കുതിച്ചുപാഞ്ഞ കേരളം


കെ. വിശ്വനാഥ്

മാതൃഭൂമി ഗ്രാഫിക്‌സ്

കായികരംഗത്ത് കേരളം ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യത്തില്‍ നിന്നുവേണം നൂറുവര്‍ഷത്തെ കായികചരിത്രത്തെ വിലയിരുത്താന്‍. അത്ലറ്റിക്‌സ്, വോളിബോള്‍, ഫുട്ബോള്‍ എന്നീയിനങ്ങളില്‍ രാജ്യത്തെ പ്രധാന ശക്തിയായിരുന്നു തുടക്കത്തില്‍ കേരളം. നമ്മള്‍ കരുത്തരായിരുന്ന പല ഇനങ്ങളിലും സമീപകാലത്ത് പിറകോട്ടുപോയി. എന്നാല്‍, ക്രിക്കറ്റ് പോലെ, കേരളം പിന്നില്‍നിന്നിരുന്ന ചില ഇനങ്ങളില്‍ വലിയ നേട്ടമുണ്ടാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു മലയാളി കളിക്കുന്നത് മുമ്പൊക്കെ സ്വപ്നംമാത്രമായിരുന്നു. ഇന്ന് ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ യോഗ്യരായ മൂന്നോ നാലോ കളിക്കാര്‍ കേരള ടീമിലുണ്ട്.

ഒളിമ്പിക്‌സ് മെഡലാണ് കായികരംഗത്തെ മികവിന്റെ അളവുകോലെങ്കില്‍, അതിലും നമ്മുടെ സംസ്ഥാനം പിന്നിലാണ്. ഹോക്കിയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമായി രണ്ടുമലയാളികളുണ്ട് എന്നതിനപ്പുറം നമുക്ക് ഇതുവരെ വ്യക്തിഗത ഒളിമ്പിക് മെഡല്‍ ഇല്ല. കായികമേഖലയില്‍ വലിയ പാരമ്പര്യം അവകാശപ്പെടാനാവാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍പോലും ഒളിമ്പിക്‌സ് മെഡല്‍ നേടിക്കഴിഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള രണ്ടു കായികതാരങ്ങള്‍ (മേരികോം-വെങ്കലം, ബോക്‌സിങ്, മീരാഭായ് ചാനു-വെള്ളി, ഭാരോദ്വഹനം) ഒളിമ്പിക് മെഡല്‍ നേടി.

പതിഞ്ഞ തുടക്കം
കായികരംഗത്ത് കേരളം ഇന്നെവിടെയെങ്കിലും എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് 62 വര്‍ഷങ്ങള്‍മാത്രം ഈ ഭൂമിയില്‍ ജീവിച്ച കേണല്‍ ഗോദവര്‍മരാജ (ജി.വി. രാജ) എന്ന മഹാനായ മനുഷ്യനോടാണ്. പല കായികയിനങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് അവയ്ക്കുവേണ്ടി സംഘടനയുണ്ടാക്കാനും അതത് രംഗത്ത് കഴിവുള്ളവരെ കണ്ടെത്താനും മുന്‍കൈയെടുത്തതുകൊണ്ടാണ് നമ്മള്‍ അദ്ദേഹത്തെ കായിക കേരളത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്കുമുമ്പുതന്നെ ലോക കായികവേദിയില്‍ മലയാളികളുടെ പങ്കാളിത്തമുണ്ടായിരുന്നു. 1924-ലെ പാരീസ് ഒളിമ്പിക്‌സിനുപോയ ഇന്ത്യന്‍ ടീമില്‍ തലശ്ശേരിക്കാരന്‍ സി.കെ. ലക്ഷ്മണന്‍ ഉണ്ടായിരുന്നു. 200 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ലക്ഷ്മണനാണ് ഒളിമ്പിക്‌സില്‍ മത്സരിച്ച ആദ്യ മലയാളി. ഒളിമ്പിക്‌സില്‍ മത്സരിച്ച, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മലയാളി എന്ന ഖ്യാതി 1948-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗമായ തിരുവല്ല പാപ്പനാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലമായിരുന്നു അത്. അടുത്ത മൂന്ന് ഒളിമ്പിക്‌സുകളിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീം മത്സരിച്ചുകൊണ്ടിരുന്നു. ആ ടീമുകളിലെല്ലാം മലയാളി സാന്നിധ്യവുമുണ്ടായിരുന്നു. 52-ലെ ഹെല്‍സിങ്കി ഗെയിംസില്‍ കോട്ടയം സാലിയും 56-ലെ മെല്‍ബണ്‍ ഗെയിംസില്‍ അബ്ദുള്‍റഹ്മാനും എസ്.എസ്. നാരായണനും ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു. മെല്‍ബണില്‍ ഇന്ത്യ സെമിഫൈനല്‍വരെ എത്തി യൂഗോസ്ലാവിയയോട് തോറ്റു. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ഇതാണ്. 1960-ലെ റോം ഒളിമ്പിക്‌സില്‍ നാരായണനൊപ്പം ഒ. ചന്ദ്രശേഖരനും ടീമിലുണ്ടായിരുന്നു. 1951-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞതും രണ്ടുമലയാളികള്‍-തിരുവല്ല പാപ്പനും കോട്ടയം സാലിയും- കളിച്ച ഇന്ത്യന്‍ ടീമാണ്.

1958-ലെ ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം വെങ്കലമണിഞ്ഞപ്പോഴും രണ്ടുമലയാളികള്‍ ടീമിലുണ്ടായിരുന്നു. ടി. ഭരതന്‍ നായരും ടി.പി. പത്മനാഭന്‍ നായരും. 62-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിന്റെ ക്യാപ്റ്റന്‍ പത്മനാഭന്‍ നായരായിരുന്നു. ടി.ഡി. ജോസഫ് എന്ന പപ്പനും ഒപ്പംകളിച്ചു. പിന്നീട് ഏഷ്യന്‍ ഗെയിംസ് വോളി മെഡലിനായി 86-ലെ സോള്‍ഗെയിംസുവരെ കാത്തിരിക്കേണ്ടിവന്നു. അന്ന് വെങ്കലം നേടിയ ടീം ഇന്ത്യന്‍ വോളിബോളിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ടീമായി പരിഗണിക്കപ്പെടുന്നു. സിറില്‍ വെള്ളൂര്‍ നായകനായ ആ സംഘത്തില്‍ ഇന്ത്യന്‍ വോളിയിലെ ഇതിഹാസ താരം ജിമ്മി ജോര്‍ജും ഉദയകുമാറും അംഗങ്ങളായിരുന്നു.

യോഹന്നാന്‍ നയിച്ചു

അത്ലറ്റിക്‌സില്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയ ആദ്യ മലയാളി ടി.സി. യോഹന്നാനാണ്. 1974-ലെ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ലോങ്ജമ്പില്‍ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണം നേടിയ യോഹന്നാന്‍ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയുണര്‍ത്തി. ടെഹ്റാന്‍ ഗെയിംസില്‍ ലോങ്ജമ്പില്‍ യോഹന്നാന് പിന്നിലായി വെങ്കലം നേടിയതും മലയാളിയാണ് -സതീഷ് പിള്ള. ഇതേ ഗെയിംസില്‍ ഡെക്കാത്ലണില്‍ വെങ്കലം നേടിയ സുരേഷ്ബാബു നാലുവര്‍ഷത്തിനുശേഷം ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ലോങ്ജമ്പ് സ്വര്‍ണവും നേടി. 1954-ലെ മനില ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ 4ത400 റിലേയില്‍ വെള്ളി നേടിയിരുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഐവാന്‍ ജേക്കബിന്റെയും 70-ലെ ഏഷ്യന്‍ ഗെയിംസില്‍ 4ത100 റിലേയില്‍ വെങ്കലം നേടിയ ഒ.എല്‍. തോമസിന്റെയും പേരുകളും ഇവിടെ പരാമര്‍ശിക്കണം. ഏഷ്യല്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത എയ്ഞ്ചല്‍ മേരിയാണ്. 78-ലെ ബാങ്കോക്ക് ഗെയിംസില്‍ വനിതകളുടെ ലോങ്ജമ്പിലും പെന്റാല്ത്തണിലും മേരി വെള്ളി നേടി.
1982-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ കായികരംഗത്ത് കുതിച്ചുചാട്ടത്തിന് ഊര്‍ജം പകര്‍ന്നപ്പോള്‍ കേരളവും മുന്നേറി. എണ്‍പതുകള്‍ തൊട്ടിങ്ങോട്ട് രണ്ടരദശകം കേരളത്തിന്റെ അത്ലറ്റുകളുടെ, പ്രത്യേകിച്ച് വനിതകളുടെ സ്വപ്ന സമാനമായ കുതിപ്പിന് സാക്ഷ്യംവഹിച്ചു. പി.ടി. ഉഷ, അഞ്ജു ബി. ജോര്‍ജ്, ഷൈനി വില്‍സന്‍, എം.ഡി. വത്സമ്മ, ബീനാമോള്‍, ബോബി അലോഷ്യസ് തുടങ്ങിയ എണ്ണം പറഞ്ഞ അത്ലറ്റുകളാണ് ഈ കുതിപ്പിന് സാക്ഷ്യംവഹിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ ഇന്ത്യന്‍ അത്ലറ്റാണ് ഉഷ. 1985-ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആറുമെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച ഉഷയ്ക്ക് 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്ലില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് മെഡല്‍ നഷ്ടമായി. ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു അത്ലറ്റെന്നതാണ് അഞ്ജുവിന് ചരിത്രത്തിലുള്ള സ്ഥാനം. 2003-ലെ പാരീസ് മീറ്റിലായിരുന്നു അഞ്ജു ലോങ്ജമ്പില്‍ വെങ്കലം നേടിയത്.

ഒളിമ്പിക് മെഡല്‍

ഒളിമ്പിക് മെഡല്‍ കേരളത്തിലെത്തിച്ച രണ്ടുപേരും ഹോക്കിയില്‍ നിന്നാണ്. 1972-ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്ന കണ്ണൂര്‍ ബര്‍ണശ്ശേരിക്കാരന്‍ മാനുവല്‍ ഫ്രെഡറിക്‌സും കഴിഞ്ഞ വര്‍ഷം നടന്ന ടോക്യോ ഒളിമ്പിക്‌സില്‍ ഈ നേട്ടം ആവര്‍ത്തിച്ച കൊച്ചിക്കാരന്‍ ശ്രീജേഷും. രണ്ടുപേരും ഗോള്‍കീപ്പര്‍മാരാണ്.1983-ല്‍ ലണ്ടനില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായത് ഇന്ത്യന്‍ കായികരംഗത്തെ വലിയ സംഭവങ്ങളിലൊന്നായി. 2001 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചുകൊണ്ട് ടിനു യോഹന്നാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി.

അത്ലറ്റിക്‌സില്‍ കേരളത്തിന്റെ കുതിപ്പിന് തുടക്കമിട്ട ടി.സി. യോഹന്നാന്റെ മകനാണ് ടിനു. ടിനുവിനുശേഷം ഇന്ത്യന്‍ ടീമിലേക്കുവന്ന എസ്. ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27 ടെസ്റ്റും 53 ഏകദിനവും കളിച്ചു. 2007-ലെ ടി -20 യിലും, 2011-ല്‍ ഏകദിന ലോകകപ്പിലും കിരീടം നേടിയ ടീമില്‍ ശ്രീശാന്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ക്രിക്കറ്റില്‍ സീനിയര്‍ തലത്തില്‍ ഇന്ത്യ മൂന്നു ലോകകപ്പുകള്‍ ജയിക്കുമ്പോഴും ടീമില്‍ മലയാളി സാന്നിധ്യമുണ്ടായിരുന്നുവെന്നതാണ്. (83ല്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പ് ജയിച്ച 14 അംഗ ടീമില്‍ കണ്ണൂരില്‍ ജനിച്ച സുനില്‍ വല്‍സന്‍ എന്ന ഫാസ്റ്റ് ബൗളര്‍ അംഗമായിരുന്നു (വത്സന് ടൂര്‍ണമെന്റിലെ ഒരു മത്സരത്തിലും കളിക്കാന്‍ കഴിഞ്ഞില്ല). സഞ്ജു വി. സാംസണ് ഐ.പി.എലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ നയിക്കാനായതും പ്രധാനമാണ്.
ഫുട്ബോളില്‍ ഐ.എം. വിജയന്‍, ബാഡ്മിന്റണില്‍ വിമല്‍കുമാര്‍, എച്ച്.എസ്. പ്രണോയ്, ചെസില്‍ നിഹാല്‍ സരിന്‍, ബാസ്‌കറ്റ്ബോളില്‍ ഗീതു അന്ന ജോസ്, ബോക്‌സിങ്ങില്‍ കെ.സി. ലേഖ (ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടവരായി ഇനിയും ഏറെപ്പേരുണ്ടാവാം. വിട്ടുപോയവരോട് മാപ്പുചോദിക്കുന്നു) തുടങ്ങി അന്താരാഷ്ട്രതലത്തില്‍ കേരളത്തിന്റെ ഖ്യാതി ഉയര്‍ത്തിയ ഒട്ടേറെ കായികതാരങ്ങളുണ്ട്.

മാതൃഭൂമിയുടെ സംഭാവന

കായികരംഗത്ത് കേരളത്തിന്റെ വളര്‍ച്ചയ്ക്കുപിന്നില്‍ ഇവടുത്തെ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ മെഡല്‍ നേടുന്ന കൊച്ചുകായിക താരങ്ങള്‍ക്കായി മലയാളത്തിലെ മാധ്യമങ്ങള്‍ നീക്കിവെക്കുന്ന സ്ഥലവും സമയവും പരിഗണിച്ചാല്‍ അത് ബോധ്യമാവും. ഇങ്ങനെ കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് തുടക്കമിടുന്നതിനും അതിനായി മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കാനും മാതൃഭൂമിക്ക് കഴിഞ്ഞു. മാതൃഭൂമി പത്രം ആരംഭിച്ച് അധികകാലം കഴിയുംമുമ്പേ കായികവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പതിവ് തുടങ്ങിക്കഴിഞ്ഞിരുന്നു. പത്രത്തിന്റെ പല താളുകളിലായി ചിതറിക്കിടന്നിരുന്ന കായികവാര്‍ത്തകള്‍ക്ക് പ്രത്യേകം പേജ് ആദ്യമായി നല്‍കിത്തുടങ്ങിയതും മാതൃഭൂമിയാണ്. സ്‌പോര്‍ട്സിനെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന ന്യൂസ് എഡിറ്ററായിരുന്ന വി.എം. ബാലചന്ദ്രനായിരുന്നു (വിംസി) ഈ പരിഷ്‌കാരത്തിന് പിന്നില്‍. ലോക കായികമാമാങ്കമായ ഒളിമ്പിക്‌സിന് നേരിട്ട് പ്രതിനിധിയെ അയച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതും മാതൃഭൂമിതന്നെ. മികച്ച സ്‌പോര്‍ട്സ് പത്രപ്രവര്‍ത്തകനായിരുന്ന വി. രാജഗോപാലാണ് ഈ ദൗത്യം നിര്‍വഹിച്ചത്.
1971-ലെ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് ചാമ്പ്യന്മാരായപ്പോള്‍ ആദ്യ പേജ് മുഴുവനായി ആ വാര്‍ത്തയ്ക്കുവേണ്ടി മാതൃഭൂമി മാറ്റിവെച്ചത് ചരിത്രമായി. അതിനുശേഷവും 83-ലെ ലോകകപ്പ് ക്രിക്കറ്റ് വിജയം ഉള്‍പ്പെടെ മാതൃഭൂമി ഒന്നാംപേജിലെ മെയിന്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളമുതല്‍ ലോകകപ്പ് ഫുട്ബോള്‍വരെയുള്ള കായികമേളകള്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യപേജ് ഉള്‍പ്പെടെ ഏഴുപേജുവരെ മാതൃഭൂമി കായികവാര്‍ത്തകള്‍ക്കായി നീക്കിവെച്ച സന്ദര്‍ഭങ്ങളുമുണ്ട്.

1928 ആദ്യ ഒളിമ്പിക് സ്വര്‍ണം

1928 ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്വര്‍ണം നേടിയത് സ്വതന്ത്രപൂര്‍വ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കായികനേട്ടമാണ്. രാജ്യത്തിന്റെ ആദ്യ ഒളിമ്പിക് സ്വര്‍ണമാണിത്.
ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലായിരുന്നു 1928 ഒളിമ്പിക്‌സ്. ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം പ്രാഥമികഘട്ടത്തില്‍ ഓസ്ട്രേലിയ (60), ബെല്‍ജിയം (90), ഡെന്‍മാര്‍ക്ക് (50), സ്വിറ്റ്സര്‍ലന്‍ഡ് (60) എന്നീ ടീമുകളെ തോല്‍പ്പിച്ചു. കിരീടപോരാട്ടത്തില്‍ ആതിഥേയരായ ഹോളണ്ടിനെ (30) കീഴടക്കി. ഹോക്കിയില്‍ ആകെ എട്ട് സ്വര്‍ണം ഉള്‍പ്പെടെ 12 ഒളിമ്പിക് മെഡലുകള്‍ നേടിയ ഇന്ത്യന്‍ വിജയകഥ തുടങ്ങിയതും ഇവിടെനിന്നാണ്.


1952 ആദ്യ ടെസ്റ്റ് വിജയം

1932-ലാണ് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. 1932-ല്‍ ലോര്‍ഡ്സ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യമത്സരം. എന്നാല്‍, ആദ്യ ജയത്തിനായി 20 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1952-ല്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈയിലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് ജയിച്ചത്. വിജയ് ഹസാരെയുടെ നേതൃത്വത്തിലുള്ള ടീം ഇന്നിങ്സിനും എട്ടു റണ്‍സിനും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. മുഷ്താഖ് അലി, പങ്കജ് റോയ്, വിനു മങ്കാദ്, ലാല അമര്‍നാഥ്, ദത്തു ഫാദ്കര്‍, പോളി ഉമ്രിഗര്‍, സി. ഗോപിനാഥ്, രമേഷ് ദിവേച്ച, കൊഖന്‍ സെന്‍, ഗുലാം അഹമ്മദ് എന്നിവരും ടീമിലുണ്ടായിരുന്നു.


1952- ജാദവിന്റെ വെങ്കലം

സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യത്തെയാളാണ് കെ.ഡി. ജാദവ്. മഹാരാഷ്ട്ര സ്വദേശിയായ ജാദവ് 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കലം നേടി. ബാന്റംവെയ്റ്റ് ഇനത്തിലാണ് മെഡല്‍.


1980- പ്രകാശമായി പദുകോണ്‍

ലോക ബാഡ്മിന്റണല്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ആദ്യ ഇന്ത്യക്കാരനാണ് പ്രകാശ്
പദുകോണ്‍. 1980-ല്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാംസ്ഥാനത്തെത്തുമ്പോള്‍ പ്രകാശിന് 25 വയസ്സ്. അതേവര്‍ഷം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി പ്രകാശ് മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി.


1983- ക്രിക്കറ്റ് കിരീടം

പ്രുഡെന്‍ഷ്യല്‍ കപ്പ് എന്നറിയപ്പെടുന്ന 1983 ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലില്‍ അന്നത്തെ പ്രതാപശാലികളായ വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് കീഴടക്കിയാണ് 'കപിലിന്റെ ചെകുത്താന്‍മാര്‍' എന്നറിയപ്പെടുന്ന സംഘം കിരീടം നേടിയത്. ഇംഗ്ലണ്ടിലായിരുന്നു മത്സരങ്ങള്‍. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011-ല്‍ മറ്റൊരു ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചു.

1996- അറ്റ്ലാന്റയിലെ അദ്ഭുതം

ആധുനികകാലത്ത് ഇന്ത്യയെ ഒളിമ്പിക് മെഡലിലേക്ക് തിരിച്ചെത്തിച്ചത് ടെന്നീസ് താരം ലിയാന്‍ഡര്‍ പേസാണ്. 1996-ലെ അറ്റ്ലാന്റ ഒളിമ്പിക്‌സില്‍ പുരുഷ സിംഗിള്‍സിലെ വെങ്കലമെഡല്‍ മത്സരത്തില്‍ ബ്രസീലിന്റെ ഫെര്‍ണാണ്ടോ മെലിജേനിയെ തോല്‍പ്പിച്ച പേസ് 44 വര്‍ഷത്തെ വലിയ ഇടവേളയ്ക്കുശേഷം ഇന്ത്യയിലേക്ക് വ്യക്തിഗത ഒളിമ്പിക് മെഡല്‍ എത്തിച്ചു. ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി 18 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്ക് ഉടമയാണ് പേസ്.


2000- ആനന്ദ്, ലോകചാമ്പ്യന്‍

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരനാണ് വിശ്വനാഥന്‍ ആനന്ദ്. 2000-ത്തിലെ ഫിഡെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിന്‍കാരനായ അലക്‌സി ഷിറോവിനെ തോല്‍പ്പിച്ചാണ് ആനന്ദ് ആദ്യമായി ലോകചാമ്പ്യനായത്. തുടര്‍ന്ന് 2007, 2008, 2010, 2012 വര്‍ഷങ്ങളിലും ചാമ്പ്യനായി. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍(1988)കൂടിയാണ് ചെന്നൈ സ്വദേശിയായ ആനന്ദ്.

2008- അഭിമാനം അഭിനവ് ബിന്ദ്ര

ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണത്തിനായി ഇന്ത്യക്ക് ഒരു നൂറ്റാണ്ടിലേറെക്കാലം കാത്തിരിക്കേണ്ടിവന്നു. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര ആ കാത്തിരിപ്പ് അവസാനിപ്പിച്ചു. ദെഹ്റാദൂണ്‍ സ്വദേശിയായ അഭിനവ് ബിന്ദ്ര ബെയ്ജിങ്ങില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടി. 2006 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ ബിന്ദ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം നേടിയിട്ടുണ്ട്.


2019- ലോക ചാമ്പ്യന്‍ സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യന്‍വനിതയാണ് പി.വി. സിന്ധു. 2019-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളിയും 2021 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയ സിന്ധു, രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍വനിതയുമായി.

2021- നീരജിന്റെ സ്വര്‍ണം

ഒളിമ്പിക്‌സിലെ അത്ലറ്റിക്സ് ഇനങ്ങളില്‍ ഇന്ത്യയുടെ സ്വര്‍ണം നീരജ് ചോപ്രയിലൂടെ. 2021 ടോക്യോ ഒളിമ്പിക്‌സിലെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ നീരജ് സ്വന്തമാക്കിയത്. ഹരിയാണ സ്വദേശിയായ നീരജ്, നേരത്തേ അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്.


2021-ശ്രീജേഷിലൂടെ ഒളിമ്പിക് മെഡല്‍

2021 ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടിയപ്പോള്‍ അതിന്റെ ഗോള്‍ കീപ്പറായി മലയാളിയായ പി.ആര്‍. ശ്രീജേഷ് ഉണ്ടായിരുന്നു. മാനുവല്‍ ഫ്രെഡറിക്സിലൂടെ ഒളിമ്പിക് മെഡല്‍ നേടി 49-ാം വര്‍ഷത്തിലാണ് കേരളത്തിന് മറ്റൊരു മെഡല്‍ കിട്ടുന്നത്.

2018- പ്രണോയിയുടെ സ്വര്‍ണം

2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയി സ്വര്‍ണം നേടി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മലയാളിയുടെ വലിയ നേട്ടങ്ങളിലൊന്നാണിത്. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഇന്‍ഡൊനീഷ്യന്‍ മാസ്റ്റേഴ്സ്, സ്വിസ് ഓപ്പണ്‍, യു.എസ്. ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള പ്രണോയ് ലോക റാങ്കിങ്ങില്‍ എട്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

2007- ശ്രീശാന്തിന്റെ ക്യാച്ചില്‍ ലോകകപ്പ്

ഒരു മലയാളിയുടെ ക്യാച്ചിലൂടെ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുക! അതിനുള്ള ഭാഗ്യം ലഭിച്ചത് പേസ് ബൗളര്‍ എസ്. ശ്രീശാന്തിനാണ്. 2007-ലെ, പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 158 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ജയിത്തിനരികിലെത്തിയിരുന്നു. ജോഗീന്ദര്‍ ശര്‍മ എറിഞ്ഞ 19-ാം ഓവറിലെ മൂന്നാംപന്തില്‍ എസ്. ശ്രീശാന്ത് മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ച് എടുത്തതോടെ പാകിസ്താന്‍ ഓള്‍ഔട്ടായി. എം.എസ്. ധോനി നയിച്ച ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് ജയവും കിരീടവും. 2011 ഏകദിന ലോകകപ്പ് ജയിച്ച ടീമിലും കളിച്ച ശ്രീശാന്ത് രണ്ട് ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് ഉടമയായി.

2003- ലോക അത്ലറ്റിക്സിലെ മലയാളി

അത്ലറ്റിക്സില്‍ ലോകത്തെ ഏറ്റവും വലിയ മത്സരവേദിയായ ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു മലയാളിയേയുള്ളൂ, അഞ്ജു ബി. ജോര്‍ജ്. 2003 പാരിസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.83 മീറ്റര്‍ ചാടിയാണ് അഞ്ജു വെങ്കലം നേടിയത്. ഇന്നും ദേശീയ റെക്കോഡാണിത്. അതിനുമുമ്പോ ശേഷമോ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മെഡല്‍ ഇല്ല. കോട്ടയം ചങ്ങനാശ്ശേരിയില്‍ ജനിച്ചുവളര്‍ന്ന അഞ്ജു 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണും നേടി.

1990- ഫെഡറേഷന്‍ കപ്പ് ജയിച്ച് കേരളം

ക്ലബ്ബ് ഫുട്ബോളില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാന ടൂര്‍ണമെന്റായിരുന്ന ഫെഡറേഷന്‍ കപ്പില്‍ കേരളത്തിന്റെ ആദ്യ കിരീടം 1990-ലായിരുന്നു. ഐ.എം. വിജയന്‍ ഉള്‍പ്പെട്ട കേരള പോലീസ് സംഘം, ഗോവന്‍ ടീമായ സാല്‍ഗോക്കറിനെ 2-1 ന് തോല്‍പ്പിച്ച് കിരീടം നേടിയത് നാടിന്റെ ആഘോഷമായി. തൊട്ടടുത്തവര്‍ഷവും കേരള പോലീസ് ഫെഡറേഷന്‍ കപ്പ് ജയിച്ചു. ആ ഫൈനലില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ 2-0-ത്തിന് തോല്‍പ്പിച്ചു.

1986- ജിമ്മിയുടെ കാലം

കേരളത്തിലെ ജനപ്രിയ കായികവിനോദമായ വോളിബോളിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു ജിമ്മി ജോര്‍ജ്. അന്താരാഷ്ട്ര പ്രൊഫഷണല്‍ വോളിബോളില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍. ജിമ്മിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 1986 സോള്‍ ഏഷ്യാഡില്‍ വെങ്കലം നേടി. മലയാളികളായ കെ. ഉദയകുമാര്‍, സിറിള്‍ സി. വെള്ളൂര്‍ തുടങ്ങിയവരും ഈ ടീമിലുണ്ടായിരുന്നു. ഇറ്റാലിന്‍ പ്രൊഫഷണല്‍ വോളിബോളില്‍ കളിക്കാന്‍ പോയ ജിമ്മി അവിടെവച്ച് ഒരു കാര്‍ അപകടത്തില്‍പ്പെട്ട് അകാലത്തില്‍ വിടവാങ്ങി.

1984- ഉഷയുടെ നഷ്ടം, കേരളത്തിന്റെയും

അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡല്‍ ഒരു മലയാളിയിലൂടെ ലഭിക്കേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതു സംഭവിച്ചില്ല. 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി അത്ലറ്റ് പി.ടി. ഉഷ മികച്ച സമയത്തോടെ ഫൈനലിലെത്തിയതായിരുന്നു. എന്നാല്‍, സെക്കന്‍ഡിന്റെ നൂറില്‍ ഒരംശത്തിന് വെങ്കലമെഡല്‍ നഷ്ടമായി. തൊട്ടടുത്തവര്‍ഷം ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ അഞ്ചു സ്വര്‍ണം ഉള്‍പ്പെടെ ആറു മെഡലുകള്‍ നേടി ഉഷ ചരിത്രം സൃഷ്ടിച്ചു.

1974 - ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

ടെഹ്റാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ ലോങ്ജമ്പില്‍ മലയാളി താരം ടി.സി. യോഹന്നാന്‍ സ്വര്‍ണം നേടിയത് കേരള അത്ലറ്റിക്സില്‍ വലിയ ഉണര്‍വ്വുണ്ടാക്കി. 8.07 മീറ്റര്‍ ചാടിക്കടന്ന് ഗെയിംസ് റെക്കോഡോടെയാണ് യോഹന്നാന്‍ ഒന്നാമനായത്. സുപ്രധാന അന്താരാഷ്ട്ര മീറ്റില്‍ അത്ലറ്റിക്സില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണമാണിത്.

1973-74- ആദ്യ സന്തോഷ് ട്രോഫി വിജയം

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ആദ്യമായി ജേതാക്കളായത് 1973-'74 ലാണ്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ റെയില്‍വേസിനെ 3-2-ന് തോല്‍പ്പിച്ചാണ് കേരളം കിരീടംനേടിയത്. ടീമിന്റെ ക്യാപ്റ്റന്‍ ടി.കെ. മണിയും കോച്ച് ഒളിമ്പ്യന്‍ സുന്ദര്‍രാജുമായിരുന്നു. പിന്നീട് 1991-'92, 1992-'93, 2001-'02, 2004-'05, 2017-'18 എന്നീ സീസണുകളിലും കേരളം സന്തോഷ് ട്രോഫി ജേതാക്കളായി.

1972- ആദ്യ ഒളിമ്പിക് മെഡല്‍

ഒളിമ്പിക്‌സ് മെഡല്‍ കഴുത്തിലണിഞ്ഞ ആദ്യ മലയാളി. കണ്ണൂര്‍ ബെര്‍ണശ്ശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്‌സിന്റെ നേട്ടം ആര്‍ക്കും തിരുത്താനാകില്ല. 1972-ല്‍ ജര്‍മനിയില്‍ നടന്ന ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു മാനുവല്‍ ഫ്രെഡറിക്‌സ്. 2019-ല്‍ മാനുവലിനെ ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു.


Content Highlights: print

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented