ഗാന്ധിജിയും ശ്രീനാരായണഗുരും
എന്റെ കൗമാരത്തിലാണ് തറവാട്ടില്‍ ദേശീയപ്രസ്ഥാനം കടന്നുവരുന്നത്. ഇന്ത്യയെ സംബന്ധിക്കുന്ന അഭിമാനബോധമായിരുന്നു അതിന്റെ അടിസ്ഥാനം. ഗാന്ധിജിയുടെ നേതൃത്വം ദേശീയതലത്തില്‍ ഉറച്ചുകഴിഞ്ഞിരുന്നു. അതിനാല്‍, തറവാട്ടിലെ മുതിര്‍ന്ന തലമുറക്കാര്‍ നൂല്‍നൂല്‍ക്കാനും ഹിന്ദി പഠിക്കാനും തുടങ്ങി. ഇന്ത്യയുടെ പ്രാചീനമഹിമയെക്കുറിച്ച് ഞങ്ങളോട് സംസാരിക്കാന്‍ മുതിര്‍ന്നവര്‍ ഉത്സാഹം കാണിച്ചു. അയിത്തത്തിനെതിരായ ഉണര്‍വും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മനുഷ്യരെല്ലാവരും സഹോദരങ്ങളാണെന്ന വീക്ഷണമാണ് അതിന്റെ അടിസ്ഥാനം.
ഈ കാലാവസ്ഥയിലാണ് മാതൃഭൂമി പത്രം തറവാട്ടില്‍ വരാന്‍തുടങ്ങിയത്. ഇത്തരം ആദര്‍ശങ്ങളിലൊക്കെ മാതൃഭൂമി പത്രം ആകര്‍ഷകമായ നിലപാട് കൈക്കൊണ്ടിരുന്നു. താഴ്ന്നജാതിക്കാരായി പരിഗണിക്കപ്പെട്ടിരുന്നവര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മാതൃഭൂമി പത്രം അന്ന് വലിയ പ്രാധാന്യം നല്‍കിപ്പോന്നു. അതിന്റെ ഭാഗമായാണ് ശ്രീനാരായണഗുരുവിനും അയ്യങ്കാളിക്കും വാര്‍ത്തകളില്‍ വീരോചിതസ്ഥാനം നല്‍കിയത്.
മഹാത്മാഗാന്ധിയുടെ കേരളസന്ദര്‍ശനം അക്കാലത്തായിരുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനും പ്രവര്‍ത്തകരെ അഭിനന്ദിക്കാനുമായിരുന്നു ആ സന്ദര്‍ശനം. ഇക്കൂട്ടത്തില്‍ തിരുവിതാംകൂര്‍ മഹാറാണിയെയും ശ്രീനാരായണഗുരുവിനെയും അദ്ദേഹം സന്ദര്‍ശിച്ചു.
മഹാറാണിയുമായുള്ള സംഭാഷണം അന്നത്തെ മാതൃഭൂമി ദീര്‍ഘമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭാഷണത്തില്‍ തനിക്ക് സത്യാഗ്രഹത്തിന്റെ ന്യായയുക്തത ബോധ്യമായതായി മഹാറാണി തുറന്നുപറഞ്ഞു. എങ്കിലും മറ്റ് കാര്യങ്ങള്‍ പരിഗണിച്ച് തത്കാലം എന്തെങ്കിലും ചെയ്യുന്നതില്‍ നിസ്സഹായയാണെന്ന് തുറന്നുപറയുകയും ചെയ്തു. ആ സംഭാഷണം പിന്നാക്കസമുദായക്കാര്‍ക്ക് പ്രോത്സാഹനജനകമായാണ് അനുഭവപ്പെട്ടത്. അതേക്കുറിച്ച് മാതൃഭൂമിയില്‍ ഒരു പേജ് മുഴുവന്‍ പ്രതിപാദിച്ചിരുന്നു. 'മഹാത്മജിയും മഹാറാണിയും തമ്മിലുണ്ടായ കൂടിക്കാഴ്ച' എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഉപശീര്‍ഷകമായി 'അധഃകൃതരുടെ സ്വാതന്ത്ര്യത്തിനുള്ള പരിശ്രമത്തോട് മഹാറാണിക്ക് അനുഭാവമുണ്ട്. എന്നാല്‍, അനുഭാവത്തെ അനുഭവത്തില്‍ കൊണ്ടുവരാന്‍ അധികാരമില്ലത്രേ' എന്ന് കാണുന്നു.
അതേ റിപ്പോര്‍ട്ടില്‍ത്തന്നെ ശ്രീനാരായണഗുരു നൂല്‍നൂല്‍ക്കാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു എന്നുകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഒരുഭാഗം താഴെ കൊടുക്കുന്നു- 'ഉച്ചയ്ക്കുശേഷം മഹാത്മജി ശിവഗിരിമഠത്തില്‍ച്ചെന്ന് ഈഴവസമുദായത്തിന്റെ ഗുരുവായ ശ്രീനാരായണ ഗുരു സ്വാമികളെ കാണുകയും അയിത്തത്തെയും മറ്റും സംബന്ധിച്ച് സ്വാമികളുമായി സംസാരിക്കുകയും ചെയ്തു. മലബാറിലെ അധഃകൃതര്‍ക്ക് പൊതുനിരത്തുകളെയും കുളങ്ങളെയും കിണറുകളെയും ഉപയോഗിക്കാന്‍ അനുവാദം കിട്ടണമെന്നും അവരുടെ കുട്ടികള്‍ക്ക് എല്ലാ സ്‌കൂളുകളിലും പ്രവേശനം നല്‍കണമെന്നും സ്വാമികള്‍ പറഞ്ഞു.
അധഃകൃതര്‍ക്ക് മറ്റു ജാതിക്കാരെപ്പോലെയും മുഹമ്മദീയരെയും ക്രിസ്ത്യാനികളെപ്പോലെയും എല്ലാ സ്വാതന്ത്ര്യങ്ങളും കിട്ടേണ്ടതാണെന്നും സ്വാമി പറഞ്ഞു.' മാതൃഭൂമിയുടെ ഭാഗമായിരുന്ന കെ.പി. കേശവമേനോന്‍ വൈക്കം സത്യാഗ്രഹത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. സത്യാഗ്രഹത്തിന് ദിശാബോധം നല്‍കുന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന് പത്രം വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു.
1925 മാര്‍ച്ച് 12-ന് മഹാത്മാഗാന്ധി ശിവഗിരി സന്ദര്‍ശിച്ച് ഗുരുദേവനുമായി നടത്തിയ സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി കാണിച്ച സന്നദ്ധതയും ആദര്‍ശസ്‌നേഹവും പിന്നാക്കസമുദായങ്ങള്‍ക്കാകെ ശുഭപ്രതീക്ഷയും പ്രോത്സാഹനവും നല്‍കുന്ന തരത്തിലായിരുന്നു. അതില്‍നിന്ന് ഒരുഭാഗം താഴെ ചേര്‍ക്കുന്നു.
'അതേ സംഭാഷണത്തില്‍ത്തന്നെ സത്യഗ്രഹത്തില്‍ ബലപ്രയോഗം പാടില്ലെന്ന അഭിപ്രായംകൂടി ഗാന്ധിജിയും ഗുരുവും പ്രകടമാക്കുന്നുണ്ട്. സാംസ്‌കാരികമായ മൂല്യങ്ങള്‍ക്ക് സത്യാഗ്രഹത്തില്‍ പ്രാധാന്യമുണ്ടായിരിക്കണമെന്ന വീക്ഷണമാണ് രണ്ടുപേരും പുലര്‍ത്തുന്നത്'.
ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിക്ക് അറിവുണ്ടോ?
സ്വാമികള്‍: ഇല്ല
ഗാന്ധിജി: അയിത്തം ഇല്ലാതാക്കാന്‍ വൈക്കത്ത് നടക്കുന്ന സത്യാഗ്രഹപ്രസ്ഥാനത്തില്‍ സ്വാമിജിക്ക് ഭിന്നാഭിപ്രായം ഉണ്ടോ?
സ്വാമികള്‍: ഇല്ല
ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?
സ്വാമികള്‍: അത് ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്. അതില്‍ മാറ്റംവരുത്തണമെന്ന് അഭിപ്രായമില്ല.
ഗാന്ധിജി: അധഃകൃതവര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനുപുറമേ മറ്റെന്തെല്ലാം വേണമെന്നാണ് സ്വാമിയുടെ അഭിപ്രായം
സ്വാമികള്‍: അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനവും മിശ്രവിവാഹവും വേണമെന്ന് പക്ഷമില്ല. നന്നാകാനുള്ള സൗകര്യം എല്ലാവരെയുംപോലെ അവര്‍ക്കും വേണം.
Content Highlights: mahatma gandhi, Sree Narayana Guru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..