മുറിഞ്ഞും മുന്നേറിയും കുടുംബം


ഡോ. പി.ടി. ശശി

2 min read
Read later
Print
Share

ഇന്ന് കുടുംബങ്ങള്‍ വൈരുധ്യത്തിലൂടെയാണ് മുന്നേറുന്നത്. ആധുനിക ജീവിതത്തിന്റെ സമ്മര്‍ദം താങ്ങാന്‍ പല കുടുംബങ്ങള്‍ക്കും കഴിയാതായിരിക്കുന്നു. എല്ലാരംഗത്തും മത്സരം കടുത്തിരിക്കുന്നു

പ്രതീകാത്മക ചിത്രം

ശകങ്ങളായി ദ്രുതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹികസ്ഥാപനമാണ് കുടുംബം. ഘടനയിലും പ്രവര്‍ത്തനശൈലിയിലുമാണ് കൂടുതല്‍ മാറ്റമുണ്ടാകുന്നത്. ഈ മാറ്റങ്ങള്‍ കുടുംബബന്ധങ്ങളെയും സമൂഹത്തെയും കൂടുതല്‍ ശാക്തീകരിക്കുകയാണോ ദുര്‍ബലപ്പെടുത്തുകയാണോ ചെയ്യുന്നത്എന്നു വിലയിരുത്തുക പ്രയാസമാണ് -സമ്മിശ്രവാദഗതിക്കാണ് മുന്‍തൂക്കം.

സാമ്പ്രദായികമായി നാം തുടര്‍ന്നുപോന്നിരുന്നത് ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ, നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സ്ത്രീകള്‍ക്ക് പൊതുവേ നാമമാത്രമായ പങ്കുമാത്രമുള്ള കൂട്ടുകുടുംബ വ്യവസ്ഥിതിയായിുന്നു. ശാസ്ത്ര-സാങ്കേതിക രംഗം കൈവരിച്ച നേട്ടങ്ങളും തുടര്‍ന്നുണ്ടായ വ്യാവസായിക വളര്‍ച്ചയുമാണ് കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് നാന്ദികുറിച്ചത്. നഗരങ്ങളിലേക്കുള്ള കുടിേയേറ്റം കൂടിയതോടെ അണുകുടുംബങ്ങള്‍ രൂപപ്പെട്ടു. നഗരങ്ങളിലെ തൊഴില്‍ലഭ്യതക്കുറവും ജീവിതച്ചെലവും സമ്പാദിക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയും ജനങ്ങളെ അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും തൊഴില്‍തേടിപ്പോകാന്‍ പ്രേരിപ്പിച്ചു. ഇന്ന് കുടിയേറ്റം അതിന്റെ ഉച്ചസ്ഥായിയിലാണ്. പാശ്ചാത്യജീവിതശൈലിയോട് ധാരാളംപേര്‍ ആകര്‍ഷിക്കപ്പെടുന്നു. മെച്ചപ്പെട്ട സമ്പാദ്യം പ്രധാനലക്ഷ്യമായിമാറി. മെച്ചപ്പെട്ട വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും ഐ.ടി., ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ തുടങ്ങിയ രംഗത്ത് ഉപരിപഠനം നടത്തിയവര്‍ക്കുപോലും സ്വന്തം സംസ്ഥാനത്ത് ജോലിയും വേതനവും കിട്ടുന്നില്ല.

മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പറയാം. പക്ഷേ, അത് സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബങ്ങളിലാകുമ്പോള്‍ വിവിധപ്രായത്തിലുള്ള ജനവിഭാഗത്തെ, പ്രത്യേകിച്ചും വൃദ്ധരായവരുടെയും കുട്ടികളുടെയും ജീവിതനിലവാരത്തെയും മാനസികാരോഗ്യത്തെയും കാര്യമായി സ്വാധീനിക്കാറുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റത്തിനിടെ വീട്ടിലെ അധികാരകേന്ദ്രം മുതിര്‍ന്നവരാണെന്നതുമാറി ഭര്‍ത്താവിന് ആധിപത്യമുള്ള കുടുംബമായിമാറി. സ്ത്രീകള്‍ വിദ്യാഭ്യാസവും വരുമാനവും കൈവരിച്ചതോടെ ലിംഗസമത്വമുള്ള കുടുംബങ്ങളും വളര്‍ന്നുവന്നു. പല കുടുംബങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം കിട്ടിത്തുടങ്ങി. പലപ്പോഴും മാതാപിതാക്കളുടെ തീരുമാനങ്ങളെ എതിര്‍ക്കാനും ചോദ്യംചെയ്യാനും കുട്ടികള്‍ക്ക് ധൈര്യംവന്നു. കുട്ടികളെ പരിധിവിട്ട് ശിക്ഷിച്ചാല്‍ നിയമംമുഖേന തടുക്കാന്‍ പ്രേരകമായതും ഈ മാറ്റങ്ങളാണ്. കുടുംബവ്യവസ്ഥയിലുണ്ടായ മാറ്റം ഗുണപരമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി. അത് വ്യക്തികളുടെ സമഗ്രവളര്‍ച്ചയ്ക്കും വ്യക്തിവികസനത്തിനും വഴിയൊരുക്കി. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള സ്‌നേഹബന്ധങ്ങളും ആശയവിനിമയവും ഊഷ്മളമായി.

ഇന്ന് കുടുംബങ്ങള്‍ വൈരുധ്യത്തിലൂടെയാണ് മുന്നേറുന്നത്. വലിയ വീടുകള്‍, വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, ആഭരണം, ആഘോഷങ്ങള്‍, വിലയേറിയ ടി.വി., കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവ വ്യക്തികളുടെ സമൂഹത്തിലെ സ്ഥാനമാനങ്ങളെ നിര്‍ണയിക്കുന്ന അളവുകോലായി. കുട്ടികള്‍ക്ക് നല്ല ആഹാരവും വിലപിടിച്ച വസ്തുക്കളും മുന്തിയ വിദ്യഭ്യാസസൗകര്യവും നല്‍കുക എന്നതിനപ്പുറം ജീവിതനൈപുണി വളര്‍ത്താനോ സാമൂഹികപരിജ്ഞാനം നല്‍കാനോ ധാര്‍മികതയെയും മൂല്യങ്ങളെയും കുറിച്ചുള്ള അവബോധം ഉണ്ടാക്കാനോ കുടുംബങ്ങളില്‍ പരിശ്രമം നടക്കുന്നില്ല. പ്രായമായ മാതാപിതാക്കള്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. മദ്യത്തിന്റെയും ലഹരിപദാര്‍ഥങ്ങളുടെയും ലഭ്യത, മാധ്യമങ്ങളുടെ അതിപ്രസരം, ദിവസത്തില്‍ 24 മണിക്കൂറും ലഭ്യമാകുന്ന ഇന്റര്‍നെറ്റ് ഇതെല്ലാംതന്നെ ഒരു വിഭാഗം ചെറുപ്പക്കാരെ അമിതമായി സ്വാധീനിക്കുകയും അവുടെ മാനസികാരോഗ്യത്തെയും പെരുമാറ്റരീതികളെയും മാറ്റിമറിക്കുകയും ചെയ്യുന്നു.

ഇന്നത്തെ കുടുംബസംവിധാനത്തിന് ധാരാളം പരിമിതികളുണ്ട്. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ പരിപാലനത്തിനായി നീക്കിവെക്കാന്‍ കഴിയുന്ന സമയം കുറഞ്ഞിരിക്കുന്നു. കുടുംബവ്യവസ്ഥിതിയില്‍വന്ന മാറ്റംമൂലം താങ്ങും തണലും എന്നരീതിയില്‍ കുടുംബാംഗങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്ന ചുമതലകളും പരസ്പരം നല്‍കിയിരുന്ന നിയന്ത്രണവും ഇല്ലാതായി. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ നല്ല കുടുംബബന്ധം ആവശ്യമാണ്. അത് ഇല്ലാത്തവരില്‍ വിഷാദവും ഉത്കണ്ഠയും കുടുതലാണെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു.

കുടുംബത്തോടുള്ള പ്രതിബന്ധതയില്ലായ്മയും ആശയവിനിമയ പ്രശ്‌നങ്ങളുമാണ് പലപ്പോഴും വിവാഹമോചനങ്ങള്‍ക്ക് ഇടവരുത്തുന്നത്. ആത്മഹത്യകള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും പ്രധാനപങ്കുവഹിക്കുന്നത് മദ്യപാനത്തിന്റെയും ലഹരിപദാര്‍ഥങ്ങളുടെയും ഉപയോഗമാണ്. ശിഥിലമായ കുടുംബസംവിധാനങ്ങളാണ് പലപ്പോഴും കുട്ടികളില്‍ സമൂഹവിരുദ്ധ മനോഭാവവും പെരുമാറ്റവൈകല്യങ്ങളും ഉണ്ടാക്കുന്നത്. മാതാപിതാക്കള്‍ക്ക് നിയന്ത്രണവും സ്വാധീനവും ഇല്ലാത്ത കുട്ടികളിലാണ് മൊബൈല്‍/നെറ്റ് അഡിക്ഷന്‍ കൂടുതലുള്ളത്. മൂല്യങ്ങളെയും ധാര്‍മികതയെയും കുറിച്ച് ശരിയായ അവബോധമില്ലാത്ത കുടുംബങ്ങളിലാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. ഇതു മറികടക്കണമെങ്കില്‍ ജീവിതനൈപുണ്യം, സാമൂഹിക പരിജ്ഞാനം, വൈകാരിക സാക്ഷരത, മൂല്യാധിഷ്ഠിത അവബോധനം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മാനസികാരോഗ്യ പദ്ധതികള്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി ആസൂത്രണംചെയ്ത് നടപ്പാക്കണം.


(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖകന്‍)


Content Highlights: concept of family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Image for representation

3 min

വൈരുധ്യങ്ങളുടെ കേരളമാതൃക

Mar 16, 2022


mahatma gandhi

4 min

വചനം രക്തവും മാംസവുമാണ്

Mar 16, 2022


ka damodaramenon

2 min

ജീവിതത്തിനാകെ നിറംപിടിപ്പിച്ച ബന്ധം

Mar 14, 2022


Most Commented