
പ്രതീകാത്മക ചിത്രം | Photo: freepick.com
ഭാവനാതീതമായ
വരുംകാല
സാഹിത്യത്തെക്കുറിച്ച്
യുവ എഴുത്തുകാരന്‍
അമല്‍ സങ്കല്‍പ്പിക്കുന്നു
ഗെയിം കളിച്ചും വീഡിയോകള്‍ കണ്ടും മടുത്തു. ഇനിയൊരു കഥയോ നോവലോ ആയാലോന്ന് തോന്നി. ബ്രെയിന്‍ സ്‌കാനറുകള്‍ പ്രവര്‍ത്തിച്ച് ഉടന്‍തന്നെ മുന്നിലെ വായുവില്‍ 32 ഇഞ്ച് സ്‌ക്രീന്‍ തെളിഞ്ഞു. വേറൊന്നും തോന്നാതിരിക്കാന്‍ ശ്രദ്ധിച്ച് സ്‌ക്രീനില്‍ പരതി. ലക്ഷക്കണക്കിന് എഴുത്തുകാര്‍. ഹൊറര്‍ വിഭാഗം താനാണ് പോപ്പുലറെന്ന് സജസ്റ്റ് ചെയ്ത് മുകളില്‍ വന്നു.
ബ്രാം സ്റ്റോക്കറെ സെലക്ട് ചെയ്ത് നെക്സ്റ്റ് ലെവല്‍ എആര്‍ വിആര്‍ വേള്‍ഡ് ഓഫ് ലിറ്ററേച്ചര്‍ എന്റര്‍ ചെയ്തു. സ്‌ക്രീന്‍ അണഞ്ഞു. കഥാനുസൃതം മുറിയാകെ വെളിച്ചം ക്രമീകരിക്കപ്പെട്ടു. മുറിയാകെ ഇരുട്ട് നിറഞ്ഞു. ശബ്ദാദ്ഭുതങ്ങള്‍ സകലയിടങ്ങളില്‍നിന്ന് പൊഴിയാന്‍ തുടങ്ങി. ചീവീട്, വാവല്‍, കൂമന്‍, കുതിരച്ചിനപ്പ്....
ബ്രാം സ്റ്റോക്കര്‍ മുന്നിലേക്ക് വന്നു. വിഷ് ചെയ്തു. അനുവാദം കാത്ത് ആ എഴുത്തുകാരന്‍ തലതാഴ്ത്തിനിന്നു. ലക്ഷക്കണക്കിന് എഴുത്തുകാര്‍ക്കിടയില്‍നിന്ന് തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞു. എആര്‍ കമ്പനിയുടെ പോക്കറ്റില്‍ കാശ് വീഴും. എനിക്കറിയില്ലേ ഈ വിനയത്തിന്റെ രഹസ്യമെന്ന് ചിറി കോട്ടി.
ഒച്ച മൂര്‍ച്ചയേറ്റി ഡ്രാക്കുള വായിക്കാന്‍ തുടങ്ങി. കാര്‍പ്പാത്ത്യന്‍ മലനിരകളിലൂടെ മണികള്‍ കിലുക്കി കുതിരവണ്ടി ഉരുളുന്നു. ജൊനാഥന്‍ ഹാര്‍ക്കര്‍ക്കൊപ്പം വണ്ടിയിലിരുന്ന് ഞാനും ആടിയുലഞ്ഞു. കല്ലും മരത്തടിയും ഇരുമ്പുചക്രം കയറിഞെരിയുന്ന ഒച്ചയില്‍ പല്ല് കിടുകിടുത്തു. ഒരു കടവാവല്‍ എന്റെ തോളിലേക്ക് പറന്നിരുന്നു. ബ്രാം സ്റ്റോക്കര്‍
വായിക്കുന്നതെന്നും ശബ്ദദൃശ്യചലനങ്ങളായി എന്നെപ്പൊതിഞ്ഞു. ഏറെ രസകമാണ് ഈ പുത്തന്‍ സാഹിത്യാസ്വാദനം. ഘോരാന്ധകാരം, ഇരുള്‍ക്കോട്ടകള്‍, അഴുകിയ ശവഗന്ധം, ഉണങ്ങിയ ചോരയുടെ നിലവിളി. ശവപ്പെട്ടിയുടെ പുരാതനപൂതലിപ്പ്. ഭയം വിതയ്ക്കുന്ന ചെന്നായ് ഓരികള്‍. മനംപുരട്ടി. ഛര്‍ദിക്കാന്‍ തോന്നി. ബ്രാം സ്റ്റോക്കറോട് വായന നിര്‍ത്താന്‍ ആജ്ഞാപിച്ചു. അയാള്‍ വായനയോടൊപ്പം സകല എഫക്റ്റുകളും പൊതിഞ്ഞെടുത്ത് നീട്ടി നന്ദി പറഞ്ഞ് ഇനിയും വിളിക്കണമെന്നഭ്യര്‍ഥിച്ച് മറഞ്ഞുപോയി. ടോയ്ലെറ്റില്‍ പോയിവരുമ്പോള്‍ ഇനി ഭയസാഹിത്യം വേണ്ട. കുറച്ച് കുറ്റകൃത്യങ്ങളും അന്വേഷണവുമാകാം. ടോയ്ലെറ്റിലിരിക്കവേ പ്ലീസ്... പ്ലീസ്... ദയവായി ഞങ്ങളെ വായനയ്ക്ക് വിളിക്കൂ എന്ന് പുതുകാല ക്രൈമെഴുത്തുകാര്‍ ചുറ്റുംകൂടിനിന്ന് ഓഫറുകള്‍ പരസ്യം ചെയ്തുകൊണ്ടിരുന്നു. ഒരാളെപ്പറ്റിയും കേട്ടിട്ടില്ല. നമുക്കറിയാത്തവരെ നമുക്ക് വേണ്ട. കൈയുയര്‍ത്തി വായുവിലെ സ്‌കിപ്പ് ആഡ് ഞെക്കി സകലരെയും ഒഴിവാക്കി. അറിയാവുന്ന ഒരാളുണ്ട്.
ഷെര്‍ലക്ക് ഹോംസ്, അവന്‍ മതി. ഭയങ്കര ബുദ്ധിമാനായ കുറ്റാന്വേഷകനാണെന്ന് കേട്ടിട്ടുണ്ട്. പഴയകാലത്തെ ക്രൈം സീനും അന്വേഷണരീതികളുമൊക്കെ ഹോംസിന്റെ പടച്ചവന്റെ കൈപിടിച്ചുതന്നെ അനുഭവിച്ചുകളയാ...
എഴുതിയതാരാണാവോ...
ആരായാലെന്താ വരുമ്പോ കാണാം...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..