കെ.കേളപ്പൻ
പത്രപ്രവര്‍ത്തനത്തെ നാടിന്റെ മോചനത്തിനുവേണ്ടിയുള്ള സമരത്തിന്റെ തുടര്‍ച്ചയായി കണ്ട ഒരുസംഘം പ്രയത്നശാലികളുടെ വിയര്‍പ്പും വേദനകളും ആത്മവിശ്വാസവും ചേര്‍ന്നതാണ് മാതൃഭൂമിയുടെ തുടക്കവും വളര്‍ച്ചയും. പത്രത്തിന്റെ നിലനില്‍പ്പ് അവര്‍ക്ക് സ്വന്തം ശ്വാസഗതിപോലെ പ്രധാനമായിരുന്നു
സ്വന്തം കേളപ്പജി
എന്നു തുടങ്ങി, എന്ന് അവസാനിച്ചു?' -പതുങ്ങിയ സ്വരത്തില്‍, ഒരു പുഞ്ചിരിയോടെ കേളപ്പജി അന്വേഷിച്ചു. ഗുരുവായൂരിലെ തന്റെ നിരാഹാരവ്രതത്തെക്കുറിച്ചാണ് അദ്ദേഹം തിരക്കിയത്. ഇന്ത്യയെ മുഴുവന്‍ പിടിച്ചുകുലുക്കിയ ആ നിരാഹാരവ്രതം എന്നു തുടങ്ങിയെന്നോ എന്നു തീര്‍ന്നുവെന്നോ അദ്ദേഹം കണക്കുവെച്ചില്ല. സമൂഹനന്മയ്ക്കായി അനുഷ്ഠിച്ച സേവനങ്ങള്‍, നാടിന്റെ സ്വാതന്ത്ര്യത്തിനായിച്ചെയ്ത ത്യാഗങ്ങള്‍ എല്ലാം ഈ ലാഘവബുദ്ധിയോടെയാണ് കേളപ്പന്‍ വിലയിരുത്തിയത്. മാതൃഭൂമിയുടെ എല്ലാമായിരുന്നു കേളപ്പജി. സ്വാതന്ത്ര്യസമരത്തിനും ഗാന്ധിയന്‍ നിര്‍മാണപരിപാടികള്‍ക്കും കേരളീയരുടെ പിന്തുണ നേടിക്കൊടുക്കാനായി തുടങ്ങിയ മാതൃഭൂമി പത്രത്തിന്റെ മാനേജരായും ഡയറക്ടറായും രണ്ടുഘട്ടങ്ങളില്‍ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ഗാന്ധിജിയുടെ ആശയങ്ങള്‍ സുന്ദരവും വികാരതീവ്രവുമായി കേരളീയര്‍ക്ക് വ്യാഖ്യാനിച്ചുതന്നത് മഹാകവി വള്ളത്തോളായിരുന്നെങ്കില്‍ വിപ്ലവകരമായ കര്‍മപരിപാടികള്‍ നടപ്പില്‍വരുത്തിയത് കേരള ഗാന്ധി എന്നറിയപ്പെട്ട കേളപ്പനായിരുന്നു. മലബാര്‍ കലാപം, മാതൃഭൂമിയുടെ ആരംഭം, വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹം, സിവില്‍ നിയമലംഘനം, വ്യക്തിസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം എന്നിങ്ങനെ 1921 മുതലുള്ള കേളപ്പന്റെ മൂന്നു ദശാബ്ദങ്ങള്‍ സംഭവബഹുലമായിരുന്നു. സമരങ്ങള്‍ക്കും ജയില്‍യാത്രകള്‍ക്കുമുള്ള ഇടവേളയിലാണ് അദ്ദേഹം ഹരിജനോദ്ധാരണം, മദ്യനിരോധനം, ഖാദി പ്രചാരണം എന്നിവയ്ക്ക് സമയം കണ്ടെത്തിയത്. അചഞ്ചലമായ ഇച്ഛാശക്തിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
1929-ലും 1936-ലും അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായി. പദവികള്‍ വഹിക്കാത്തപ്പോഴും മാതൃഭൂമി അദ്ദേഹത്തിന്റേതായിരുന്നു; അദ്ദേഹം മാതൃഭൂമിയുടേതും. പത്രാധിപരായിരുന്നപ്പോള്‍ മാതൃഭൂമിയെ കൈപിടിച്ചുയര്‍ത്താനുള്ള തീവ്രയത്നപരിപാടികള്‍ കേളപ്പന്‍ നടപ്പാക്കി. കോണ്‍ഗ്രസ് അണികളിലും സമൂഹത്തിലും കാണുന്ന തെറ്റുകളെ നിശിതമായി വിമര്‍ശിക്കാന്‍ മാതൃഭൂമിയിലെ കോളം ഉപയോഗിച്ചു. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടി.
1889 ഓഗസ്റ്റ് 24-ന് കൊയിലാണ്ടി മൂടാടിയില്‍ കീഴരിയൂരിലെ തേന്‍പൊയില്‍ വീട്ടില്‍ കണാരന്‍ നായരുടെയും കൊഴപ്പള്ളി കുഞ്ഞമ്മയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദിരാശി ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബി.എ. ബിരുദം നേടി. തിരുവിതാംകൂറില്‍ സെയ്ന്റ് ബെര്‍ക്ക്മാന്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് മന്നത്ത് പദ്മനാഭനുമായി പരിചയപ്പെടുന്നതും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാവുന്നതും. ഇതിനിടെ ടി.പി. അമ്മാളുഅമ്മയുമായി വിവാഹം. എട്ടുവര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടുള്ളൂ. ആദ്യകുട്ടി ജനിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ അമ്മാളുഅമ്മ മരിച്ചു.
പിന്നീട് നിയമപഠനത്തിനായി മുംബൈയിലേക്കുപോയ കേളപ്പന്‍ 1920-ലാണ് സ്വാതന്ത്ര്യസമരത്തില്‍ ചേരാന്‍ കേരളത്തില്‍ തിരിച്ചുവന്നത്. പൊന്നാനി താലൂക്കിലെ കോണ്‍ഗ്രസ് സെക്രട്ടറിയായ കേളപ്പന് മൂന്നാഴ്ച തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യഘട്ടത്തില്‍ അറസ്റ്റിലായ നേതാക്കളില്‍ ഒരാളായിരുന്നു. 1930 ഏപ്രില്‍ 13-ന് കോഴിക്കോട്ടുനിന്നു പയ്യന്നൂര്‍ക്ക് പുറപ്പെട്ട സത്യാഗ്രഹജാഥ നയിച്ചതും കേളപ്പനായിരുന്നു. ഉപ്പുസത്യാഗ്രഹകാലത്ത് ഒമ്പതുമാസത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിനായി 1932 സെപ്റ്റംബര്‍ 21-ന് നിരാഹാരം തുടങ്ങി. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം നിരാഹാരം അവസാനിപ്പിച്ചു.
1940-ലെ വ്യക്തിസത്യാഗ്രഹത്തില്‍ കേരളത്തില്‍നിന്നുള്ള ആദ്യ സത്യാഗ്രഹിയായി കേളപ്പനെയാണ് ഗാന്ധിജി തിരഞ്ഞെടുത്തത്. ഇക്കാലത്ത് ഒരുകൊല്ലത്തോളം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് തടവിലായ കേളപ്പനെ 1945-ന്റെ മധ്യത്തിലാണ് മോചിപ്പിച്ചത്.
തൃശ്ശൂരില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന അദ്ദേഹം 1949-ല്‍ ഐക്യകേരള കമ്മിറ്റിയില്‍നിന്ന് രാജിവെച്ചു. പലതവണ കെ.പി.സി.സി.യുടെ അധ്യക്ഷനായിരുന്നു. 1950-ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി(കെ.എം.പി.)യില്‍ ചേര്‍ന്നു. 1952-ല്‍ കെ.എം.പി. സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തളി ക്ഷേത്ര പുനരുദ്ധാരണത്തിനും തവനൂരിലെ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും പിന്നില്‍ കേളപ്പന്റെ അധ്വാനമുണ്ട്. കേരള സര്‍വോദയ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ജീവനാഡിയുമായിരുന്ന അദ്ദേഹം 1971 ഒക്ടോബര്‍ ഏഴിന് അന്തരിച്ചു.
ആഴ്ചപ്പതിപ്പിന്റെ മുഖം
മലയാള രാഷ്ട്രീയകവിതകള്‍ക്ക് പുതിയ ദിശയും മുഖവും നല്‍കിയ വ്യക്തിയായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ എന്ന നെരുക്കാവുവാര്യം കൃഷ്ണവാരിയര്‍. റേഷന്‍കടയില്‍ അരിവാങ്ങാന്‍ വരിനില്‍ക്കുന്ന ഗാന്ധിയെയും അന്തിച്ചര്‍ച്ചയ്ക്കായി കാറില്‍പ്പോകുന്ന ഗോഡ്‌സെയെയും അവതരിപ്പിച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയമുഖത്തേക്കാണ് എന്‍.വി. കൃഷ്ണവാരിയര്‍ അക്ഷരങ്ങളാല്‍ ആഞ്ഞുപ്രഹരിച്ചത്. കവിത, നാടകം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ബാലസാഹിത്യം, ലേഖനങ്ങള്‍ തുടങ്ങി എഴുത്തിന്റെ സകലമേഖലകളിലും വിഹരിച്ചയാളായിരുന്നു കൃഷ്ണവാരിയര്‍.
1916 മേയ് 13-ന് തൃശ്ശൂര്‍ ചേര്‍പ്പ് നെരുക്കാവില്‍ വാര്യത്ത് അച്യുതവാര്യരുടെയും മാധവി വാരസ്യാരുടെയും മകനായി ജനനം. 1942-ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അക്കാലത്താണ് ഒളിവിലിരുന്ന് 'സ്വതന്ത്രഭാരതം' എന്ന പത്രം പ്രസിദ്ധീകരിച്ചത്. 1939-ല്‍ 'അഹിംസക സൈന്യം' എന്ന കവിത പുറത്തുവന്നു. 1942-ല്‍ 'മഹാത്മാഗാന്ധി' എന്ന കവിതയും പ്രസിദ്ധീകരിച്ചു.
1950-ല്‍ കേരളവര്‍മ കോളേജില്‍ ലക്ചററായി ജോലിചെയ്യുമ്പോഴാണ് മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ശങ്കരന്‍കുളങ്ങരയിലെ വീട്ടിലേക്ക് ചെന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്യം ഏറ്റെടുക്കണമെന്ന ആവശ്യവുമായാണ് കുറൂര്‍ എന്‍.വി.യെ കണ്ടത്. മാതൃഭൂമിയിലിരുന്ന് ഒരുതലമുറയെ സാഹിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ എന്‍.വി. കൃഷ്ണവാരിയര്‍ പത്രാധിപര്‍ എന്നനിലയില്‍ വലിയൊരു സാഹിത്യസേവനമാണ് നിര്‍വഹിച്ചത്.
കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലിരുന്ന് അവയെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച എന്‍.വി. മാതൃഭൂമിയെ കൂടാതെ കുങ്കുമം, കലാലയം എന്നീ വാരികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ഗാന്ധിയും ഗോഡ്‌സെ'യും എന്ന കവിത അറിയപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സ്ഥിതികള്‍ വിലയിരുത്തുന്ന കൃതി എന്ന വിശേഷണത്തോടെയാണ്. 'കൊച്ചുതൊമ്മന്‍', 'കാളിദാസന്റെ സിംഹാസനം' തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്കുപുറമേ 'വള്ളത്തോളിന്റെ കാവ്യശില്പം' എന്ന വിമര്‍ശനകൃതിയും എന്‍.വി.യുടെ സംഭാവനയാണ്.
ഒട്ടേറെ ബിരുദങ്ങള്‍ കരസ്ഥമാക്കിയ കൃഷ്ണവാരിയര്‍ മലയാളവൃത്തങ്ങളെ സംബന്ധിച്ച ഗവേഷണത്തിന് എം. ലിറ്റും നേടുകയുണ്ടായി. ജര്‍മന്‍, തമിഴ്, ഹിന്ദി, കന്നഡ, റഷ്യന്‍ ഭാഷകളില്‍ എന്‍.വി.ക്ക് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. നീണ്ട കവിതകള്‍, കുറേക്കൂടി നീണ്ട കവിതകള്‍, ഗാന്ധിയും ഗോഡ്‌സെയും, ചാട്ടവാര്‍, കാളിദാസന്റെ സിംഹാസനം എന്നിവയാണ് എന്‍.വി.യുടെ പ്രധാന കവിതാസമാഹാരങ്ങള്‍. കാപട്യത്തോടും അധികാരക്കൊതിയോടുമുള്ള ഒടുങ്ങാത്ത രോഷമാണ് അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്ര. അസതി, വാസ്‌കോഡ ഗാമ എന്നിങ്ങനെ നാടകങ്ങളും ശ്രീബുദ്ധചരിതം, ചിത്രാംഗദ എന്നീ ആട്ടക്കഥകളും പരിപ്രേക്ഷ്യം, സമാകലനം, വള്ളത്തോളിന്റെ കാവ്യശില്പം എന്നീ നിരൂപണഗ്രന്ഥങ്ങളും എടുത്തുപറയേണ്ടവയാണ്.
വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍, വെല്ലുവിളികള്‍ പ്രതികരണങ്ങള്‍, അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, മനനങ്ങള്‍ നിഗമനങ്ങള്‍, വീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍, ഓളങ്ങള്‍ ആഴങ്ങള്‍ എന്നിവയാണ് ലേഖനസമാഹാരങ്ങള്‍. കവിതയിലും നിരൂപണത്തിലും പത്രപ്രവര്‍ത്തനത്തിലും പുതുവഴികള്‍ കണ്ടെത്തിയ എന്‍.വി. 1989 ഒക്ടോബര്‍ 12-ന് വിടപറഞ്ഞു.
മാതൃഭൂമിയുടെ ജീവനാഡി
മാതൃഭൂമിയുടെ ഭാഗധേയങ്ങളെ നിര്‍ണയിച്ചവരില്‍ അഗ്രഗാമിയായിരുന്നു എന്‍. കൃഷ്ണന്‍ നായര്‍. മാനേജരായ കൃഷ്ണന്‍നായരെ കെ.പി. കേശവമേനോന്‍ തന്റെ ആത്മകഥയില്‍ വിശേഷിപ്പിച്ചത് മാതൃഭൂമിയുടെ ജീവനാഡി എന്നാണ്. ശുഭാപ്തിവിശ്വാസിയായ കര്‍മയോഗി, അഹംഭാവമില്ലാത്ത നിശ്ശബ്ദപോരാളി. 'മാതൃഭൂമി കൃഷ്ണന്‍നായരുടെ' ജീവിതദര്‍ശനങ്ങളുടെ ആകത്തുക ഇതായിരുന്നു. മാതൃഭൂമി സാമ്പത്തികഞെരുക്കങ്ങളില്‍ നട്ടംതിരിയുമ്പോള്‍ അതിനു പരിഹാരമാര്‍ഗം കണ്ടെത്തിയിരുന്നതും കൃഷ്ണന്‍ നായരായിരുന്നു.
1902-ല്‍ കുന്നംകുളത്തെ അയ്യപ്പത്ത് കൃഷ്ണന്‍നായരുടെയും നാഴിയത്ത് കുമ്മിണിയമ്മയുടെയും മകനായി ജനനം. മെട്രിക്കുലേഷനു പഠിക്കുമ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സ്‌കൂള്‍ വിട്ടിറങ്ങിയ കൃഷ്ണന്‍നായര്‍ ദേശീയ പ്രസ്ഥാനത്തിലും ഖാദി പ്രചാരണത്തിലും പങ്കെടുത്തു. അധ്യാപകനായും പ്രവര്‍ത്തിച്ചു. 1928-ല്‍ 26-ാം വയസ്സില്‍ മാതൃഭൂമിയുടെ മാനേജര്‍ പദവി ഏറ്റെടുത്തു. മോട്ടോര്‍ സൈക്കിളിലാണ് അദ്ദേഹം ഓഫീസിലെത്തുക. ഒരു ചെറിയ കോട്ടും പുറമെ ധരിച്ചിട്ടുണ്ടാകും. മാതൃഭൂമിയുടെ അഭിവൃദ്ധിയുടെ തറക്കല്ലിടലായിരുന്നു അത്. 1978 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 1962-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിക്കേണ്ടതായിരുന്നെങ്കിലും മാനേജ്‌മെന്റ് കാലാവധി നീട്ടിനല്‍കി. 1962-ല്‍ വാങ്ങിയിരുന്ന അതേ ശമ്പളം മാത്രമാണ് 1978-ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം വാങ്ങിയത്.
മാനേജിങ് ഡയറക്ടറായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് കൃഷ്ണന്‍നായരെ കണ്ടെത്തിയത്. ഇംഗ്ലീഷ് പത്രങ്ങളെ മാതൃകയാക്കി ലേ ഔട്ടും അച്ചടിസംവിധാനങ്ങളും കൊണ്ടുവരാന്‍ കൃഷ്ണന്‍ നായര്‍ക്കായി. 50 കൊല്ലത്തിനിടെ നടന്ന 52 ജനറല്‍ ബോഡി യോഗത്തിലും അദ്ദേഹം പങ്കെടുത്തു. യുവത്വത്തിലേക്കു കടക്കുംമുമ്പ് തൃശ്ശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയ കൃഷ്ണന്‍നായര്‍ മലബാര്‍ കലാപത്തിലെ അഭയാര്‍ഥികള്‍ക്കായി സേവനം ചെയ്താണ് പൊതുപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ഖാദിനിര്‍മാണത്തില്‍ ഗാന്ധിജിയുടെ സന്നിധിയില്‍തന്നെ വിദഗ്ധ പരിശീലനം നേടാനും അവസരം കിട്ടി. മാതൃഭൂമിയെ കൃഷ്ണന്‍ നായര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കണ്ടു. കേളംകണ്ടത്ത് അമ്മുക്കുട്ടി അമ്മയായിരുന്നു കൃഷ്ണന്‍ നായരുടെ ജീവിതസഖി. 1994 ഓഗസ്റ്റ് 19-ന് തന്റെ 92-ാം വയസ്സില്‍ കൃഷ്ണന്‍ നായര്‍ വിടവാങ്ങി.
ഐക്യകേരള ശില്പി, പത്രാധിപര്‍
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദേശത്തെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തയാളായിരുന്നു മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ.എ. ദാമോദരമേനോന്‍. രാഷ്ട്രീയനേതാവ്, മന്ത്രി, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, ഐക്യകേരള ശില്പികളില്‍ പ്രമുഖന്‍ എന്നിങ്ങനെ പല രംഗങ്ങളില്‍ ദാമോദരമേനോന്‍ തിളങ്ങി. പറവൂര്‍ കരുമാലൂര്‍ താഴത്തുവീട്ടില്‍ അച്യുതന്‍ പിള്ളയുടെയും കളപ്പുരയ്ക്കല്‍ നങ്ങു അമ്മയുടെയും മകനായി 1906 ജൂണ്‍ 10-ന് ജനിച്ചു. വിദ്യാര്‍ഥിയായിരിക്കെ, സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള ദിവാന്റെ തീരുമാനത്തിനെതിരേ നടന്ന സമരത്തില്‍ പങ്കെടുത്തു. 1926-ല്‍ ബി.എ. ബിരുദം നേടിയശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം മ്യാന്‍മാറിലേക്ക് പോയി. പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനായി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.
1930-ല്‍ പാലക്കാട്ട് എത്തിയ ദിവസംതന്നെ കോണ്‍ഗ്രസ് സമ്മേളന സ്ഥലത്തുവെച്ച് അറസ്റ്റുചെയ്തു ജയിലിലടച്ചു. ജയില്‍മോചിതനായശേഷം മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹത്തെ കെ.പി.സി.സി.യുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോഴിക്കോട് കടപ്പുറത്തെ പൊതുയോഗത്തില്‍ പ്രസംഗിച്ചതിന് ആറുമാസം തടവുശിക്ഷ അനുഭവിച്ചു. തടവിലിരിക്കെയാണ് രാഷ്ട്രവിജ്ഞാനം എന്ന പുസ്തകമെഴുതിയത്. 1933-ല്‍ പൊതുപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി തിരുവനന്തപുരം ലോ കോളേജില്‍ നിയമപഠനത്തിനു ചേര്‍ന്നു.
പത്രപ്രവര്‍ത്തകനായ കേസരി ബാലകൃഷ്ണപിള്ളയുമായുള്ള ബന്ധം പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടാന്‍ സഹായകമായി. നിയമബിരുദമെടുത്തശേഷം ദാമോദരമേനോന്‍ തിരുവനന്തപുരത്ത് അഭിഭാഷകനായി. ഇക്കാലത്ത് സമദര്‍ശി എന്ന വാരികയുടെ പത്രാധിപരാവുകയും കേസരിയില്‍ എഴുതുകയും ചെയ്തിരുന്നു. 1937-ല്‍ കെ. കേളപ്പന്‍ പത്രാധിപസ്ഥാനത്തുനിന്നു പിന്മാറിയതോടെ ദാമോദരമേനോന്‍ മാതൃഭൂമിയുടെ പത്രാധിപരായി. പിന്നീട് 11 വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. ഇന്ത്യയിലാദ്യമായി ഒരു ദേശീയപത്രത്തിന്റെ പത്രാധിപര്‍ അദ്ദേഹത്തിന്റെ പത്രാധിപക്കസേരയിലിരിക്കെ അറസ്റ്റിലായത് 1942 ഓഗസ്റ്റ് 9-നാണ്. മാതൃഭൂമി പത്രാധിപരായിരുന്ന ദാമോദരമേനോനെയാണ് അറസ്റ്റുചെയ്തത്. പത്രത്തിന്റെ ഡയറക്ടറായിരുന്ന കോഴിപ്പുറത്ത് മാധവമേനോനെയും പത്രമോഫീസില്‍നിന്ന് അറസ്റ്റുചെയ്തു.
1941-ല്‍ ലീലാ ദാമോദരമേനോന്‍ അദ്ദേഹത്തിന്റെ ജീവിതസഖിയായി. മാതൃഭൂമി പത്രാധിപരായിരിക്കുമ്പോഴാണ് മൊറാഴ സംഭവമുണ്ടായത്. കര്‍ഷകസംഘം സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു. കേസില്‍ കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആര്‍. ഗോപാലന് വധശിക്ഷവിധിച്ചു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി 1942 ഫെബ്രുവരി 27-ന് മുഖപ്രസംഗം എഴുതി. ഇതേത്തുടര്‍ന്ന് പത്രത്തിനു നിരോധനമേര്‍പ്പെടുത്തി.
തിരുവിതാംകൂര്‍ സമരസഹായ കമ്മിറ്റി സെക്രട്ടറിയായിരുന്ന ദാമോദരമേനോനെ 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. 1945 ജൂണ്‍വരെ തടവിലിട്ടു. ജയില്‍മോചിതനായശേഷവും മാതൃഭൂമി പത്രാധിപരായി തുടര്‍ന്നു. കെ.പി.സി.സി. ട്രഷററായും 1947-ല്‍ തൃശ്ശൂരില്‍നടന്ന ഐക്യകേരള സമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1948-ല്‍ മാതൃഭൂമിയുടെ പത്രാധിപസ്ഥാനത്തുനിന്ന് ഒഴിഞ്ഞു.
1948-ലെ ഐക്യകേരള സമ്മേളനത്തിന്റെ സെക്രട്ടറി, 1949-ല്‍ ഇടക്കാല പാര്‍ലമെന്റിലെ അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മേനോന്‍ 1952-ല്‍ കോഴിക്കോട്ടുനിന്ന് പാര്‍ലമെന്റ് അംഗമായി. പിന്നീട് 1955-ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ അദ്ദേഹം കെ.പി.സി.സി. സെക്രട്ടറിയായി. കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍നിന്നു മത്സരിച്ചെങ്കിലും തോറ്റു. കുന്ദമംഗലത്തുനിന്നു മത്സരിച്ച അദ്ദേഹത്തിന്റെ ഭാര്യ ലീലാ ദാമോദരമേനോന്‍ ജയിച്ചു.
1957-ല്‍ കെ.പി.സി.സി. പ്രസിഡന്റായി. 1960-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ പറവൂരില്‍നിന്നു മത്സരിച്ച അദ്ദേഹം വ്യവസായമന്ത്രിയായി. 1978-ല്‍ മാതൃഭൂമിയില്‍നിന്നു വിരമിച്ചു. അലസവേളകള്‍, രാഷ്ട്രവിജ്ഞാനം, തോപ്പിലെ നിധി, ഭാവനാസൂനം, ബാലാരാമം, തിരിഞ്ഞുനോക്കുമ്പോള്‍ എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതാണ്.
Content Highlights: K. Kelappan and mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..