ക്ഷുഭിത യൗവനങ്ങളുടെ രണ്ടാംവരവ്


സിവിക് ചന്ദ്രന്‍

3 min read
Read later
Print
Share

.

1970 '80-കളാണ് കേരളത്തെ സംബന്ധിച്ച് ക്ഷുഭിതയൗവനത്തിന്റെ രണ്ടാം ചുവന്നദശകം. ഒന്നാം ചുവന്നദശകമായ അമ്പതുകളെപ്പോലെ ഈ ദശകം, ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അധികാരാരോഹണം നടത്തുകയുണ്ടായില്ല. അതുകൊണ്ടത് മുകളില്‍നിന്നല്ല പ്രവര്‍ത്തിച്ചത്, താഴെനിന്നാണ്. വിജയങ്ങള്‍ക്കുമാത്രമല്ല സ്വന്തം ജന്മമുള്ളത്, പരാജയങ്ങള്‍ക്കുമുണ്ട്. അനീതിക്കുനേരെ കലാപം ചെയ്യുന്നത് ന്യായമാണ് എന്ന മുദ്രാവാക്യം അക്കാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടു.

തെരുവുകളിലെ ആരവം

തെരുവില്‍ അന്നുമുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ മിക്കവയും കവിതകളായിരുന്നു. 'തെരുവില്‍ ഒരു അനീതി നടന്നാല്‍ സന്ധ്യയാവുന്നതിനുമുമ്പ് അവിടെയൊരു കലാപം നടന്നില്ലെങ്കില്‍ ആ തെരുവ് കത്തിയെരിഞ്ഞ് ചാമ്പലാവുകയാവും നല്ലത്' എന്ന വരികള്‍ ബ്രെഹ്തിന്റേതാണ്. 'ഒരിക്കലവര്‍ വരും, നിങ്ങളുടെ കവിതകളിലും വീരഗാഥകളിലും ഇടംകിട്ടാത്തവര്‍. എന്നാല്‍, നിങ്ങള്‍ക്കുവേണ്ടി വെള്ളം കോരിയവര്‍, വിറകുവെട്ടിയവര്‍...അവര്‍ വരും, വന്നുചോദിക്കും നാടും നഗരവും കത്തിയെരിയുകയായിരുന്നപ്പോള്‍ എന്തുചെയ്യുകയായിരുന്നു നിങ്ങള്‍?' ബ്രെഹ്തിന്റെയും നെരൂദയുടെയും ലാങ്സ്റ്റന്‍ ഹ്യൂസിന്റേതും ഗദ്ദറിന്റേതും മാത്രമല്ല, കടമ്മനിട്ടയുടെയും സച്ചിദാനന്ദന്റെയും എന്റെയും കവിതകള്‍ മുദ്രാവാക്യങ്ങളായി തെരുവില്‍ മുഴങ്ങി.

ഈ അന്തരീക്ഷത്തിന്റെ സ്വാധീനമെന്നോണം ശാസ്ത്രസാഹിത്യപരിഷത്ത് അവരുടെ കലാജാഥയുമായി ബന്ധപ്പെട്ട് 'മുദ്രാകാവ്യ'മെന്ന വാക്കുതന്നെ രൂപപ്പെടുത്തി. ആ അന്തരീക്ഷത്തിന്റെ രാഷ്ട്രീയം കൃത്യമായി ഒരു ലേഖനത്തിന്റെ ശീര്‍ഷകമാക്കിയത് ബി. രാജീവനാണ്: 'മുദ്രാവാക്യങ്ങള്‍ കവിതയാവുമ്പോള്‍ രാഷ്ട്രീയവും കവിതയാവുന്നു'. രാഷ്ട്രീയവും സംസ്‌കാരവും തമ്മില്‍, രാഷ്ട്രീയപ്രവര്‍ത്തനവും സാംസ്‌കാരികപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധമെന്താണ്? ഒന്നാം ചുവന്നദശകത്തില്‍ അഭിമുഖീകരിക്കപ്പെടാതെപോയ ചോദ്യമാണിത്. അതിനാല്‍, രാഷ്ട്രീയക്കാര്‍ തീരുമാനിക്കുന്നതനുസരിച്ച് സാംസ്‌കാരികപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടായിരുന്നു. രാഷ്ട്രീയക്കാര്‍ തൂക്കുമരത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍. സാംസ്‌കാരികപ്രവര്‍ത്തകര്‍ പാട്ടും കവിതയും പാടി ആടിത്തുള്ളി നടക്കുന്നവര്‍. എഴുപതുകളില്‍ ഞങ്ങള്‍ ഈ അസമബന്ധം അട്ടിമറിക്കാന്‍ ശ്രമിച്ചു: 'നാമിരുവരും ഒരേ സ്വപ്നത്തിന്റെ വേട്ടക്കാര്‍. ഒരേ ഉട്ടോപ്യയിലേക്ക് സ്വയം നയിക്കപ്പെടുന്നവര്‍. ഒരേ സാഹസികതയുടെ സഹയാത്രികര്‍'.
സംസ്‌കാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ദ്വന്ദ്വാത്മകമാണ്. രാഷ്ട്രീയത്തിന്റെ, രാഷ്ട്രീയക്കാരന്റെ ഏകപക്ഷീയമായ മുന്‍കൈ അങ്ങനെ ചോദ്യംചെയ്യപ്പെട്ടു: 'ഡിക്‌റ്റേറ്റ് ചെയ്യുന്നത് നിര്‍ത്തൂ'. ഒറ്റയാള്‍ പട്ടാളമായി എഴുത്തുകാരുടെയും കലാകാരന്മാരുടെയും അന്തസ്സ് വീണ്ടെടുക്കാന്‍ എം. ഗോവിന്ദന്‍ നടത്തിയ പഴയശ്രമം ഒരാരവമായി. തെരുവുനാടകങ്ങള്‍, തെരുവുയോഗങ്ങള്‍, ജാഥകള്‍, കൈകൊണ്ടെഴുതിയ തെരുവുപത്രങ്ങള്‍, ലഘുലേഖകള്‍, ലിറ്റില്‍ മാസികകള്‍... ജനങ്ങള്‍ തെരുവില്‍ രാഷ്ട്രീയസംവാദങ്ങളിലേര്‍പ്പെട്ട ആ കാലം ജനകീയവിചാരണയിലെത്തിയപ്പോള്‍ തികച്ചും ജൈവികമായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഴിമതിക്കാരനായ ഡോക്ടറെ പട്ടാപ്പകല്‍ പരസ്യമായി ജനകീയവിചാരണചെയ്തത് വലിയ പ്രതികരണമുണ്ടാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് മുതല്‍ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍വരെ, കുട്ടികളേ, ഹായ് എന്ന് അഭിവാദ്യംചെയ്യാനെത്തി.

മഴവില്‍ സംവാദം

മുഖ്യധാരാ സാംസ്‌കാരികനായകരിലും വലിയ ഇളക്കങ്ങളുണ്ടാക്കിയതിന്റെ തുടര്‍ച്ചയായാണ് സുകുമാര്‍ അഴീക്കോടിന്റെ നേതൃത്വത്തില്‍ 'അക്രമരഹിത സാംസ്‌കാരികവേദി' ഉണ്ടായത്. അക്കാലത്ത് സാംസ്‌കാരികവേദിക്കാരനാവാന്‍ ആഗ്രഹിക്കാത്ത ഏതുചെറുപ്പക്കാരുണ്ട്? എന്നാല്‍, സാംസ്‌കാരികരാഷ്ട്രീയത്തിലെ ഈ വേലിയേറ്റത്തിന് ഏറെ ആയുസ്സുണ്ടായില്ല. ജീവപര്യന്തത്തിനുവരെ ശിക്ഷിക്കാവുന്ന ആയിരക്കണക്കിന് ക്രിമിനല്‍ക്കേസുകളിലൂടെ സര്‍ക്കാര്‍ പ്രധാനപ്രവര്‍ത്തകരെ ലോക്കപ്പുകളിലും കോടതിമുറികളിലും ജയിലറകളിലും തളച്ചിട്ടു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ജോലികളില്‍നിന്നും കോളേജുകളില്‍നിന്നും പുറത്താക്കപ്പെട്ടു. ഇതിനിടെ, പാര്‍ട്ടിയുടെ മുന്‍കൈയില്‍ത്തന്നെ അനുവദിക്കപ്പെട്ട ബഹുജനസംഘടനകളുടെ സ്വാതന്ത്ര്യത്തെയും സ്വാശ്രയത്വത്തെയും പറ്റി വീണ്ടുവിചാരങ്ങളുണ്ടായി. ബുദ്ധിജീവികളിലൊരുവിഭാഗം പ്രസ്ഥാനം വിടുകയും സ്വതന്ത്രമായി പ്രവര്‍ത്തിച്ചുതുടങ്ങുകയുംചെയ്തതോടെ സംഘടന ഉള്ളില്‍ത്തന്നെ ശിഥിലമായി.

അവശേഷിച്ചവര്‍ക്ക്, സാംസ്‌കാരികമായ കോളിളക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഈ പ്രത്യയശാസ്ത്രം പ്രാപ്തമാണോ എന്ന സംശയമായി. ഒടുവിലത് സംഭവിക്കുകതന്നെ ചെയ്തു. സാംസ്‌കാരികവേദി പിരിച്ചുവിടപ്പെട്ടു. ജനകീയാംഗീകാരത്തിന്റെ കൊടുമുടിക്കയറ്റത്തിനിടെ ഒരുപ്രസ്ഥാനം സ്വയം ലിക്വിഡേറ്റ് ചെയ്യപ്പെടുന്നത് ആദ്യമാവാം. അന്നത്തെ സാംസ്‌കാരികരാഷ്ട്രീയം പിന്നീടുവന്ന നവ സാമൂഹികപ്രസ്ഥാനങ്ങളുടെ ഉരുവപ്പെടലിന് അടിവളമായി. ഇക്കാലയളവിലാരംഭിച്ച റെഡ്-ഗ്രീന്‍ സംഭാഷണമാണ് 21-ാം നൂറ്റാണ്ടിന്റെ മഴവില്‍സംവാദത്തിന് തുടക്കമിട്ടത്. പുരോഗമന കലാ-സാഹിത്യസംഘംപോലെയോ യുവകലാസാഹിതിപോലെയോ ജനകീയസാംസ്‌കാരികവേദിക്കും ഔപചാരികമായി തുടരാമായിരുന്നു. പക്ഷേ, സ്വയംതിരഞ്ഞെടുത്ത തോല്‍വിയിലൂടെ ആക്റ്റിവിസത്തിന്റെ പുതിയ യാനങ്ങള്‍ക്ക് തുടക്കമിട്ടു.

നൂറുകണക്കിന് യുവഗാന്ധിമാര്‍

തെരുവില്‍ പഴയ സാംസ്‌കാരികവേദിയുടെ ബാനറില്ലെങ്കിലെന്ത്? നമുക്കിപ്പോള്‍ സക്രിയമായ പരിസ്ഥിതിസമരങ്ങളുണ്ട്, ദളിത്-ആദിവാസി സംഘങ്ങളുണ്ട്, ഫെമിനിസ്റ്റ് മുന്നേറ്റമുണ്ട്. കര്‍ഷകരും ന്യൂനപക്ഷങ്ങളും വിദ്യാര്‍ഥികളും പെണ്‍കുട്ടികളും പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ട്. നവമാധ്യമ ആക്ടിവിസമുണ്ട്. സാംസ്‌കാരികരംഗത്തെ ഗറില്ലാ ഇടപെടലുകളുണ്ട്.

ഒരനീതിയും ഏതെങ്കിലുമൊരു തെരുവില്‍ ഈ പുതിയ ആക്ടിവിസത്താല്‍ ചോദ്യംചെയ്യപ്പെടാതെ പോകുന്നില്ല. ഒരു ഗാന്ധിയല്ല, നൂറുകണക്കിന് യുവഗാന്ധിമാര്‍. ഒരൊറ്റ ചെഗുവേരയല്ല, നൂറുകണക്കിന് ചെ തൊപ്പികള്‍. ആര്‍ത്തിരമ്പുന്ന മുദ്രാവാക്യങ്ങള്‍ പുതിയകേരളം സ്വപ്നംകാണുന്നു. ദളിത്, ആദിവാസി, സ്ത്രീ, കര്‍ഷക, ന്യൂനപക്ഷ, യുവ ഭൂമിമലയാളത്തിന്റെ കടുന്തുടികള്‍ക്കും മഴവില്‍ ഈണങ്ങള്‍ക്കും കാതോര്‍ക്കൂ: എല്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളും കടന്നാക്രമിക്കൂ. കലാപം ചെയ്യുന്നത് ന്യായം മാത്രമല്ല, അവകാശവുമാണ്.

Content Highlights: civic chandran writes about youth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Image for representation

3 min

വൈരുധ്യങ്ങളുടെ കേരളമാതൃക

Mar 16, 2022


Education

2 min

കേരളത്തിന്റെ ആരോഗ്യം

Mar 14, 2022


Kalpetta Narayanan

3 min

മാതൃഭൂമി ഭാഷാപരിണയം

Mar 14, 2022


Most Commented