പ്രതീകാത്മക ചിത്രം (Photo: മാതൃഭൂമി)
ഭരണകൂടം പൊട്ടിച്ചെടുത്ത താലിച്ചരടിന്റെ കഥ മാതൃഭൂമിയില്‍ ആദ്യമായി അച്ചടിമഷി പുരളുമ്പോള്‍ കമലാബായി പ്രഭുവിനെ രാത്രി പോലീസുകാര്‍ വെല്ലൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കമലാബായി പ്രഭു അജ്ഞാതമായൊരു പേരല്ല. സമരരംഗത്ത് അടിയുറച്ചുനിന്ന തലശ്ശേരിയിലെ എല്‍.എസ്.എസ്. പ്രഭുവിന്റെ ഭാര്യയാണവര്‍. പണ്ഡിതശ്രേഷ്ഠനായിരുന്ന ശേഷഗിരി പ്രഭുവിന്റെ മകള്‍. 1932-ല്‍ ദേശീയ സിവില്‍ നിയമലംഘന സമരത്തിനിടെയാണ് തലശ്ശേരിയില്‍ കമലയും കോഴിക്കോട്ട് എ.വി. കുട്ടിമാളു അമ്മയും സഹനസമരം സംഘടിപ്പിച്ചത്.
ഇവരെ അറസ്റ്റുചെയ്തു.
അന്ന് മാതൃഭൂമിയുടെ ഡയറക്ടായിരുന്ന കുട്ടിമാളു അമ്മ, രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനോടൊപ്പമാണ് ജയിലിലേക്കു പോയത്.നിയമംലംഘിച്ച കമലാബായി, മാധവിയമ്മ, സാംഭവീയ എന്നിവരെ തലശ്ശേരി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കി. ബ്രിട്ടീഷുകാരനായ മജിസ്ട്രേറ്റ് ഡോഡ്വെല്‍ കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ വിഴയും വിധിച്ചു. പിഴയൊടുക്കാന്‍ പണമില്ലെന്നും കൂടുതല്‍ക്കാലം തടവുകിടക്കാന്‍ തയ്യാറാണെന്നും ആ സ്വാധി പറഞ്ഞു.
ആ അപേക്ഷ മജിസ്ട്രേറ്റ് നിഷ്‌കരുണം തള്ളി. പണമില്ലെങ്കില്‍ ആഭരണങ്ങള്‍ അഴിച്ചുവെക്കണമെന്ന് അദ്ദേഹം വിധിച്ചു. കമ്മലും മൂക്കുത്തിയും ഉടനെ അവര്‍ അഴിച്ചുനല്‍കി. എന്നാല്‍, ഡോഡ്വെല്‍ ഒരു പോലീസുകാരനെ വിളിച്ച് താലിച്ചരടുകൂടി പൊട്ടിക്കാന്‍ ആജ്ഞാപിച്ചു. വിധവകള്‍ മാത്രമാണ് താലി അഴിച്ചുവെക്കാറുള്ളതെന്ന് കമലാബായി വാദിച്ചു. മംഗല്യസൂത്രം അത്രമേല്‍ പവിത്രമാണ്. കോടതിയിലുണ്ടായിരുന്ന അഭിഭാഷകന്‍ ഡിക്രൂസ് ഒരുകാരണവശാലും താലിച്ചരട് പൊട്ടിക്കരുതെന്ന് മജിസ്ട്രേറ്റിനോട് അപേക്ഷിച്ചു.
എന്നാല്‍, അഭിഭാഷകനെ മജിസ്ട്രേറ്റ് ശകാരിക്കുകയാണുണ്ടായത്. ഒരു പോലീസുകാരന്‍ താലിച്ചരട് അറക്കുന്നതിനെക്കാള്‍ ഭേദം സഹതടവുകാരി അതു ചെയ്യുന്നതാണെന്നു കരുതിയ കമല, മാധവിയമ്മയോട് താലിച്ചരട് പൊട്ടിച്ചുകൊടുക്കാന്‍ പറഞ്ഞു. താലിച്ചരട് കിട്ടിയശേഷവും പരിഹാസപൂര്‍വം ഡോഡ്വെല്‍ മറ്റൊരു ചോദ്യം തൊടുത്തു. 'ബന്തവസ്സിലിരിക്കുമ്പോള്‍ ഇന്ത്യന്‍ സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ എന്തുചെയ്യും?'
തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു അതിനുള്ള മറുപടി.
അവരെ വെല്ലൂര്‍ ജയിലില്‍ അടയ്ക്കാനാണ് ഡോഡ്വെല്‍ ആജ്ഞാപിച്ചത്.1932 ജനുവരി 27-നാണ് മാതൃഭൂമി ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഏറ്റവും രൂക്ഷമായ ഭാഷയില്‍ മാതൃഭൂമി എഴുതിയ മുഖപ്രസംഗം ആ നടപടിക്കെതിരായ പ്രതിഷേധമായിരുന്നു. മാതൃഭൂമി ഇങ്ങനെ ചോദിച്ചു:'ഇംഗ്‌ളീഷുകാരുടെ മര്യാദ. പ്രത്യേകിച്ചും സ്ത്രീകളോടുള്ള മര്യാദ പ്രസിദ്ധമാണത്രേ. അതിന്റെ മാതൃക ഇന്ത്യയില്‍ കാണിക്കുമ്പോള്‍ ഇങ്ങനെയായിരിക്കുമോ?.' ആ മുഖപ്രസംഗം അധികാരികളുടെ കണ്ണുതുറപ്പിച്ചു. അഴിച്ചെടുത്ത താലി തിരികെനല്‍കാന്‍ മലബാര്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആജ്ഞാപിച്ചു. പക്ഷേ, ഗവണ്‍മെന്റ് തിരിച്ചുകൊടുത്ത താലിമാല സ്വീകരിക്കാന്‍ കമലാബായി കൂട്ടാക്കിയില്ല.
Content Highlights: about hundred years of mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..