ഗായത്രി, മയൂര, ദേവിക എന്നിവർ മുത്തച്ഛനൊപ്പം
'താത്ത' എന്നെഴുതുമ്പോഴേക്കും കണ്ണുനിറഞ്ഞ് അക്ഷരങ്ങള്‍ മങ്ങിമങ്ങി ഇല്ലാതാവുന്നു. ഞാനും ദേവികയുമൊക്കെ എം.പി. വീരേന്ദ്രകുമാര്‍ എന്ന മുത്തച്ഛനെ 'താത്ത' എന്നാണ് വിളിക്കാറ്. താത്ത എന്നെ 'മയു' എന്നുവിളിക്കും. ദേവികയെ 'ദേവി' എന്നും. ആ വിളിയില്‍ വാത്സല്യത്തിന്റെ ഒരു മഹാനദിതന്നെ ഒഴുകിയെത്തും. പൊതുലോകം വീരേന്ദ്രകുമാറെന്നും മാതൃഭൂമിക്കാര്‍ എം.ഡി.യെന്നും സുഹൃത്തുക്കള്‍ വീരന്‍ എന്നും വിളിക്കുന്ന താത്ത എന്താണ് ഞങ്ങള്‍ക്ക് നല്‍കിയത്? കഥകള്‍ എന്നു ഞാന്‍ പറയും.
രാഷ്ട്രീയനേതാവ്, സാമൂഹികചിന്തകന്‍, മനുഷ്യസ്‌നേഹി, മാതൃഭൂമിയുടെ എം.ഡി., പരിസ്ഥിതിയുടെ കാവല്‍ക്കാരന്‍, വാഗ്മി, തത്ത്വചിന്തകന്‍ എന്നിങ്ങനെ അനേകം പ്രവാഹങ്ങള്‍ ചേര്‍ന്ന മഹാനദിയാണ് താത്ത. ആ പ്രവാഹത്തില്‍ ഞാന്‍ പ്രാര്‍ഥനയോടെ മുങ്ങിനിവര്‍ന്നു. അതിന്റെ നനവും കുളിരും ഇപ്പോഴുമുണ്ട്. എന്റെ ജീവിതയാത്രയിലെ ആന്തരവെളിച്ചം താത്തയാണ്.
കഥപയുന്ന താത്തയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. മണിക്കൂറുകളോളം കഥപറഞ്ഞുകൊണ്ടിരിക്കും. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ മാസങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് താത്തയെ കിട്ടുക. കഥകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ സ്‌കൂള്‍ ക്ലാസുകള്‍ മുടക്കും!
താത്ത പറഞ്ഞുകൊണ്ടിരുന്നത് ജീവിതത്തില്‍നിന്നെടുത്ത കഥകളായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ വനങ്ങളുടെ നിബിഡതയിലൂടെ സ്‌കൂളിലേക്കുപോകുന്ന കാലം അവതരിപ്പിക്കും. ആനച്ചൂരുള്ള വഴികള്‍, കാട്ടില്‍നിന്നുള്ള മുരള്‍ച്ചകള്‍, കരടിയും പുള്ളിപ്പുലിയും കടന്നുവരുന്ന രംഗങ്ങള്‍... താത്ത താളത്തില്‍ പറഞ്ഞുകൊണ്ടിരിക്കും. പുള്ളിപ്പുലി എന്തെങ്കിലും ചെയ്യുമോ? പരിഭ്രാന്തിയോടെ ഞാന്‍ ചോദിക്കും. അപ്പോള്‍ താത്ത പ്രപഞ്ചത്തിലെ കാടിനെപ്പറ്റി പറയും. അതിലെ ജീവജാലങ്ങളെപ്പറ്റി ഓര്‍മിപ്പിക്കും. ഭൂമിയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നു സ്ഥാപിക്കും. ഞങ്ങള്‍ വളരുന്നതിനനുസരിച്ച് കഥകള്‍ മാറിക്കൊണ്ടിരുന്നു.
ന്യൂയോര്‍ക്കില്‍ ഒരു ഉദ്യാനത്തില്‍ താത്ത ഇരിക്കുമ്പോള്‍ ദുഃഖിതയായി ഒരു സ്ത്രീ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നതുകണ്ടു. സ്വന്തം കുട്ടികള്‍ വൃദ്ധയായ മാതാവിനെ ഉപേക്ഷിച്ചുപോയ അനുഭവം അവര്‍ പങ്കുവെച്ചു. പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്നതിലൂടെ മാതൃത്വത്തിന്റെ മറ്റൊരു ലോകം അവര്‍ സ്വയം സൃഷ്ടിക്കുകയാണെന്ന് താത്ത വിവരിച്ചു. നിങ്ങള്‍ അങ്ങനെയാവരുതെന്ന് മാത്രം പറഞ്ഞില്ല. പക്ഷേ, അതു ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞുകിടന്നു.
മുതിര്‍ന്നപ്പോള്‍ താത്തയുടെ കഥകള്‍ക്ക് കൂടുതല്‍ അര്‍ഥതലങ്ങളുണ്ടായിരുന്നു. കഥകളില്‍ കൂടുതല്‍ ആത്മാംശം കൈവന്നു. സ്‌നേഹത്തെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും ജയിലില്‍ കിടന്നതിന്റെ അനുഭവങ്ങളെക്കുറിച്ചും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നകാലത്ത് എങ്ങനെ കുട്ടികളെ വളര്‍ത്തിയെന്നും വിവരിക്കും. പരാജയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീണ്ടും ഒരോര്‍മകൂടി. ഞാനന്ന് അഞ്ചിലോ മറ്റോ പഠിക്കുന്നു. പഠനത്തില്‍ വളരെ പിന്നാക്കംപോയി. അടുക്കളയില്‍വെച്ച് അമ്മ പൊട്ടിത്തെറിക്കുകയാണ്. അതുകേട്ടാണ് താത്ത വരുന്നത്. ''എന്താണ് പ്രശ്‌നം?''-താത്ത ചോദിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയ കാര്യം ദുഃഖത്തോടെ അമ്മ അവതരിപ്പിച്ചു. ഏറ്റവും പിന്നില്‍ നില്‍ക്കുന്ന കുട്ടികളില്‍ രണ്ടാമതാണ് ഞാനെന്ന് പറഞ്ഞപ്പോള്‍ താത്ത പറഞ്ഞു: ''കവിതേ നോക്കൂ, അവള്‍ ഏറ്റവും പിന്നിലുള്ള കുട്ടിയുടെ മുകളിലാണ്.'' താത്ത ഒന്നിലും ദോഷം കാണുകയില്ല. വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ, അതിനെക്കാള്‍ പ്രധാനമാണ് ജീവിതം. ഈ വിധത്തില്‍ കൂരിരുട്ടില്‍ കാണുന്ന പ്രകാശത്തെ താത്ത ആശ്ലേഷിച്ചു. പുതിയ ആശയം കൊണ്ടുവരുന്നയാള്‍ ആരാണെന്നു നോക്കാറില്ല. താത്ത അഭിപ്രായങ്ങളെ ആദരിക്കും.
പ്രകൃതിയെ എങ്ങനെയാണ് ജീവിതത്തിന്റെ ഭാഗമാക്കുക? അതിന്റെ ഉത്തരം താത്ത വിശദീകരിക്കുന്നതുപോലെ അനുതാപത്തെയും വിശദമാക്കി. അതിനുവേണ്ടി ബുക്കുകള്‍ തരും. ഖലീല്‍ ജിബ്രാന്റെ കവിതകള്‍ വായിക്കാന്‍ തരും. ജീവിതം എത്രമാത്രം പ്രകാശമാനമാണെന്ന് ഓര്‍മിപ്പിക്കും. വയനാട്ടിലെ ലൈബ്രറിയായിരുന്നു താത്തയുടെ വലിയ ലോകം. രണ്ടുനിലകളിലായി ആയിരക്കണക്കിന് പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ ചിന്തയെ പ്രക്ഷേപിപ്പിക്കും. അത് ആത്മീയമായ ശക്തി നല്‍കും.
മാനസികമായ ശക്തിയാണ് മനുഷ്യനു വേണ്ടതെന്ന് അദ്ദേഹം എപ്പോഴും പറയും. അഞ്ചുവര്‍ഷംമുമ്പ് ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്നപ്പോള്‍ എന്റെ പ്രചോദനകേന്ദ്രം താത്തയായിരുന്നു. എന്റെ ജീവിതത്തിലെ നവീകരണത്തില്‍ എല്ലാ സ്‌നാനഘട്ടങ്ങളും താത്തയാണ്. ഞാന്‍ എന്നും അതില്‍ മുങ്ങിനിവരുന്നു.
Content Highlights: mathrubhumi 100 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..