മാതൃഭൂമി മുൻ പത്രാധിപർ കെ.എ. ദാമോദരമേനോൻ മുഖ്യമന്ത്രി ആർ ശങ്കറോടൊപ്പം രാജ്ഭവനിൽ | Photo-Mathrubhumi
1937 മുതല്‍ 48 വരെ ഏതാണ്ടൊരു പന്തീരാണ്ടുകാലം മാതൃഭൂമി പത്രാധിപരുടെനിലയില്‍ കോഴിക്കോട്ടും പിന്നീട് കുറേ വര്‍ഷങ്ങളിലെ വേര്‍പാടിനുശേഷം 1965 മുതല്‍ റെസിഡന്റ് എഡിറ്ററെന്ന നിലയില്‍ കൊച്ചിയിലും സേവനമനുഷ്ഠിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ ദീര്‍ഘകാലബന്ധത്തെ സംബന്ധിച്ച് വികാരാധീനനാകാതെ ചിന്തിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ ജീവിതത്തിന് ഒട്ടാകെത്തന്നെ രൂപംകൊടുക്കുകയും നിറംപിടിപ്പിക്കുകയും ചെയ്ത ബന്ധമാണിത്. മാതൃഭൂമിയില്‍ ചേര്‍ന്നിരുന്നില്ലെങ്കില്‍ എന്റെ ജീവിതഗതി എങ്ങനെ ആയേനെ എന്ന് ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. ഈ മനോവ്യാപാരം എന്നെ ഒരു നിഗമനത്തില്‍ എത്തിച്ചിട്ടുണ്ട്. മാതൃഭൂമിയുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ എന്റെ ജീവിതം എത്രയോ വിരസവും അപൂര്‍ണവും ആയിപ്പോയേനെ.
ഞാന്‍ ഏറ്റവും വിലമതിക്കുന്നതും എന്റെ സ്മരണയില്‍ മായാതെ പതിഞ്ഞുനില്‍ക്കുന്നതും മാതൃഭൂമി കുടുംബത്തിലെ ഒരംഗമായിരിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവങ്ങളാണ്. തിരുവനന്തപുരത്ത് വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെ 1937 കാലഘട്ടത്തിലാണ് ശ്രീ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് കാണാനെത്തിയത്. മാതൃഭൂമി പത്രാധിപരായിരിക്കാന്‍ ക്ഷണിച്ചു. തീരെ അപ്രതീക്ഷിതമായ ക്ഷണമായിരുന്നു അത്. വക്കീല്‍പ്പണി ഉപേക്ഷിക്കുന്നകാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. നമ്പൂതിരിപ്പാടിന്റെ ക്ഷണം സ്വീകരിക്കുന്നതില്‍ എനിക്ക് തീരുമാനിക്കേണ്ടിയിരുന്നത് വക്കില്‍പ്പണി വിടണമോ എന്നതല്ല, മറിച്ച് എന്റെ സ്വാതന്ത്ര്യസമരരംഗം തിരുവനന്തപുരമാകണോ കോഴിക്കോടാകണമോ എന്നതു മാത്രമായിരുന്നു.
രാഷ്ട്രീയകാര്യങ്ങളില്‍ ഞാന്‍ ഗുരുവായിക്കണ്ടിരുന്ന കേസരി ബാലകൃഷ്ണപിള്ള കോഴിക്കോട്ടേക്ക് പോകാന്‍ എന്നെ ഉപദേശിച്ചു. കൂടാതെ മാതൃഭൂമിയുടെ പത്രാധിപസമിതിയില്‍ ചേരുന്നതിന് എനിക്ക് വൈകാരികമായ ഒരു പ്രചോദനംകൂടിയുണ്ടായിരുന്നു. മാതൃഭൂമി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ആദര്‍ശനിഷ്ഠയോടും പതറാതെ ധീരതയോടുംകൂടി പൊരുതുന്ന ഒരു സ്ഥാപനമാണെന്നും അതിന്റെ പത്രാധിപസ്ഥാനം ദേശസേവനത്തിനുള്ള മഹത്തായ ഒരവസരമാണ് നല്‍കുന്നതെന്നും എനിക്കുതോന്നി. ഒടുവില്‍ ഞാന്‍ നമ്പൂതിരിപ്പാടിന്റെ ക്ഷണം സ്വീകരിച്ചു.
കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പ് തിരുവനന്തപുരത്ത് എനിക്കുകിട്ടിയ യാത്രയയപ്പില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ മാതൃഭൂമിക്കുള്ള അതുല്യസ്ഥാനത്തെപ്പറ്റിയും അതിന്റെ പത്രാധിപരെന്നനിലയില്‍ എനിക്കുള്ള ഭാരിച്ച ഉത്തരവാദിത്വത്തെപ്പറ്റിയുമുള്ള പ്രസംഗങ്ങളായിരുന്നു അധികവും. മാതൃഭൂമിയുടെ പത്രാധിപത്യം ഏറ്റെടുക്കാന്‍ ഇവയെല്ലാം എനിക്ക് ധൈര്യംപകര്‍ന്നു.കെ.പി.സി.സി. ഓഫീസ് മാതൃഭൂമി ഓഫീസ് കെട്ടിടത്തിലായിരുന്നതിനാല്‍ കെ.പി.സി.സി. സെക്രട്ടറിയായിരുന്ന കാലത്തുതന്നെ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍ ഒരു പുതിയ സ്ഥലത്ത് ആദ്യമായി പണിക്കുപോകുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന പരിഭ്രമമോ സങ്കോചമോ ഒന്നും മാതൃഭൂമിയുടെ പത്രാധിപത്യം ഏറ്റെടുക്കാന്‍ മാതൃഭൂമി ഓഫീസിലെത്തുമ്പോള്‍ എനിക്കുണ്ടായില്ല.
എനിക്കവിടെ ലഭിച്ച സ്വീകരണം അത്രയും സ്‌നേഹപൂര്‍ണവും ഹൃദയാവര്‍ജകവുമായിരുന്നു. മാനേജര്‍ കൃഷ്ണന്‍ നായരും പത്രാധിപസമിതിയിലെ അംഗങ്ങളും സഹോദരനിര്‍വിശേഷമായ സ്‌നേഹാദരങ്ങളോടെയാണ് എന്നെ സ്വാഗതംചെയ്തത്. എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും പുതിയ ജോലിയില്‍ എനിക്ക് ഉത്സാഹവും ഉന്മേഷവും ഉണ്ടാക്കാനും ഇത് സഹായിച്ചു.പത്രാധിപസമിതിയിലെ അംഗങ്ങളായ സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ വേണ്ടപോലെ മനസ്സിലാക്കുകയും പത്രത്തിന്റെ നിലവാരമുയര്‍ത്താന്‍ പര്യാപ്തമായവിധത്തില്‍ ആ കഴിവുകള്‍ ഉപയോഗപ്പെടുത്തുകയുമാണല്ലോ പത്രാധിപരുടെ പ്രധാനകര്‍ത്തവ്യം.
പത്രാധിപസമിതിയില്‍ ഉണ്ടായിരിക്കേണ്ട ടീം വര്‍ക്കില്‍ കോട്ടംവന്നാല്‍ പത്രത്തിന്റെ നടത്തിപ്പുതന്നെ ദുഷ്‌കരമാകും. ടീം വര്‍ക്കില്‍ ക്യാപ്റ്റന്റെ സ്ഥാനമാണ് പത്രാധിപര്‍ക്കുള്ളത്.തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനായി സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനും ഐക്യകേരള പ്രസ്ഥാനത്തിനും മാതൃഭൂമി നല്‍കിയ സംഭാവന വളരെ വലുതാണ്. കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ ഒരു നവോത്ഥാനത്തിനും വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും രംഗവിധാനം ചെയ്യുന്നതിലും മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും മാതൃഭൂമി നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരം തുടങ്ങിയപ്പോള്‍ പത്രാധിപരുടെ കസേരയില്‍നിന്നാണ് എന്നെ അറസ്റ്റുചെയ്തത്. ഈ സംഭവം സ്വാതന്ത്ര്യസമരത്തിനു മാതൃഭൂമി നല്‍കിയ നേതൃത്വത്തിന്റെ ഔദ്യോഗികമായ അംഗീകാരമായാണ് ഞാന്‍ കരുതുന്നത്.
മാതൃഭൂമി 50-ാം വാര്‍ഷികത്തിന് മുന്‍ പത്രാധിപര്‍ കെ.എ. ദാമോദരമേനോന്‍ എഴുതിയ ലേഖനം
Content Highlights: ka damodaramenon about mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..