അയ്യങ്കാളി
ഗാന്ധിജിയും ശ്രീനാരായണഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തുല്യമായ പ്രാധാന്യം അയ്യങ്കാളിയുടെ പ്രസ്ഥാനത്തിന് നല്‍കാന്‍ മാതൃഭൂമി മടികാണിച്ചില്ല. അതിനെക്കുറിച്ച് മാതൃഭൂമി പില്‍ക്കാലത്ത് പ്രകാശിപ്പിച്ച ലേഖനത്തിലെ ഭാഗം താഴെ ചേര്‍ക്കുന്നു.
അയ്യങ്കാളി-ഗാന്ധിജി സംഗമത്തിന്റെ ഓര്‍മ പുതുക്കാന്‍ വെങ്ങാനൂര്‍ ഒരുങ്ങുന്നു എന്ന തലക്കെട്ടിലുള്ള കുറിപ്പ് ഇങ്ങനെ തുടങ്ങുന്നു. 'കോവളം: അത്യപൂര്‍വമായ ഒരു കൂടിക്കാഴ്ചയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ അയ്യങ്കാളിയുടെ ജന്മനാടൊരുങ്ങി. പുലയരാജാവിനെ കാണാന്‍ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തിയ മഹദ്സംഭവത്തിന് ബുധനാഴ്ച അറുപത്തിയൊന്ന് വയസ്സാകും. ക്ഷേത്രപ്രവേശനവിളംബരത്തെ തുടര്‍ന്ന് നടത്തിയ തിരുവിതാകൂര്‍ തീര്‍ഥാടനത്തിനിടയിലാണ് ഗാന്ധിജി അയ്യങ്കാളിയെ കാണാന്‍ വെങ്ങാനൂരിലെത്തിയത്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന് വെളിച്ചത്തിന്റെ വഴി തുറന്നുകൊടുത്ത വിളംബരത്തില്‍ നാടാകെ മതിമറന്ന നാളുകള്‍. ഗാന്ധിജിയും അയ്യങ്കാളിയും പരസ്പരം പുണര്‍ന്ന് ആഹ്ലാദം പങ്കുവെച്ചു.'
രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന്റെ ജ്യേഷ്ഠന്‍ കെ.ആര്‍. വേലായുധന്‍ ഉന്നയിച്ച ഒരു ചോദ്യം ജി. രാമചന്ദ്രന്റെ ഓര്‍മക്കുറിപ്പില്‍ പറയുന്നു. 'നമുക്ക് സ്വരാജ്യം കിട്ടിയാല്‍ അങ്ങ് ഞങ്ങള്‍ക്ക് എന്തുതരും? ഒട്ടും ആലോചിക്കാതെ ഗാന്ധിജി പറഞ്ഞു. ഇന്ത്യയുടെ പ്രസിഡന്റായി ഒരു ഹരിജനെ നിയമിക്കും.'
അക്കാലത്ത് മഹാത്മാഗാന്ധി അയ്യങ്കാളിയെ സന്ദര്‍ശിച്ച വാര്‍ത്തയ്ക്ക് മാതൃഭൂമി നല്‍കിയ പ്രാധാന്യം വളരെ വലുതായിരുന്നു. അതു തുടങ്ങുന്നത് ഇങ്ങനെ. 'കിരീടംവെക്കാത്ത പുലയരാജാവ്. അയ്യങ്കാളിയെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചതിങ്ങനെയാണ്. ആ രാജാവിനെ കേരളം ഇനിയും കണ്ടെത്തിയിട്ടില്ലെന്നുള്ളതാണ് സത്യം. അയ്യങ്കാളി ഒരു ആധ്യാത്മികാചാര്യനായിരുന്നില്ല. ചട്ടമ്പിസ്വാമികളെയും ശ്രീനാരായണ ഗുരുദേവനെയുംപോലെ അദ്ദേഹം സംസ്‌കൃതപണ്ഡിതനായിരുന്നില്ല. അക്ഷരാഭ്യാസംതന്നെ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, സമൂഹം എന്ന സര്‍വകലാശാലയില്‍നിന്ന് ആര്‍ജിച്ച അനുഭവപാഠങ്ങള്‍ അദ്ദേഹത്തിന് വേണ്ടത്ര ഉണ്ടായിരുന്നു. 1863 ഓഗസ്റ്റ് 28-ന് (കൊല്ലവര്‍ഷം 1039 ചിങ്ങം 14-ന്) വെങ്ങാനൂര്‍ പെരുങ്കാറ്റ് വിളയില്‍ അയ്യന്റെയും മാലയുടെയും പുത്രനായി അയ്യങ്കാളി ജനിച്ചു. ഒരു ഓണംനാളില്‍ ബാലനായ കാളി കൂട്ടരുമൊത്ത് ഓണപ്പന്ത് കളിക്കുകയായിരുന്നു. പന്തുയര്‍ന്ന് അടുത്തുള്ള ജന്മിയുടെ വീടിന്റെ മുകളില്‍ വീണു. കോപംകൊണ്ടുവിറച്ച ജന്മി ബാലനെ കണക്കറ്റ് പുലഭ്യം പറഞ്ഞു. ജാതിപറഞ്ഞ് അപമാനിച്ചു. ആ നിമിഷം അയ്യങ്കാളിയുടെ മനസ്സില്‍വീണ തീപ്പൊരിയാണ് പില്‍ക്കാലത്ത് ആളിപ്പടര്‍ന്ന് അയ്യങ്കാളിയെന്ന ജ്വലിക്കുന്ന വ്യക്തിത്വത്തിന് ജന്മം നല്‍കിയത്.
ജാതിയുടെ ഭീകരവാഴ്ചയില്‍ അയ്യങ്കാളിക്ക് എഴുതാനും വായിക്കാനും യോഗമില്ലാതെ പോയി. എങ്കിലും ജാതിരാക്ഷസനെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ പ്രാരംഭം എന്ന നിലയില്‍ ആ ഗ്രാമത്തില്‍നിന്ന് അദ്ദേഹം അടി, തട, ഗുസ്തി, മര്‍മവിദ്യ തുടങ്ങിയവ അഭ്യസിച്ചു. പുലയ യുവാക്കളുടെ സന്നദ്ധസേനയ്ക്ക് രൂപംകൊടുത്തു
ജാതിയുടെ ഭീകരവാഴ്ചയില്‍ കാളിക്ക് എഴുതാനും വായിക്കാനും യോഗമില്ലാതെ പോയി. എങ്കിലും ജാതിരാക്ഷസനെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ പ്രാരംഭം എന്ന നിലയില്‍ ആ ഗ്രാമത്തില്‍നിന്ന് അദ്ദേഹം അടി, തട, ഗുസ്തി, മര്‍മവിദ്യ തുടങ്ങിയവ അഭ്യസിച്ചു. പുലയ യുവാക്കളുടെ സന്നദ്ധസേനയ്ക്ക് രൂപംകൊടുത്തു. അയ്യങ്കാളി നയിച്ച സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജാഥ കേരളത്തില്‍ യാഥാസ്ഥിതിക സമൂഹത്തിനെതിരായ ആദ്യത്തെ ഇടിമുഴക്കമായിരുന്നു.' ഇത്തരം കാര്യങ്ങളില്‍ പ്രോത്സാഹജനകമായ രീതിയിലാണ് മാതൃഭൂമി വസ്തുത പ്രതിപാദിച്ചത്. ദളിതരുടെ ഉന്നമനമില്ലാതെ മനുഷ്യസംസ്‌കാരം പുലരുക സാധ്യമല്ലെന്ന നിലപാട് സ്വീകരിക്കാന്‍ മാതൃഭൂമി മടിച്ചില്ല.
തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൗണ്‍ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്നു മാറ്റിയത് അടുത്തകാലത്താണ്. ആ പേരുമാറ്റംപോലും നമുക്ക് വേണ്ടത്ര ദഹിച്ചിട്ടില്ല. അതോര്‍ക്കുമ്പോഴാണ് മഹാത്മജിയുടെ നാവുകളില്‍ നിന്നുതിര്‍ന്ന കിരീടംെവക്കാത്ത രാജാവ് എന്ന പ്രയോഗത്തിന് മാതൃഭൂമി നല്‍കിയ പ്രാധാന്യം എത്ര വലുതെന്ന് മനസ്സിലാവുക. മനുഷ്യരെല്ലാവരും തുല്യരാകാതെ ഭൂമിയില്‍ മനുഷ്യജീവിതം സാംസ്‌കാരികമായ ഉന്നമനത്തിലേക്ക് നീങ്ങുകയില്ലെന്ന വിശ്വാസം മാതൃഭൂമിയെ അക്കാലത്ത് നിയന്ത്രിച്ചിരുന്നു. അതോടൊപ്പമാണ് സാംസ്‌കാരിക വാര്‍ത്തകള്‍ക്ക് ദിനപ്പത്രത്തില്‍ പ്രാധാന്യം നല്‍കിയത്. കേരളീയരില്‍ സഹിഷ്ണുതയിലും പരസ്പരബഹുമാനത്തിലും അധിഷ്ഠിതമായ പ്രബുദ്ധത വളര്‍ത്തിയെടുക്കാന്‍ മാതൃഭൂമി ഏറെ പരിശ്രമിച്ചു.
അയ്യങ്കാളിയുടെ വില്ലുവണ്ടി
അധഃസ്ഥിതരുടെ ആത്മാഭിമാനത്തെ ഉണര്‍ത്തുകയും ജാതിക്കൊടുങ്കാറ്റിനോട് മല്ലിട്ട് സമൂഹത്തില്‍ അവസരസമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിത്ത് മുളപ്പിക്കുകയുംചെയ്ത ധീരനേതാവാണ് അയ്യങ്കാളി. 1893-ലാണ് കേരളത്തിലെ ജാതിസമൂഹത്തിന്റെ അടിവേരിളക്കിക്കൊണ്ട് വെങ്ങാനൂരിലെ പൊതുവഴിയിലൂടെ അയ്യങ്കാളിയുടെ കാളകള്‍ വണ്ടിവലിച്ച് പാഞ്ഞത്. പറയ-പുലയ ജാതിക്കാര്‍ക്ക് പൊതുവഴിയില്‍ നടക്കാന്‍പോലും അവകാശമുണ്ടായിരുന്നില്ല അന്ന്. അപ്പോഴാണ് അയിത്തജാതിയില്‍ ജനിച്ച ഒരു 'തന്റേടി' സ്വന്തമായി കാളവണ്ടി വാങ്ങിയത്. കൊച്ചപ്പിയായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടി തെളിച്ചത്. ഹാലിളകിയ ജാതിവെറിയന്മാരെ വെല്ലുവിളിച്ചുകൊണ്ട് ആ വില്ലുവണ്ടി ആധുനികകേരളത്തിലേക്ക് കുതിക്കുകതന്നെ ചെയ്തു.
അരുവിപ്പുറം പ്രതിഷ്ഠ
ജാതിക്കതീതമായ മനുഷ്യസ്‌നേഹത്തിന്റെ, സഹവര്‍ത്തിത്വത്തിന്റെ ആധാരശിലയാണ് ശിവലിംഗരൂപത്തില്‍ ശ്രീനാരായണഗുരു 1888 മാര്‍ച്ച് 18-ന് അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്. ബ്രാഹ്‌മണശാപമെന്ന മിഥ്യാഭയത്തില്‍ പൊതിഞ്ഞ് മേല്‍ക്കോയ്മകളെ ഊട്ടിയുറപ്പിച്ചിരുന്ന കേരളത്തില്‍ ശ്രീനാരായണഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠ എല്ല അര്‍ഥത്തിലും രക്തരഹിതവിപ്ലവംതന്നെയായിരുന്നു. ഈഴവനായ നാരായണന് ക്ഷേത്രപ്രതിഷ്ഠ നടത്താന്‍ യോഗ്യതയെന്തെന്നുചോദിച്ച പ്രമാണിമാരോട് താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്ന് മറുപടിനല്‍കി ജാതിയുടെ നിരര്‍ഥകത ഗുരു പൊളിച്ചുകാട്ടി. സമുദായത്തില്‍ മാത്രമല്ല, ഓരോ വ്യക്തിയിലും ബാഹ്യവും ആന്തരികവുമായ പരിവര്‍ത്തനപരിപാടി തുടങ്ങിവെക്കുകയായിരുന്നു ഗുരു. അതുകൊണ്ടാണ് അദ്ദേഹത്തെ കേരളനവോത്ഥാനത്തിന്റെ പിതാവ് എന്നുവിളിക്കുന്നത്.
Content Highlights: ayyankali and mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..