അറുതിവേണ്ടേ, ഈ കുരുതിക്ക്


ഹമീദ് ചേന്നമംഗലൂർ| Photo: Mathrubhumi

രാഷ്ട്രീയപ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനുപകരം ദൈഹികമായി നേരിടാന്‍ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുമ്പോഴാണ് കൊലയാളിരാഷ്ട്രീയം പിറക്കുന്നത്. കേരളത്തില്‍ കൊലക്കത്തിരാഷ്ട്രീയത്തിന് ഏറ്റവും കൂടുതല്‍ സാക്ഷ്യംവഹിച്ചത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ്. അവിടെ ആളുകളുടെ ശിരസ്സറുക്കുന്ന രാഷ്ട്രീയക്രിയയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതാകട്ടെ സി.പി.എമ്മും സംഘപരിവാറുമായിരുന്നു.

കണ്ണൂര്‍ മേഖലയിലായാലും മറ്റിടങ്ങളിലായാലും കശാപ്പുരാഷ്ട്രീയത്തിലേര്‍പ്പെടുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ മുഖമുദ്ര ആശയസംഘട്ടനം എന്നതിലേറെ ശാരീരിക സംഘട്ടനമാണെന്നത് ശ്രദ്ധേയമാണ്. സിപി.എം.-ആര്‍.എസ്.എസ്. സംഘര്‍ഷംതന്നെ ഉദാഹരണമായെടുക്കാം.
സി.പി.എം. പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രവും ആര്‍.എസ്.എസ്. പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രവും തമ്മിലുള്ള യുദ്ധഭൂമിയായല്ല കണ്ണൂരും കാസര്‍കോടും പാലക്കാടും മറ്റും അറിയപ്പെടുന്നത്. മാര്‍ക്‌സിസവും ഗോള്‍വാര്‍ക്കറിസവും തമ്മിലുള്ള ആരോഗ്യകരവും അര്‍ഥപൂര്‍ണവുമായ ആശയസംവാദങ്ങള്‍ക്ക് ഈ പ്രദേശങ്ങളൊന്നും ഒരുകാലത്തും വേദിയായിട്ടില്ല. ഇരുകക്ഷികളിലെയും പ്രഗല്ഭര്‍ താന്താങ്ങളുടെ പ്രത്യയശാസ്ത്രസമീപനങ്ങള്‍ പരസ്പരബഹുമാനത്തോടെ അവതരിപ്പിക്കുന്ന സമ്മേളനങ്ങള്‍ക്ക് ഇന്നേവരെ രണ്ടുകൂട്ടരും മുന്നോട്ടുവന്നതായി കണ്ടിട്ടില്ല. തുറന്ന ആശയസമരങ്ങള്‍ക്ക് തുറന്ന മനസ്സുവേണം. അത്തരം മാനസികതുറവിന്റെ അഭാവത്തിലത്രേ ആശയങ്ങളുടെ ചിറകരിയുന്നതിനുപകരം ആളുകളുടെ ശിരസ്സരിയുന്ന രക്തപങ്കിലരാഷ്ട്രീയത്തിലേക്ക് പാര്‍ട്ടികള്‍ എത്തിച്ചേരുന്നത്.

ഈ പരിണതിയുടെ മുഖ്യകാരണം ജനാധിപത്യ അവബോധരാഹിത്യമാണ്. ബി.ജെ.പി. ആയാലും സി.പി.എമ്മായാലും കോണ്‍ഗ്രസോ ലീഗോ ആയാലും കണ്ണൂരടക്കമുള്ള ചില പ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനമേഖലയില്‍ അപരരാഷ്ട്രീയക്കാര്‍ കടന്നുവരുന്നതിനോട് ബന്ധപ്പെട്ട പാര്‍ട്ടികള്‍ കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നു. പേശീബലമുപയോഗിച്ച് അത് തടയുന്ന ഏര്‍പ്പാടും നിലവിലുണ്ട്. സ്വന്തം പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നത് ശരിതന്നെ. പക്ഷേ, ആ സ്വാതന്ത്ര്യം ജനാധിപത്യമര്യാദകള്‍ക്ക് വിധേയമായിരിക്കണം. മറ്റുവിധത്തില്‍ പറഞ്ഞാല്‍, ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടല്ല, അതിന്റെ ആശയപ്രപഞ്ചത്തിന്റെ ബലഹീനതകള്‍ തുറന്നുകാട്ടിവേണം അതിനെ നേരിടാന്‍.

ജനാധിപത്യമല്ല മറിച്ച് പ്രതീതി ജനാധിപത്യമാണ് കൊലപാതകരാഷ്ട്രീയം വളര്‍ന്നിടത്തെല്ലാം നാം കാണുന്നത്. ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങള്‍ക്ക് അധീശത്വമുള്ളിടങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ ഇച്ഛ അടിച്ചേല്‍പ്പിക്കുന്നു. ഒരുതരം സമഗ്രാധിപത്യ മനഃസ്ഥിതിക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കീഴ്പ്പെടുന്നു എന്നര്‍ഥം. വോട്ടെടുപ്പുപോലും അതത് പ്രദേശങ്ങളില്‍ മേധാവിത്വമുള്ള പാര്‍ട്ടികളുടെ ഇച്ഛാനുസരണം നടക്കുന്ന അവസ്ഥയുമുണ്ട്. ബാഹ്യതലത്തില്‍ ജനാധിപത്യത്തിന്റെ പുകമറ നില്‍ക്കുമ്പോഴും അകമേ വാഴുന്നത് പാര്‍ട്ടികളുടെ സ്വേച്ഛാധിപത്യമാണ്.

കൊലക്കത്തിരാഷ്ട്രീയത്തിന് അറുതിവരുത്തുന്നതിനെക്കുറിച്ച് അടിയന്തര ശ്രദ്ധപതിയേണ്ടത് ഈ പ്രതീതി ജനാധിപത്യത്തിലാണ്. പൗരന്‍മാര്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുന്നിടത്തേ ജനാധിപത്യം സാര്‍വത്രികമാകൂ. പ്രതീതി ജനാധിപത്യവുമായി ബന്ധപ്പെട്ട മറ്റൊരു മേഖലയാണ് കേസന്വേഷണം. സത്യവും നീതിയും മാറ്റിവെച്ച് രാഷ്ട്രീയപ്പര്‍ട്ടികളുടെ തീട്ടൂരങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന പോലീസ് സേന കശാപ്പുരാഷ്ട്രീയത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുന്ന പ്രമുഖഘടകമാണ്. ഈ സ്ഥിതിവിശേഷത്തില്‍ മാറ്റംവരണമെന്ന് 2008 മാര്‍ച്ചില്‍ കേരള ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. മുഹമ്മദ് ഫസല്‍വധം സംബന്ധിച്ച കേസില്‍ അന്ന് ജസ്റ്റിസ് വി. രാംകുമാര്‍, 'രാഷ്ട്രീയ ഇടപെടലുകളില്ലാതെ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയാല്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താന്‍ മിടുക്കരാണ് കേരളാ പോലീസ്' എന്നഭിപ്രായപ്പെട്ടശേഷം പറഞ്ഞതിങ്ങനെ; ''സ്വാധീനമുള്ള രാഷ്ട്രീയക്കാരുടെ ദുഷ്ടബുദ്ധിക്ക് വഴങ്ങി യഥാര്‍ഥ കുറ്റവാളികളെ പോലീസ് സംരക്ഷിക്കുന്നത് നിലനില്‍പ്പിന്റെ പേരിലാണെങ്കിലും ലജ്ജാകരമാണ്. പാര്‍ട്ടിഓഫീസുകളില്‍നിന്ന് നല്‍കുന്ന പട്ടികയനുസരിച്ച് വാടകഗുണ്ടകളെയോ പാര്‍ട്ടിച്ചെലവില്‍ ജയിലില്‍പ്പോകാന്‍ തയ്യാറുള്ളവരെയോ ആണ് പ്രതികളാക്കുന്നത്. ലോക്കപ്പില്‍നിന്ന് പാര്‍ട്ടി കുറ്റവാളികളെ രക്ഷിക്കാന്‍ ജനപ്രതിനിധികള്‍വരെ സ്റ്റേഷനില്‍ ഇടിച്ചുകയറിയതായി റിപ്പോര്‍ട്ടുണ്ട്.'' (മാതൃഭൂമി, 12-03-2008) ക്രമസമാധാനം നടപ്പാക്കുന്ന കാര്യത്തില്‍ പോലീസിന്റെ അവിഹിത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിക്കൂടാ. ആക്രമണത്തിന്റെ ഉപാസകരായി മാറുന്ന രാഷ്ട്രീയനേതാക്കളെ തുറന്നുകാട്ടാനുള്ള ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരികയും വേണം. കശാപ്പുരാഷ്ട്രീയത്തില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ ആ ദിശയിലുള്ള മുന്നേറ്റം കൂടിയേ തീരൂ.

Content Highlights: 100 years of mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented