കേരളത്തിന്റെ ആരോഗ്യം


2 min read
Read later
Print
Share

ആരോഗ്യരംഗത്തെ നേട്ടങ്ങളാണ്‌ കേരള മോഡൽ വികസനത്തിന്റെ ആണിക്കല്ല്‌. ആറു പതിറ്റാണ്ടിനിടെ കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളും നേരിട്ട തിരിച്ചടികളും എന്തൊക്കെ?

Representative images

സംസ്ഥാനരൂപവത്‌കരണത്തിനുശേഷം കേരളം ഒരുപക്ഷേ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ്. ആരോഗ്യസൂചികകളുടെ കാര്യത്തിൽ കേരളം ഇപ്പോഴും ഒന്നാംസ്ഥാനം നിലനിർത്തുന്നതായി കാണുന്നു. മാത്രമല്ല, കേരളത്തിനോട് അടുത്തെങ്കിലുമെത്തിയ സംസ്ഥാനങ്ങൾ വേറെയില്ലെന്നുതന്നെ പറയാം. വികസിതരാജ്യങ്ങളിലേതുപോലെ,കേരളത്തിലെ ചുരുങ്ങിയ ജനസംഖ്യാവളർച്ചയും ഇതിനോടൊപ്പം വായിക്കണം. ഇവ രണ്ടുംചേർന്ന് വികസനസൂചികകളിൽ വരുത്തിയ സവിശേഷമായ മാറ്റം ‘കേരളമാതൃക’ എന്ന്‌ പേരിട്ടുവിളിക്കത്തക്കവിധം അക്കാദമിക-നയരൂപവത്കരണവൃത്തങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.

ഗ്രാമങ്ങളുടെ മുന്നേറ്റം

1957 മുതൽ 1975 വരെയുള്ള കാലത്ത് കേരളത്തിലെ സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങളിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ചെറിയതോതിലെങ്കിലും വൈദ്യസഹായമുറപ്പാക്കുന്ന സംവിധാനമുണ്ടായി. ആധുനികവൈദ്യം, ആയുർവേദം, ഹോമിയോപ്പതി എന്നിങ്ങനെ എല്ലാ സരണികളിലും ഈ വളർച്ചയുടെ പ്രതിഫലനങ്ങളുണ്ടായി. ഈ കുതിപ്പിനുശേഷം ഏകദേശം ഇരുപതുകൊല്ലത്തോളം (2000 വരെ) പൊതുമേഖല കിതച്ചുകൊണ്ടിരുന്നു എന്നുവേണം പറയാൻ. ജനസംഖ്യാവർധനയ്ക്കനുസരിച്ച് സൗകര്യങ്ങൾ കൂട്ടാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല. സർക്കാർ ധനശേഷിയുടെ അപര്യാപ്തത ഇതിൽ പ്രധാന പങ്കുവഹിച്ചു. ഈ സമയം സ്വകാര്യമേഖല അതിവേഗം വളരുകയും തൊണ്ണൂറുകളോടെ ആധുനിക സൗകര്യങ്ങളുടെ ലഭ്യതയിൽ പൊതുമേഖലയെ കവച്ചുവെക്കുകയും ചെയ്തു. സ്വകാര്യമേഖലയിൽ വൈദ്യവിദ്യാഭ്യാസത്തിനുള്ള അനുമതികൂടി ഉണ്ടായതോടെ സ്വകാര്യവൈദ്യസേവന സ്ഥാപനങ്ങൾ കേരളത്തിൽ പ്രാമുഖ്യം നേടി.
ഗുണപരമായ മാറ്റങ്ങൾ

ഇതോടൊപ്പം ജനതയുടെ ആരോഗ്യനിലവാരത്തിൽ ഗുണപരമായ പല മാറ്റങ്ങളും വന്നു. ദീർഘസ്ഥായീരോഗങ്ങൾ-പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ പകരാവ്യാധികൾ-പ്രധാന വ്യാധികളും മരണകാരണങ്ങളുമായി. ജീവിതശൈലിയുടെ നഗരവത്കരണം ഇതിലൊരു പ്രധാന പങ്കുവഹിച്ചു. ഇവയുടെ ചികിത്സ ചെലവേറിയതും പലപ്പോഴും ഫലപ്രാപ്തിയിലെത്താത്തതുമാണ്. സ്വകാര്യസ്ഥാപനങ്ങൾക്ക് തഴച്ചുവളരാൻ ഇതും ഒരു കാരണമായി. അതോടൊപ്പം സാധാരണജനങ്ങൾക്ക് ആതുരസേവനം സാമ്പത്തികമായി അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു. പല പഠനങ്ങളും സൂചിപ്പിക്കുന്നതുപോലെ കുടുംബങ്ങൾ കടക്കെണിയിൽ വീഴാനുള്ള കാരണമായി ചികിത്സച്ചെലവ് മാറിക്കഴിഞ്ഞു.

സാധാരണക്കാരുടെ ചികിത്സ കഴിഞ്ഞ 15 വർഷത്തിനിടെ ആരോഗ്യമേഖലയിൽ വന്ന പ്രധാന മാറ്റം ഇൻഷുറൻസിന്റെ വളർച്ചയാണ്. സർക്കാർ സഹായത്തോടെയുള്ള ഇൻഷുറൻസ് ദരിദ്രകുടുംബങ്ങൾക്ക് എല്ലാ വൈദ്യസേവനങ്ങളും പ്രാപ്യമാക്കി എന്ന് അവകാശപ്പെടുമ്പോഴും ഇത് സർക്കാരിനു സേവനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഉപായവുമായില്ലേ എന്ന്‌ സംശയിക്കുന്നവരുണ്ട്. കേന്ദ്രപദ്ധതിയായ ദേശീയ ആരോഗ്യമിഷന്റെ സാമ്പത്തികസ്രോതസ്സാണ് പൊതുമേഖലയെ ഇക്കാലത്ത് കുറേയൊക്കെ പിടിച്ചുനിർത്തിയത്. കൂടുതൽ സേവനങ്ങൾ കൊടുക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് ഉപയോഗപ്പെട്ടു.
ഇങ്ങനെയുള്ള വിഭവങ്ങൾ കൃത്യമായി ഉപയോഗിച്ച് പ്രാഥമിക ആരോഗ്യമേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ മുൻകൈയെടുത്തത് ശ്ലാഘനീയമാണ്. അതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നു ഭിന്നമായി പഞ്ചായത്തുകൾക്ക് ആരോഗ്യമേഖലയിൽ കൊടുത്തിട്ടുള്ള അധികാരങ്ങളും പ്രാഥമിക ആരോഗ്യസേവനത്തിന് പ്രാമുഖ്യം കൊടുക്കാൻ കേരളത്തെ സഹായിച്ചു. പാലിയേറ്റീവ് കെയറും ‘ബഡ്‌സ് സ്കൂളുകൾ’പോലുള്ള ആരോഗ്യവിഭാഗവും സാമൂഹികനീതിവകുപ്പും മറ്റു വകുപ്പുകളും ഒത്തുചേർന്നുള്ള സംരംഭങ്ങൾ സുഗമമാക്കിയത് പഞ്ചായത്തുകൾക്കുള്ള അധികാരങ്ങളാണ്. അതുകൊണ്ടുതന്നെ അധികാര വികേന്ദ്രീകരണത്തെ കേരളത്തിലെ ആരോഗ്യമേഖലയിലെ വിജയിച്ച പരീക്ഷണമായി കാണണം. പൊതു ആരോഗ്യമേഖലയിൽ അടുത്തകാലത്തുണ്ടായ ഉണർവിന് ഇതൊരു പ്രധാനകാരണമാണ്.
മെച്ചപ്പെടാനുണ്ട്‌, ഏറെ കേരളത്തിന്റെ ആരോഗ്യരംഗം ഇനിയും മെച്ചപ്പെടാനുണ്ട്. തീർച്ചയായും കൂടുതൽ സൗകര്യങ്ങളും സുഗമമായ പ്രാപ്തിയും ജനങ്ങളർഹിക്കുന്നു. പലരും അവർക്കാവശ്യമുള്ള സേവനങ്ങൾ കിട്ടാൻ ഇന്നും ബുദ്ധിമുട്ടുന്നു എന്നത് മറച്ചുവെക്കാനാകില്ല. ജനസംഖ്യയുടെ പ്രായവർധനയനുസരിച്ച് ദീർഘസ്ഥായീരോഗങ്ങളും മറവിരോഗം, അപകടങ്ങൾ എന്നിവയും വർധിക്കാനാണ് സാധ്യത. ജീവിതസായാഹ്നത്തിലുള്ള കരുതലും സേവനങ്ങളും എല്ലാവരും അർഹിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ലഭ്യമാകുന്നില്ല എന്നത് നമുക്കു മനസ്സിലാകും. വ്യവസായവത്കൃതസമൂഹങ്ങളിൽ കാണുന്നപോലെ ഈ വിടവ് നികത്തേണ്ടത് സ്റ്റേറ്റ് ആണ്. നിർഭാഗ്യവശാൽ ആ നിലയിലേക്കുയരാൻ പലപ്പോഴും സർക്കാരുകൾക്ക് കഴിയുന്നില്ല. ചികിത്സയിലുള്ള അമിത ഊന്നൽ രോഗപ്രതിരോധത്തെ ചിലപ്പോഴെങ്കിലും അപ്രധാനമാക്കുന്നു. ഇതും തെറ്റായ പ്രവണതയാണ്. അതിലുപരി, ആരോഗ്യ അസമത്വങ്ങളുടെ അസുഖകരമായ വാർത്തകൾ അട്ടപ്പാടിയിൽനിന്നും ഗോത്രമേഖലകളിൽനിന്നും തീരമേഖലയിൽനിന്നും ഇടയ്ക്കിടെ നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നു. തീർച്ചയായും ശ്രദ്ധാപൂർവമായ നയങ്ങൾകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ തന്നെയാണവ. പക്ഷേ, രാഷ്ട്രീയ ഇച്ഛാശക്തി വേണമെന്നുമാത്രം.

Content Highlights: Health sector kerala

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


Manakkalath House

1 min

മച്ചാടിന്റെ മനയ്ക്കലാത്ത്, മാതൃഭൂമിയുടെയും

Jul 3, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


Most Commented