.
കോണ്‍ഗ്രസില്‍ തുടങ്ങി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ ഇടതുപക്ഷ ആശയങ്ങളെ മുറുകെപ്പിടിച്ച നേതാക്കള്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുകയായിരുന്നു.
1912-ല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ലഘുജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് കമ്യൂണിസത്തെപ്പറ്റി കേരളം കേട്ടറിയുന്നത്. തൊട്ടടുത്തവര്‍ഷങ്ങളില്‍ കമ്യൂണിസവുമായും സോഷ്യലിസവുമായും ബന്ധപ്പെട്ട ലേഖനങ്ങള്‍ രാമകൃഷ്ണപിള്ള പ്രസിദ്ധപ്പെടുത്തി. സഹോദരന്‍ അയ്യപ്പന്‍ സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് ലേഖനം എഴുതിയിരുന്നു. ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെ സോഷ്യലിസ്റ്റ് ലേഖനങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകാന്‍ പിന്നെയും കാലങ്ങളെടുത്തു.
1930-ലെ ഉപ്പുസത്യാഗ്രഹത്തോടെയാണ് കേരളത്തില്‍ സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്നത്. അതിന് നേതൃത്വം നല്‍കിയവരില്‍ പി. കൃഷ്ണപിള്ള, കെ.പി. ഗോപാലന്‍, മൊയാരത്ത് ശങ്കരന്‍, കെ. മാധവന്‍, എന്‍.സി. ശേഖര്‍ തുടങ്ങിയവര്‍ പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളായി.
ആദ്യ കമ്യൂണിസ്റ്റ് സംഘടന
കേരളത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സംഘടന രൂപവത്കരിച്ചത് 1931-ല്‍ തിരുവനന്തപുരത്ത് എന്‍.സി. ശേഖറിന്റെ നേതൃത്വത്തിലാണ്. 1934 മേയില്‍ പട്നയില്‍വെച്ചാണ് കോണ്‍ഗ്രസിനകത്ത് സോഷ്യലിസ്റ്റ് ഗ്രൂപ്പ് രൂപംകൊണ്ടത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ജയപ്രകാശ് നാരായണനും ജോയന്റ് സെക്രട്ടറിമാരിലൊരാളായി ഇ.എം.എസും തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ കേരളഘടകം കോഴിക്കോട് ടൗണ്‍ഹാളില്‍ സമ്മേളിച്ച് സി.കെ. ഗോവിന്ദന്‍നായര്‍ പ്രസിഡന്റും കൃഷ്ണപിള്ള സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിച്ചു. സാഹിത്യകാരന്‍ പി. കേശവദേവാണ് പ്രമേയം തയ്യാറാക്കിയത്.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ ആലോചനാഘട്ടത്തില്‍ സഹകരിച്ച കെ. കേളപ്പന്‍ പക്ഷേ, തുടക്കത്തില്‍ത്തന്നെ അതില്‍നിന്ന് വിട്ടുനിന്നു. പിന്നീട് സി.കെ.ഗോവിന്ദന്‍ നായരും എതിര്‍പക്ഷത്തായി. കമ്യൂണിസത്തിലേക്ക് നീങ്ങാനാണ് തീവ്രവാദപരമായ ആശയപ്രചാരണം എന്ന ആക്ഷേപമാണ് കേളപ്പനും കൂട്ടര്‍ക്കും ഉണ്ടായിരുന്നത്. സി.എസ്.പി. കര്‍ഷക-തൊഴിലാളി-അധ്യാപക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുകയും 1936-ല്‍ മദിരാശിയിലേക്ക് എ.കെ.ജി.യുടെ നേതൃത്വത്തില്‍ പട്ടിണിജാഥ നടത്തുകയും ചെയ്തു. ഇതിനിടെ സി.എസ്.പി.യിലെ നേതാക്കളും പ്രവര്‍ത്തകരും പരസ്പരം സഖാവേ എന്ന് വിളിക്കാനും തുടങ്ങിയിരുന്നു. കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ചിന്താധാരകള്‍ അന്ന് പുറത്തുവന്നുകൊണ്ടിരുന്നത് 'മാതൃഭൂമി'യിലൂടെയാണ്.
കെ. ദാമോദരന്‍ ആദ്യ പാര്‍ട്ടി അംഗം
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായി കെ. ദാമോദരന്‍ കാശിയില്‍നിന്ന് 1936-ല്‍ എത്തി. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ ദാമോദരന് കാശി വിദ്യാപീഠത്തില്‍ പഠിക്കാന്‍പോകാന്‍ സഹായം നല്‍കിയത് മാതൃഭൂമിയാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പുസ്തകമാക്കി വില്‍ക്കാന്‍ സൗജന്യമായി അച്ചടിച്ചുകൊടുത്തു. കാശിയിലുള്ള രണ്ടുവര്‍ഷവും മാതൃഭൂമിയിലെ സ്ഥിരം എഴുത്തുകാരനുമായിരുന്നു.
ദാമോദരന്‍ തിരിച്ചെത്തുമ്പോഴേക്കും സോഷ്യലിസ്റ്റ് പാര്‍ട്ടി ശക്തമായിരുന്നു. സി.പി.ഐ. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശാനുസരണം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ദാമോദരന്‍, കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും എന്‍.സി. ശേഖറിന്റെയും സഹപ്രവര്‍ത്തകനായി. സി.പി.ഐ. കേരളഘടകം രൂപവത്കരിക്കാന്‍ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ പി. സുന്ദരയ്യയും എസ്.വി. ഘാട്ടെയും കോഴിക്കോട്ടെത്തി ഇവരുമായാണ് ചര്‍ച്ചനടത്തിയിരുന്നത്. കേരളത്തിലെ സോഷ്യലിസ്റ്റുകാരെ കമ്യൂണിസ്റ്റുകാരാക്കുന്നതില്‍ ടി.വി. സുന്ദരയ്യ പ്രധാന പങ്കുവഹിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളഘടകം
1937-ല്‍ കോഴിക്കോട്ട് പാളയത്ത് ചേര്‍ന്ന യോഗത്തില്‍ ഇവര്‍ നാലുപേരും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകം രൂപവത്കരിച്ചു. സി.എസ്.പി. സംസ്ഥാന സെക്രട്ടറിയായ കൃഷ്ണപിള്ള സി.പി.ഐ.യുടെയും സംസ്ഥാന സെക്രട്ടറിയായി. രഹസ്യമായി സി.പി.ഐ.യും പരസ്യമായി സി.എസ്.പി.യുമായായിരുന്നു പ്രവര്‍ത്തനം.
സോഷ്യലിസ്റ്റുകള്‍ക്കായിരുന്നു അന്ന് കെ.പി.സി.സി.യില്‍ ഭൂരിപക്ഷം. 1939-ല്‍ ബക്കളത്തുചേര്‍ന്ന പത്താം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ കേളപ്പന്‍-സി.കെ. ഗോവിന്ദന്‍ നായര്‍ വിഭാഗം പങ്കെടുക്കാതിരുന്നത് ഇടതുവിഭാഗത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിന് സഹായകമായി. അതേവര്‍ഷം ജൂണില്‍ മൂന്നുദിവസമായി തലശ്ശേരിയില്‍നടന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആറാം സമ്മേളനം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തില്‍ നിര്‍ണായകമായി. മാതൃഭൂമിയുടെ മുന്‍ പത്രാധിപര്‍ പി. നാരായണന്‍ നായരുടെ അധ്യക്ഷതയിലായിരുന്നു സമ്മേളനം
1939 ഡിസംബര്‍ പാറപ്രം സമ്മേളനം
1939 ഡിസംബറില്‍ പിണറായി പാറപ്രത്തുനടന്ന സി.എസ്.പി. നേതൃയോഗമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറാന്‍ തീരുമാനിച്ചത്. കെ.പി. ഗോപാലന്‍ അധ്യക്ഷനായ സമ്മേളനത്തില്‍ 90 നേതാക്കള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മൂന്നുമണിക്കൂറോളം പ്രസംഗിച്ച കൃഷ്ണപിള്ള താനിനി കമ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു.
പാറപ്രം സമ്മേളനത്തിനുശേഷം രണ്ടാഴ്ചകഴിഞ്ഞ് പറശ്ശനിക്കടവില്‍ച്ചേര്‍ന്ന യോഗം കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായി കൃഷ്ണപിള്ളയെ തിരഞ്ഞെടുത്തു. 1940 ജനുവരി 26-ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ചുമരെഴുത്തിലൂടെയാണ് പാര്‍ട്ടി രൂപവത്കരിച്ചതായി വിജ്ഞാപനംചെയ്തത്. എന്നിട്ടും പുറമേക്ക് കെ.പി.സി.സി.യായിത്തന്നെയാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റും കെ. ദാമോദരന്‍ സെക്രട്ടറിയുമായ കെ.പി.സി.സി.യാണ് 1940 സെപ്റ്റംബര്‍ 15-ന് മര്‍ദനപ്രതിഷേധദിനമായും വിലക്കയറ്റവിരുദ്ധദിനമായും ആചരിക്കാന്‍ ആഹ്വാനംചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പരസ്യപ്രകടനമായിരുന്നു അത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തില്‍
1931
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സംഘടന തിരുവനന്തപുരത്ത് നിലവില്‍ വന്നു
1934 മേയ് 12
കോണ്‍ഗ്രസിലെ ഇടതുചിന്താഗതിക്കാര്‍ ചേര്‍ന്ന് സോഷ്യലിസ്റ്റ് ഗ്രൂപ്പ് രൂപവത്കരിച്ചു
1939 ഡിസംബര്‍
കണ്ണൂരിലെ പാറപ്രത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി യോഗം. കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനം
1940 ജനുവരി 26
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍വന്നു. ചുവരെഴുത്തിലൂടെയാണ് പാര്‍ട്ടി രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്
1957 ഏപ്രില്‍ 5
ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തി
1964 ഏപ്രില്‍ 11
വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ച് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോയി
1964 നവംബര്‍
ഇറങ്ങിപ്പോയവര്‍ ചേര്‍ന്ന് സി.പി.െഎ.എമ്മിന് രൂപം നല്‍കി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന് മുഴുവന്‍ പേര്
1969
ചാരു മജുംദാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.പി.ഐ. (എം.എല്‍.) സ്ഥാപിച്ചു. കേരളത്തിലും നക്‌സലൈറ്റ് പ്രസ്ഥാനം രൂപംകൊണ്ടു
1972
ചാരു മജുംദാറിന്റെ മരണശേഷം എം.എല്‍. പ്രസ്ഥാനം വിവിധഘട്ടങ്ങളിലായി പിളര്‍ന്ന് പല പ്രസ്ഥാനങ്ങളായി ചിന്നിച്ചിതറി
1986 ജൂലായ് 27
സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം.വി.രാഘവന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി(സി.എം.പി.) രൂപംകൊണ്ടു
1994 മാര്‍ച്ച് 18
കെ.ആര്‍. ഗൗരിയമ്മയെ സി.പി.എം. പുറത്താക്കി. ഇവര്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.) രൂപവത്കരിച്ചു
2008 മാര്‍ച്ച് 18
ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സി.പി.എം. വിമതപക്ഷം ആര്‍.എം.പി. ക്ക് രൂപംനല്‍കി
Content Highlights: communist party in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..