വൈരുധ്യങ്ങളുടെ കേരളമാതൃക


എം. കുഞ്ഞാമൻ



പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

വികസനത്തിന്റെ കേരളമാതൃകയ്ക്ക് ഒരിക്കലും നിയതമായ രൂപരേഖയുണ്ടായിരുന്നില്ല. അതൊരു വികസനാനുഭവമാണ്. പഞ്ചവത്സരപദ്ധതിപോലൊരു പദ്ധതിരേഖയായല്ല, തുടർപ്രക്രിയയായാണ് വികസനത്തിന്റെ കേരളമാതൃക രൂപപ്പെടുന്നത്. സാമൂഹികപ്രസ്ഥാനങ്ങളും സംഘടനകളും നടപ്പാക്കിയ പരിഷ്കരണങ്ങളുടെ വഴിത്താരയിലൂടെ വികസിച്ചുവന്ന അനുഭവമാണത്. മാനവികവികസനസൂചികയുടെ വളർച്ചയാണ് ഇതിന്റെ അടിത്തറ. എസ്.എൻ.ഡി.പി.യും എൻ.എസ്.എസും ക്രിസ്ത്യൻ മിഷണറിമാരുമൊക്കെ ഈമേഖലയിൽ നൽകിയ സംഭാവനകൾ ഒരിക്കലും കുറച്ചുകാണാനാവില്ല. കേരളത്തിൽ നവോത്ഥാനം ബംഗാളിലേതുപോലെ ബ്രാഹ്മണരുടെ നേതൃത്വത്തിലായിരുന്നില്ല. അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും സ്വാമി ആനന്ദതീർഥന്റെയുമൊക്കെ തട്ടകങ്ങൾ പിന്നാക്കസമുദായങ്ങളായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നമ്പൂതിരിസമുദായത്തിൽനടന്ന സാമൂഹികപരിഷ്കരണങ്ങൾ മറന്നുകൊണ്ടല്ല ഇതുപറയുന്നത്.

1905-ലെ കർഷകസമരം

1905-ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽനടന്ന കർഷകസമരത്തിന്റെ ലക്ഷ്യം പുലയക്കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു. 1917-ലാണ് ഒക്ടോബർ വിപ്ലവം നടക്കുന്നത്. അതിനുംമുമ്പാണ് അയ്യങ്കാളി തൊഴിലാളികളുടെ ശക്തി കാണിച്ചുകൊടുത്തത്. വിദ്യകൊണ്ട് പ്രബുദ്ധരാവാനാണ് ശ്രീനാരായണഗുരു ആഹ്വാനംചെയ്തത്. പി.ടി. ഭാസ്കരപ്പണിക്കരുടെയും പി.എൻ. പണിക്കരുടെയും നേതൃത്വത്തിൽനടന്ന ഗ്രന്ഥശാലാപ്രസ്ഥാനവും പിന്നീടുണ്ടായ സാക്ഷരതാപ്രസ്ഥാനവും ഇതിൽ വഹിച്ച പങ്കും നിസ്തുലമാണ്. ഇതോടൊപ്പംതന്നെയാണ് ആരോഗ്യമേഖലയിലും കേരളത്തിൽ അടിസ്ഥാനപരമായ മുന്നേറ്റമുണ്ടായത്. ഈ മുന്നേറ്റങ്ങൾക്ക് കൃത്യമായ ദിശാബോധവും ഗതിവേഗവും നൽകാനായി എന്നതിൽ ഐക്യ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ വഹിച്ച പങ്ക് എടുത്തുപറയണം. ഇ.എം.എസിനെപ്പോലുള്ളവരുടെ കാഴ്ചപ്പാടും ഈഘട്ടത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്.

അനീതി ചെറുക്കുന്നതിനുള്ള പ്രേരണ കേരളീയരിൽ ശക്തമാവുന്നതിൽ ഈ സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുമൊക്കെ വഹിച്ച പങ്ക് കാണാതിരിക്കാനാവില്ല. ജൊവാൻ പി. മെഞ്ചർ എന്ന സാമ്പത്തികശാസ്ത്രജ്ഞ ഒരു ലേഖനത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. തമിഴ്‌നാടുപോലെ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രം ദിവസങ്ങളോളം പൂട്ടിക്കിടന്നാൽ ഒരുപ്രശ്നവുമുണ്ടാവില്ല. എന്നാൽ, കേരളത്തിൽ ഒരുസ്ഥാപനം ഇങ്ങനെ രണ്ടുദിവസം പൂട്ടിക്കിടന്നാൽ മൂന്നാം ദിവസം അവിടെ സമരമുണ്ടാവുമെന്നും കേരളത്തിൽ ജനങ്ങൾ അനീതിക്കുനേരെ നടത്തുന്ന ചെറുത്തുനിൽപ്പ്‌ എടുത്തുപറയേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നഷ്ടമാക്കിയ തൊഴിലവസരങ്ങൾ

വിദ്യാഭ്യാസമേഖലയിൽ ഏറെ മുന്നോട്ടുപോയെങ്കിലും തൊഴിലവസരങ്ങൾ കൂടുതലായി ഒരുക്കുന്നതിൽ കേരളം പിന്നാക്കംപോയി. തൊഴിൽ കൊടുക്കേണ്ടത് അധ്യാപകരോ സർവകലാശാലകളോ അല്ല. സാമ്പത്തികരംഗം നിയന്ത്രിക്കുന്നവരാണ് അതുചെയ്യേണ്ടത്. കാർഷിക, സാമ്പത്തിക മേഖലകളിലെ അഴിച്ചുപണിയിലൂടെയും സമ്പത്തിന്റെ പുനർവിതരണത്തിലൂടെയുമാണ് തൊഴിൽമേഖല വികസിക്കുക. അത്തരമൊരു അഴിച്ചുപണി കേരളത്തിലുണ്ടായില്ല. 1970-കളുടെ മധ്യത്തോടെ ഭൂപരിഷ്കരണം കേരളത്തിൽ നടപ്പാക്കിയെങ്കിലും കൃഷിഭൂമി വയലിൽ പണിയെടുക്കുന്നവർക്ക് കിട്ടിയില്ല. കുടികിടപ്പുകാർക്ക് ഭൂമി കിട്ടി. പക്ഷേ, കർഷകത്തൊഴിലാളികൾക്ക് ഭൂമി കിട്ടിയില്ല. കമ്യൂണിസ്റ്റ് പാർട്ടികളുടേതടക്കം പൊതുവായിട്ടുള്ള വർഗതാത്‌പര്യമാണ് ഇതിനുവിഘാതമായത്. തൊഴിലാളികളുടെ മുദ്രാവാക്യം ഉയർത്തുകയും എന്നാൽ, ഭൂമിയുടെ പുനർവിതരണത്തിൽ ബൂർഷ്വാ താത്‌പര്യം നടപ്പാക്കുകയുമാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ ചെയ്തത്.

കൃഷിഭൂമിയുടെ ഒരുശതമാനം മാത്രമാണ് മിച്ചഭൂമിവിതരണത്തിനായി കിട്ടിയതെന്ന് ഡി.ഡി. കൊസാംബി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഭൂവുടമകൾ കർഷകത്തൊഴിലാളികളായില്ല, കർഷകത്തൊഴിലാളികൾ ഭൂവുടമകളുമായില്ല. ഇങ്ങനെ പാർശ്വവത്കരിക്കപ്പെട്ട സമൂഹമാണ് നിലവിൽ കേരളത്തിലെ അണ്ടർക്ലാസായി മാറിയത്. ചേരികളിലേക്കും കോളനികളിലേക്കും ഒതുക്കപ്പെട്ട ആദിവാസികൾ ഉൾപ്പെടെയുള്ള ഈവിഭാഗം വികസനത്തിന്റെ കേരളമാതൃകയ്ക്ക് പുറത്തായി. ഇവർക്കായി ക്ഷേമപദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നുണ്ട്. പക്ഷേ, വികസനവും ക്ഷേമവും രണ്ടാണ്. 73 വയസ്സാണ് മലയാളിയുടെ ശരാശരി ആയുർദൈർഘ്യം. എന്നാൽ, അട്ടപ്പാടിയിലെയും മറ്റും ആദിവാസികളുടെ ആയുസ്സ് 40 വയസ്സാണ്. വികസനത്തിന്റെ കേരളമാതൃകയ്ക്ക് നേർക്കുയരുന്ന ശക്തമായ വിമർശനമാണിത്.

ഗൾഫിലേക്കുള്ള യാത്ര

വികസനത്തിന്റെ കേരളമാതൃകയിലെ മറ്റൊരു വൈരുധ്യം വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യവത്കരണത്തിന്റെ ഗുണഭോക്താക്കളായ ചെറുപ്പക്കാരിൽ വലിയൊരുവിഭാഗം ഗൾഫിലെ ഏകാധിപത്യസമൂഹങ്ങളിൽ ജോലിതേടാൻ നിർബന്ധിതരായി എന്നതാണ്. ഗൾഫ് ഉൾപ്പെടെയുള്ള പുറംരാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കെത്തുന്ന പണം തൊഴിൽസംരംഭകരെ സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കാൻ കേരളത്തിലെ ഭരണകൂടങ്ങൾക്കായില്ല. പകരം, റിയൽ എസ്റ്റേറ്റ് ലോബിയുടെ വികസനമാണുണ്ടായത്. തൊഴിൽ നൽകാൻ കഴിയുന്ന ആളുകളെയും സ്ഥാപനങ്ങളെയും രൂപപ്പെടുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്. 30 ലക്ഷത്തോളം കുടിയേറ്റത്തൊഴിലാളികൾ കേരളത്തിലുണ്ട്. കേരളത്തിൽ തൊഴിലുണ്ട്. പക്ഷേ, ആ തൊഴിലുകളിൽ കേരളത്തിലെ യുവാക്കൾക്ക് താത്‌പര്യമില്ല. കാലോചിതമായി തൊഴിൽസംരംഭകരെ സൃഷ്ടിക്കുന്നതിൽനിന്ന്‌ കേരളം പിന്നാക്കംപോയതിന്റെ ഫലമാണിത്.

കേരളത്തിൽ ഭൂപരിഷ്കരണം നടന്നപ്പോൾ സ്വത്തുള്ള ഭൂവുടമകൾ നഗരങ്ങളിലേക്ക് ചേക്കേറുകയും വ്യവസായ-വാണിജ്യ സംരംഭങ്ങളിൽ ഏർപ്പെടുകയും മക്കളെ വിദേശത്ത് അയച്ചുപഠിപ്പിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിൽ തങ്ങൾക്കുള്ള അധീശത്വത്തിന്റെ തുടർച്ച അവർ ഉറപ്പുവരുത്തി. വെൽത്ത് ടാക്സ്, ഇൻഹെറിറ്റൻസ് ടാക്സ്, കോർപ്പറേറ്റ് ടാക്സ് എന്നിവ വർധിപ്പിച്ച് അതിൽനിന്ന് കിട്ടുന്ന പണം പാർശ്വവത്കരിക്കപ്പെടുന്നവർക്ക് പുനർവിതരണം ചെയ്തുകൊണ്ടും ഈപ്രതിസന്ധിയെ നേരിടാം. പക്ഷേ, അത്തരം നടപടികളിൽനിന്ന് ഭരണകൂടം പിന്തിരിയുകയാണ്.

വൈരുധ്യങ്ങളുടെ സ്വന്തം നാട്

1. വിദ്യാഭ്യാസമേഖലയിൽ ഏറെ മുന്നോട്ടുപോയി. എന്നാൽ തൊഴിലവസരങ്ങൾ കൂടുതലായി ഒരുക്കുന്നതിൽ പിന്നാക്കംപോയി
2. 1970-കളുടെ മധ്യത്തോടെ ഭൂപരിഷ്കരണം നടപ്പാക്കി. എന്നാൽ, കൃഷിഭൂമി വയലിൽ പണിയെടുക്കുന്നവർക്ക് കിട്ടിയില്ല
3. 73 വയസ്സാണ് മലയാളിയുടെ ശരാശരി ആയുർദൈർഘ്യം. എന്നാൽ, അട്ടപ്പാടിയിലെയും മറ്റും ആദിവാസികളുടെ ആയുസ്സ് 40 വയസ്സാണ്
4. വിദ്യാഭ്യാസമേഖലയിൽ
സ്ത്രീപ്രാതിനിധ്യമുണ്ടായി.
എന്നിട്ടും തൊഴിൽമേഖലയിൽ സ്ത്രീകൾക്ക് തുല്യപങ്കാളിത്തം നിഷേധിക്കപ്പെട്ടു

Content Highlights: kerala model of contradictions

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented