ഛന്ദസ്സിനെക്കുറിച്ചുമെല്ലാമുള്ള സംവാദഭൂമിയായിരുന്നു 'വായനക്കാരുടെ കത്തുകള്‍.'

അതിനുപുറമേ, എല്ലാ ഓണം, വിഷു ഉത്സവകാലങ്ങളിലും മാതൃഭൂമി മഹാകവികളുടെ കവിതകള്‍ സമ്മാനിച്ചു. 1928 മുതല്‍ വാര്‍ഷികപ്പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. 1928-ലെ ഇടപ്പള്ളി പരിഷത്ത് ഒന്നാം പേജിലാണ് പ്രസിദ്ധീകരിച്ചത്. 1931-ല്‍ 150 പേജുള്ള വാര്‍ഷികപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. അതില്‍ വള്ളത്തോളും ഉള്ളൂരും ജി. ശങ്കരക്കുറുപ്പും നാലാപ്പാട്ടും ബാലാമണിയമ്മയുമൊക്കെ കവിതകളെഴുതി. കേശവമേനോനും കേളപ്പനും കൂടാതെ കൗമുദി പത്രാധിപര്‍ കെ. സുകുമാരന്‍ ബി.എ., മൂര്‍ക്കോത്ത് കുമാരന്‍ എന്നിവരൊക്കെ പഠനാര്‍ഹമായ ലേഖനങ്ങളെഴുതി. പ്രധാന ലേഖനം കേസരി ബാലകൃഷ്ണപ്പിള്ളയുടെ 'മലയാളിയുടെ ഭാവി' എന്ന മുഖലേഖനമായിരുന്നു. 1932 മുതല്‍ പുതുകവികളും കഥാകാരന്മാരും നിരന്നപ്പോള്‍ ഒരു പ്രസിദ്ധീകരണംതന്നെ ആവശ്യമായി.

Content Highlights: malayalam language and mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented