ദുരിതങ്ങള്‍കടന്ന് നിലനില്‍പ്പിന്റെ  വഴിയിലൂടെ


2 min read
Read later
Print
Share

കെ.പി കേശവമേനോൻ ഡോ.എസ് രാധാകൃഷ്ണനോടൊപ്പം

പുലരാന്‍ ഏഴരരാവുമാത്രം ബാക്കി നില്‍ക്കേ, ഫോര്‍മാന്‍ ചന്തുക്കുട്ടിയാണ് പടുകിളവന്‍ സിലിന്‍ഡര്‍ പ്രസില്‍നിന്ന് മാതൃഭൂമിയുടെ ആദ്യപ്രതി പത്രാധിപര്‍ കെ.പി. കേശവമേനോനു നല്‍കിയത്. 'കഴിഞ്ഞകാല'ത്തില്‍ പത്രാധിപര്‍ എഴുതിയിരുന്നതുപോലെ ഒരു 'ശിശുവിന്റെ ജനനം' കഴിഞ്ഞു. മെഷീന്‍മാന്‍ ചാത്തുക്കുട്ടി ആ സിലിന്‍ഡര്‍ പ്രസ് തിരിക്കുമ്പോള്‍ ഒരു യുഗപ്പകര്‍ച്ചയുടെ തുടക്കമാവുകയായി. ആ ദിവസംമുതല്‍ മാതൃഭൂമിയുടെ ദുരിതപൂര്‍ണമായ അതിജീവനകഥകളും തുടങ്ങി. വിമോചനപ്രസ്ഥാനത്തിന്റെ നാവായ പത്രത്തിന് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ എന്നും ഞെരുങ്ങേണ്ടിവന്നു. കെട്ടിടവും പ്രസും യന്ത്രങ്ങളും കടത്തിലായിരുന്നു.

അന്നു പത്രം അച്ചടിക്കാനുള്ള റീമുകള്‍ സി.വി. രാമകൃഷ്ണയ്യരുടെ കടയില്‍നിന്ന് കടംപറഞ്ഞാണ് വാങ്ങുക. അയാള്‍ക്ക് മാതൃഭൂമിയോട് അനുഭാവമുണ്ട്. ആര്‍.എം.എസില്‍നിന്ന് പത്രം അയക്കാനുള്ള സ്റ്റാമ്പ് വാങ്ങും. പോസ്റ്റോഫീസില്‍ അന്ന് പരേരയുണ്ട്.

സ്വന്തം കൈയില്‍നിന്ന് പണം അടച്ച് പരേര സ്റ്റാമ്പ് മാതൃഭൂമിക്ക് നല്‍കും. അന്നു വിദ്യുച്ഛക്തിയില്ല. മെഴുകുതിരിയുടെയും മണ്ണെണ്ണ വിളക്കുകളുടെയും പ്രകാശത്തിലാണ് ജോലി. പാച്ചന്റെ കടയില്‍നിന്ന് മണ്ണെണ്ണവാങ്ങും. പക്ഷേ, അന്ന് പാച്ചന്‍ മണ്ണെണ്ണ തന്നില്ല. കടംകയറി പാച്ചന്‍ തന്നെ കച്ചവടം നിര്‍ത്തേണ്ട ഗതികേടിലാണ്.

ആദ്യവര്‍ഷങ്ങളില്‍ മാതൃഭൂമിയുടേത് നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. കടംപെരുകിവന്നു. പ്രസും കെട്ടിടവും വാങ്ങിയ വകയില്‍ കുറുപ്പത്ത് കേശവമേനോന് ബാക്കി നല്‍കണം. അന്ന് കെ. മാധവന്‍ നായര്‍ ഡയറക്ടര്‍ മാത്രമാണ്. ഒടുവില്‍ സ്ഥലംവിറ്റ് കടംവീട്ടി വാടകക്കെട്ടിടത്തിലേക്ക് മാറാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. കെട്ടിടത്തിനു വില കണക്കാക്കിയത് നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍ ടി.എം. അപ്പുനെടുങ്ങാടിയാണ്. അദ്ദേഹം പതിനായിരത്തിലധികം വിലകണ്ടില്ല. ഈ ഘട്ടത്തിലാണ് തന്റെ കുടുംബത്തിന്റെ ഭദ്രതപോലും നോക്കാതെ മാധവന്‍നായര്‍ സുഹൃത്തുക്കളില്‍നിന്ന് പണം കടം വാങ്ങിയത്.

ആറായിരം രൂപ പ്രോനോട്ടിന്മേല്‍ കടമെടുത്തു. 13,000 രൂപ റൊക്കമായും 500 രൂപ ഓഹരികളായും കേശവമേനോന് നല്‍കി. ഭാര്യയും കുട്ടികളും നോക്കിനില്‍ക്കേ ഈ തുക മാനേജര്‍ എന്‍. കൃഷ്ണന്‍നായര്‍ക്ക് കൈമാറിക്കൊണ്ട് മാധവന്‍ നായര്‍ പറഞ്ഞു: ''ഇതിന്റെ പലിശ കൃത്യമായിത്തരണം. അല്ലെങ്കില്‍ എന്റെ കുട്ടികളുടെ പഠിപ്പു മുടങ്ങും.'' ഈ മഹാത്യാഗത്തിനുമുമ്പില്‍ മാതൃഭൂമി വിനീതരായി.

മാതൃഭൂമിയുടെ രണ്ടാമത്തെ പത്രാധിപരായിരുന്നു പി. രാമുണ്ണിമേനോന്‍. മണ്ണെണ്ണയുടെ അമിതോപയോഗം കുറയ്ക്കാന്‍, രാത്രിയിലെ പണി കുറയ്ക്കണമെന്ന് നിര്‍ദേശം വന്നപ്പോള്‍ വാര്‍ത്തകളുടെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടും സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ മാനേജ്മെന്റ് എന്തു നടപടി എടുത്തുവെന്നും ചോദിച്ച് ഡയറക്ടര്‍ ബോര്‍ഡിന് അദ്ദേഹം കത്തയച്ചു. മാത്രമല്ല, പ്രതിമാസശമ്പളം 85 രൂപയില്‍നിന്ന് 75 രൂപയാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രാത്രിപ്പണിക്കായി സ്വന്തം കീശയില്‍നിന്ന് ചിലപ്പോഴൊക്കെ പണം നല്‍കുകയും ചെയ്തു.

ക്ഷാമം കൊടുമ്പിരിക്കൊണ്ട മുപ്പതുകളില്‍ ഒരണയായിരുന്നു പത്രത്തിന്റെവില. ഒരണയ്ക്ക് അന്നു മൂന്നുനാളികേരം കിട്ടും. വായനക്കാര്‍ പത്രം വായിക്കുന്നത് മുടങ്ങാതിരിക്കാന്‍ മാതൃഭൂമി കണ്ടത് ഒരേയൊരുവഴിയായിരുന്നു. പത്രത്തിന്റെ വില അരയണയായി കുറയ്ക്കുക. 1934 മേയ് ഒന്നിന് ഇതുസംബന്ധിച്ച് പത്രത്തില്‍ അറിയിപ്പുണ്ട്.

1946-ല്‍ പുതിയ അച്ചടി യന്ത്രങ്ങള്‍ വാങ്ങേണ്ടിവന്നപ്പോള്‍, മാതൃഭൂമിയുടെ കൈയില്‍ പണമില്ലായിരുന്നു. ഒടുവില്‍ ടി.പി. സുന്ദരയ്യര്‍ മുന്നോട്ടുവന്നു. അദ്ദേഹത്തിന്റെ സമസ്ത ആസ്തികളും ബാങ്കിനു പണയപ്പെടുത്തിയാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങിയത്. സ്വന്തം സ്വത്തുക്കള്‍ ബാങ്കിനു പണയപ്പെടുത്തുന്നതിനുമുമ്പ് കോഴിക്കോട്ടെ വൈദ്യുതി വിതരണം സംബന്ധിച്ച് വിവാദമുണ്ടായപ്പോള്‍ സുന്ദരയ്യര്‍ ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ രാജിവെക്കുകയുണ്ടായി. അതേസമയം, അംഗങ്ങള്‍ രാജിവെക്കുന്നതിന് എതിരായിരുന്നു മാതൃഭൂമി. സുന്ദരയ്യരുടെയും സഹപ്രവര്‍ത്തകരുടെയും ഈ നടപടിയെ മാതൃഭൂമി ദയാവായ്പില്ലാതെ വിമര്‍ശിച്ചു. എന്നിട്ടും പുതിയ പ്രസിനുവേണ്ടി എല്ലാ സന്പാദ്യവും സുന്ദരയ്യര്‍ മാതൃഭൂമിക്ക് കൈമാറി.

Content Highlights: major milestones mathrubhumi have achieved,mathrubhumi hundred years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Image for representation

3 min

വൈരുധ്യങ്ങളുടെ കേരളമാതൃക

Mar 16, 2022


mahatma gandhi

4 min

വചനം രക്തവും മാംസവുമാണ്

Mar 16, 2022


ka damodaramenon

2 min

ജീവിതത്തിനാകെ നിറംപിടിപ്പിച്ച ബന്ധം

Mar 14, 2022


Most Commented