വചനം രക്തവും മാംസവുമാണ്


കെ.അരവിന്ദാക്ഷന്‍

4 min read
Read later
Print
Share

mahatma gandhi

ചനം രക്തവും മാംസവുമാണ്', എന്ന ബൈബിള്‍ വചനത്തില്‍ വാക്ക് ജൈവികമാണെന്ന അര്‍ഥവുമുണ്ട്. ജൈവികമായതിന് സംസ്‌കാരികമായ ധ്വനിസാന്ദ്രതയുണ്ട്, മനുഷ്യബോധത്തില്‍. മനുഷ്യന്‍ എന്ന ജീവി നാലുകാലില്‍നിന്ന് രണ്ടുകാലില്‍ മണ്ണില്‍ എഴുന്നുനിന്നതിനോടൊപ്പം സ്വനതന്തുക്കളുടെ വികാസവും ഭാഷയും ബോധവും ഉദിച്ചിട്ടുണ്ടാകാം. മനുഷ്യചരിത്രത്തില്‍ എഴുതപ്പെട്ട വാക്കുകള്‍ എത്രയുണ്ടെന്ന് പറയുക വയ്യ; അത്രത്തോളമുണ്ട്. ആയിരക്കണക്കിനുണ്ടായിരുന്ന ഭാഷകളില്‍ പലതും ഇന്ന് മൃതമായെങ്കിലും ജീവന്‍തുടിക്കുന്ന നൂറുകണക്കിന് ഭാഷകള്‍ ഇപ്പോഴും ഭൂമിയിലുണ്ട്; മനുഷ്യബോധത്തിന്റെ വ്യവഹാരമാധ്യമമായി.

കേരളത്തില്‍ അധിവസിക്കുന്നവരുടെ ഭാഷയായി മലയാളം രൂപാന്തരപ്പെടുന്നത് നൂറ്റാണ്ടുകളിലൂടെയാണ്. ഗാന്ധി 1909-ല്‍ എഴുതിയ 'ഹിന്ദ് സ്വരാജ്' എന്ന ചെറുപുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്ന ആധുനിക നാഗരികത നമ്മുടെ ബോധമണ്ഡലത്തില്‍ ആധുനികതയായി പ്രവര്‍ത്തിക്കുന്ന ആഗോളപ്രതിഭാസമാണ്. കഴിഞ്ഞ അഞ്ചുനൂറ്റാണ്ടുകളായി ഭൂമിയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിലനിന്നിരുന്ന സംസ്‌കൃതികളെയും പ്രകൃതിയെയും ആധുനികനാഗരികത എന്ന പടിഞ്ഞാറന്‍ പരിഷ്‌കൃതി ഏതാണ്ട് നശിപ്പിച്ചുകളഞ്ഞു. ''യൂറോപ്യന്‍ ആധുനികതയുടെ കണ്ണാടിയിലാണ് പടിഞ്ഞാറ് മറ്റു ഭാഷകളെ, സംസ്‌കൃതികളെ കണ്ടത്'' എന്ന ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന്റെ വിലയിരുത്തല്‍ (നൊബേല്‍ പ്രസംഗം: 1982) അക്ഷരംപ്രതി ശരിയാണ്. ആധുനിക നാഗരികതയുടെ കാറ്റില്‍ ഇന്ത്യയിലെ കുറെ ഭാഷകളെങ്കിലും അതിജീവിച്ചിട്ടുണ്ട്. അതിലൊന്നാണ് മലയാളം; നിയോലിബറലിസം അതിനെ നിലംപരിശാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും.

മലയാളഭാഷാ പത്രമായ മാതൃഭൂമി ജനിച്ചിട്ട് 2023-ല്‍ നൂറുകൊല്ലം തികയുകയാണെന്ന വസ്തുത, മാതൃഭൂമിയെ രക്തവും മാംസവുമുള്ള ജൈവികതയായി കാണാന്‍ പ്രേരിപ്പിക്കുന്നു. മലയാളഭാഷ സംസാരിക്കുന്ന മനുഷ്യരുടെ രാഷ്ട്രീയ-സംസ്‌കാരിക-ധാര്‍മിക ജീവിതവുമായി നൂറുകൊല്ലമായി മാതൃഭൂമി സംവദിക്കുന്നു. 1923-ല്‍ ഉരുവപ്പെടുന്ന മാതൃഭൂമി ആദ്യത്തെ 25 കൊല്ലവും ഗാന്ധിജിയുമായി സംവദിച്ചിട്ടുണ്ട്. കാരണം, മാതൃഭൂമി രൂപപ്പെടുന്നതുതന്നെ, ഗാന്ധിയന്‍ മൂല്യങ്ങളുടെ ജൈവവ്യവസ്ഥയില്‍നിന്നാണ്. ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഗാന്ധിയന്‍ ഊര്‍ജത്തിലാണ് അത് ബ്രിട്ടീഷ് കൊളോണിയലിസത്തിനും അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരായ ഒഴുക്കായിമാറിയത്. 1915-ല്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്‌കാരിക-ധാര്‍മിക ജീവിതത്തിലേക്ക് കടന്നുവന്ന ഗാന്ധിജിയുടെ മൂല്യവ്യവസ്ഥ ഉള്‍ക്കൊണ്ടിരുന്ന ആദര്‍ശശീലരും സത്യസന്ധരും ധീരരുമായ സ്വാതന്ത്ര്യസമരസേനാനികളുടെ മുന്‍കൈയിലാണ് മാതൃഭൂമി പിറവികൊണ്ടത്. ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിന്റെ നൂറാംവാര്‍ഷികം 2015-ലായിരുന്നു. ആദ്യ അരനൂറ്റാണ്ടെങ്കിലും ഗാന്ധിജിയെ മാറ്റിനിര്‍ത്തി മാതൃഭൂമിയെ സങ്കല്പിക്കാനാവില്ല.

അടിമകളായി തുടരുന്നവര്‍

ജനാധിപത്യവ്യവസ്ഥകളില്‍ ഇന്നും ജനങ്ങള്‍ അടിമകളായിരിക്കുന്നത് അവര്‍ പലതരം അജ്ഞതകളും ആര്‍ത്തികളുംകാരണം ദുഷിച്ച വ്യവസ്ഥിതികളും സ്ഥാപനങ്ങളുമായി സഹകരിക്കുന്നതുകൊണ്ടാണ്. വ്യക്തിയുടെ ഉണ്മയില്‍നിന്നേ; സ്വരക്ഷ, സ്വരാജ്, യഥാര്‍ഥ സ്വാതന്ത്ര്യം ഉരുത്തിരിയൂ. ചമ്പാരനും ജലിയന്‍ വാലാബാഗും പഞ്ചാബും മാപ്പിളലഹളയും സംഭവിച്ചത് സഹജമായ അറിവില്ലായ്മമൂലം ജനങ്ങള്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധമില്ലാതിരുന്നതുകൊണ്ടാണ് (1919). തത്ത്വങ്ങള്‍ മാത്രം പഠിപ്പിക്കുന്ന ശാസ്ത്രംകൊണ്ട് മനുഷ്യനിലെ ഉണ്മ തിരിച്ചറിയാനാവില്ല (1925). അസമത്വത്തിന്റെ പ്രാകൃതസിദ്ധാന്തവത്കരണമായ തീണ്ടായ്മയെ, കേരളവുമായി ബന്ധപ്പെട്ട പ്രസംഗങ്ങളിലും കത്തിടപാടുകളിലും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ലോകത്ത് കേരളത്തില്‍ മാത്രംകണ്ട, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നിന്ദ്യവും ഹീനവുമായ സവര്‍ണരുടെ ആചാരത്തെ ഇല്ലാതാക്കണമെന്ന് അദ്ദേഹം ഓരോ സന്ദര്‍ഭത്തിലും പറഞ്ഞു.

അവര്‍ണര്‍ക്ക് വഴിനടക്കാന്‍ അവകാശവും സ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥ നിസ്സഹകരണ സമരത്തിലൂടെയേ മാറ്റിയെടുക്കാനാകൂ. വൈക്കം സത്യാഗ്രഹത്തിന്റെ കാതല്‍, ക്ഷേത്രപ്രവേശനത്തിനോടൊപ്പം ഈ സഞ്ചാരസ്വാതന്ത്ര്യമായിരുന്നു. ഇന്നും കേരളീയന്റെ ബോധമണ്ഡലത്തില്‍നിന്ന് പൂര്‍ണമായി നീങ്ങിയിട്ടില്ലാത്ത അവര്‍ണരായ ദളിതരോടും ആദിവാസികളോടുമുള്ള വിവേചനത്തിന്റെ രൂക്ഷത ഗാന്ധി 1920-കളില്‍ത്തന്നെ തിരിച്ചറിഞ്ഞു.


വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധി തന്റെ 'യങ് ഇന്ത്യ'യില്‍ (1925 ജൂണ്‍ 4) എഴുതി: മറ്റെല്ലാ മനുഷ്യര്‍ക്കും എന്നല്ല പൂച്ചയ്ക്കും പട്ടിക്കും സഞ്ചരിക്കാവുന്നമട്ടില്‍ തീണ്ടിക്കൂടാത്തവരെന്ന് വിളിക്കപ്പെടുന്നവര്‍ക്കും സഞ്ചരിക്കാന്‍ റോഡുകള്‍ തുറന്നുകൊടുക്കണം. തിരുവിതാംകൂറിലെ ഹിന്ദുഭരണകൂടം മര്‍ദിതവര്‍ഗക്കാരോട് രണ്ടു കടമകള്‍ നിറവേറ്റണം. ഒന്ന്, സ്വന്തം സംരക്ഷണയില്‍ കഴിയുന്ന മര്‍ദിതജനതയോട് മനുഷ്യത്വമുള്ള ഏതൊരു ഗവണ്‍മെന്റിനും ഉണ്ടായിരിക്കേണ്ട കടപ്പാട്. മറ്റൊന്ന് ഹിന്ദുമതത്തോട് ഒരു ഹിന്ദു ഭരണകൂടത്തിന് ഉണ്ടായിരിക്കേണ്ട കടപ്പാട്. അതായത് ഹിന്ദുമതത്തില്‍ കടന്നുകൂടിയ മനുഷ്യത്വശൂന്യമായ അന്ധവിശ്വാസത്തെ ഭരണകൂടം വെച്ചുപൊറുപ്പിക്കുകയില്ല എന്നത്.

ഗാന്ധിയുടെ ക്രാന്തദര്‍ശിത്വമുള്ള ഈ ദിശാബോധത്തെ സാധൂകരിക്കുന്നതാണ് ഗാന്ധിയുടെ മാനസപുത്രനെന്ന് വിശേഷിപ്പിക്കാവുന്ന മഹാദേവ് ദേശായി എഴുതിയ 'ദി എപ്പിക് ഓഫ് ട്രാവന്‍കൂര്‍' (1937, നവജീവന്‍). മതാത്മകവിമോചനത്തിനായി അഹിംസാത്മകമായി പോരാടിയ കേരളത്തിലെ സത്യാഗ്രഹികള്‍ക്കാണ് ദേശായി ഇതിഹാസം സമര്‍പ്പിച്ചത്. പ്രകൃതിഭംഗികൊണ്ടും സാംസ്‌കാരികസമൃദ്ധികൊണ്ടും സമ്പന്നമായ തിരുവിതാംകൂറില്‍ (കേരളത്തില്‍) അവര്‍ണന് പൊതുവഴികള്‍ അപ്രാപ്യമാണ് എന്ന ക്രൂരമായ വസ്തുത ഒരു കടങ്കഥയാണെന്ന് ഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് ദേശായി വ്യക്തമാക്കുന്നുണ്ട്. ഉള്ളില്‍ ക്രൂരമായ അസമത്വങ്ങളും ലൈംഗികവൈകൃതങ്ങളും വെറുപ്പും പുച്ഛവും സൂക്ഷിച്ച് പുറമേക്ക് സംസ്‌കാരചിത്തന്റെ ഭാവപ്രകടനങ്ങള്‍ നടത്തുന്ന കേരളീയന്‍ ഇനിയും സ്വന്തം ഹൃദയങ്ങള്‍ അപനിര്‍മിക്കേണ്ടതുണ്ട്.

മാതൃഭൂമിക്ക് അയച്ച കത്തുകള്‍

മേല്‍വിവരിച്ച മലയാളി ഉഭയജീവിതത്തിന്റെ ധാര്‍മികസംഘര്‍ഷങ്ങളെ മാതൃഭൂമി അതിന്റെ ആദ്യദശകങ്ങളില്‍ അന്വേഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഒപ്പീനിയന്‍, യങ് ഇന്ത്യ, നവജീവന്‍, ഹരിജന്‍ എന്നീ പത്രങ്ങളുടെ എഡിറ്ററായിരുന്ന അതേ സൂക്ഷ്മവിവേചനത്തോടെ മാതൃഭൂമിയെ ഗാന്ധി വിലയിരുത്തിയിട്ടുണ്ട്. മാതൃഭൂമിയുമായി ബന്ധപ്പെട്ട ആറ് സൂചനകള്‍, കത്തുകളായും പരാമര്‍ശങ്ങളായും ഗാന്ധിയുടെ സമാഹൃത കൃതികളിലുണ്ട് (വാല്യങ്ങള്‍: 53, 54, 56).
1933 ജനുവരി 25-ന് അന്നത്തെ മാതൃഭൂമി പത്രാധിപരായിരുന്ന കേളപ്പന് ഗാന്ധി കത്തയക്കുന്നുണ്ട്. മാതൃഭൂമിയില്‍ ബ്രാഹ്‌മണരെ ദുഷിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് തനിക്കുകിട്ടിയ പരാതിയെപ്പറ്റിയും അതന്വേഷിക്കാന്‍ സ്‌നേഹിതന്‍ ടി. കൃഷ്ണമേനോനെ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട് (25.1.1933). കൃഷ്ണമേനോന്‍ ഗാന്ധിക്ക് അയച്ചുകൊടുത്ത പ്രസ്തുത ലേഖനങ്ങളിലെ വസ്തുതകള്‍ ഗാന്ധി വിലയിരുത്തി 1933 മാര്‍ച്ച് 11-ന് കൃഷ്ണമേനോന് കത്തെഴുതുന്നുണ്ട്.

'അതിലെ ഒന്നോ രണ്ടോ ഖണ്ഡികയുടെ ഭാഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണെന്ന് പറയാമെങ്കിലും, താങ്കള്‍ പറഞ്ഞപോലെ അടച്ചാേക്ഷപിക്കണ്ടതായിട്ടൊന്നും എനിക്കു കാണാന്‍കഴിഞ്ഞില്ല. അവരവരുടെ വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ ലേഖകര്‍ ചില മസാലകള്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍, അവ മര്യാദയുടെ സീമകള്‍ ലംഘിക്കാത്തിടത്തോളം അവയെ എതിര്‍ക്കേണ്ട ആവശ്യമില്ല. ഏതായാലും, വളരെ മോശമായതെന്തെങ്കിലും താങ്കളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അതിന്റെ കട്ടിങ്ങുകള്‍ താങ്കള്‍ എനിക്കയച്ചുതരണം. ഞാന്‍ പത്രാധിപര്‍ക്ക് എഴുതാം. തന്റെ പത്രഭാഷ വളരെ ശ്രദ്ധിക്കാമെന്ന് അദ്ദേഹം വാക്കുതന്നിട്ടുണ്ട്'. ഈ കത്ത് മാതൃഭൂമിയോടുള്ള ആത്മബന്ധവും അതിലുള്ള വിശ്വാസവുമാണ്. ഗാന്ധിയുടെ മൂല്യബോധം ഇന്ത്യയിലെ ഒരു പത്രത്തിനും ഇന്നില്ല. നിയോലിബറല്‍ മുതലാളിത്തത്തിന്റെ കച്ചവടതന്ത്രങ്ങളില്‍, ഗാന്ധിയന്‍ മൂല്യങ്ങളെല്ലാം ഒലിച്ചുപോയി. അങ്ങനെയുണ്ടെന്ന്, വല്ലപ്പോഴും എഡിറ്റോറിയല്‍ പ്രസംഗങ്ങളിലും മറ്റും പറയുന്നത് കപടനാട്യമാണ്. കച്ചവടവും മൂല്യബോധവും ഈ ആപത്സന്ധിയിലും എങ്ങനെ സമരസപ്പെടുത്തി കൊണ്ടുപോകാനാവും? ഗാന്ധിയന്‍ കനലുകളില്‍നിന്ന് ജ്വലിച്ചുയര്‍ന്ന മാതൃഭൂമിയുടെ ആത്യന്തികദൗത്യം അതാണെന്ന് ഗാന്ധിയന്‍ അന്വേഷകന്‍ എന്നനിലയില്‍ ചൂണ്ടിക്കാണിക്കുന്നു.

1934 ജനുവരി 13-ന് മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ച് കെ. മാധവന്‍ നായരുടെ ഛായാചിത്രം അനാച്ഛാദനംചെയ്ത് ഗാന്ധി സംസാരിച്ചതിന്റെ റിപ്പോര്‍ട്ട്: 'മാധവന്‍ നായര്‍ മാതൃഭൂമി ട്രസ്റ്റിന്റെ ആത്മാവായിരുന്നു. അതുകൊണ്ടാണ് ആ പത്രം അതുല്യമായ സ്ഥാനം അലങ്കരിക്കുന്നത്. മാതൃഭൂമി മലബാറില്‍ സവിശേഷമായ സ്ഥാനം നേടിയിട്ടുണ്ടെന്ന് പറയുന്നത് അധികമാവില്ല. യാതൊരു നീക്കുപോക്കുകളുമില്ലാതെ മാധവന്‍ നായര്‍ സര്‍വാത്മനാ ഹരിജനോദ്ധാരണത്തിനായി മുന്നോട്ടുവന്നു. അദ്ദേഹത്തിന്റെ കാലടികള്‍ മാതൃഭൂമി സ്റ്റാഫ് പിന്തുടരണമെന്ന് ഗാന്ധി അഭ്യര്‍ത്ഥിച്ചു'. മാധവന്‍ നായരിലൂടെ ഒരു പുതിയ ഗാന്ധിയന്‍ സാംസ്‌കാരികോദ്ധാരണത്തിന് മാതൃഭൂമി ഉണരുമ്പോഴാണ് ഗാന്ധിയന്‍ വചനം രക്തവും മാംസവുമായിമാറുക.

ഗാന്ധിജിയും കേരളവും

ഗാന്ധി ആദ്യമായി കേരളത്തില്‍വന്നത് 1920-ല്‍ നിസ്സഹരണ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ്. പിന്നീട് 1925-ലും 1927-ലും 1934-ലും 1937-ലും മഹാത്മ കേരളം സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനങ്ങളിലൂടെയും കേരളത്തില്‍ ഉണ്ടായിട്ടുള്ള ഓരോ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുമായി നിരന്തരം ഇടപെട്ടതിലൂടെയും കേരളീയരുമായി നടത്തിയ ഒട്ടേറെ കത്തിടപാടുകളിലൂടെയും അദ്ദേഹം മുന്നോട്ടുവെച്ചത് സാംസ്‌കാരിക ആത്മീയവിപ്ലവത്തിനുള്ള ധാതുക്കളാണ്. ബ്രിട്ടന്‍ ഇന്ത്യയുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നത് ആയുധശക്തികൊണ്ടല്ല ജനങ്ങളുടെ സഹകരണംകൊണ്ടാണെന്ന് ഗാന്ധി ആദ്യ കേരള സന്ദര്‍ശനവേളയില്‍ കോഴിക്കോട് (1920 ഓഗസ്റ്റ് 18) വെച്ച് അടിവരയിട്ടു. ആഗോളതലത്തില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വം ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും നടപ്പാക്കിയതിന്റെ പൊരുള്‍ ഗാന്ധിയുടെ വാക്കുകളിലുണ്ട്.

Content Highlights: mahatma gandhi and mathrubhumi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


image

2 min

വാക്കേ വാക്കേ കൂടെവിടെ?

Mar 14, 2022


Most Commented