ആ പാട്ടിലെ വാവെയെന്ന വരി അവളെ വിളിക്കുന്നതായാണ് അവള്‍ കരുതിയിരുന്നത്- കെ.എസ് ചിത്ര അഭിമുഖം


പി.പ്രിജിത്ത്

6 min read
Read later
Print
Share

നന്ദന, നന്ദനയ്‌ക്കൊപ്പം ചിത്ര| Photo: Mathrubhumi Archives

1965-ല്‍ നടന്ന കഥയാണ്, കഥയായതുകൊണ്ടണ്ടുതന്നെ അതിശയവും അലങ്കാരങ്ങളും സ്വാഭാവികം. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മണിമുഴക്കം കവിത മനോഹരമായി പാടുന്നതുകൊണ്ടണ്ടാണ് കരമനകൃഷ്ണന്‍നായര്‍ക്ക് മണിമുഴക്കം കൃഷ്ണന്‍ നായരെന്ന വിളിപ്പേരുവന്നത്. അധ്യാപകനും സംഗീതജ്ഞനുമായ കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകള്‍ക്ക് രണ്ടു വയസ്സ് പ്രായം.

നാട്ടിലെ ഉത്സവംകൂടി മടങ്ങുന്ന രണ്ടുപേര്‍ സംഗീതശീലുകള്‍ നിറഞ്ഞ നായരുടെ വീട്ടിലേക്ക് കയറി. അതിഥികളായെത്തിയത് എം.ജി. രാധാകൃഷ്ണനും പ്രൊഫ. ഡോ. ഓമനക്കുട്ടിടീച്ചറും. സൗഹൃദസംഭാഷണങ്ങള്‍ക്കിടെ തൊട്ടിലിലേക്ക് ഇരുവരുടേയും നോട്ടം ചെന്നെത്തി. തൊട്ടിലില്‍ കിടന്ന് കുഞ്ഞ് പാടുകയാണ്. കേവലം ചില ശബ്ദമോ മൂളലുകളോ അല്ല. പ്രിയതമാ... എന്ന ഗാനം കഴിയാവുന്നത്ര താളത്തില്‍ ഭംഗിയായി. പാട്ടുകേട്ട് അതിഥികള്‍ അദ്ഭുതപ്പെട്ടെന്ന് കഥ. മറവിമായ്ക്കാത്ത കെ.എസ്. ചിത്രയുടെ ബാല്യകാല കഥകളില്‍ 'തൊട്ടില്‍ പാട്ട്' മിഴിവോടെ നില്‍ക്കുന്നു. പൊടിപ്പും തൊങ്ങലും ചേര്‍ന്ന് കഥ പിന്നെയും പലതരത്തില്‍ കുടുംബത്തിനകത്ത് അവതരിക്കപ്പെട്ടതായി പറയുമ്പോള്‍ പ്രിയഗായികയുടെ വാക്കുകളില്‍ ചിരിനിറയുന്നു.

ചെന്നൈ സാലിഗ്രാമത്തിലെ കെ.എസ്. ചിത്രയുടെ വീടിന്റെ സ്വീകരണമുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ പുരസ്‌കാരങ്ങളുടെ വലിയൊരു നിര നമ്മെ വരവേല്‍ക്കും. ആറ് ദേശീയപുരസ്‌കാരങ്ങളും പതിനാറ് കേരളചലച്ചിത്ര അവാര്‍ഡുകളും പദ്മശ്രീ ബഹുമതിയും കൂട്ടത്തില്‍ തലയെടുപ്പോടെയുണ്ട്.സംഗീതയാത്രയില്‍ വന്നുചേര്‍ന്ന കൗതുകവസ്തുക്കളും പ്രിയപ്പെട്ടവര്‍ നല്‍കിയ സമ്മാനങ്ങളും സ്വീകരണമുറിയെ അലങ്കരിക്കുന്നു. സൗത്ത് ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രമുഖരെല്ലാം കൈയൊപ്പുചാര്‍ത്തിയ തംബുരുവും അവിടെയുണ്ട്. ചുമരിലെ ചിത്രങ്ങളില്‍ ആദ്യം കണ്ണുടക്കുക മകള്‍ നന്ദനയുടെ ചിരിക്കുന്ന മുഖത്താണ്.

മനസ്സില്‍ തങ്ങിനില്‍ക്കുന്ന ബാല്യകാല ഓര്‍മകള്‍ ഇനിയുമേറെ ഉണ്ടാകില്ലേ..?

കരമന പള്ളിത്താനം ക്ഷേത്രത്തിലെ പ്രഭാതകീര്‍ത്തനം കേട്ടുകൊണ്ടാണ് ഓരോദിവസവും പുലര്‍ന്നത്. സംഗീതത്തിനൊപ്പം ജീവിച്ച അച്ഛന്‍, വീണവായനയില്‍ ഏറെ കമ്പമുള്ള അധ്യാപികയായ അമ്മ, പാട്ട് പഠിക്കുകയും പാടുകയും ചെയ്യുന്ന ചേച്ചി, വാദ്യോപകരണങ്ങളില്‍ വിരലോടിച്ച് സന്തോഷം കണ്ടെത്തിയ സഹോദരന്‍.... കുട്ടിക്കാലത്തെ സാഹചര്യം സംഗീതാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.വീട്ടിലെ ചിട്ടകളാണ് എന്നെ ഗായികയാക്കിയത്. സന്ധ്യാസമയത്ത് ദീപം തെളിയിച്ച് നാമംജപിക്കുന്നതും, പഠിച്ച കീര്‍ത്തനങ്ങള്‍ തെറ്റുകൂടാതെ സ്ഫുടതയോടെ പാടിക്കേള്‍പ്പിക്കുന്നതുമെല്ലാം ദിനചര്യയുടെ ഭാഗമായിരുന്നു.

സംസ്ഥാന യുവജനോത്സവത്തില്‍ രണ്ടുതവണ ഒന്നാംസ്ഥാനം. കലോത്സവവിജയങ്ങളിലൂടെ സ്‌കൂള്‍കാലത്തുതന്നെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നുവല്ലേ..?

അധ്യാപക ദമ്പതിമാരുടെ മകളായതിനാല്‍ സ്‌കൂളില്‍ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയായിരുന്നു ഞാന്‍. പഠനത്തില്‍ അത്രവലിയ കേമിയൊന്നുമായിരുന്നില്ല. പാട്ടിലെ കഴിവ് സ്‌കൂളിലുള്ളവര്‍ തിരിച്ചറിഞ്ഞതോടെ തിരക്കായി. യുവജനോത്സവ സമയമായാല്‍ ക്ലാസില്‍ കയറാന്‍ സമയംകിട്ടില്ല. വ്യക്തിഗതമത്സരങ്ങള്‍ക്ക് പുറമെ ഒപ്പനയ്ക്കും സംഘനൃത്തത്തിനുമെല്ലാം പാടിക്കൊടുക്കേണ്ട ചുമതലയും വന്നു. ലളിതഗാന മത്സരത്തില്‍ എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്‍ ചിട്ടപ്പെടുത്തിയ ഓടക്കുഴലേ... ഓടക്കുഴലേ...എന്ന ഗാനം പാടിയായിരുന്നു ആദ്യവിജയം നേടിയത്

കേരള യൂണിവേഴ്‌സിറ്റിയിലെ മൂന്നാം റാങ്കുകാരി, കാമ്പസിലെ അറിയപ്പെടുന്ന പിന്നണിഗായിക... നിറപ്പകിട്ടാര്‍ന്ന കോളേജ് കാലത്തിലേക്ക് നോക്കുമ്പോള്‍..

ഇന്ത്യന്‍ ഹിസ്റ്ററിയും വേള്‍ഡ് ഹിസ്റ്ററിയും മ്യൂസിക്കുമായിരുന്നു വിഷയം. മ്യൂസിക്ക് ഉള്ളതുകൊണ്ടാണ് റാങ്ക് കിട്ടിയത്. അമ്മ ഹിസ്റ്ററി അധ്യാപികയായിരുന്നെങ്കിലും ചരിത്രപഠനത്തോട് എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. പഠനത്തില്‍ ശരാശരി മാത്രം. അമ്മയുടെ ഭാഷ കടമെടുത്താല്‍ കയ്യാലപ്പുറത്തെ തേങ്ങ. അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞുവീഴാവുന്ന അവസ്ഥയായിരുന്നു. സംഗീതം മുഖ്യവിഷയമായി എടുത്തതോടെ ഞാന്‍ മിടുക്കിയായി. പ്രാക്ടിക്കലിലെല്ലാം ഫുള്‍മാര്‍ക്കായിരുന്നു. പിന്നണിഗായിക എന്നനിലയില്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നെങ്കിലും, കൂട്ടുകാരുമായി ചെലവിട്ട നല്ല കാമ്പസ് ഓര്‍മകള്‍ ഇന്നും മനസിലുണ്ട്.

ക്ഷേത്ര കീര്‍ത്തനങ്ങള്‍ കേട്ടും,നാട്ടുവഴികളിലൂടെ നടന്നും വളര്‍ന്ന മനസ്സ്, മദിരാശിപോലൊരു പട്ടണത്തെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ടില്ലേ...

പാട്ടിനുവേണ്ടിയാണല്ലോ എന്നോര്‍ത്ത് പ്രയാസങ്ങള്‍ മറന്നു. മദിരാശിയില്‍ ആദ്യമെത്തിയപ്പോള്‍ വെള്ളം പറ്റുന്നില്ല, ചൂട് സഹിക്കാനാവുന്നില്ല, നാവിനുപിടിക്കാത്ത രുചികള്‍... പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. രവീന്ദ്രന്‍മാഷ് വിളിച്ചിട്ടാണ് പാടാനായി മദിരാശിയിലേക്കെത്തുന്നത്. പഠനകാലത്ത് സ്‌കോളര്‍ഷിപ്പ് ആവശ്യങ്ങള്‍ക്കായി പോയിട്ടുണ്ട് എന്നതായിരുന്നു മദിരാശിയുമായുള്ള മുന്‍പരിചയം. മാഷിന്റെ സംഗീതത്തില്‍ കവി മുല്ലനേഴി എഴുതിയ 'ഉണ്ണിത്തിരുമനസ്സേ..' എന്ന ഗാനം തിരുവനന്തപുരത്ത് പാടിയിരുന്നു. അത് ഇഷ്ടപ്പെട്ടാണ് ചെന്നൈയിലേക്ക് വിളിക്കുന്നത്.
രവീന്ദ്രന്‍ മാഷ് റെയില്‍വേസ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയെന്നത് അന്ന് വലിയസന്തോഷം നല്‍കി. മാഷ് തന്നെയാണ് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതും. അതെല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍മയിലുണ്ട്. നുങ്കമ്പാക്കത്തെ രാജ് ഹോട്ടലിലായിരുന്നു താമസിച്ചത്.

ഇഷ്ടത്തോടെ ചേര്‍ന്നു നില്‍ക്കുന്നഗാനങ്ങള്‍ പോലെ പിണങ്ങിമാറിനിന്ന പാട്ടുകളുണ്ടോ

ജീവിതത്തോട് ചേര്‍ന്നു നില്‍ക്കാനും പിണങ്ങി മാറാനും പാട്ടുകള്‍ക്ക് പ്രത്യേക കഴിവുള്ളതായി തോന്നിയിട്ടുണ്ട്. എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ... എന്ന പാട്ട് കുറേനാള്‍ കേള്‍ക്കുകയോ പാടുകയോ ചെയ്തില്ല. മകള്‍ നന്ദനയുടെ പാട്ടായിരുന്നു അത്. പാട്ടിലെ വാവെയെന്ന വരി അവളെ വിളിക്കുന്നതായാണ് അവള്‍ കരുതിയിരുന്നത്. രാത്രിയേറെ വൈകിയുള്ള സ്റ്റേജ് പരിപാടിയിലും നന്ദന ഈ പാട്ടുവരുന്നതുവരെ ഉണര്‍ന്നിരിക്കുമായിരുന്നു, പാട്ടിനുവേണ്ടി കണ്ണുമിഴിച്ചിരിക്കും. ആ പാട്ടുകഴിയുന്നതോടെ ഉറക്കത്തിലേക്ക് ചായും. അവള്‍ പോയപ്പോള്‍ ആ പാട്ടിനെ ജീവിതത്തില്‍നിന്ന് കുറേക്കാലം മാറ്റിനിര്‍ത്തി.

ഹെയിറ്റേഴ്‌സില്ലാത്ത ഗായികയാണ് കെ.എസ്. ചിത്ര. പാട്ടിലും പ്രവൃത്തിയിലും വലിയ വിവാദങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല. എങ്ങനെയാണ് ഇത്തരമൊരു ഇടപെടല്‍ സാധ്യമാകുന്നത്?

മുഷിഞ്ഞ് സംസാരിക്കാനും മുഖംകറുപ്പിച്ച് പെരുമാറാനും പൊതുവെ എനിക്കറിയില്ല. 'നോ' പറയേണ്ടിടത്ത് നോ പറയാന്‍പോലും പ്രയാസമാണ്. അതൊരു നെഗറ്റീവ് ക്വാളിറ്റിയായി പലരും പറയാറുണ്ട്. എന്നാലും, ചെറുപ്പംമുതലുള്ള ശീലമാണ്. മറ്റൊരാള്‍ക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാകണം ഇത്രയും കാലത്തിനിടെ വലിയതോതിലുള്ള ക്രിട്ടിസിസമൊന്നും വരാത്തത്.

മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് പാടിയത്. അന്യഭാഷയിലെ പാട്ടോര്‍മകളിലേക്ക് കടന്നാല്‍..?

തെലുങ്ക് സൗന്ദര്യമുള്ള ഭാഷയാണ്. അന്യഭാഷകളില്‍ പാടുകയെന്നത് തുടക്കത്തില്‍ പ്രയാസമുണ്ടാക്കിയിരുന്നെങ്കിലും ഇന്ന് ബുദ്ധിമുട്ടില്ല.തെലുങ്ക് വായിക്കാനും എഴുതാനും അത്യാവശ്യം സംസാരിക്കാനും അറിയാം. തമിഴിനോട് ചെറുപ്പംമുതലേ അടുപ്പമുണ്ടായിരുന്നു. പാടിത്തുടങ്ങുന്ന കാലത്ത് പിന്നണിഗായിക ലതികയാണ് തമിഴ് എഴുതിത്തന്നത്. മുപ്പതുദിവസംകൊണ്ട് ഭാഷ പഠിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. കന്നഡ വായിക്കാനറിയാം, ഹിന്ദിപ്പാട്ടുകള്‍ ഹിന്ദിയില്‍ത്തന്നെ എഴുതിയെടുത്താണ് പാടുന്നത്. മറ്റു ഭാഷകളുമായി ചേര്‍ത്തുവെച്ചുനോക്കുമ്പോള്‍ മലയാളത്തില്‍ ഉച്ചാരണപ്രയാസമുള്ള വാക്കുകള്‍ ഏറെയാണ്. 'റ' എന്ന അക്ഷരമെല്ലാം നമുക്കുമാത്രമേയുള്ളൂ എന്നുതോന്നുന്നു. മലയാളത്തിലൊരു സിനിമയില്‍ രണ്ടുപാട്ടുകളാണ് പാടുന്നതെങ്കില്‍ തെലുങ്കിലെ ഒരു സിനിമയില്‍ ഡ്യൂയറ്റടക്കം ഏഴും എട്ടും പാട്ടുകള്‍ പാ ടിയിട്ടുണ്ട്. അതുകൊണ്ടാണ് തെലുങ്ക് സിനിമാഗാനങ്ങള്‍ എണ്ണത്തില്‍ മുന്നില്‍നില്‍ക്കുന്നത്. രാജാസാറിനുവേണ്ടി തെലുങ്കില്‍ ഒരുപാട് പാടി. സത്യംസാര്‍, കെ.വി. മഹാദേവന്‍സാര്‍, കീരവാണിസാര്‍ തുടങ്ങി തെലുങ്കില്‍ മികച്ച പാട്ടുകള്‍ സമ്മാനിച്ചവര്‍ നിരവധിയാണ്.

റെക്കോഡിങ്ങിനിടെ മനസ്സിനെ ഉലച്ചുകളഞ്ഞ, കണ്ണുനിറച്ച ഗാനങ്ങള്‍ ഉണ്ടായിട്ടില്ലേ..

ചില ഗാനങ്ങളുടെ വരികളും സംഗീതവും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കും. നായിക എന്ന സിനിമയില്‍ അര്‍ജുനന്‍മാസ്റ്റര്‍ സംഗീതം നല്‍കിയ നിലാവുപോലൊരമ്മ... എന്ന പാട്ട് അത്തരത്തിലൊന്നായിരുന്നു. ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റെക്കോഡിങ്. മാഷിന്റെ മകനായിരുന്നു സ്റ്റുഡിയോയിലുണ്ടായിരുന്നത്. എവിടെ കൊഴിഞ്ഞുപോയി നിന്‍ കാലടിപ്പാടുകള്‍... എന്നെല്ലാമുള്ള വരികള്‍ വല്ലാതെ വേദനിപ്പിച്ചു. ഒരു ചെറിയ ബ്രേക്കെടുത്ത്് കുറച്ചുനേരം പുറത്തിരുന്ന് വെള്ളമെല്ലാം കുടിച്ചശേഷമാണ് വീണ്ടും പാടാന്‍ ചെന്നത്. ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചില ഓര്‍മകളുടെ സ്വാധീനമാകണം അങ്ങനെയൊരു മാനസികാവസ്ഥ ഉണ്ടാക്കുന്നത്.

ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന, കേള്‍ക്കുമ്പോള്‍ കണ്ണുകളെ ഈറനണിയിച്ച ഗാനങ്ങള്‍...?

ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നവയില്‍ അധികവും, എന്റെ മുന്‍തലമുറയിലെ പാട്ടുകാര്‍ പാടിയതാണ്. ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനിറയും. ഒരുകാരണവുമില്ലെങ്കിലും വെറുതെ കരഞ്ഞുപോകും.

എത്ര സന്തോഷകരമായ അവസ്ഥയിലാണെങ്കിലും സ്വര്‍ണമുകിലേ... എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും കണ്ണുനിറയാറുണ്ട്. ദാസേട്ടന്‍ പാടിയ കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയൊരു... അത്തരത്തിലുള്ളമറ്റൊരു പാട്ടാണ്. ചില പാട്ടുകള്‍ മനസ്സിനെ അഗാധാമായി സ്പര്‍ശിക്കും. അത്തരത്തില്‍ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാകും. രാഗങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ശരത് പറയാറുണ്ട് ശുഭപന്തുവരാളി രാഗം പാടുകയോ ഏറെനേരം ആ രാഗം കേട്ടിരിക്കുകയോ ചെയ്താല്‍ ആ ദിവസം ഒരു ദുഃഖവാര്‍ത്ത തേടിവരുമെന്ന്.

സിനിമാഗാനരംഗത്ത് ഈ കാലത്തിനിടെ സംഭവിച്ച മാറ്റങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്...

പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. പാടിയ പാട്ടുകളുടെ സി.ഡി. റിലീസിങ് വിവരം മറ്റാരെങ്കിലും പറഞ്ഞുവേണം പലപ്പോഴും അറിയാന്‍. മുന്‍പെല്ലാം കാസറ്റുകളുടെയും സി.ഡി.കളുടെയുമെല്ലാം കോപ്പി എത്തിച്ചുനല്‍കുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.

റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്.
ഒരുപാടുപേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെക്‌നോളജിയുടെ വളര്‍ച്ച റെക്കോഡിങ്‌രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂര്‍ണമായി ഒരുസമയം റെക്കോഡ്‌ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയകാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്.

പുതിയ കാലത്തും മര്യാദകള്‍ പാലിക്കുന്നവര്‍ ഏറെയില്ലേ..?

തീര്‍ച്ചയായും.., പേരും പ്രശസ്തിയുമേറെ നേടിയ ചിലരുടെ പെരുമാറ്റങ്ങള്‍ നമ്മളെ അദ്ഭുതപ്പെടുത്തും. ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ റഹ്‌മാന് ഒരു സംഘടന സ്വീകരണം നല്‍കുന്നു. സംഘടനാഭാരവാഹികള്‍ എന്നെ വന്ന് കണ്ട് അദ്ദേഹത്തെക്കുറിച്ച് ചില കമന്റുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. സന്തോഷത്തോടെ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഇളയരാജാസാറിനൊപ്പം കീബോഡ് വായിക്കാന്‍ വന്ന ദിലീപ് എന്ന പയ്യനെക്കുറിച്ചുള്ള ഓര്‍മകളും റെക്കോഡിങ്ങിലെയും സ്റ്റേജിലെയും അദ്ദേഹത്തിന്റെ ചിട്ടകളും അങ്ങനെ ചിലതൊക്കെയാണ് പറഞ്ഞത്. അതിനുശേഷം ഞാനത് മറന്നു. സ്വീകരണച്ചടങ്ങ് കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്റെ വിലാസത്തില്‍ ഒരു പൂച്ചെണ്ട് എത്തുന്നു. റഹ്‌മാന്‍ കൊടുത്തുവിട്ട സ്‌നേഹോപഹാരമായിരുന്നു അത്. പറഞ്ഞ നല്ലവാക്കുകള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പും ബൊക്കെയോടൊപ്പം ചേര്‍ത്തുവെച്ചിരുന്നു.

സ്റ്റേജ് ഷോകള്‍ ഇന്ന് ആള്‍ക്കൂട്ടത്തെ ഇളക്കിമറിക്കുന്നു, ഗാനസന്ധ്യകള്‍ കേള്‍ക്കാന്‍ മാത്രമല്ല കാണാന്‍കൂടിയുള്ളതായിരിക്കുന്നു. ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ...?

നൃത്തംചെയ്യാനുള്ള ആവേശവുമായാണ് വലിയൊരു വിഭാഗം ഇന്ന് സ്റ്റേജ് ഷോകള്‍ക്കെത്തുന്നത്. ഇത്രയേറെ സ്റ്റേജുകളില്‍ പാടിക്കഴിഞ്ഞെങ്കിലും സ്റ്റേജില്‍ ആദ്യ പാട്ട് പാടിക്കഴിയുന്നതുവരെ ഇന്നും എനിക്ക് ടെന്‍ഷനാണ്. ആള്‍ക്കൂട്ടം ആസ്വദിച്ചുതുടങ്ങിയെന്ന ബോധ്യത്തില്‍ മാത്രമെ ആത്മവിശ്വാസം ലഭിക്കുന്നുള്ളു. ഇത്രയും മുതിര്‍ന്നസ്ഥിതിക്ക് തെറ്റുവരുത്തരുതല്ലോയെന്ന ചിന്തയാണ് ടെന്‍ഷന് പിന്നില്‍.
സ്റ്റേജ് ഷോകളില്‍ നൃത്തംചെയ്ത് പാടുന്ന പാട്ടുകാര്‍ കൂടിവരുകയാണ്. നിന്നുപാടാന്‍ മാത്രമെ എനിക്കു കഴിയൂ. പാടാനുള്ള ലിസ്റ്റ് മുന്‍കൂട്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇഷ്ടഗാനങ്ങള്‍ക്കായുള്ള ആവശ്യം നിരന്തരം വന്നുകൊണ്ടിരിക്കും. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നറിയാം. എന്നിരുന്നാലും പ്രോഗ്രാം കഴിയുംമുന്‍പ് ഇഷ്ടഗാനങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട്. എനിക്കറിയാവുന്ന പാട്ടുകളാണെങ്കില്‍ അവ പാടികൊടുക്കും.

മലയാളത്തില്‍ പാട്ടുകളുടെ എണ്ണം കുറയുന്നു, സെലക്ടീവ് ആവുകയാണോ...?

മെലഡികളാണ് എന്നെ തേടി കൂടുതലായും വരുന്നത്. ഫാസ്റ്റ് നമ്പറുകളോട് ഇഷ്ടക്കുറവൊന്നുമില്ല. അടുത്തകാലത്തായി ദുഃഖഗാനങ്ങളോ താരാട്ടോ ഭക്തിഗാനങ്ങളോ ആണ് അധികവും ലഭിക്കുന്നത്.

നടന്‍മാര്‍ സംവിധായകരാകുന്ന കാലമാണ്.ഗായികയില്‍ നിന്നൊരു ചുവടുമാറ്റം...സംഗീതസംവിധാനത്തിലേക്ക്..?

സന്ധ്യാനാമങ്ങളിലും പ്രാ ര്‍ഥനകളിലും ചെറിയ ചില പരീക്ഷണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നല്ലാതെ വലിയശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സിറ്റുവേഷനനുസരിച്ച് സംഗീതം നല്‍കുകയെന്നത് ഉത്തരവാദിത്വമുള്ള വലിയ ഹോംവര്‍ക്കുകളാവശ്യമുള്ള ജോലിയാണ്. അതിന് കഴിവുള്ള ഒരുപാട് പേര്‍ നമുക്കുചുറ്റുമുണ്ട്. അവര്‍ ആ ജോലി ചെയ്യട്ടെ.

പണവും പ്രശസ്തിയുമെല്ലാം ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്...?

തുടക്കത്തില്‍ പറഞ്ഞല്ലോ, എല്ലാവരോടും പൊതുവെ ചിരിച്ചമുഖത്തോടെ സംസാരിക്കാന്‍ താത്പര്യപ്പെടുന്ന ആളാണ് ഞാന്‍. പണത്തിന്റെ കണക്കുകളും കാര്യങ്ങളുമൊന്നും എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് അല്ല. അത്തരം റിസ്‌ക്കുകളൊന്നും വിജയന്‍ചേട്ടന്‍ എനിക്ക് നല്‍കാറില്ല.
പാട്ടിന്റെ ലോകത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒപ്പമുള്ളവര്‍ എനിക്കൊരുക്കിത്തരുന്നു. അതുകൊണ്ടുതന്നെ പണത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ ആധികളില്ല.

പ്രായം ജീവിതത്തില്‍ കൊണ്ടുവന്ന വലിയ മാറ്റങ്ങള്‍...?

പ്രായം നമ്മളിലോരോരുത്തരിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. സമയമില്ല എന്നുകരുതി മാറ്റിവെച്ച പല കാര്യങ്ങള്‍ക്കും ഇന്ന് സമയം കണ്ടെത്തുന്നു. ഭക്ഷണശീലത്തില്‍ മാറ്റം വന്നു. ഇപ്പോള്‍ വെജിറ്റേറിയനാണ്. നാമം ജപവും വ്രതവുമെല്ലാം ജീവിതത്തിന്റെ ഭാഗംതന്നെ.
കുട്ടിക്കാലത്ത് പിന്‍തുടര്‍ന്ന ശീലങ്ങളും ചിട്ടകളും മുറുകെ പിടിക്കാനാണ് ശ്രമിക്കുന്നത്. വിളക്കുവയ്ക്കുന്നതും സന്ധ്യാനാമം ചൊല്ലുന്നതുമായ ശീലങ്ങള്‍ പുതുതലമുറയില്‍നിന്ന് നഷ്ടപ്പെടുന്നുവെന്നത് വിഷമമുള്ള കാര്യമാണ്. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കരുത്. ദിവസം പത്തുമിനിറ്റെങ്കിലും അതിനെല്ലാം സമയം കണ്ടെത്തണം.

സിനിമാ പിന്നണിഗാനരംഗത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമാണ് ജീവിതം, അത്തരത്തില്‍ നോക്കുമ്പോള്‍ ആത്മകഥയ്ക്ക് പ്രസക്തിയില്ലേ...?

ജീവിതം രേഖപ്പെടുത്തണമെന്നും, മറന്നുപോകും മുന്‍പ് നിര്‍ണായക സംഭവങ്ങളും നാള്‍വഴികളുമെല്ലാം എഴുതിവെക്കണമെന്നും പലരും പറയാറുണ്ട്. പക്ഷേ, ഇതുവരെ അത്തരം ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.നാലുപതിറ്റാണ്ടു പിന്നിടുന്ന സിനിമാ-സംഗീത യാത്ര, പറഞ്ഞുതീരുന്നില്ല. സ്‌നേഹസംഭാഷണം ഒരു ഫുള്‍സ്റ്റോപ്പില്‍ തളക്കാന്‍ കഴിയാതെ വന്നപ്പോള്‍ അഭിമുഖത്തിനായി പറഞ്ഞുറപ്പിച്ച സമയം അതിക്രമിച്ചു.പടിയിറങ്ങുമ്പോള്‍ പിന്നെയും പിന്നെയും മനസ്സിനെ ഗൃഹാതുരത്വ ഓര്‍മകളിലേക്കടുപ്പിച്ച ആ ശബ്ദസൗന്ദര്യം ഒപ്പമുണ്ടായിരുന്നുനന്ദി...നല്ലവാക്കുകള്‍ക്ക്,സ്‌നേഹത്തിന്, സംഗീതത്തിന്.

Content Highlights: KS Chithra Birthday special Exclusive Interview chithra evergreen hits

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented