രാജ്മോഹൻ ഗാന്ധി| Photo: Mathrubhumi
മാതൃഭൂമി കേവലം ഒരു പത്രമല്ല, പോരാട്ടത്തിന്റെയും ബദ്ധപ്പാടുകളുടെയും പ്രതീക്ഷയുടെയും കാലത്ത് മലയാളിയെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ചരടാണ്. ഈ ശതാബ്ദി നാഴികക്കല്ലിൽനിന്ന് നോക്കുമ്പോൾ പർവതങ്ങൾ കീഴടക്കിയ മഹാരഥന്മാരെ കാണാം. അവരെ അഭിവാദ്യം ചെയ്യാം...മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ എഴുതുന്നു
മാതൃഭൂമിയുടെ ശതാബ്ദി ഒരു നാഴികക്കല്ലാണ്. ഇവിടെനിന്ന് ഭൂതകാലത്തെക്കുറിച്ച് തിരക്കുന്ന പുതുതലമുറയ്ക്ക് അസാധാരണമായ ഉത്തരങ്ങൾ പ്രതീക്ഷിക്കാം. നൂറുവർഷംമുമ്പ് മാതൃഭൂമിക്ക് തുടക്കംകുറിച്ച ധീരമലയാളികൾക്ക് കീഴടക്കാനുണ്ടായിരുന്നത് ഒരു മലയായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൽനിന്നുള്ള രാജ്യത്തിന്റെ മോചനം എന്ന ലക്ഷ്യവും ജാതികളും ഉപജാതികളും നിശ്ചയിക്കുന്ന ശ്രേണീബദ്ധതയില്ലാത്ത സമൂഹം, മതവിഭാഗങ്ങളുടെ സഹവർത്തിത്വമില്ലായ്മ എന്നീ പ്രശ്നങ്ങളും അവർക്കുമുന്നിൽ പർവതങ്ങളായി എഴുന്നുനിന്നു.
ലക്ഷ്യങ്ങൾ ഓരോന്നും എത്തിപ്പിടിക്കാൻ ഏറെ പ്രയാസമുള്ള ഉയരങ്ങളിലായിരുന്നു. അതിലേക്ക് തിരഞ്ഞെടുത്ത മാർഗമാകട്ടെ, കൂടുതൽ ദുഷ്‌കരവും. കാരണം, അത് മനുഷ്യരെല്ലാം ഒന്നാണെന്നുള്ള യുക്തിബോധത്തിന്റെ വഴിയായിരുന്നു. ആ വഴിയിലെ കിടങ്ങുകൾപോലെ ജയിലറകളും മുള്ളുകൾപോലെ അപമാനങ്ങളും. ബ്രിട്ടീഷുകാർ നമ്മളെ നന്ദിയില്ലാത്തവരെന്ന് വിളിക്കും. ഇന്നാട്ടിലെ മൗലികവാദികൾ അത് ഏറ്റുവിളിക്കും. അവർ അതു തുടരട്ടെ. സ്വാതന്ത്ര്യവും സമത്വവും നേടാൻ ഇത്തരം തടസ്സങ്ങളെ മറികടക്കുകതന്നെ വേണം.
ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് (1924-’25) മുൻകൈയെടുത്തത് മാതൃഭൂമിയുടെ സ്ഥാപകരും അവരോടുചേർന്ന് പ്രവർത്തിച്ച നവോത്ഥാന നായകരുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഗാന്ധിജിയും സമരത്തിന് ഒപ്പംനിന്നു. അതുപിന്നെ ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവുമായ ഭാവിക്ക് വഴിത്തിരിവായി. കാലങ്ങളായി പിന്തള്ളപ്പെട്ടിരുന്ന ഒരു ജനതയ്ക്കുമുന്നിൽ ഏതാനും ചില വഴികൾ തുറന്നുകിട്ടി എന്നതല്ല വൈക്കം സത്യാഗ്രഹത്തിന്റെ പ്രാധാന്യം.
തൊട്ടുകൂടായ്മ രോഗംപോലെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നെന്നും അതിനെ നേർക്കുനേർ നിന്ന് പോരാടി തോൽപ്പിക്കണമെന്നും ലോകമെമ്പാടുമുള്ള മലയാളികളെയും ഇന്ത്യക്കാരെയും ബോധ്യപ്പെടുത്താനായി എന്നതാണ്. അതിന്റെ പ്രതിധ്വനി ദൂരവ്യാപകമായിരുന്നു. ഇന്ത്യയുടെ സാമൂഹിക ചിന്താധാര പുതിയൊരു ദിശ കണ്ടെത്തി. സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങൾ സമന്വയിച്ചു. എല്ലാത്തിലും ഉപരിയായി നാട്ടുരാജ്യങ്ങളിലെയും ബ്രിട്ടീഷ് ഇന്ത്യയിലെയും ജനങ്ങൾ അവരുടെ ഏകത്വം തിരിച്ചറിഞ്ഞു.
1932-ൽ ഗുരുവായൂർ ക്ഷേത്രം എല്ലാവർക്കുമായി തുറന്നുകൊടുക്കണോ എന്ന വിഷയത്തിൽ പരിസരവാസികളായ ജാതിഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടന്നു. ക്ഷേത്രപ്രവേശത്തിന് അനുകൂലമായ തരത്തിൽ ആ ഹിതപരിശോധനയെ സ്വാധീനിക്കുന്നതിൽ മാതൃഭൂമി വലിയപങ്കുവഹിച്ചു. വോട്ടെടുപ്പിനുശേഷം ക്ഷേത്രപ്രവേശം സാധ്യമാകാൻ കാലതാമസം ഉണ്ടായി എന്നതു ശരിയാണ്. അതിനിടയിലും സാമൂഹികവിപ്ലവം അനുസ്യൂതം തുടരുകതന്നെ ചെയ്തു. മാതൃഭൂമിയുടെ പഴയ കോപ്പികൾ ഗവേഷകർക്ക് വിലപ്പെട്ട വിവരസ്രോതസ്സാണ്. മാതൃഭൂമി കേവലം ഒരു പത്രമല്ല, പോരാട്ടത്തിന്റെയും ബദ്ധപ്പാടുകളുടെയും പ്രതീക്ഷയുടെയും കാലത്ത് മലയാളിയെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ചരടാണ്. ഈ ശതാബ്ദിനാഴികക്കല്ലിൽനിന്ന് നോക്കുമ്പോൾ പർവതങ്ങൾ കീഴടക്കിയ മഹാരഥന്മാരെ കാണാം. അവരെ അഭിവാദ്യം ചെയ്യാം.
Content Highlights: 100 years of mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..