കെ.എസ് ചിത്ര കുടുംബത്തോടൊപ്പം, കെ.എസ് ചിത്ര
മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാള്‍ ആശംസകള്‍
ചിറയിന്‍കീഴുകാരന്‍ അബ്ദുള്‍ഖാദറും കരമന കൃഷ്ണന്‍ നായരും. ഇരുവരും അറിയപ്പെടുന്ന നാടകനടന്മാര്‍, സിനിമാഭിനയമോഹികള്‍, സഹൃദയര്‍. സര്‍വോപരി യുവകോമളന്‍മാരും. പക്ഷേ, സിനിമയില്‍ അരങ്ങേറാനുള്ള ഊഴം വന്നപ്പോള്‍ പ്രായക്കുറവും ഉയരക്കൂടുതലും അബ്ദുള്‍ഖാദറിനെ തുണച്ചു. ക്യാമറാടെസ്റ്റില്‍ നേരിയ വ്യത്യാസത്തില്‍ കൃഷ്ണന്‍നായര്‍പുറത്ത്. എഴുത്തുകാരനും വാഗ്മിയും 'കൗമുദി' വാരികയുടെ പത്രാധിപരുമായ കെ. ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്യേണ്ടിയിരുന്ന 'ത്യാഗസീമ' (1951) യിലെ മുഖ്യ നടന്മാരിലൊരാളായി ചിറയിന്‍കീഴ് അബ്ദുള്‍ഖാദര്‍ തിരഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയാണ്. ആദ്യചിത്രം വെളിച്ചംകണ്ടില്ലെങ്കിലും ഖാദര്‍ വളര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട പ്രേംനസീറായതും നിത്യഹരിതനായകനായതും മലയാളസിനിമയുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചതുമൊക്കെ പില്‍ക്കാലചരിത്രം.
അതേ പടത്തില്‍ മറ്റൊരാള്‍കൂടിയുണ്ടായിരുന്നു നായകനായി-മാനുവെല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍. സത്യന്റെയും പ്രേംനസീറിന്റെയും അടൂര്‍ ഭാസിയുടെയുമൊക്കെ അരങ്ങേറ്റചിത്രമാകേണ്ടിയിരുന്ന 'ത്യാഗസീമ' സാമ്പത്തികപ്രശ്നങ്ങളാല്‍ ഇടയ്ക്കുവെച്ച് മുടങ്ങിയിട്ടും ഈ അനുഗൃഹീതനടന്മാരെല്ലാം സിനിമയുടെ രാജവീഥികളില്‍ ഇടംനേടിയെന്നത് വിധിനിയോഗമാകാം. നിര്‍ഭാഗ്യവാനായ കരമന കൃഷ്ണന്‍നായരുടെ കാര്യമോ? സിനിമാമോഹം ഉപേക്ഷിച്ച് സ്വന്തം തട്ടകമായ നാടകത്തിലേക്കും സംഗീതവേദിയിലേക്കും തിരിച്ചുപോയ കൃഷ്ണന്‍ നായര്‍ തലസ്ഥാനത്തെ അറിയപ്പെടുന്ന നടനും ഗായകനുമായി. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ 'മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം' എന്ന പ്രശസ്ത കവിതയുടെ ഹൃദയസ്പര്‍ശിയായ അവതരണത്തിലൂടെ തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട 'മണിമുഴക്കം കൃഷ്ണന്‍ നായരാ'യി. സ്നേഹസുരഭിലമായ ആ സംഗീതപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചാവകാശി ഇന്നും നമുക്കിടയിലുണ്ട്; മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മധുരശബ്ദം കെ.എസ്. ചിത്ര.
'ചിത്രയെ കാണുമ്പോള്‍ ആദ്യം ഓര്‍മവരിക ആ കുട്ടിയുടെ അച്ഛന്റെ നന്മനിറഞ്ഞ മുഖമാണ്'- സംഗീതസംവിധായകരുടെ കുലപതിയായ ദേവരാജന്‍മാസ്റ്ററുടെ വാക്കുകള്‍. 'സദാ പുഞ്ചിരിക്കുന്ന ആ മുഖം കൃഷ്ണന്‍നായരുടെ സുതാര്യവ്യക്തിത്വത്തിന്റെ ഭാഗം തന്നെയായിരുന്നു. ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ജീവിച്ചുമരിച്ച ഒരു നല്ല മനുഷ്യന്‍...' -കൃഷ്ണന്‍നായരുടെ കാവ്യാലാപനം തിരുവനന്തപുരം വി.ജെ.ടി. ഹാളിലെ നിറഞ്ഞ സദസ്സിലൊരാളായി ഇരുന്ന് ആസ്വദിച്ചിട്ടുണ്ട് മാസ്റ്റര്‍. 'മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം മധുരം, വരുന്നു ഞാന്‍' എന്ന് പാടിത്തുടങ്ങുമ്പോഴേ ഹാളില്‍ അസ്വസ്ഥമായ ഒരു നിശ്ശബ്ദത പടരും. അങ്ങേയറ്റം ഭാവതീവ്രതയോടെയാണ് കൃഷ്ണന്‍നായര്‍ പാടുക. കേള്‍വിക്കാരില്‍ ചിലര്‍ വേദന സഹിക്കാനാകാതെ തലകുനിച്ചിരിക്കും; മറ്റു ചിലര്‍ കണ്ണീരൊപ്പും. ഒരു കവിതയ്ക്ക് എത്രത്തോളം ആഴത്തില്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞത് കൃഷ്ണന്‍നായര്‍ മണിമുഴക്കം ആലപിച്ചുകേട്ടപ്പോഴാണെന്ന് ദേവരാജന്‍ മാസ്റ്റര്‍. 'എം.ജി. കോളേജില്‍ എന്റെ ഒരുവര്‍ഷം സീനിയറായി പഠിച്ചിരുന്ന കാലംമുതലേ കൃഷ്ണന്‍നായരെ അറിയാം. പക്ഷേ, മകള്‍ പാടുമെന്നോ സിനിമയില്‍ അവസരം നല്‍കണമെന്നോ ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ല അദ്ദേഹം. അതൊരു അദ്ഭുതമല്ലേ?' -മാസ്റ്ററുടെ ചോദ്യം.
ശാസ്ത്രീയമായി പാട്ടുപഠിച്ചിട്ടില്ല കൃഷ്ണന്‍ നായര്‍. അപാരമായ കേള്‍വിജ്ഞാനമാണ് കൈമുതല്‍. ''മൂത്തചേച്ചി രാജമ്മയെ ഒരു ഭാഗവതര്‍ വീട്ടില്‍വന്ന് വായ്പാട്ടും വീണയും പഠിപ്പിച്ചിരുന്നു അക്കാലത്ത്. അതുകേട്ടാണ് കൃഷ്ണന്‍ നായര്‍ ചേട്ടന്‍ കുട്ടിക്കാലത്ത് സംഗീതം പഠിച്ചത്' -കൃഷ്ണന്‍ നായരുടെ കൂടപ്പിറപ്പുകളില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏകസഹോദരി ശോഭന, ചിത്രയുടെ പ്രിയപ്പെട്ട തങ്കിമാമി ഓര്‍ക്കുന്നു. തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദുര്‍ എ. ഗോവിന്ദപ്പിള്ളയുടെ മകന്‍ ജി മാധവന്‍പിള്ളയാണ് കൃഷ്ണന്‍നായരുടെ പിതാവ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു അദ്ദേഹം. മാധവന്‍പിള്ള-തങ്കമ്മ ദമ്പതിമാര്‍ക്ക് അഞ്ചുമക്കള്‍: രാജമ്മ, ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, ശോഭന. നാഗര്‍കോവിലിലെ എസ്.എല്‍.ബി. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ സ്റ്റേജില്‍ പാടും കൃഷ്ണന്‍ നായര്‍. എം.കെ. ത്യാഗരാജ ഭാഗവതര്‍, ഘണ്ടശാല, പി.യു. ചിന്നപ്പ ഒക്കെയാണ് അന്നത്തെ പ്രിയഗായകര്‍. മുതിര്‍ന്നപ്പോള്‍ സൈഗാള്‍, പങ്കജ് മല്ലിക്, മുഹമ്മദ് റഫി, സി.എച്ച്. ആത്മ തുടങ്ങിയവരുടെ ഹിന്ദി പാട്ടുകളോടായി കമ്പം. ''ഏതുഗായകന്റെയും ശൈലി സ്വന്തം ആലാപനത്തിലേക്ക് അനായാസം പകര്‍ത്താന്‍ കഴിയുമായിരുന്നു ചേട്ടന്'' -അനിയത്തിയുടെ ഓര്‍മ. ''സൈഗാളിന്റെ സോജാ രാജകുമാരി, പങ്കജ് മല്ലിക്കിന്റെ ഗുസര്‍ ഗയാ വോ സമാനാ, ആത്മയുടെ പ്രീതം ആന്‍ മിലോ, മുകേഷിന്റെ ജീവന്‍ സപ്നാ ടൂട്ട് ഗയാ... ഈ പാട്ടുകള്‍ പലതും ചേട്ടന്‍ വേദിയില്‍ പാടുന്നതിന്റെ മങ്ങിയ ഓര്‍മയുണ്ട്. വിഷാദഗാനങ്ങളോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരു മമതയുണ്ടായിരുന്നു. റഫിയുടെ 'ഓ ദുനിയാ കേ രഖ് വാലേ' എന്ന പാട്ട് ചേട്ടന്‍ പാടുമ്പോള്‍ കരച്ചിലടക്കിയാണ് സദസ്സ് കേട്ടിരിക്കുക.. അതൊരു കാലം.''
ബഹുമുഖ പ്രതിഭയായിരുന്നു കൃഷ്ണന്‍ നായര്‍; സംഗീതത്തിനുപുറമേ നാടകാഭിനയത്തിലും ബാഡ്മിന്റണ്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങളിലുമെല്ലാം മികവുതെളിയിച്ചയാള്‍. സദാശിവ ബ്രഹ്മേന്ദ്രരുടെ 'മാനസസഞ്ജരരേ'യും സ്വാതിതിരുനാളിന്റെ 'പദ്മനാഭ പാഹി'യും വേദിയില്‍ കൃഷ്ണന്‍ നായര്‍ ആലപിക്കുന്നതുകേട്ടാല്‍ കര്‍ണാടകസംഗീതം അതിന്റെ ചിട്ടവട്ടങ്ങളോടെ അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ് പാടുന്നതെന്ന് സങ്കല്പിക്കാന്‍പോലും പറ്റില്ല നമുക്ക്. സംഗീതത്തോടായിരുന്നു അഭിനിവേശമെങ്കിലും അധ്യാപനമാണ് കൃഷ്ണന്‍ നായര്‍ തിരഞ്ഞെടുത്ത തൊഴില്‍മേഖല. ബി എഡും നിയമബിരുദവും നേടിയശേഷം വാമനപുരം സ്‌കൂളില്‍ അധ്യാപകനായി തുടങ്ങിയ കൃഷ്ണന്‍നായര്‍ വിരമിച്ചത് തേമ്പാമൂട് സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിട്ടാണ്. 1957-ലായിരുന്നു വിവാഹം. ഭാര്യ ശാന്തകുമാരിയും അധ്യാപികതന്നെ; നന്നായി പാടും വീണ വായിക്കും. വീട്ടിലെ സംഗീതാന്തരീക്ഷം സ്വാഭാവികമായും മക്കളെ മൂന്നുപേരെയും സ്വാധീനിച്ചു. മൂത്തയാളായ കെ.എസ്. ബീനയാണ് ആദ്യം പാടിത്തുടങ്ങിയതും പിന്നണിഗായികയായി അരങ്ങേറിയതും. 'തകിലുകൊട്ടാമ്പുറ'ത്തില്‍ യേശുദാസിനൊപ്പം പാടിയ കന്നിപ്പൂം പൈതല്‍, ഡഡഡ ഡാഡി എന്നീ പാട്ടുകളിലൂടെ. പക്ഷേ, സിനിമയില്‍ അധികകാലം തുടര്‍ന്നില്ല ബീന. തൊട്ടുപിന്നാലെ 'അട്ടഹാസ'ത്തില്‍ പാടിക്കൊണ്ട് ചിത്ര വരുന്നു. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസികമായ ഒരു സംഗീതയാത്രയുടെ തുടക്കം. ഇപ്പോള്‍ നൈജീരിയയിലെ ലാഗോസിലുള്ള ഏകസഹോദരന്‍ മഹേഷിനുമുണ്ട് സംഗീതപ്രേമം. നല്ലൊരു ഗിറ്റാറിസ്റ്റാണ് മഹേഷ്.
''ഡാഡിയുടെ സഹനവും ത്യാഗവുമാണ് എന്നിലെ പാട്ടുകാരിയെ വളര്‍ത്തിയത്'' -ചിത്ര പറയുന്നു. ''കുട്ടിക്കാലത്ത് കാവാലം സാറിന്റെ നാടകസംഘത്തില്‍ കോറസ് പാടിത്തുടങ്ങിയ കാലംമുതലേ സംഗീതയാത്രകളില്‍ ഡാഡി നിഴല്‍പോലെ ഒപ്പമുണ്ട്. സിനിമയില്‍ പാടിയതോടെ ചെന്നൈയിലേക്കായി ഞങ്ങളുടെ യാത്രകള്‍ എന്നുമാത്രം. റെക്കോഡിങ് സമയത്ത് വോയ്‌സ് ബൂത്തില്‍ എന്റെ തൊട്ടുപിന്നിലാണ് ഡാഡി ഇരിക്കുക. പാടുന്നതിനിടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കും ഞാന്‍. മുഖത്തെ സൂക്ഷ്മമായ ഭാവഭേദങ്ങളില്‍നിന്നുപോലും ഡാഡിയുടെ മനസ്സ് വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു എനിക്ക്.'' 'സ്നേഹപൂര്‍വം മീര' എന്ന ചിത്രത്തില്‍ ബീനയും ചിത്രയും ഒരുമിച്ച് ഒരേ മൈക്കിനുമുന്നില്‍നിന്ന് പാടുന്നത് കേള്‍ക്കാന്‍ കൃഷ്ണന്‍ നായര്‍ക്ക് ഭാഗ്യമുണ്ടായി. അച്ഛനെന്ന നിലയില്‍ അദ്ദേഹം ഏറ്റവും സംതൃപ്തി അനുഭവിച്ച നിമിഷങ്ങളായിരിക്കും അവയെന്ന് വിശ്വസിക്കുന്നു ചിത്ര. ആദ്യത്തെ ദേശീയ അവാര്‍ഡ് ചിത്ര ഏറ്റുവാങ്ങുന്നത് നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ് അദ്ദേഹം. പക്ഷേ, അപ്പോഴേക്കും അര്‍ബുദം കൃഷ്ണന്‍ നായരെ ശയ്യാവലംബിയാക്കിയിരുന്നു. മകള്‍ രാജ്യത്തെ ഏറ്റവും മികച്ച ശബ്ദമായി അംഗീകരിക്കപ്പെടുന്ന കാഴ്ച നിറകണ്ണുകളോടെ ടെലിവിഷനില്‍ കണ്ട് നിര്‍വൃതിയടഞ്ഞു അദ്ദേഹം.
നൊമ്പരമുണര്‍ത്തുന്ന ഒരനുഭവമുണ്ട് ചിത്രയുടെ ഓര്‍മയില്‍. ചെന്നൈയിലെ എ.വി.എം. 'ജി' തിയേറ്ററില്‍ 'അനുരാഗി' എന്ന സിനിമയുടെ റെക്കോഡിങ് നടക്കുന്നു. യൂസഫലി കേച്ചേരി-ഗംഗൈ അമരന്‍ കൂട്ടുകെട്ടിനുവേണ്ടി 'ഏകാന്തതേ നീയും അനുരാഗിയോ...' എന്ന പാട്ടുപാടാന്‍ മൈക്കിനുമുന്നില്‍ നില്‍ക്കുകയാണ് ചിത്ര. പതിവുപോലെ വോയ്‌സ് റൂമില്‍ അച്ഛനുമുണ്ട്. മൈക്കിലേക്ക് ഹൃദയം തുറന്ന് പാടുന്ന മകളെ നോക്കി പിന്നിലെ സോഫയില്‍ ചാരിക്കിടക്കുകയാണ് അദ്ദേഹം. ''അര്‍ബുദം കലശലായ കാലം. രോഗത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയിരുന്നു. ആദ്യം കവിളിനെയാണ് ബാധിച്ചത്. പിന്നെ മോണയിലേക്കും അത് പടര്‍ന്നു. അസഹനീയ വേദനയുമായാണ് ഡാഡി അന്നൊക്കെ റെക്കോഡിങ്ങിന് വരിക. വേണ്ടെന്നുപറഞ്ഞാലും സമ്മതിക്കില്ല. പല്ലവിയും ആദ്യചരണവും കഴിഞ്ഞപ്പോള്‍ ഞാന്‍ വെറുതേ തിരിഞ്ഞുനോക്കി. ഇഷ്ടപ്പെട്ടാല്‍ ഡാഡി ചിരിച്ചുകൊണ്ട് തലയാട്ടും. അതൊരു വലിയ പ്രോത്സാഹനമാണ് എനിക്ക്. എന്നാല്‍, അന്നത്തെ കാഴ്ച എന്നെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ് കണ്ണീര്‍. ആ അവസ്ഥയില്‍ അദ്ദേഹത്തെ കണ്ടിട്ടില്ല അതുവരെ. കരയുന്ന അച്ഛനെ പിന്നിലിരുത്തി എങ്ങനെ ആ പാട്ട് പാടിത്തീര്‍ത്തുവെന്ന് ഇന്നും എനിക്കറിയില്ല.''
സിനിമാജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ മനസ്സുകൊണ്ട് ചിത്ര ഉറച്ചദിവസം. അന്നത്തെ റെക്കോഡിങ് കഴിഞ്ഞയുടന്‍ അച്ഛനെ സ്റ്റുഡിയോക്ക് വെളിയിലേക്ക് വിളിച്ചുകൊണ്ടുപോയി മകള്‍ പറഞ്ഞു: ''നമുക്ക് ഇന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോകാം. എനിക്ക് മതിയായി. ഇത്രയൊക്കെ പാടിയതുതന്നെ ധാരാളം. ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടേണ്ട...'' അവശേഷിച്ച റെക്കോഡിങ്ങുകളെല്ലാം കാന്‍സല്‍ചെയ്ത് അച്ഛനോടൊപ്പം അന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും ചിത്ര മടങ്ങിവരികതന്നെ ചെയ്തു. മകള്‍ പ്രശസ്തയായ പാട്ടുകാരിയാവണമെന്ന് സ്വപ്നംകണ്ടിരുന്ന അച്ഛന്റെ സ്നേഹപൂര്‍ണമായ നിര്‍ബന്ധമായിരുന്നു ചിത്രയുടെ മനംമാറ്റത്തിനുപിന്നില്‍. ''ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നും, ഞാന്‍ അന്ന് പാട്ട് നിര്‍ത്തിയിരുന്നെങ്കില്‍ ഡാഡിയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരുന്നേനെ എന്ന്. കാന്‍സറിലും വലിയ ആഘാതമായേനേ അതദ്ദേഹത്തിന്.''
1986 ജൂലായ് 18-നായിരുന്നു കൃഷ്ണന്‍നായരുടെ അന്ത്യം. ഒരു തൂവല്‍ കൊഴിയുംപോലെ എന്നുപറയും ചിത്ര. ''നെഞ്ചുവേദനയുമായി കോസ്മോപോളിറ്റന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായിരുന്നു ഡാഡിയെ. സുഖപ്പെട്ട് തിരിച്ചുവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. കാഴ്ചയില്‍ സന്തോഷവാനായിരുന്നു അദ്ദേഹം. കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ തമാശയൊക്കെ പറയും. ഞാനുമുണ്ട് ആ സമയത്ത് അടുത്ത്. ഒരു രാത്രി, ആഹാരം കഴിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചെറിയൊരു ശ്വാസതടസ്സംപോലെ. അത്രയേ ഉണ്ടായുള്ളൂ. ഞങ്ങള്‍ നോക്കിയിരിക്കേത്തന്നെ ഡാഡി യാത്രയായി; സുഖകരമായ ഒരു ഉറക്കത്തിലേക്ക് വഴുതിവീഴുംപോലെ...''
ചുണ്ടിലൊരു മന്ദസ്മിതത്തോടെ ഉറങ്ങിക്കിടന്ന അച്ഛന്റെ രൂപം ഇന്നുമുണ്ട് മകളുടെ ഓര്‍മയില്‍. പാടാന്‍ മൈക്കിനുമുന്നില്‍ നില്‍ക്കുമ്പോഴെല്ലാം സൗമ്യമായ ആ മുഖം മനസ്സില്‍ തെളിയും. അറിയാതെ തിരിഞ്ഞുനോക്കിപ്പോകും അപ്പോള്‍. ''എനിക്കറിയാം ഡാഡി അവിടെയുണ്ടാകുമെന്ന്. ആ അദൃശ്യസാന്നിധ്യം ഇന്നും ഞാന്‍ അറിയുന്നു; അനുഭവിക്കുന്നു. അതാണെന്റെ ശക്തി...''
Content Highlights: story of singer ks chithra's father Krishnan Nair, who aspired to become an actor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..