എം.പി.വീരേന്ദ്രകുമാർ
വനസൗന്ദര്യത്തിന്റെ വയനാട്ടില്‍നിന്ന് സമതലങ്ങളിലേക്ക് പ്രവഹിച്ച പുഴയായിരുന്നു എം.പി. വീരേന്ദ്രകുമാര്‍. ഈ പുഴയുടെ ജലശരീരത്തില്‍ ഒട്ടേറെ ധാതുക്കള്‍ ഉള്‍ച്ചേര്‍ന്നിരുന്നു; സാഹിത്യം, തത്ത്വചിന്ത, രാഷ്ട്രീയം, പരിസ്ഥിതി, സഞ്ചാരം, സമരം, പ്രസംഗം, എഴുത്ത്, മാധ്യമപ്രവര്‍ത്തനം, ആത്മീയത.... പുഴയൊഴുകി, തിടംവെച്ച് പ്രവഹിച്ച് മുന്നേറിയ പതിറ്റാണ്ടുകളില്‍ ഈ ധാതുക്കളുടെ പൂര്‍ണത മലയാളി കണ്ടു.
പഴയ വയനാടിന്റെ മണ്ണില്‍ പ്രകൃതിയോടും സാധാരണ മനുഷ്യരോടും ഇടപഴകി വളര്‍ന്ന വീരേന്ദ്രകുമാറില്‍, വായന ചെറുപ്പത്തിലേ ചിന്തയുടെയും സൗന്ദര്യബോധത്തിന്റെയും വിത്തുകളെറിഞ്ഞു. വയനാട്ടുകാര്‍ ഋതുക്കളെ അറിഞ്ഞത് പുസ്തകങ്ങളിലൂടെയായിരുന്നില്ല. കാറ്റിലൂടെയും മഞ്ഞിലൂടെയും ചാഞ്ഞുവീഴുന്ന വെയിലിലൂടെയുമായിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. ഒരു പ്രത്യേക ദിശയില്‍നിന്ന് കാറ്റുവീശിയാല്‍ വയനാട്ടുകാര്‍ക്കറിയാം മഴ എവിടെയെത്തിയെന്ന്. അകാലത്തില്‍ ഒരിലപൊഴിഞ്ഞാല്‍ പ്രകൃതിയിലെ താളപ്പിഴ അവര്‍ തിരിച്ചറിയും. വയനാടന്‍ ജീവിതത്തില്‍നിന്ന് ആര്‍ജിച്ചെടുത്ത ഈ ജാഗ്രതയാണ് വീരേന്ദ്രകുമാറിനെ ഉള്‍ക്കാഴ്ചയും പ്രവചനശേഷിയുമുള്ള പരിസ്ഥിതിപ്രവര്‍ത്തകനാക്കി മാറ്റിയത്.
അമേരിക്കയിലെ പഠനം മറ്റൊരു ആകാശം തുറന്നിട്ടു. പാശ്ചാത്യസംസ്‌കാരത്തിലെ ചിന്താപദ്ധതികളും സ്വാതന്ത്ര്യബോധവും ഉള്‍ക്കൊള്ളുന്നതിനൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെയും മഹത്ത്വം മനസ്സിലാക്കാനും ഈ കാലം വീരേന്ദ്രകുമാറിനെ സഹായിച്ചു. അതിന്റെ സമഞ്ജസപ്രകാശം വീരേന്ദ്രകുമാറിന്റെ ചിന്തകളിലും കാഴ്ചപ്പാടുകളിലും എല്ലാകാലത്തും ഉണ്ടായിരുന്നു.
താന്‍ ഒരു 'പൊളിറ്റിക്കല്‍ ആനിമല്‍' ആണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു. മഹാത്മാഗാന്ധി, ജയപ്രകാശ് നാരായണന്‍, രാംമനോഹര്‍ ലോഹ്യ, എ.കെ.ജി. എന്നിവരില്‍നിന്നെല്ലാം അദ്ദേഹം രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ സ്വീകരിച്ചു. സോഷ്യലിസം എന്ന മഹത്തായ ആശയം മനുഷ്യരാശിയോടും ഈ പ്രപഞ്ചസംവിധാനത്തോടുമുള്ള സന്തുലിതസ്‌നേഹമായി അദ്ദേഹം ഉള്‍ക്കൊണ്ടു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആകാശവും ഭൂമിയുമായി ഏറ്റവും ചേര്‍ന്നുപോകുന്നതായിരുന്നു അത്. ആള്‍ക്കൂട്ടങ്ങളിലല്ല, ആശയദാര്‍ഢ്യങ്ങളിലാണ് വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് എക്കാലവും വിശ്വസിച്ചത്.
മാതൃഭൂമിയുടെ അമരത്തിരിക്കുമ്പോഴും രാഷ്ട്രീയപ്രവാഹമായി ഒഴുകുമ്പോഴും വീരേന്ദ്രകുമാര്‍ വിടാതെ ചേര്‍ത്തുപിടിച്ച ഒരേയൊരു കാര്യമേയുള്ളൂ; അക്ഷരം. വായനയായിരുന്നു അദ്ദേഹത്തിന്റെ ജീവശ്വാസം. പുസ്തകങ്ങളുടെ താളുകള്‍ മറിയുമ്പോഴുള്ള ഗന്ധമാണ് ഏറ്റവും ഇഷ്ടപ്പെട്ട ഗന്ധം എന്നദ്ദേഹം പറയുമായിരുന്നു. ഈ പുസ്തകപ്രേമത്തില്‍നിന്നും അത് രൂപപ്പെടുത്തിയ ബോധവികാസത്തില്‍നിന്നുമാണ് വീരേന്ദ്രകുമാറിന്റെ സര്‍വതലസ്പര്‍ശിയും ബഹുശാഖികളുമായ രചനകള്‍ പിറന്നത്. ആമസോണ്‍ കാടുകളും ചങ്ങമ്പുഴയും വേദോപനിഷത്തുകളും ഹിമാലയവും സ്വാമി വിവേകാനന്ദനും ഇന്ത്യന്‍ മതേതരത്വവുമെല്ലാം വീരേന്ദ്രകുമാറിന്റെ എഴുത്തില്‍ മഴവില്‍ഭംഗിയാര്‍ന്നു. എഴുതുന്ന വിഷയങ്ങള്‍ അത്രമേല്‍ വ്യത്യസ്തമെങ്കിലും അവയുടെയെല്ലാം അന്തര്‍ധാരയായി മാനവികതയും ഭാരതീയതയും വീരേന്ദ്രകുമാര്‍ കാത്തുസൂക്ഷിച്ചു. ഭാരതപ്പുഴയുടെ തീരത്തുകൂടി സഞ്ചരിക്കുമ്പോഴും ദേവഭൂമിയായ ഹിമാലയവുമായുള്ള വേദഭൂമിയുടെ അദൃശ്യബന്ധമാണ് അദ്ദേഹം അന്വേഷിച്ചത്. അത്രമേല്‍ വ്യത്യസ്തവും അദ്ഭുതകരമാംവിധം പരസ്പരബന്ധിതവുമായ ഇന്ത്യയായിരുന്നു വീരേന്ദ്രകുമാറിന്റെ എക്കാലത്തെയും അന്വേഷണവിഷയം.
വയനാട് പഠിപ്പിച്ച പ്രകൃതിപാഠങ്ങളാണ് വീരേന്ദ്രകുമാറിനെ മലയാളിയുടെ പാരിസ്ഥിതികാവബോധത്തിന്റെ കാവല്‍ക്കാരനാക്കിയത്. കാട്ടില്‍നിന്ന് ഒരൊറ്റ മരംപോലും മുറിക്കരുതെന്ന് ഉത്തരവിറക്കി തന്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ചുരംകയറി വയനാട്ടിലെത്തിയ വീരേന്ദ്രകുമാര്‍ പ്രകൃതിയോടുള്ള തന്റെ തുടര്‍സമീപനങ്ങളുടെ പ്രത്യക്ഷമായി. പിന്നീടങ്ങോട്ട് മലയാളിക്ക് പാരിസ്ഥിതിക മുന്നറിയിപ്പുകളുമായി അദ്ദേഹം മുന്നില്‍ നടന്നു. 'പണംകൊടുത്ത് കുപ്പിവെള്ളം വാങ്ങേണ്ട കാലംവരും' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പരിഹസിക്കാന്‍ പലരുമുണ്ടായി. പണംകൊടുത്ത് കുപ്പിവെള്ളം വാങ്ങുക മാത്രമല്ല കിണര്‍വെള്ളം മോഷ്ടിക്കുന്നതുവരെ നാം കണ്ടു. പ്ലാച്ചിമടയില്‍ കൊക്കകോള ജലചൂഷണം നടത്തിയപ്പോള്‍, സമരവുമായി മുന്നിട്ടിറങ്ങിയ വീരേന്ദ്രകുമാര്‍ കേരളംകണ്ട വലിയ പോരാട്ടത്തിനാണ് തുടക്കംകുറിച്ചത്. കൊച്ചബാംബയിലേതുപോലെ ലോകത്തെ അദ്ദേഹം പാലക്കാടന്‍ ഗ്രാമത്തില്‍ സംഗമിപ്പിച്ചു.
എക്കാലത്തും വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും എതിരാളിയായ വീരേന്ദ്രകുമാര്‍ പലപ്പോഴും ഒറ്റപ്പെട്ടപ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഏകശിലാരൂപത്തിലുള്ള രാഷ്ട്രമല്ല ഇന്ത്യ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിന്റെ വൈവിധ്യത്തിന്റെ സൗന്ദര്യം എഴുത്തുകളില്‍ നിറച്ചുവെച്ചു. തന്റെ ആദ്യപുസ്തകത്തിന് 'സമന്വയത്തിന്റെ വസന്തം' എന്ന് പേരിടുമ്പോള്‍ ഇന്ത്യയുടെ സംസ്‌കാരസങ്കല്പമാണ് അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചത്.
ആദ്യമായും അവസാനമായും വീരേന്ദ്രകുമാറിന്റെ ബോധാബോധമണ്ഡലത്തില്‍ ലയിച്ചുകിടന്ന ഒരു പദമുണ്ട്-മാനുഷികത. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റെന്തും അദ്ദേഹം കണ്ടിട്ടുള്ളൂ. ചരിത്രബോധത്തോടെയും ചിന്താദാര്‍ഢ്യത്തോടെയും ഭാവിയിലേക്ക് ചൂണ്ടിയ വിരലുകളായിരുന്നു വീരേന്ദ്രകുമാറിന്റേത്. ആ വിരലുകള്‍ ചൂണ്ടിക്കാണിച്ച വിപത്തുകളെല്ലാം കൂടുതല്‍ ഗുരുതരമായി നമുക്കുചുറ്റുമുണ്ട്. ഇവയ്ക്കുനടുവില്‍ നില്‍ക്കുമ്പോള്‍ മുന്നറിയിപ്പുകളുമായി നമുക്കിടയിലൂടെ നടന്നുപോയ ദാര്‍ശനികനായ ആ മനുഷ്യസ്‌നേഹിയെ നാം വീണ്ടുംവീണ്ടും ഓര്‍ത്തുപോകുന്നു...
Content Highlights: M P Veerendra Kumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..