കെ.ഗോപാലകൃഷ്ണൻ എഡിറ്ററായിരിക്കെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവാർത്ത മാതൃഭൂമി ഒന്നാംപേജിൽ
പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍വെച്ചാണ് മാതൃഭൂമിയുടെ പത്രാധിപക്കസേരയിലേക്ക് ആദ്യമായി എനിക്ക് ക്ഷണം ലഭിക്കുന്നത്. 2000-ത്തിലെ ബജറ്റ് സമ്മേളനം നടക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കേരളത്തില്‍നിന്നുള്ള എം.പി.മാരും നേതാക്കളും ഡല്‍ഹിയിലെ മലയാളികളായ മാധ്യമപ്രവര്‍ത്തകരും ചൂടുകാപ്പിക്കൊപ്പം ചൂടാറാത്ത വാര്‍ത്തകള്‍ കൊറിച്ചിരിക്കും. അതിനിടയിലാണ്, മാതൃഭൂമിക്കാര്‍ സ്‌നേഹപൂര്‍വം എം.ഡി. എന്നുവിളിക്കുന്ന, എം.പി. വീരേന്ദ്രകുമാര്‍ അത്യാവശ്യകാര്യം പറയാനുണ്ടെന്ന് എന്റെ ശ്രദ്ധക്ഷണിച്ചത്. സ്വകാര്യതയ്ക്കുവേണ്ടി ഞങ്ങള്‍ അടുത്ത ടേബിളിലേക്ക് മാറിയിരുന്നു.
പതിവ് സ്‌നേഹാന്വേഷണങ്ങള്‍ക്കുശേഷം മാതൃഭൂമിയുടെ പത്രാധിപത്യം ഏറ്റെടുക്കണമെന്ന് അദ്ദേഹമെന്നോട് ആവശ്യപ്പെട്ടു. പരിഗണനയ്ക്ക് നന്ദിപറഞ്ഞതിനൊപ്പം തീരുമാനമെടുക്കാന്‍ ഏതാനും ദിവസത്തെ സാവധാനവും ചോദിച്ച് ഞാന്‍ പിരിഞ്ഞു. മറുപടി മാതൃഭൂമിയുടെ ഡല്‍ഹി ബ്യൂറോ ചീഫും എന്റെ സുഹൃത്തുമായ എന്‍. അശോകനെ അറിയിച്ചാല്‍മതി. പക്ഷേ, അതിനുമുമ്പ് പലവശങ്ങള്‍ ആലോചിക്കേണ്ടതുണ്ടായിരുന്നു. നീണ്ട 38 വര്‍ഷം കുടുംബത്തോടൊപ്പം കഴിഞ്ഞ ഡല്‍ഹിയെ വിട്ടുപിരിയണം. അധ്യാപികയായ ഭാര്യക്ക് ജോലി ഉപേക്ഷിക്കേണ്ടിവരും. എല്ലാത്തിലുമുപരി ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ച്, രാജ്യതലസ്ഥാനത്തെ വാര്‍ത്താശേഖരണം എന്നും ആവേശജനകമാണല്ലോ.
പുതിയ ദൗത്യം സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങിയാലുള്ള നല്ലവശങ്ങള്‍കൂടി തുലനംചെയ്തുനോക്കി. മുതലാളിമാരല്ലാത്ത, പത്രാധിപര്‍ക്ക് തൊഴില്‍പരമായ സ്വാതന്ത്ര്യം കിട്ടുന്ന അപൂര്‍വം മാധ്യമസ്ഥാപനങ്ങളില്‍ ഒന്നാണ് മാതൃഭൂമി. അതുകൊണ്ട് ജോലിയില്‍ കാര്യമായ തടസ്സങ്ങളൊന്നും നേരിടേണ്ടിവരില്ല. വ്യക്തിപരമായി മറ്റൊരു ഗുണംകൂടിയുണ്ട്. ഞാന്‍ നാട്ടിലെത്തിയാല്‍ എണ്‍പതു കഴിഞ്ഞ അമ്മയ്ക്കും അമ്മയുടെ സഹോദരിക്കും അത് വലിയൊരു ആശ്വാസമാകും. അങ്ങനെ ആ ദൗത്യമേറ്റെടുക്കാന്‍ തീരുമാനിച്ചു.
എം.ഇ. എന്നറിയപ്പെടുന്ന, മാതൃഭൂമിയുടെ മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അടുത്തതവണ ഡല്‍ഹിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. പിന്നെ എം.ഡി.യും എം.ഇ.യും ഒരുമിച്ചുള്ള ചില ചര്‍ച്ചകളും ഉണ്ടായി. അങ്ങനെ, 2000 ജൂണില്‍ ഞാന്‍ മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു.
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാട്ടില്‍ മാതൃഭൂമി വരുത്തിയിരുന്നത് ഓര്‍ക്കുന്നു. അന്‍പതുകളിലാണ്. ഏതാണ്ട് ഒന്‍പതു മണിയാകുമ്പോള്‍ പത്രം വരും. ആദ്യവായനയ്ക്കുള്ള അവകാശം വല്യമ്മാവനാണ്. അന്ന് പത്രമെന്നല്ല, കടലാസെന്നാണ് പറയുക. പ്രാതലുകഴിഞ്ഞ് അമ്മാവന്‍ വിളിച്ചുചോദിക്കും, കടലാസ് വന്നോ? അതു വായിച്ചുകഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും. ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും ബോസുമൊക്കെയായിരുന്നു ആളുകളുടെ ആരാധ്യപുരുഷന്മാര്‍. അവരുടെ മൂല്യങ്ങള്‍ ഒട്ടേറെയാളുകളെ സ്വാധീനിച്ചു. അത് പത്രത്തിലും പ്രതിഫലിച്ചിരുന്നു.
മാതൃഭൂമിയുടെ ചരിത്രത്തിന്റെ വാല്യങ്ങള്‍ എം.ഡി.യും എം.ഇ.യും ചേര്‍ന്ന് എനിക്കുതന്നു. മുന്‍ഗാമികളോട് നീതിപുലര്‍ത്തണം എന്നുമാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. ആ നയങ്ങളോട് യോജിക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കാരണം, അവ ദേശീയതയിലും പരസ്പരബഹുമാനത്തിലും മതനിരപേക്ഷതയിലും സ്വാതന്ത്ര്യത്തിലും സമത്വത്തിലും സത്യത്തിലും അധിഷ്ഠിതമായ ഏതൊരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെയും അടിസ്ഥാനമൂല്യങ്ങള്‍ തന്നെയായിരുന്നു.
പത്രത്തിന്റെ നിലപാടുകള്‍ക്ക് പൊതുജനമധ്യത്തില്‍ വലിയ സ്വീകാര്യതയുണ്ടെന്നും ഭരണപരാജയങ്ങളും അഴിമതികളും മറ്റും തുറന്നുകാണിക്കുന്ന വാര്‍ത്തകള്‍ക്ക് ഏറെ വായനക്കാരുണ്ടെന്നും അധികം വൈകാതെ ഞാന്‍ മനസ്സിലാക്കി. ആ സ്വീകാര്യതയ്ക്കുള്ള കാരണങ്ങള്‍ ചരിത്രപുസ്തകങ്ങള്‍തന്നെ പറയും. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായ പത്രമാണ് മാതൃഭൂമി. സാമ്പത്തികപരാധീനതകള്‍ ഉള്‍പ്പെടെ ഒട്ടേറെ കഷ്ടപ്പാടുകള്‍ക്കിടയിലും പത്രം നടത്തിയ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ ഗാന്ധിജിയും നെഹ്രുവുമൊക്കെ വാഴ്ത്തിയിട്ടുണ്ട്. ആദ്യ പത്രാധിപരും മാനേജിങ് ഡയറക്ടറുമൊക്കെ കൊളോണിയലിസത്തിനെതിരേ സമരം ചെയ്തിട്ടുള്ളവരാണ്.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഉദയം ചെയ്തതാണെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അവശ്യഘട്ടങ്ങളില്‍ വിമര്‍ശിക്കുന്നതിലും പത്രം പിന്നാക്കം പോയിട്ടില്ല. വര്‍ഗീയതയെയും ജാതിതാത്പര്യങ്ങളെയും സ്വാര്‍ഥരാഷ്ട്രീയതാത്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളോട് പത്രം സധൈര്യം വിയോജിച്ചിട്ടുണ്ട്. അതിന്റെപേരില്‍ ഒട്ടേറെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. കേരളത്തില്‍ ജാതിഭേദമെന്യേ ക്ഷേത്രപ്രവേശം സാധ്യമാക്കുന്നതില്‍ മാതൃഭൂമിയും അതിന്റെ വഴികാട്ടികളും വലിയ പങ്കുവഹിച്ചു. എല്ലാ പ്രത്യാഘാതങ്ങളെയും നേരിട്ടുകൊണ്ടാണ് അന്ന് അധികാരവര്‍ഗത്തിനെതിരേ നിലകൊണ്ടത്. ഒടുവില്‍ ആ പോരാട്ടം അനിവാര്യമായ വിജയത്തില്‍ത്തന്നെ കലാശിച്ചു. ക്ഷേത്രങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കുമുന്നിലും നടതുറന്നു.
പാലക്കാട്ടെ പ്ലാച്ചിമടയുടെ ഭൂഗര്‍ഭത്തില്‍നിന്ന് ഒരു ബഹുരാഷ്ട്ര കമ്പനി വെള്ളമൂറ്റുന്നതുകാരണം പ്രകൃതിയും ജനങ്ങളും ബുദ്ധിമുട്ടിലാണെന്നറിഞ്ഞപ്പോള്‍ മാതൃഭൂമി വിഷയം ഏറ്റെടുത്തു. എല്ലാവിധ സമ്മര്‍ദങ്ങളെയും അതിജീവിച്ച ആ സമരം ഫാക്ടറി അടപ്പിക്കുകയും നാട്ടിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
ഒരു പൈതൃകകേന്ദ്രം കൈമാറ്റം ചെയ്യാന്‍ കേരളസര്‍ക്കാര്‍ എടുത്ത തീരുമാനത്തെ മുന്നണിഭേദമില്ലാതെ രാഷ്ട്രീയകക്ഷികള്‍ പിന്തുണച്ചു. പക്ഷേ, സര്‍ക്കാര്‍ ഉടമസ്ഥതയില്‍നിന്ന് പ്രസ്തുത പൈതൃക സ്വത്ത് നഷ്ടമാകാന്‍ പാടില്ലെന്ന് മാതൃഭൂമി നിലപാടെടുത്തു. കഴിയുന്ന എല്ലാ രീതിയിലും ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ അതില്‍ വിജയിക്കാനായില്ല.
സ്വാഭാവികമായും വായനക്കാര്‍ പത്രത്തില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ സ്ഥാനാര്‍ഥികളും അവരുടെ അണികളും തുല്യപരിഗണന വേണമെന്ന് വാദിക്കും. നാട്ടില്‍ എവിടെയെങ്കിലും അക്രമമോ അനീതിയോ ഉണ്ടായാല്‍ പത്രം ആ വിഷയം ഏറ്റെടുക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കും.
ഒരിക്കല്‍ ഒരു പരസ്യത്തില്‍ ശരീരം മുഴുവന്‍ ലിപ്സ്റ്റിക് പാടുകളുള്ള അല്പവസ്ത്രധാരിയായ ഒരു പുരുഷന്റെ പടം അച്ചടിച്ചുവന്നു. അന്നേദിവസം ഓഫീസിലെ ടെലിഫോണുകള്‍ക്ക് വിശ്രമമുണ്ടായില്ല. വിളിച്ച ആളുകളൊക്കെ എഡിറ്റര്‍ പത്രത്തിന്റെ മൂല്യം നശിപ്പിക്കുകയാണെന്ന് ദേഷ്യപ്പെട്ടു. അതേ, മാതൃഭൂമിയിലെ പരസ്യങ്ങള്‍ക്കുപോലും നിലവാരമുണ്ടാകണമെന്ന് വായനക്കാര്‍ക്ക് നിര്‍ബന്ധമാണ്.
ജാതിതിരിച്ച് വധൂവരന്മാരെ തേടുന്ന വിവാഹപ്പരസ്യങ്ങള്‍ നല്‍കിയതിനും ആളുകള്‍ ക്ഷുഭിതരായിട്ടുണ്ട്. എന്തിന് മാതൃഭൂമി ഇത് ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുക. കാരണം, വായനക്കാര്‍ക്ക് മാതൃഭൂമി അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
എല്ലാ പത്രങ്ങള്‍ക്കും അവരുടേതായ വിശുദ്ധപശുവുണ്ടാകും. മാതൃഭൂമിക്ക് അത് മൂല്യങ്ങളാണ്. കാലത്തിനനുസരിച്ച് ചില വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അടിസ്ഥാനമൂല്യത്തില്‍ ഊന്നിയുള്ള അത്തരം മാറ്റങ്ങള്‍ പ്രതിച്ഛായയിലും വിശ്വാസ്യതയിലും പ്രശസ്തിയിലും സ്വാധീനം ചെലുത്തിയിട്ടുമുണ്ടാകും. കാവല്‍ക്കാരന്‍ എന്നതിലുപരി മാതൃഭൂമി ധാര്‍മികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുമെന്നും തിന്മകള്‍ക്കെതിരേ പോരാടുമെന്നും വായനക്കാര്‍ വിശ്വസിക്കുന്നു. അങ്ങനെയൊരു പത്രം ശതാബ്ദിനിറവില്‍ എത്തിയിരിക്കുന്നു എന്നതില്‍ തെല്ലും അതിശയോക്തിയില്ല. എങ്കിലും വളരെക്കുറച്ച് പത്രങ്ങള്‍ക്കു മാത്രമേ വായനക്കാര്‍ അങ്ങനെയൊരു അംഗീകാരം നല്‍കിയിട്ടുള്ളൂ.
Content Highlights: k gopalakrishnan former mathrubhumi editor writes about mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..