പ്രതീകാത്മക ചിത്രം/മാതൃഭൂമി
രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനമേഖലയ്ക്ക് കേരളത്തിന്റെ സംഭാവന കുറവാണെന്ന ബോധ്യം സംസ്ഥാനത്തിനകത്തുതന്നെ പ്രബലമാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുമുണ്ട്. കേരളത്തിലെ വ്യാവസായിക മുരടിപ്പിന്റെ ചരിത്രപശ്ചാത്തലം അത്തരം സംസാരങ്ങളിലുംസംവാദങ്ങളിലും വിസ്മരിക്കപ്പെടുന്നു. ഇന്ത്യയില്‍ ആദ്യകാല വ്യവസായങ്ങള്‍ വേരോടിയ ഭൂമികയില്‍ ഒന്നാണ് മലബാര്‍. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ബാസല്‍ മിഷന്‍ ഇവിടെ പുതിയ സംരംഭങ്ങള്‍ തുറന്ന് ആധുനിക ഉത്പാദനരീതികള്‍ പരിചയപ്പെടുത്തി. 1834 മുതല്‍ നെയ്ത്തുവിദ്യയും കരകൗശലവ്യവസായവും നിലനിന്നിരുന്നു. പിന്നീട് ക്ലോക്ക് നിര്‍മാണം, ബുക്ക് ബൈന്‍ഡിങ്, ആധുനിക നെയ്ത്തുശാലകള്‍, ഓടുനിര്‍മാണകേന്ദ്രങ്ങള്‍ എന്നിവ വന്നു.
നേട്ടം നിലനിര്‍ത്താനാകാതെ
രണ്ടാംലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വിസ്/ജര്‍മന്‍ വ്യവസായമാതൃകകളോട് ബ്രിട്ടീഷുകാര്‍ക്കുണ്ടായ വിയോജിപ്പ് മലബാറിനും തിരിച്ചടിയായി. അതോടെ ആദ്യഘട്ടത്തിലുണ്ടായ പുരോഗതി തുടരാനായില്ല.
മുതലാളിമാരും തൊഴിലാളികളും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് അതിന് പ്രധാന കാരണം. വേതനം സംബന്ധിച്ചും മറ്റുമുണ്ടായ തര്‍ക്കങ്ങള്‍ താഴെതട്ടില്‍ പരിഹരിക്കപ്പെട്ടില്ല. ഇന്നുള്ള ചില പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ വ്യവസായവത്കരണത്തിന്റെ ഈ ചരിത്രാധ്യായങ്ങള്‍കൂടി മറിച്ചുനോക്കുന്നത് നന്നാവും.
സ്വാതന്ത്ര്യാനന്തരം കേരളത്തിനുണ്ടായിരുന്ന വ്യവസായങ്ങള്‍ പരമ്പരാഗത കയര്‍നിര്‍മാണവും കശുവണ്ടിയും മത്സ്യബന്ധനമേഖലയിലെ ഭക്ഷ്യസംസ്‌കരണവും മാത്രമാണ്. അക്കാലത്ത് ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളോട് മത്സരക്ഷമത പുലര്‍ത്താന്‍ കേരളത്തിലെ വ്യവസായങ്ങള്‍ക്ക് സാധിച്ചില്ല.
പ്രചോദനമാകാതെ പരിഷ്‌കാരങ്ങള്‍
ഭൂപരിഷ്‌കരണം, കുറഞ്ഞ വേതനവ്യവസ്ഥ, ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം, വ്യാപാരമേഖലയുടെ വികാസം എന്നിവയിലൂടെ വരുമാനത്തിന്റെ പുനര്‍വിതരണത്തില്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കാന്‍ കേരളത്തിനായി. എന്നാല്‍, അവയൊന്നും കേരളത്തിലെ വ്യാവസായികമേഖലയ്ക്ക് പ്രചോദനമായില്ല. മറിച്ച് കൂടിയ കൂലിയും ഉത്പാദനച്ചെലവുമാണ് കേരളത്തില്‍ പ്രതിഫലിച്ചത്. സാമൂഹികവികാസത്തിനൊപ്പം സാങ്കേതികവിദ്യയിലും അടിസ്ഥാനസൗകര്യവികസനത്തിലും ഒരുപോലെ മുന്നോട്ടുപോയിരുന്നെങ്കില്‍ വെല്ലുവിളികളെ അതിജീവിക്കാനായേനേ.
സമീപഭൂതകാലംവരെ കേരളത്തില്‍ ജലഗതാഗതം സജീവമായിരുന്നു. കാര്യമായ വ്യവസായശാലകള്‍ ഇല്ലെങ്കില്‍ക്കൂടി ഗതാഗതസൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് മലബാറിന് കൊങ്കണ്‍, ഗുജറാത്ത്, ബംഗാള്‍ തീരങ്ങളെപ്പോലെ വാണിജ്യകേന്ദ്രമാകാനുള്ള സാധ്യതയും പ്രയോജനപ്പെടുത്താനായില്ല. അതിവേഗ ഗതാഗതത്വെത്തെക്കുറിച്ചും അടിസ്ഥാനസൗകര്യവികസനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്. അത്തരം ചര്‍ച്ചകളില്‍ വിട്ടുപോകരുതാത്ത പ്രധാനസംഗതി, കേരളം പശ്ചിമഘട്ടത്തിന്റെ ചരിഞ്ഞ പ്രതലത്തിലാണെന്നും കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീഷണികള്‍ നമ്മുടെ തലയ്ക്കുമുകളില്‍ ഉണ്ടെന്നുമുള്ള വസ്തുതയാണ്.
Content Highlights: dr pk michel tharakan writes about industries in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..