Mahatma Gandhi | Photo: mathrubhumi
ഒരു മഹാവൃക്ഷവും അതിന്റെ തണലും എന്നപോലെയായിരുന്നു മഹാത്മാ ഗാന്ധിയും മാതൃഭൂമിയും തമ്മിലുള്ള ബന്ധം. തണലിനെ ഒരിക്കലും വൃക്ഷത്തില്‍നിന്ന് വേര്‍തിരിക്കാനാവില്ല. മാതൃഭൂമി പത്രം ആദ്യമായി പ്രസിദ്ധീകരിച്ച ദിവസം മുതല്‍ മഹാത്മഗാന്ധി ഈ ലോകം വിട്ടുപോയി പതിറ്റാണ്ടുകള്‍ പിന്നിട്ട ഇക്കാലത്തും ആ ബന്ധം ഇഴപൊട്ടാതെ ഇണങ്ങിനില്‍ക്കുന്നു.
മഹാത്മായുടെ ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍, ആ പോരാട്ടത്തോട് ഐക്യപ്പെടാനാണ് മാതൃഭൂമി ആദ്യലക്കം 1923 മാര്‍ച്ച് 18-ന് പുറത്തിറക്കിയതുതന്നെ. പ്രതിസന്ധിഘട്ടത്തില്‍ മാതൃഭൂമി മഹാത്മായുടെ ഉപദേശങ്ങള്‍ തേടി. അദ്ദേഹം വാക്കുകൊണ്ടും വീക്ഷണംകൊണ്ടും വാത്സല്യംകൊണ്ടും മാതൃഭൂമിയെ അനുഗ്രഹിച്ചു. 1934 ജനുവരി 13-ന് ഗാന്ധിജി മാതൃഭൂമിയുടെ പടവുകള്‍ കയറി വന്നു. കേരളത്തില്‍ ഗാന്ധിജി നേരിട്ടെത്തിയ ഒരേയൊരു പത്രസ്ഥാപനം മാതൃഭൂമിമാത്രം. പത്രം എന്നതിനൊപ്പം സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഒരു പ്രത്യക്ഷ യോദ്ധാവ് എന്ന രീതിയിലും ഗാന്ധിജി മാതൃഭൂമിയെ കണ്ടിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിനുവേണ്ടി അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മാതൃഭൂമിയെ അറിയിക്കുകയും അതിനായി പിന്തുണ തേടുകയും ചെയ്തു. മാതൃഭൂമിയുടെ സാരഥികളുമായി ഗാന്ധിജി വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചു.
എന്റെ ഗുരുനാഥന്‍
രാജ്യദ്രോഹപരമായ ലേഖനങ്ങള്‍ എഴുതിയ കുറ്റത്തിന് ഗാന്ധിജിയെ 1922 മാര്‍ച്ച് 18-ന് ജയിലില്‍ അടച്ചിരുന്നു. ആ ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷികം ആയതുകൊണ്ടാണ് മാതൃഭൂമിയുടെ ആദ്യലക്കം 1923 മാര്‍ച്ച് 18-ന് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ആ ലക്കത്തിലെ ഏഴാം പേജ് ഗാന്ധി സ്പെഷ്യല്‍ ആയിരുന്നു.വള്ളത്തോള്‍ നാരായണമേനോന്‍ ഗാന്ധിജിക്ക് സമര്‍പ്പിച്ച് എഴുതിയ 'എന്റെ ഗുരുനാഥന്‍' കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് ഈ പേജിലാണ്. 'ലോകമേ തറവാട്, തനിക്കീ ചെടികളും പുല്‍ക്കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍, ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി, യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍...' എന്നുതുടങ്ങുന്ന ഈ കവിത പില്‍ക്കാലത്ത് കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പലവട്ടം മുഴങ്ങി.
ഗാന്ധിദിനം എന്ന തലക്കെട്ടിനുതാഴെ ഇങ്ങനെ പറയുന്നു: 'നാളെ മാര്‍ച്ച് 18-ാം തീയതിയാണ്. കഴിഞ്ഞ മാര്‍ച്ച് 18-നാണ് മഹാത്മജിയെ ശിക്ഷിച്ചത്. സ്വരാജ്യത്തിനുവേണ്ടി മഹാത്മാഗാന്ധി ഒരുകൊല്ലമായി തടവില്‍ കിടക്കുന്നു. സ്വരാജ്യത്തിനുവേണ്ടി നിങ്ങള്‍ എന്തു പ്രവര്‍ത്തിച്ചു ? കോണ്‍ഗ്രസില്‍ മെമ്പറായി ചേര്‍ന്നുവോ? കോണ്‍ഗ്രസ് ഫണ്ടിലേക്ക് പണം കൊടുത്തിട്ടുണ്ടോ? ഖദര്‍ ധരിക്കുന്നുണ്ടോ? നാട്ടുകാരെ രാജ്യകാര്യം പറഞ്ഞ് മനസ്സിലാക്കുന്നുണ്ടോ? താണ ജാതിക്കാരെ ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നുണ്ടോ? രാജ്യത്ത് ഐകമത്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ? ഇതൊന്നും ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇതെല്ലാം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ഇപ്പോള്‍ത്തന്നെ സത്യം ചെയ്യുവിന്‍. ജയിലിന് പുറത്തുള്ളവര്‍ പ്രവൃത്തി എടുക്കാതിരുന്നാല്‍ തടവില്‍ പാര്‍ക്കുന്നവരുടെ ത്യാഗംകൊണ്ട് എന്തുഫലം?
'അക്രമരാഹിത്യത്തിന്റെ മാഹാത്മ്യം' എന്ന തലക്കെട്ടില്‍ ഗാന്ധിജിയുടെ സന്ദേശവും ഈ പേജിലുണ്ട്. 'ഞാന്‍ അസാധ്യകാര്യങ്ങളെപ്പറ്റി ആലോചിച്ച് മനസ്സ് പുണ്ണാക്കുന്ന മനുഷ്യനല്ല. സാധ്യമായ കാര്യങ്ങളെ നിവര്‍ത്തിക്കാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഒരുവനാണെന്ന് മാത്രമേ എനിക്കഭിമാനമുള്ളൂ' എന്നാണ് സന്ദേശം തുടങ്ങുന്നത്.
ഗാന്ധിജിയുടെ ചിത്രം ആദ്യമായി മാതൃഭൂമിയില്‍ അച്ചടിക്കുന്നത് 1923 മാര്‍ച്ച് 20-ന് പ്രസിദ്ധീകരിച്ച രണ്ടാം പത്രത്തിലാണ്. ബ്ലോക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഗാന്ധിജിയുടെ ഫയല്‍ചിത്രമാണ് അച്ചടിച്ചത്. ഗാന്ധിജിയുമായി ബന്ധപ്പെട്ട വാര്‍ത്താചിത്രം മാതൃഭൂമിയില്‍ ആദ്യമായി അച്ചടിക്കുന്നത് 1930 ഒക്ടോബര്‍ 12-നായിരുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനം പ്രമാണിച്ച്, ഗാന്ധിജിയുടെ ചിത്രവുമായി ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് മാതൃഭൂമി ഓഫീസിന് സമീപത്ത് നടന്ന ഘോഷയാത്രയുടെ ചിത്രമാണ് പത്തുദിവസത്തിനുശേഷം അച്ചടിച്ചുവന്നത്. ചിത്രം എടുത്തശേഷം നെഗറ്റീവാക്കി മദിരാശിയില്‍ കൊണ്ടുപോയി അവിടുന്ന് ബ്ലോക്ക് ആക്കി കൊണ്ടുവന്നാണ് പത്രത്തില്‍ അച്ചടിച്ചിരുന്നത്. അതുകൊണ്ടാണ് ഇത്രയുംദിവസത്തെ ഇടവേള വരുന്നത്.
വള്ളത്തോളിന്റെ ആരാധ്യപുരുഷന്‍
മഹാകവി വള്ളത്തോളിന്റെ ആരാധ്യപുരുഷനായിരുന്നു ഗാന്ധിജി. എന്റെ ഗുരുനാഥന്‍ എന്ന കവിതയില്‍ത്തന്നെ അത് പ്രകടമാണ്. ഇതേത്തുടര്‍ന്ന് 1932 ജനുവരി 18-ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കത്തില്‍ വള്ളത്തോള്‍ 'അഹിംസ' എന്ന കവിതയിലൂടെയും ഗാന്ധിജിയോടുള്ള തന്റെ ആദരം പ്രകടിപ്പിച്ചു.
കേരളത്തിലെത്തിയ ഗാന്ധിജിയെ വള്ളത്തോള്‍ നേരില്‍ കാണുന്നുണ്ട്. 1925-ല്‍ ഗാന്ധിജിയുടെ രണ്ടാം സന്ദര്‍ശന സമയത്ത് 'എന്റെ ഗുരുനാഥന്‍' കവിതയും 'സാഹിത്യ മഞ്ജരി' പുസ്തകവുമായി വള്ളത്തോള്‍ വൈക്കത്ത് അദ്ദേഹത്തെ കാണാനെത്തി. പുസ്തകങ്ങള്‍ ഗാന്ധിജിക്ക് നല്‍കിയെങ്കിലും നേരില്‍ സംസാരിക്കാനായില്ല. 1927-ല്‍ ഗാന്ധിജിയുടെ മൂന്നാം സന്ദര്‍ശന സമയത്ത് ആ കുറവ് തീര്‍ത്തു. തൃശ്ശൂര്‍ ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. മഹാകവിക്ക് കേള്‍വിക്കുറവുണ്ടായിരുന്നതിനാല്‍ സംഭാഷണത്തിന്റെ പരിഭാഷ അദ്ദേത്തിന് എഴുതിക്കൊടുക്കുകയായിരുന്നു. ഗാന്ധിജിയുടെ സെക്രട്ടറി സി. രാജഗോപാലാചാരിയും കൂടെയുണ്ടായിരുന്നു.
പടികയറിവന്നു
ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ട സ്ഥാപനമാണ് മാതൃഭൂമി. കേരളനാട്ടില്‍ മറ്റൊരു പത്രസ്ഥാപനത്തിനും കിട്ടാത്ത പുണ്യം. 1934-ല്‍, തന്റെ നാലാം കേരള സന്ദര്‍ശനത്തിനിടെയാണ് ഗാന്ധിജി മാതൃഭൂമി ഓഫീസിലെത്തിയത്. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാനും ഖാദി പ്രചാരണത്തിനുമായാണ് ജനുവരി പത്തുമുതല്‍ 24 വരെ അദ്ദേഹം കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. തിരക്കിട്ട പരിപാടികള്‍ക്കിടെ, ജനുവരി 13-ന് അദ്ദേഹം കോഴിക്കോട്ടെത്തി.
ടൗണ്‍ഹാളില്‍, മാതൃഭൂമിയുടെ പ്രഥമ എം.ഡി. കെ. മാധവന്‍നായരുടെ ഛായാപടം അനാച്ഛാദനം ചെയ്തശേഷം വൈകീട്ട് 7.15-ന് ആ ചരിത്രപുരുഷന്‍ മാതൃഭൂമി ഓഫീസിലേക്ക് കയറിവന്നു. മാതൃഭൂമിയിലും കെ. മാധവന്‍നായരുടെ ഛായാപടം അനാച്ഛാദനം ചെയ്തു. മാതൃഭൂമി കെട്ടിടത്തിന്റെമുകളില്‍ പ്രത്യേകം അലങ്കരിച്ച ഹാളിലായിരുന്നു ചടങ്ങ്. കെ. കേളപ്പന്‍, കെ. കേശവന്‍ നായര്‍, ഡോ. വി.കെ. വൈദ്യര്‍, എ. കരുണാകര മേനോന്‍, പി. അച്യുതന്‍, ടി.വി. സുന്ദര അയ്യര്‍, വി.ആര്‍. നായനാര്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, ബി. പാവമണി, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാന്ധിജിയെ സ്വീകരിച്ചത്.
ഫോട്ടോ അനാച്ഛാദനത്തിന് മാതൃഭൂമി ഡയറക്ടര്‍ ടി.വി. സുന്ദര അയ്യര്‍ മഹാത്മജിയെ ക്ഷണിച്ചു. മാതൃഭൂമി ജീവനക്കാര്‍ 111 രൂപയുടെ പണക്കിഴി സംഭാവനയായി നല്‍കി. തുടര്‍ന്ന് അഞ്ചുമിനിറ്റോളം ഗാന്ധിജി പ്രസംഗിച്ചു. ഗാന്ധിജിയുടെ കാര്യദര്‍ശി പ്രൊഫ. മല്‍ക്കാനി, സി. ശുക്ല, ജര്‍മന്‍ പത്രപ്രതിനിധി ബര്‍ട്ട് ബ്യൂതോ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Content Highlights: Mahatma Gandhi and mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..