ഇ.എം.എസ്. നമ്പൂതിരിപ്പാട് | ഫോട്ടോ: മാതൃഭൂമി
സംസ്ഥാന-ദേശീയ രാഷ്ട്രീയപ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്രനേതൃത്വത്തിനു കത്തയക്കുന്ന പതിവ് അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇ.എം.എസിനുണ്ടായിരുന്നു. നേതാക്കള്‍ കത്തിന് മറുപടിയുംനല്‍കി. എന്നാല്‍, ഇ.എം.എസിന്റെ കത്തിലെ വരികള്‍ക്കിടയിലെ ആപത്ത് മനസ്സിലാക്കാതെ നല്‍കിയ ചില മറുപടികള്‍ ഇ.എം.എസിന്റെ രാഷ്ട്രീയജീവിതത്തിലെ മികച്ച ആയുധമായി മാറി.
1938-ല്‍ അഡ്വ. പി. അച്യുതന്‍ മരിച്ച ഒഴിവിലേക്ക് കോഴിക്കോട്ട് തിരഞ്ഞെടുപ്പ് വന്നു. അന്ന് ഇടതുപക്ഷ നേതാക്കള്‍ക്ക് സ്വാധീനമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഇ.എം.എസിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഇ.എം.എസിനു സീറ്റ് നിഷേധിച്ചു.
ഇതിനെ ചോദ്യം ചെയ്ത് ഇ.എം.എസ്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനു കത്തയച്ചു. കെ.പി.സി.സി. തീരുമാനത്തിനു വിപരീതമായി സീറ്റ് നിഷേധിച്ചത് തന്റെ ജാതിമൂലമാണെന്ന് ജനസംസാരമുണ്ടെന്നും വ്യക്തത വരുത്തണമെന്നുമായിരുന്നു ആവശ്യം. ഇ.എം.എസിനു കാര്യങ്ങള്‍ വിശദീകരിച്ചു പട്ടേല്‍ കത്തുനല്‍കുകയും ഇതിന്റെ പരിഭാഷ 'മാതൃഭൂമി' പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനൊപ്പം ഇ.എം.എസിന്റെ ചെറുകുറിപ്പും നല്‍കി 'പ്രിയപ്പെട്ട നമ്പൂതിരിപ്പാട്...' എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിലെ കാരണങ്ങളും പട്ടേല്‍ വ്യക്തമാക്കി.
കെ.പി.സി.സി. സ്ഥാനാര്‍ഥി പട്ടികയില്‍ രണ്ടാംപേരുകാരനായി നിശ്ചയിച്ചിരുന്ന ഡോ. ചന്തു തീയ്യവിഭാഗക്കാരനായതിനാലും ആ വിഭാഗക്കാര്‍ക്ക് നിയോജകമണ്ഡലത്തില്‍ ഭൂരിപക്ഷമുള്ളതിനാലുമാണ് ഇ.എം.എസിനു സീറ്റ് നിഷേധിക്കേണ്ടി വന്നതെന്നുമായിരുന്നു കത്തിന്റെ ചുരുക്കം.
വര്‍ഗീയതയ്‌ക്കെതിരേ പോരാടേണ്ട കോണ്‍ഗ്രസ് തിരഞ്ഞെടുപ്പെത്തിയപ്പോള്‍ ജാതിക്ക് പരിഗണന നല്‍കിയതെന്ന് വിശദമാക്കുന്ന കത്ത് ഇ.എം.എസ്. പിന്നീട് രാഷ്ട്രീയ ആയുധമാക്കി.
1945 നവംബര്‍ 20-ന് കേളപ്പന്‍ മാതൃഭൂമിയിലെഴുതിയ 'കമ്യൂണിസ്റ്റ് കക്ഷിയും തിരഞ്ഞെടുപ്പും' എന്ന ലേഖനത്തിനു മറുപടിയായി ഡിസംബര്‍ എട്ടിന് 'ആക്ഷേപങ്ങളും മറുപടിയും' എന്ന കോളത്തില്‍ ഇ.എം.എസ്. എഴുതി.
കോണ്‍ഗ്രസ് മദ്യനിരോധനം നടപ്പാക്കുമെന്ന് വിശദീകരിക്കുന്ന കേളപ്പന്റെ ലേഖനം മദ്യപാനത്തെ കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നുണ്ടോയെന്നും കള്ളുഷാപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമോയെന്നും ചോദിച്ചാണ് അവസാനിപ്പിക്കുന്നത്. മദ്യനിരോധനത്തെ കമ്യൂണിസ്റ്റുകാര്‍ അനുകൂലിക്കുന്നെന്നും എന്നാല്‍, തൊഴില്‍ നഷ്ടപ്പെടുന്ന ചെത്തുതൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കേണ്ടുന്ന ബാധ്യത മദ്യം നിരോധിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കുണ്ടെന്നും ഇ.എം.എസ്. മറുപടി നല്‍കി. കൂടാതെ, മദ്യപാനം മാത്രമാണോ കേരളം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും ജന്മിത്വം, നാട്ടുരാജ്യങ്ങള്‍, കേരളത്തിന്റെ ഐക്യം എന്നിവയില്‍ കേളപ്പന്റെ നിലപാട് എന്താണെന്നും ഇ.എം.എസ്. ചോദിക്കുന്നു.
ഇ.എം.എസിന്റെ കത്തുകളോടും വ്യാഖ്യാനങ്ങളോടും പിടിച്ചുനില്‍ക്കാനാകാതെ വലഞ്ഞ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൃപലാനി അരിശം തീര്‍ത്തത് കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോടായിരുന്നു. കെ.പി.സി.സി. പ്രസിഡന്റിന് കൃപലാനി അയക്കുന്ന കത്തിനെല്ലാം മറുപടി നല്‍കിയിരുന്നത് ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസായിരുന്നു. പ്രസിഡന്റ് തന്നെ മറുപടി നല്‍കണമെന്നറിയിച്ചിട്ടും കത്തെഴുതിയിരുന്നത് സെക്രട്ടറിയായിരുന്നു. 'എന്നാല്‍പ്പിന്നെ കത്തിന്റെയവസാനം താങ്കളുടെ ഒപ്പെങ്കിലും ഇട്ടൂടെയെന്ന്' ചോദിച്ചാണ് അബ്ദുറഹിമാന്‍ സാഹിബിനോട് കൃപലാനി അരിശം തീര്‍ത്തത്.
Content Highlights: ems namboothiripad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..