മാതൃഭൂമി ഭാഷാപരിണയം


കല്‍പ്പറ്റ നാരായണന്‍

3 min read
Read later
Print
Share

ഉമ്മാച്ചുവില്‍നിന്ന് ഖസാക്കിലെത്തിയ വഴിയും ഏണിപ്പടികളില്‍നിന്ന് സൂര്യവംശത്തിലേക്കെത്തിയ വഴിയും മറ്റൊരു നടപ്പാതയ്ക്കും സങ്കല്പിക്കാനാവില്ല.

കൽപറ്റ നാരായണൻ

എല്ലാ സംഭവങ്ങള്‍ക്കും ചിന്തകള്‍ക്കും ലിപിയായ മാതൃഭൂമി. അലയടിച്ചുയര്‍ന്ന ദേശീയബോധത്തിന്റെയും നവോത്ഥാനത്തിന്റെയും നവചിന്തയുടെയും മാധ്യമം...

ഴയൊരു തമാശയാണ്. ആരംഭകാലത്തെ മാതൃഭൂമി മാനേജരുടെ പക്കല്‍ കുറച്ച് അച്ചുകളേയുണ്ടായിരുന്നുള്ളു. ഈ അച്ചുകള്‍ക്ക് വഴങ്ങുന്ന വാക്കുകളിലേക്ക് വിവര്‍ത്തനം ചെയ്താണ് മാതൃഭൂമി വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിപ്പോന്നത്. മാതൃഭൂമി തനതായ ഒരുഭാഷ സൃഷ്ടിച്ചതിങ്ങനെ എന്നാണിക്കഥ പ്രചരിച്ചത്. കാലാന്തരത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച അച്ചുകൂടങ്ങളിലൊന്നായി മാതൃഭൂമി മാറുകയും ആരംഭത്തിലെ എല്ലാ കയ്പുകളും ശമിക്കുകയും ചെയ്തു. മാതൃഭൂമിയിലെ അച്ചുകള്‍കൊണ്ട് എഴുതാനാവാത്ത പദങ്ങള്‍ മലയാളത്തിലില്ലെന്നായി. 'അച്ചുപിഴയല്ലാത്തൊരു പിഴയും നമുക്ക് സംഭവിക്കില്ല' എന്ന് അഹങ്കരിച്ച ഭാഷാതമ്പുരാക്കന്മാരോട് എന്നാല്‍ നമുക്ക് കാണാം എന്ന നിലപാടെടുത്തു അച്ചുകൂടത്തിന്റെ, മാരാരുള്‍പ്പെടെയുള്ള മഹാസംശോധകര്‍. പുതിയ പദങ്ങള്‍ക്കും പുതിയ പദസംയുക്തങ്ങള്‍ക്കുമായി അതിന് വിശന്നു. എല്ലാ സംഭവങ്ങള്‍ക്കും ലിപിയായി എന്നുമാത്രമല്ല എല്ലാചിന്തകള്‍ക്കും ലിപിയായി. അലയടിച്ചുയര്‍ന്ന ദേശീയബോധത്തിനു മാത്രമല്ല നവോത്ഥാനത്തിനും മാധ്യമമായി. നവചിന്തയുടെ മാതൃഭൂമിയായി മാതൃഭൂമി.

ആഴ്ചപ്പതിപ്പിലൂടെ ഭാവുകത്വപരിണാമം

ദിനപത്രത്തിലെ വാര്‍ത്തകളും രാഷ്ട്രീയപംക്തികളും ലേഖനങ്ങളും ആവശ്യപ്പെട്ടതിനെക്കാള്‍ ആവശ്യപ്പെട്ടു കാലം. ആഴ്ചപ്പതിപ്പായിരുന്നു അതിനുപരിഹാരം. ആദ്യലക്കത്തിലെ പ്രതിവാര ചിന്തയില്‍ വായനക്കാര്‍ വായിച്ചു. 'ഒരു വായനക്കാരന്റെ ജിജ്ഞാസകളെ നിറവേറ്റുന്നതിന് ഒരു ദിനപത്രത്തിന് സാധ്യമല്ല. അവയുടെ സര്‍വപ്രധാനമായ ഉദ്ദേശ്യം വാര്‍ത്താവിതരണമായതുകൊണ്ട് ദിനപത്രങ്ങള്‍ മുഖേന സാധ്യമല്ലാതെ വരുന്ന കാര്യങ്ങളുടെ നിര്‍വഹണത്തിന് ആഴ്ചപ്പതിപ്പുകള്‍കൂടി പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം ഇതരഭാഷകളില്‍ സര്‍വസാധാരണമാണ്'. മലയാളിയുടെ ബൗദ്ധികവും കലാപരവുമായ ആവശ്യങ്ങള്‍ക്കായി അങ്ങനെ വന്നുചേര്‍ന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. അത് ഭാവുകത്വപരിണാമത്തിന് നേതൃത്വം നല്‍കി. വിവിധ വൈജ്ഞാനിക മേഖലകളെ പ്രതിനിധീകരിക്കുന്ന പഠനങ്ങള്‍, പുതിയ അനുഭവ പരിസരത്തിന്റെ കഥകള്‍, സിനിമ, കായികരംഗം, ചിത്രകല, സംഗീതം ഇതുമായെല്ലാം ബന്ധപ്പെട്ട പംക്തികള്‍ ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടു. വിംസിയും നാദിര്‍ഷയും സിനിക്കും കോഴിക്കോടനും ഇന്ദുചൂഡനും എം.ആര്‍.സി.യും സീരിയുമെല്ലാം പുതിയ പദങ്ങളും ഭാഷാപ്രയോഗങ്ങളും മലയാളത്തിന് നല്‍കി.

ആദ്യലക്കത്തില്‍ തന്നെ 'പാശ്ചാത്യപരിഷ്‌കാരവും ഭാരതീയരുടെ ലിംഗബന്ധനിലയും' എന്ന ഗഹനമായ പഠനലേഖനം പ്രത്യക്ഷപ്പെട്ടു. അതുവരെ മലയാളി പരിചയിച്ചിട്ടില്ലാത്ത ചിന്താരീതിയും ഭാഷയും കേസരിയുടെ ലേഖനത്തിലൂടെ കടന്നുവന്നു. സംവദിക്കാന്‍ പുതിയൊരു ഭാവുകത്വംതന്നെ വേണ്ട കെ. ഭാസ്‌കരന്‍ നായരുടെയും എം.പി. ശങ്കുണ്ണിനായരുടെയും ലേഖനങ്ങള്‍ ആഴ്ചപ്പതിപ്പില്‍ പതിവായി. എം.എന്‍. വിജയന്റെ 'പഴയ തെറ്റുകളും പുതിയ ശരികളും' മലയാളി സാക്ഷാത്കരിച്ച ചിന്താപരമായ ഔന്നത്യത്തിന്റെ വെളിവും തെളിവുമായി.

സര്‍ഗാത്മക സാഹിത്യം

സര്‍ഗാത്മകസാഹിത്യത്തിലും മാതൃഭൂമി വലിയ മുന്നേറ്റങ്ങളുണ്ടാക്കി. കവിത ആഴ്ചപ്പതിപ്പിന് മുമ്പേതന്നെ മലയാളത്തില്‍ സജീവമായിരുന്നു. കുമാരനാശാനെപ്പോലൊരു ലോകോത്തരകവി വന്നുപോയിക്കഴിഞ്ഞിരുന്നു. പക്ഷേ, ചങ്ങമ്പുഴ, ഇടപ്പള്ളി, ജി., വൈലോപ്പിള്ളി, ഇടശ്ശേരി, പാലാ, ബാലാമണിയമ്മ തുടങ്ങിയവര്‍ സൃഷ്ടിച്ച കാവ്യവസന്തത്തിന് ഒരുദ്യാനംതന്നെ വേണമായിരുന്നു. അതായിരുന്നു മാതൃഭൂമി. ഇടപ്പള്ളി മലയാളികളോട് യാത്രചോദിച്ചതുപോലും ആഴ്ചപ്പതിപ്പിലൂടെ. കവിത ഭാഷയ്ക്ക് ആന്തരികശോഭയും ധ്വനനശേഷിയും വിരുദ്ധോക്തി, ന്യൂനോക്തി, അതിശയോക്തി എന്നീ ആവിഷ്‌കാരരൂപങ്ങളും നല്‍കി. എന്‍.വി.യിലൂടെയും അക്കിത്തത്തിലൂടെയും കക്കാടിലൂടെയും മാധവന്‍ അയ്യപ്പത്തിലൂടെയും ഒളപ്പമണ്ണയിലൂടെയും മലയാളിയുടെ സാമ്പ്രദായിക രൂപധാരണങ്ങളെ തിരുത്തി.

തുടരന്‍ കഥകളുടെ വരവ്

ആഴ്ചപ്പതിപ്പിലൂടെ വലിയ പരിണാമങ്ങളുണ്ടായത് നോവലിനും ചെറുകഥയ്ക്കുമായിരുന്നു. ബാലനായ എം.ടി.യെ ബുധനാഴ്ചതോറും ആറുമൈല്‍ നടത്തിച്ചത് ആഴ്ചപ്പതിപ്പിലെ കഥകളും നോവലുകളുമായിരുന്നു. ആദ്യനോവലായ 'ഉമ്മാച്ചു'വിന്റെ വായനക്കാരുടെ സമ്മര്‍ദമാണ് നോവല്‍ എന്ന 'തുടരന്‍' നിത്യസാന്നിധ്യമാക്കിയത്. പ്രശസ്തരായ എല്ലാ നോവലിസ്റ്റുകളും പ്രഖ്യാതരായത് മാതൃഭൂമിയിലൂടെ. നോവലിന്റെ ഘടനയ്ക്ക് വലിയ മാറ്റങ്ങളുണ്ടായി. ഉമ്മാച്ചുവില്‍നിന്ന് ഖസാക്കിലെത്തിയ വഴിയും ഏണിപ്പടികളില്‍നിന്ന് സൂര്യവംശത്തിലേക്കെത്തിയ വഴിയും മറ്റൊരു നടപ്പാതയ്ക്കും സങ്കല്പിക്കാനാവില്ല.
ചെറുകഥയുടെ പരിണാമമായിരുന്നെങ്കില്‍ അമ്പരപ്പിക്കുന്നതായിരുന്നു. നര്‍മപ്രബുദ്ധമായ ഭാവുകത്വം എം.ആര്‍.കെ.സി.യില്‍ നിന്ന് വി.കെ.എന്നിലേക്കും അവിടെനിന്ന് എന്‍.എസ്. മാധവനിലേക്കുമെത്തി. എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥനരസികതയ്ക് കാരൂരിലെത്തിയപ്പോള്‍ കൈവന്ന രൂപശില്പഗരിമ ഹരീഷിലും ഏച്ചിക്കാനത്തിലും സുഭാഷ് ചന്ദ്രനിലും തുടര്‍ന്നു. ഒ.വി. വിജയനെപ്പോലെ പദാവധാനിയായ ഒരുഗദ്യകാരന്‍ മാത്രമല്ല, കവി പോലും മലയാളത്തില്‍ മുന്‍പുണ്ടായിട്ടില്ല. ഭാഷ അതിസൂക്ഷ്മമായ സംവേദനശേഷി ആര്‍ജിച്ചു. ഞാനുള്‍പ്പെടെ പലരുടെയും ഭാഷാപാഠശാല മാതൃഭൂമിയായിരുന്നു.

അണിയറ പ്രതിഭകള്‍

പ്രതിഭാശാലികളായ അണിയറ ശില്പികളുണ്ടായിരുന്നു എന്നും മാതൃഭൂമിക്ക്. എന്‍.വി., എം.ടി., അരവിന്ദന്‍, ജി.എന്‍. പിള്ള തുടങ്ങി സുഭാഷ് ചന്ദ്രന്‍ വരെയുള്ളവര്‍. നമ്പൂതിരിമുതല്‍ ഷെറീഫ് വരെയുള്ളവര്‍. ചിത്രകലയെ ഇല്ലസ്‌ട്രേഷനായി മാറ്റാന്‍വരെ മാതൃഭൂമിയുടെ സ്വാധീനത്തിന് കഴിഞ്ഞു. പിറകെ നടക്കാനും മാറിനടക്കാനും പുതുവഴിയില്‍ നടക്കാനും മാതൃഭൂമി ആഴ്ചപ്പതിപ്പ് തന്നെയായി കേരളത്തിന്റെ മാധ്യമം.

എം.പി. നാരായണപ്പിള്ളയെക്കുറിച്ച് അദ്ദേഹംതന്നെ പറഞ്ഞ ഒരു കഥയുണ്ട്. വെറുമൊരു പത്രപ്രവര്‍ത്തകനായിരുന്ന നാരായണപ്പിള്ള, കഥകളെഴുതി പ്രസിദ്ധരും സമ്പന്നരുമായിക്കൊണ്ടിരുന്ന ഒ.വി. വിജയന്‍, സക്കറിയ, കാക്കനാടന്‍, മുകുന്ദന്‍ തുടങ്ങിയവരോടുള്ള അസൂയ മുഴുത്ത് കഥാകാരനാവാന്‍ തീരുമാനിക്കുന്നു. ഒരേസമയം ഒരു കൈകൊണ്ട് ചതുരവും മറ്റേ കൈകൊണ്ടു വൃത്തവും വരയ്ക്കുന്ന അസാധാരണമായ സംഭവത്തെ സര്‍ഗാത്മക രചനയിലൂടെ സാക്ഷാത്കരിക്കാമെന്ന് അദ്ദേഹം കരുതി. നാല്പത് മാതൃഭൂമി ആഴ്ചപ്പതിപ്പുകളുടെ ഒരു കെട്ടുമായി ഒരുമുറിയില്‍ കയറി വാതിലടച്ചു.
ദിവസങ്ങള്‍ക്കുശേഷം കതക് തുറന്ന് പുറത്തുവന്നത് 'കള്ളന്‍' എന്ന കഥയുമായാണ്. കഥയിലെ കള്ളന്‍, കള്ളന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും താന്‍ വായിച്ച് കഥനതന്ത്രം ഗ്രഹിച്ച ഒരു കഥയുടെയും പ്രത്യക്ഷച്ഛായ അദ്ദേഹത്തിന്റെ കഥയിലില്ലായിരുന്നു. മോഷണമുതല്‍ അദ്ദേഹത്തില്‍നിന്ന് കണ്ടെടുക്കാനാവാഞ്ഞ പത്രാധിപര്‍ ഇത്തരം പിടിക്കപ്പെടാത്ത മുതലുമായി തുടര്‍ച്ചയായി വരാന്‍ ആവശ്യപ്പെട്ടു. മലയാളത്തിലന്നോളമൊരാളും എഴുതിയിട്ടില്ലാത്ത രൂപഭാവങ്ങളുള്ള കഥകളുമായി നാരായണപ്പിള്ള ഒ.വി. വിജയനെവരെ ആരാധകനാക്കി.

മാതൃഭൂമി പുതിയ രൂപഭാവങ്ങളുള്ള കഥകളെ സൃഷ്ടിച്ചതിന്റെ ഒരുകഥ മാത്രമാണ് ഇത്. പില്‍ക്കാലത്തിന് കവിതകളും പഠനങ്ങളും നീണ്ട കഥകളും സൃഷ്ടിക്കാന്‍ മാതൃകയായതും ഇന്ധനമായതും മാതൃഭൂമി. ഭാഷ മാതൃഭൂമിയിലൂടെ രൂപാന്തരപ്പെട്ടതിന്റെ കഥയും നമുക്കീ നാരായണപ്പിള്ളക്കഥയില്‍ വാ യിക്കാം.

Content Highlights: kalpetta narayanan writes about the evolution of language through mathrubhumi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


image

2 min

വാക്കേ വാക്കേ കൂടെവിടെ?

Mar 14, 2022


Most Commented