വാക്കേ വാക്കേ കൂടെവിടെ?


2 min read
Read later
Print
Share

ചിത്രീകരണം: മാതൃഭൂമി

ആംഗലേയ പദങ്ങള്‍ക്ക് തുല്യമായ മലയാള വാക്കു കണ്ടെത്താന്‍ മലയാളിക്ക് ഇത്തിരി മടിയാണ്. ഓപ്പോളും കോലായയും ഉള്‍പ്പെടെയുള്ള നല്ല വാക്കുകള്‍ പലതും മറവിയിലായി

മലയാളിയുടെ അലസത തമിഴനില്ല. അവന്റെ ഭാഷയില്‍ തികഞ്ഞ അഭിമാനമുണ്ട്. തമിഴ്നാട്ടില്‍ മൊബൈല്‍ ആദ്യം വന്നപ്പോള്‍ രണ്ടാമത്തെ ദിവസം അവന്‍ പരിഭാഷ കണ്ടെത്തി. 'കൈപേശി'. എത്ര ചെറുത്, എത്ര സുന്ദരം!

പുതിയകാലത്ത് മലയാളവും മലയാളിയും പഴയവാക്കുകളെപ്പോലും കൈവെടിയുകയാണ്. പ്രാദേശികമായി ഉപയോഗിച്ചിരുന്ന പദങ്ങള്‍പോലും ഇല്ലാതായിരിക്കുന്നു. ഓപ്പ, ഓപ്പോള്‍, ഓപ്പു തുടങ്ങിയ പദങ്ങള്‍ക്കുംവന്നു വൃദ്ധിക്ഷയം. ചേച്ചിപോലും ഉപേയാഗിക്കുന്നില്ല. മൂത്തസഹോദരിയാണ് വരമൊഴിയില്‍പ്പോലും കാണുന്നത്. വാമൊഴിയില്‍ എവിടെയും 'സിസ്റ്റര്‍' മാത്രം. എല്ലാം ഇംഗ്ലീഷില്‍നിന്നു കടംകൊള്ളാനാണ് നമുക്കിഷ്ടം. പുതിയ പദങ്ങള്‍ നിര്‍മിക്കാന്‍ മലയാളി ശ്രദ്ധിക്കുന്നുമില്ല. മുറിവൃത്തിയാക്കുന്ന ചൂലിന് പ്രാദേശികമായി തൊറപ്പ, മാച്ചി എന്നൊക്കെ പേരുകളുണ്ടായിരുന്നു.
ശര്‍ക്കര, വടക്ക് ബെല്ലമായിരുന്നു. പിന്നീട് അതിന് ചക്കര എന്നൊരുപദവും വന്നു. ചക്കര എന്നുപറയുമ്പോള്‍ എന്തൊരു അഭിമാനക്കുറവ്! പൂതി, കക്കൂസ്, ഒപ്പരം (ഒപ്പം) അച്ചാരം, മുതല്‍ (ധനം) ചുങ്കം (നികുതി) എന്നീ പദങ്ങളൊക്കെ അവഗണനയിലായി. ചാണ്‍ എന്ന അളവ്, കാതം (ഒരു മൈല്‍), ശേല്, ചന്തം (ഭംഗി) എന്ന പദങ്ങള്‍ക്കുമുണ്ട് അവഗണന. മലബാറില്‍ പണ്ടുണ്ടായിരുന്ന പലപദങ്ങളും പുതുതലമുറയ്ക്ക് അപരിചിതമാണ്. പിഞ്ഞാണം (പ്ലേറ്റ്) ബസി, ബസ്തി (ചോറുണ്ണുന്ന പ്ലേറ്റ്), കാസെര്‍ട്ട് (മണ്ണെണ്ണ), കോലായ (വരാന്ത) തുടങ്ങിയ പദങ്ങളുടെ അവസ്ഥ കാണുക.

ഇംഗ്ലീഷിനോടുള്ള പ്രേമം കൂടിവന്നപ്പോള്‍ സാങ്കേതികപദങ്ങള്‍ മുഴുവന്‍ അതേപടി ഉപയോഗിക്കുകയാണ് നാം.
ബ്ലോഗ്, ആപ്പ്, ഡോട്ട്കോം, മെമ്മറി, ഹാക്കിങ്, സൈബര്‍ സ്‌പേസ്, സൈബര്‍സെല്‍, ഓണ്‍ലൈന്‍, ട്രോള്‍, ട്വീറ്റ്, സ്‌പേസ്, ബൈറ്റ്, വൈറല്‍ നെറ്റ്, സ്റ്റാമ്പ്, പോസ്റ്റ്, ലൈക്ക്, സ്പാം, ഡിജിറ്റല്‍, പ്‌ളാറ്റ്ഫോം, നാനോ, മൗസ്, ഡേറ്റ, നെറ്റിസണ്‍, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ്, സ്ട്രീമിങ് എന്നിവ നാം അതേപടി ഉപയോഗിക്കുന്നു.

ഭാഷയിലെ പദസഞ്ചയം വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കായിരുന്നു മാധ്യമങ്ങള്‍ക്കുണ്ടായിരുന്നത്. വലിയ ചര്‍ച്ചകളുടെ ഭാഗമായാണ് പദങ്ങളുണ്ടാവുക. റിബല്‍ എന്നപദത്തിന് വിമതന്‍ എന്ന മലയാളപദം എങ്ങനെ ഉണ്ടായിയെന്ന് മാതൃഭൂമിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന സി. ഉത്തമക്കുറുപ്പ് ഒരു ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്. അങ്ങനെ എത്രയോ പദങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നു. സമദൂരം, കരിങ്കാലി, വിഴുപ്പലക്കല്‍, കടിച്ചുതൂങ്ങല്‍, വിഭാഗീയത, കുലംകുത്തി, സമവായം, കുംഭകോണം, തിരുത്തല്‍വാദം, പെണ്‍വാണിഭം, സത്വരശ്രദ്ധ, കുഴല്‍പ്പണം, നോക്കുകൂലി, ഗതാഗതക്കുരുക്ക്, ഉപജാപകസംഘം എന്നിങ്ങനെ ഒട്ടേറെപ്പദങ്ങള്‍ അങ്ങനെവന്നതാണ്.

നമ്മുടെ ആലസ്യംമൂലം പുതിയ പദങ്ങള്‍ ഉണ്ടാക്കുന്നതിനുപകരം നാം പ്രയോഗിച്ച് പ്രയോഗിച്ച് അര്‍ഥംമാറിപ്പോയ പദങ്ങള്‍ മലയാളത്തില്‍ എത്രയാണ്.

പീഡനം, മണിയടി, കോഴി, പരിപാടി, കോടാലി, ചെത്തുക, ഊതുക, പാര, ഭയങ്കരം, പ്രമാദം, ഒടുക്കത്തെ എന്നിവയൊക്കെ പുതിയകാലത്ത് അര്‍ഥംമാറിയ വാക്കുകളായി.

ഓരോരോകാലത്ത് പ്രാദേശികമായി മറ്റുഭാഷകളില്‍നിന്നു നാം പദങ്ങള്‍ കടമെടുത്തിട്ടുണ്ട്. ദുനിയാവ്, വക്കാലത്ത്, ബാക്കി, കിത്താബ്, ഖബര്‍, മയ്യിത്ത്, മുഹബത്ത്, ഖിയാമം, ഹാജര്‍, ഹജൂര്‍, താലൂക്ക്, തഹസില്‍ദാര്‍ തുടങ്ങിയവ അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നുവന്നതാണ്.

Content Highlights: changes in malayalam words meaning and using english words in malayalam communication

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented