പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മാതൃഭൂമിയുടെയും ഒരളവോളം കേരളത്തിലെ സാംസ്‌കാരികനവോത്ഥാനത്തിന്റെയും ചരിത്രത്തില്‍ പുതിയൊരധ്യായത്തിനു തുടക്കംകുറിച്ച ദിനമാണ് 1932 ജനുവരി 18. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത് അന്നാണ്. ദേശീയതയുടെയും മാനവികതയുടെയും മനുഷ്യഭാവനയുടെയും എല്ലാ പ്രത്യക്ഷങ്ങളും അവതരിപ്പിക്കുക എന്ന ദൗത്യം മാതൃഭൂമി ഏറ്റെടുത്തു. ഗാന്ധിജിയുടെ ചിത്രമാണ് ആദ്യലക്കം ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം. പത്രം മടക്കിയാല്‍കിട്ടുന്ന വലുപ്പംതന്നെ. 26 പേജില്‍ പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിന് രണ്ടണയായിരുന്നു വില. ഒന്നാമത്തെ പ്രതിവാരചിന്തകളില്‍ പത്രാധിപര്‍തന്നെ ആഴ്ചപ്പതിപ്പിന്റെ നയം വ്യക്തമാക്കി. 'അഹിംസ' എന്ന പേരില്‍ ആഴ്ചപ്പതിപ്പില്‍ വള്ളത്തോള്‍ എഴുതിയ ആദ്യകവിത ഗാന്ധിസ്പര്‍ശമുള്ളതായിരുന്നു.
എം.ആര്‍. ബി.യുടെ സ്നേഹവും നിയമവും പ്രത്യക്ഷപ്പെടുന്നതും ഈ ലക്കത്തിലാണ്. കേസരി എ. ബാലകൃഷ്ണപിള്ളയുടെ 'പാശ്ചാത്യരുടെ ലിംഗബന്ധജീവിതം' എന്ന ലേഖനവും രസികരസായനം പംക്തിയും ആദ്യ ലക്കത്തിലുണ്ട്. സാഹിത്യസംബന്ധിയായ ലേഖനം സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആറാം സമ്മേളന റിപ്പോര്‍ട്ടാണ്. പി.കെ. നാരായണപിള്ള അധ്യക്ഷനായി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ജി. ശങ്കരക്കുറുപ്പ് എങ്ങനെ മറുപടി പറഞ്ഞെന്ന് വിശദമാക്കുന്നു ഈ ലേഖനം. 1932 ഫെബ്രുവരി 15 ലക്കത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ അന്വേഷണം പ്രസിദ്ധീകൃതമായി. അതേവര്‍ഷം മിസിസ് വി.എം. (ബാലാമണിയമ്മ) 'തുളസിമാല'യുമായി വന്നു. ചങ്ങമ്പുഴയുടെ പൂക്കളം പ്രസിദ്ധീകരിക്കുന്നതും ആ വര്‍ഷമാണ്.
പി. കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, ഇടശ്ശേരി, പാലാ നാരായണന്‍ നായര്‍, കടത്തനാട്ട് മാധവിയമ്മ, വി.വി.കെ. നമ്പ്യാര്‍ എന്നിവരും തുടര്‍ലക്കങ്ങളില്‍ പതിവുകാരായി. ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കാവ്യകല വിടരുന്നതും കൊഴിയുന്നതും ആഴ്ചപ്പതിപ്പിലൂടെയാണ്. 1936 ഫെബ്രുവരി 16ന് 'എന്റെ ജീവിതം' അച്ചടിച്ചുവന്നു. ജൂലായ് ആറിന് അവസാന കവിത 'മണി നാദം' മരണത്തെ ഓര്‍മിപ്പിച്ചുകൊണ്ട് വായനക്കാരെ പിടിച്ചുലച്ചു. ജൂലായ് 20ന് കുട്ടിക്കൃഷ്ണമാരാര്‍ കവിയുടെ ആത്മഹത്യയില്‍ നടുക്കംപൂണ്ട് എഴുതി. ഒപ്പം ചങ്ങമ്പുഴയുടെ 'തകര്‍ന്ന മുരളി' ഇടപ്പള്ളിക്കുള്ള അന്ത്യോപചാരമായി.
ആദ്യലക്കംമുതല്‍ പുസ്തക നിരൂപണമുണ്ട്.
മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ 'അപ്ഫന്റെ മകളും', എ.വി. ഗോവിന്ദന്റെ 'സമ്പല്‍ സമൃദ്ധി'യുമാണ് നിരൂപണ വിധേയമാകുന്നത്. ഒരു വര്‍ഷത്തിനുശേഷം ആഴ്ചപ്പതിപ്പ് അവതരിപ്പിച്ച പ്രത്യേക ഫീച്ചറായിരുന്നു 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവം'. മഹാകവി വള്ളത്തോള്‍, നാലപ്പാട്ടു നാരായണമേനോന്‍, ഉള്ളൂര്‍, ജി. ശങ്കരക്കുറുപ്പ്, പുത്തേഴന്‍, മൂര്‍ക്കോത്ത് കുമാരന്‍, കെ.എ. ദാമോദരമേനോന്‍ എന്നിവരൊക്കെ ഇതില്‍ എഴുതി. 'എന്നെ ആകര്‍ഷിച്ച പുസ്തകം' പംക്തിയില്‍ വള്ളത്തോള്‍ 'പാവങ്ങളുടെ' പ്രാധാന്യം എടുത്തുപറയുന്നുണ്ട്. കെ. കേളപ്പന്റെ ഭഗവദ്ഗീതയായിരുന്നു മികച്ച പുസ്തകം.
കേശവദേവിന്റെയും തകഴിയുടെയും സാഹിത്യജീവിതം തുടങ്ങുന്നതും മാതൃഭൂമിയിലൂടെയാണ്. 'ഒരു യാചകിയുടെ തൂലികാചിത്ര'മാണ് ദേവ് ആദ്യമെഴുതിയത്. ഇത് പ്രസിദ്ധീകരിക്കാമെന്നും ഇനിയും എഴുതണമെന്നും പത്രാധിപര്‍ കത്തെഴുതിയപ്പോള്‍ കേശവദേവിന്റെ മറുപടി രൂക്ഷമായിരുന്നു. 'എനിക്ക് വായും വയറുമുണ്ട്, എഴുതാം പക്ഷേ, പ്രതിഫലം വേണം'. ദേവിന് ആദ്യ പ്രതിഫലം കിട്ടുന്നതും ആഴ്ചപ്പതിപ്പിലൂടെയാണ്. തകഴിയുടെ ആദ്യലേഖനമായ 'കണ്ണന്റെ കഥ'യായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിനുശേഷമാണ് 'വെള്ളപ്പൊക്കത്തില്‍' എന്ന കഥ വരുന്നത്. 'വെള്ളപ്പൊക്കത്തില്‍' എന്ന തന്റെ ആദ്യകഥയുടെ പിറവിയെക്കുറിച്ച് തകഴിയും എഴുതി. 'കഥ തീര്‍ന്നപ്പോള്‍ എനിക്കൊരു സമാധാനം തോന്നി. അച്ചടിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പല്ലാതെ മുന്നില്‍ മറ്റൊരു പ്രസിദ്ധീകരണവുമുണ്ടായില്ല'.
കെ. കേളപ്പന്‍ പത്രാധിപരായപ്പോഴാണ് പൊറ്റെക്കാട്ട് 'വൈദ്യുതശക്തി' എന്ന ആദ്യ കഥയുമായി പ്രത്യക്ഷപ്പെട്ടത്. കഥയ്ക്ക് പ്രതിഫലം കിട്ടുന്നതും മാതൃഭൂമിയില്‍നിന്നുതന്നെ. കഥയുടെ നീളം അളന്നാണ് അന്ന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഈ നിരക്ക് കുറവാണെന്നു സൂചിപ്പിച്ച് പൊറ്റെക്കാട്ട് പത്രാധിപര്‍ ദാമോദരമേനോന് കത്തയച്ചു. 'പ്രതിഫലം മൂന്നു ക, നാലു ക എന്നിങ്ങനെ കൂട്ടുക. മൂന്ന് ക രണ്ടണ എന്നു കൂട്ടുന്നത് ലജ്ജാകരമായി തോ ന്നുന്നു.' പൊറ്റെക്കാട്ട് എഴുതി. 'പ്രതിഫലം കൂട്ടാം, പ്രതിഫലം കൂടുതല്‍ കിട്ടണമെന്ന മോഹംകൊണ്ട് നിങ്ങള്‍ കഥ വലിച്ചുനീട്ടുകയില്ലല്ലോ?' -പത്രാധിപര്‍ തിരിച്ചെഴുതി.
സുന്ദരികളും സുന്ദരന്മാരും
ഉറൂബിന്റെ കവിതയാണ് ആദ്യം അച്ചടിച്ചുവന്നത്. പിന്നാലെ ഉമ്മാച്ചുവും സുന്ദരികളും സുന്ദരന്മാരും വെളിച്ചംകണ്ടു. അക്കിത്തത്തിന്റെ ആദ്യകഥ പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചു. അതേകഥ ഒരു സ്ത്രീയുടെ പേരുവെച്ച് അയച്ചപ്പോള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചു. സുഗതകുമാരിയുടെ ആദ്യ കവിത ശ്രീകുമാര്‍ എന്ന പേരിലാണ് ആഴ്ചപ്പതിപ്പില്‍ വന്നത്. വി.കെ.എന്നിന്റെ ആദ്യകഥ മടക്കിയയച്ചപ്പോള്‍ പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്തയച്ചു. 'കഥ തിരിച്ചയക്കണമെന്നില്ല, പക്ഷേ പത്രാധിപര്‍ ഖേദിച്ചിരിക്കരുത്!' -വി.കെ.എന്‍. മറുപടിയെഴുതി. 1950കളില്‍ മലയാള സംസ്‌കാരത്തെ സം ബന്ധിച്ച ആധികാരിക ശബ്ദമായി ആഴ്ചപ്പതിപ്പ് മാറി. 1951 ഓഗസ്റ്റ് 13-നാണ് എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമിയിലെത്തുന്നത്. ജൂണില്‍ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. എന്‍.വി.യുടെ കാലം വൈജ്ഞാനികസാഹിത്യത്തിന്റെ വസന്തമായിരുന്നെങ്കില്‍ പിന്നാലെവന്ന എം.ടി. സര്‍ഗാത്മകതയുടെ നിത്യഹരിതവനമായി.
1969-ല്‍ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത് മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി. കുട്ടിക്കൃഷ്ണമാരാരെയും ജി.എന്‍. പിള്ളയെയും പോലുള്ള സമുന്നതരും മാതൃഭൂമിയിലുണ്ടായിരുന്നു. ഈ കാലം വരകളുടെയും സുവര്‍ണകാലമായിരുന്നു.
എം. ഭാസ്‌കരനാണ് രേഖാചിത്രങ്ങളിലൂടെ മാതൃഭൂമിയുടെ പുറങ്ങള്‍ക്ക് മറ്റൊരു കല്പനപകര്‍ന്നത്. പിന്നീട് എം.വി. ദേവന്‍ വന്നു. പിന്നാലെവന്നത് എ.എസും നമ്പൂതിരിയും.
Content Highlights: Literature and mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..