ഡോ. ടി.പി. സേതുമാധവൻ| Photo: Mathrubhumi Library
കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയ്ക്കുശേഷം ഏറെ പ്രതീക്ഷയോടെയാണ് ലോകം ഇനിയുള്ള കാലത്തെ കാത്തിരിക്കുന്നത്. ഭാവിതൊഴിലുകള്‍, ഇന്നൊവേഷനുകള്‍, സാങ്കേതികവിദ്യകള്‍, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള രീതികള്‍, ബഹിരാകാശയാത്രകള്‍, വാക്‌സിനുകള്‍, കണ്ടുപിടിത്തങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റിയുഗം, ഡിജിറ്റൈസേഷന്‍ തുടങ്ങിയ മേഖലകളില്‍ ഈവര്‍ഷം ലോകത്ത് ഒട്ടേറെ പുത്തന്‍പ്രവണതകള്‍ ദൃശ്യമാകും.
- സോളാര്‍ ജിയോ എന്‍ജിനിയറിങ്: സൂര്യന്റെ അമിതമായ ചൂടിനെ ചെറുത്തുനില്‍ക്കാന്‍ തണലേകുന്ന സോളാര്‍ മാനേജ്മെന്റ് സാങ്കേതികവിദ്യയാണിത്. കാലാവസ്ഥയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ചചെയ്തുവരുന്നു. ഹാര്‍വാഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിനുപിന്നില്‍. scopex എന്നാണ് പരീക്ഷണത്തിന്റെ പേര്.
- ഉഷ്ണപമ്പുകള്‍: കെട്ടിടങ്ങളില്‍നിന്ന് ചൂട് പുറത്തേക്കുവിട്ട് താപനില കുറയ്ക്കുന്നതിനുപകരം പുറമേനിന്ന് ചൂട് അകത്തേക്കുവിടുന്ന സാങ്കേതികവിദ്യയാണിത്. ഗ്രേഡിയന്റ് എന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ കമ്പനിയാണ് ഇതിനുപിന്നില്‍. 2022-ല്‍ ഇത് വിപണിയിലിറങ്ങും.
- ഡെലിവറി ഡ്രോണുകള്‍: ഇ-കൊമേഴ്സിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡെലിവറി ഡ്രോണുകള്‍ 2022-ല്‍ കൂടുതല്‍ വിപുലപ്പെടും. മാന്ന എന്ന ഐറിഷ് സ്റ്റാര്‍ട്ടപ്പ്, ഗാല്‍വേ എന്നിവ അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. ഗൂഗിളിന്റെ സബ്സിഡിയറി കമ്പനി വിങ് അമേരിക്കയിലും തപാല്‍ ഉരുപ്പടികള്‍ വിതരണംചെയ്തുവരുന്നു.
- സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റ്: അതിവേഗത്തില്‍ യാത്രചെയ്യാവുന്ന സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വായുവിലിറങ്ങും.
- ത്രീഡി വീടുകള്‍: നിര്‍മാണമേഖലയില്‍ അഡിറ്റീവ് മാനുഫാക്ചറിങ് അഥവാ ത്രീഡി പ്രിന്റിങ് അവലംബിച്ച് യഥാര്‍ഥവീടുകള്‍ നിര്‍മിക്കും.
- സ്ലീപ്പ് സാങ്കേതികവിദ്യ: ഉറക്കം ഉറപ്പുവരുത്താനും മോണിറ്ററിങ്ങിനും ഇടവരുത്തുന്ന സാങ്കേതികവിദ്യയാണിത്.
- ഡയറക്ട് എയര്‍കാപ്ചര്‍: വായുവിലെ കാര്‍ബണ്‍ഡയോക്‌സൈഡിനെ ആഗിരണംചെയ്യുന്ന ഡയറക്ട് എയര്‍ കാപ്ചര്‍ (ഡി.എ.സി.) ടെക്‌സസില്‍ തുടങ്ങി. ആഗോളതാപനില കുറയ്ക്കാനുള്ള സാങ്കേതികവിദ്യയാണിത്. അമേരിക്കന്‍ കമ്പനിയായ തെര്‍മോസ്റ്റാറ്റാണ് ഇതിനുപിന്നില്‍.
- ത്രീഡി പ്രിന്റഡ് ഇംപ്ലാന്റുകള്‍: കൃത്രിമാവയവ നിര്‍മാണമേഖലയില്‍ ത്രീഡി പ്രിന്റഡ് എല്ലുകള്‍, മറ്റ് ഇംപ്ലാന്റുകള്‍, കാര്‍ട്ടിലേജുകള്‍, ഹൃദയവാല്‍വുകള്‍ എന്നിവ വിപണിയിലിറങ്ങും.
- വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിത വ്യായാമം ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യ 2022-ല്‍ പുറത്തിറങ്ങും. ഗെയിം കളിച്ച് വ്യായാമം ചെയ്യാവുന്ന സാങ്കേതികവിദ്യ ഏവര്‍ക്കും ഇഷ്ടപ്പെടും.
- വെര്‍ട്ടിക്കല്‍ കൃഷിരീതികള്‍: കുറഞ്ഞചെലവില്‍ കൂടിയ ഉത്പാദനക്ഷമത ഉറപ്പുവരുത്തുന്ന വെര്‍ട്ടിക്കല്‍ ഫാമിങ് രീതികള്‍ കൂടുതല്‍ വിപുലപ്പെടും.
- പറക്കുന്ന ഇലക്ട്രിക് കാറുകള്‍: 2022-ല്‍ പുറത്തിറങ്ങും.
- ക്വാണ്ടം കംപ്യൂട്ടിങ്: ഈ സാങ്കേതികവിദ്യ കൂടുതല്‍ വിപുലപ്പെടും. ക്രിപ്റ്റോഗ്രാഫി, ഗവേഷണം, സാങ്കേതികവിദ്യ, ധനകാര്യ മേഖലയില്‍ ഇത് കൂടുതല്‍ പ്രാവര്‍ത്തികമാക്കും.
- വെര്‍ച്വല്‍ സ്വാധീനം: വ്യക്തികളെ സ്വാധീനിക്കാന്‍ കഴിയുന്ന വെര്‍ച്വല്‍ ഇന്‍ഫ്‌ളുവെന്‍സറുകള്‍ രൂപപ്പെടും. സേവനമേഖലയിലാണ് ഇത് കൂടുതലായി സ്വാധീനം ചെലുത്തുക. സാമൂഹികമാധ്യമങ്ങളില്‍ ഇവയുടെ ഉപയോഗം വര്‍ധിക്കും.
- കൃത്രിമ ഇറച്ചി, മത്സ്യം: ജന്തുജന്യ പ്രോട്ടീന്‍ കൃത്രിമമായി ലാബുകളില്‍ ഉത്പാദിപ്പിച്ചുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് വിപണിയില്‍ ലഭിക്കും. 2500 ഡോളര്‍ വിലയുണ്ടായിരുന്ന ചിക്കന്‍ ബര്‍ഗര്‍ 10 ഡോളറിന് വിപണിയില്‍ ലഭ്യമാകും.
- ബ്രെയിന്‍ ഇന്റര്‍ഫെയ്സ്: തലച്ചോറില്‍ ശാസ്ത്രീയ ഇടപെടലുകള്‍ നടത്തി ചിന്തയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാനുള്ള സംവിധാനം വിപണിയിലിറങ്ങും. ഇത് പക്ഷാഘാതം ബാധിച്ച രോഗികള്‍ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.
- മരുന്ന്: അല്‍ഷിമേഴ്സ് രോഗത്തെ നിയന്ത്രിക്കാനുള്ള മരുന്ന് എലിലില്ലി കമ്പനി പുറത്തിറക്കും. Aduhelm എന്ന ബ്രാന്‍ഡില്‍ ബയോജെന്‍ എന്ന കമ്പനി ഉത്പന്നങ്ങള്‍ വിപണിയിലിറക്കും. ഹീമോഫീലിയ രോഗത്തെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഹോളണ്ടിലെ ശാസ്ത്രജ്ഞര്‍ 2022-ല്‍ വിപണിയിലിറക്കും. Roctavian, Etranadez എന്നീ ബ്രാന്‍ഡുകളില്‍ ഇവ ആഗോളവിപണിയില്‍ ലഭ്യമാകും.
Content Highlights: 100 years of mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..