ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് ബസിൽ നിന്ന് ഒഴുകിയെത്തിയ 'ഗുരുവായൂരോമന കണ്ണനാം ഉണ്ണി


4 min read
രവി മേനോന്‍
Read later
Print
Share

KS Chithra | Photo : Facebook, Ravi Menon

കൃഷ്ണഭക്തനല്ല. കേരളീയനല്ല. ഇന്ത്യക്കാരൻ പോലുമല്ല. എന്നിട്ടും ``ഗുരുവായൂരോമന കണ്ണനാം ഉണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനാട്യം'' എന്ന മലയാളഭക്തിഗാനം ദിവസം മൂന്നു തവണയെങ്കിലും വഴിപാട് പോലെ കേൾക്കുന്നു ഇന്തോനേഷ്യക്കാരൻ ആബിദ്. ലോകത്തിന്റെ വിദൂരമായ ഏതോ കോണിൽ കേരളം എന്നൊരു ഇടമുണ്ടെന്നോ അവിടെ മലയാളം എന്നൊരു ഭാഷയുണ്ടെന്നോ പോലും അറിവില്ലാത്ത ഈ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ആകർഷിക്കുന്ന എന്ത് മാജിക് ആവണം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും എം ജയചന്ദ്രനും ചിത്രയും ചേർന്ന് ആ പാട്ടിൽ ഒളിച്ചു വെച്ചിരിക്കുക?

ബാലിയിൽ വെച്ച് പരിചയപ്പെട്ടതാണ് ആബിദിനെ. ആൾ പരമരസികൻ. ലോകമെങ്ങുമുള്ള സംഗീത ശാഖകളുടെ ആരാധകൻ. പോരാത്തതിന് പാട്ടുകാരനും. ടൂറിസ്റ്റുകൾക്ക് വേണ്ടി ഹോട്ടലുകളിൽ പാടുന്ന ഒരു പ്രാദേശിക ബാൻഡിലെ മുഖ്യഗായകൻ. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ നൂറുകണക്കിന് രാജ്യങ്ങളിലെ ഗായകരുടെ ശബ്ദശേഖരമുണ്ട് അയാളുടെ മൊബൈൽ ഫോണിൽ. ജസ്റ്റിൻ ബീബറും ഖാലിദും ഗുലാം അലിയും മുഹമ്മദ് റഫിയും ലതാ മങ്കേഷ്കറും ഉദിത് നാരായണും തൊട്ട് ``കൊലവെറി'' ഫെയീം അനിരുദ്ധ് രവിചന്ദർ വരെ പാടിവിളയാടുന്നു അവിടെ.

റാപ്പും റോക്കും ബ്ലൂസും റെഗേയും കൺട്രി മ്യൂസിക്കും ക്ലാസിക്കലും അറേബ്യൻ സംഗീതവുമൊക്കെ കൂടിക്കലർന്ന ആ ഫ്യൂഷൻ മഹോത്സവത്തിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായി ചിത്രയുടെ ശബ്ദത്തിൽ ``ഗുരുവായൂരോമന കണ്ണനാം ഉണ്ണി'' കാതിലേക്ക് ഒഴുകിവന്നപ്പോൾ അന്തംവിട്ടു പോയി. ഒരു നിമിഷം കേരളത്തിൽ, ഗുരുവായൂരമ്പലത്തിന്റെ പരിസരത്ത് എത്തിപ്പെട്ട പോലെ.
ഏത് ഭാഷയിലാണ് ആ പാട്ടെന്നറിയില്ല ആബിദിന്. ആരാണ് പാട്ടുകാരിയെന്നും. വിദേശികളായ സ്വന്തം ക്ലയന്റുകളിൽ നിന്ന് അവരവരുടെ ഭാഷയിലെ ഒരു ഗാനമെങ്കിലും ചോദിച്ചുവാങ്ങുന്ന ശീലം പണ്ടേയുണ്ട് ആബിദിന്. അങ്ങനെ ഏതെങ്കിലും ഇന്ത്യൻ സഞ്ചാരിയിൽ നിന്ന് ലഭിച്ച ``സംഭാവന''യാകണം ഈ പാട്ടും.

ഭക്തിഗാനമാണതെന്നു പോലും ആബിദ് അറിയുന്നത് ഞാൻ പറഞ്ഞാണ്. ``നല്ല റൊമാന്റിക്ക് ആയ ഒരു പാട്ടായാണ് എനിക്ക് തോന്നിയത്. ഇൻഡോനേഷ്യയിലെ യുവാക്കളുടെ ഹരമായ ആഗ്നസ് മോണിക്കയെ ഓർമ്മിപ്പിക്കുന്ന ശബ്ദം. ബസ്സിൽ ഈ പാട്ട് വെക്കുമ്പോൾ ഏത് ഭാഷയെന്ന് ചോദിക്കാറുണ്ട് പലരും. ഇനി പറയാമല്ലോ മലയാളം എന്ന്.''-- നിഷ്കളങ്കമായി ചിരിക്കുന്നു ആബിദ്. എന്താണ് ഈ പാട്ട് ആവർത്തിച്ചു കേൾക്കാനുള്ള പ്രേരണ എന്ന ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ചിന്താമഗ്നനാകുന്നു അയാൾ. ``അതിനൊരു കാരണം വേണോ ബോസ്? ആ പാട്ട്, അതിന്റെ ട്യൂൺ, പാടുന്നയാളുടെ ശബ്ദം ഇതൊക്കെ ചേർന്ന് നമ്മുടെ ഞരമ്പിൽ കയറിപ്പിടിക്കുന്നു. അത്രതന്നെ. ഭാഷയൊക്കെ പിന്നെയേ വരൂ...''

ആലോചിച്ചാൽ ആബിദ് പറഞ്ഞതിലുമില്ലേ കാര്യം? ഭക്തിഗാനമെങ്കിലും കൃഷ്ണനോടുള്ള ഒരു ഗോപികയുടെ നിഷ്കളങ്കമായ പ്രണയപരിഭവം കൂടി കലർന്നിട്ടുണ്ട് ആ പാട്ടിൽ. ഒന്നര പതിറ്റാണ്ടു മുൻപ് ``ഉണ്ണിക്കണ്ണൻ'' എന്ന ഭക്തിഗാന കാസറ്റിൽ ഗുരുവായൂരോമന കണ്ണൻ കേട്ടപ്പോൾ ആദ്യം മനസ്സിൽ പതിഞ്ഞതും ആ പരിഭവം തന്നെ. അന്നത്തെ തന്റെ യൗവ്വനയുക്തമായ ശബ്ദത്തിൽ എത്ര ഹൃദ്യമായാണ് ചിത്ര ആ ഭാവം പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യശ്രവണത്തിലെ അതേ അനുഭൂതി പകർന്നുകൊണ്ട് ഇന്നും വിടാതെ പിന്തുടരുന്നു ആ പാട്ട്.

``എന്റെ ആത്മഗീതം തന്നെയാണത്.''-- ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വാക്കുകൾ. ``ഗുരുവായൂർ അമ്പലത്തിന്റെ ശ്രീകോവിൽ നടയിലെ ആൾക്കൂട്ടത്തിൽ ചെന്ന് നിൽക്കുമ്പോൾ പലപ്പോഴും തോന്നും ഭഗവാൻ എന്നെ മാത്രം നോക്കുന്നില്ലല്ലോ എന്ന്. മനസ്സിന്റെ ഒരു ഭ്രമകൽപ്പനയാണ്. പിന്നെ സമാധാനിക്കും അത് അവിടുത്തെ വെറും നാട്യമാകും എന്ന്. ഭക്തനായ എന്നെ പ്രകോപിപ്പിക്കാൻ വേണ്ടിയുള്ള ഒരു കുസൃതി....'' ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനാട്യം, നീ വന്നതും നടയിൽ നിന്ന് കരഞ്ഞതും ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം എന്നെഴുതുമ്പോൾ കവിയുടെ ഉള്ളിലിരുന്ന് ചിരിതൂകിയത് ആ കുസൃതിക്കണ്ണൻ തന്നെ. പല്ലവിയുടെ അവസാനം ചൊവ്വല്ലൂർ എഴുതി: ``എന്നാലും ഞാനറിയുന്നു കണ്ണന് എന്നെയാണെന്നെയാണിഷ്ടം...'' ആ തോന്നൽ, ആ തിരിച്ചറിവ് തന്നെയാണ് തന്നെ ഈ ജീവിത സന്ധ്യയിലും മുന്നോട്ട് നയിക്കുന്നതെന്ന് ചൊവ്വല്ലൂർ.

റെക്കോർഡിംഗിന് ശേഷം ചിത്ര വികാരാധീനയായി ഫോൺ വിളിച്ചതോർമ്മയുണ്ട് ചൊവ്വല്ലൂരിന്. ``കരഞ്ഞുകൊണ്ടാണ് പാട്ട് പാടിത്തീർത്തതെന്ന് ആ കുട്ടി പറഞ്ഞപ്പോൾ ഒരേ സമയം സംതൃപ്തിയും സന്തോഷവും തോന്നി. ഞാൻ ഉദ്ദേശിച്ച ഭാവം ഉൾക്കൊള്ളാൻ കഴിഞ്ഞല്ലോ ചിത്രക്ക്.'' എഴുതിയ ഭക്തിഗാനങ്ങളിൽ ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ, അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു മുഗ്ദ്ധ വൃന്ദാവനമായ് മാറിയെങ്കിൽ എന്നീ പാട്ടുകളോളം തന്നെ പ്രിയങ്കരം ചൊവ്വല്ലൂരിന് ഈ രചനയും. വരികളെ തെല്ലും നോവിക്കാത്ത സംഗീതമാണ് പാട്ടിനെ കൂടുതൽ ശ്രദ്ധേയമാക്കിയത് എന്ന് വിശ്വസിക്കുന്നു അദ്ദേഹം; ഒപ്പം ചിത്രയുടെ ഹൃദ്യമായ ആലാപനവും. പാട്ടിന്റെ വൈകാരികഭാവം മുഴുവൻ ആവാഹിച്ചുകൊണ്ടാണ് എം ജയചന്ദ്രൻ ആനന്ദഭൈരവിയുടെ സ്പർശം നൽകി അത് ചിട്ടപ്പെടുത്തിയത്. ഔചിത്യപൂർണ്ണമായ വാദ്യവിന്യാസം ഗാനത്തിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു.

വർഷങ്ങൾക്കു മുൻപൊരു കൂടിക്കാഴ്‌ച്ചയ്ക്കിടെ പുതിയ സംഗീത സംവിധായകരുടെ സമീപനങ്ങളും സംഭാവനകളും ചർച്ചാവിഷയമായപ്പോൾ, പ്രിയപ്പെട്ട ഭക്തിഗാനങ്ങളിൽ ഒന്നായി രാഘവൻ മാസ്റ്റർ ഈ പാട്ട് എടുത്തു പറഞ്ഞതോർക്കുന്നു. രാഗ ഭാവം ഉൾക്കൊണ്ടുതന്നെ ലളിത ഗാനങ്ങളിൽ എങ്ങനെ ലാളിത്യം കൊണ്ടുവരാം എന്നതിന്റെ മികച്ച ഉദാഹരണം.

ചിത്രയും സ്വന്തം ഹൃദയത്തോട് ചേർത്തുപിടിക്കുന്നു ഗുരുവായൂരോമന കണ്ണനെ. പാടിയ ആയിരക്കണക്കിന് പാട്ടുകളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ടവ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ തീർച്ചയായും ഈ പാട്ടുണ്ടാകും ആ പട്ടികയിൽ. ``അത്രയും എന്റെ മനസ്സിനെ തൊട്ട പാട്ടാണ്; പാടിയപ്പോൾ മാത്രമല്ല, പിന്നീട് കേട്ടപ്പോഴും.'' ഏതു സാധാരണ ഭക്തയുടെയും ഭക്തന്റെയും മനസ്സിൽ സ്വാഭാവികമായി കടന്നുവരാവുന്ന ചിന്തകളാണ് ആ പാട്ടിൽ ചൊവ്വല്ലൂർ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് പറയും ചിത്ര.

``വ്യക്തിപരമായി എന്നെ ഏറെ സ്പർശിച്ചിട്ടുണ്ട് ആ വരികൾ; ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അനുഭവിച്ച വേളയിൽ മറ്റാരേയും പോലെ എന്റെ മനസ്സിലും ഉണ്ടായിരുന്നു ഭഗവാനോട് ഒരു ചെറുപരിഭവം. വേണമെങ്കിൽ ഒരു കൊച്ചു പിണക്കം എന്ന് വിളിക്കാം അതിനെ. ഭക്തിയും ക്ഷേത്ര ദർശനവും ഒക്കെ ഇനി എന്തിന് എന്നുപോലും തോന്നിയിരുന്നു ആ നാളുകളിൽ. ഒരു തരം വ്യർത്ഥതാ ബോധം. പക്ഷേ അധികം നീണ്ടുനിന്നില്ല ആ അകൽച്ച. അകലാൻ ശ്രമിച്ചപ്പോഴെല്ലാം ഭഗവാൻ എന്നെ തിരികെ വിളിച്ചുകൊണ്ടിരുന്നു. എന്റെ എല്ലാ പരിഭവങ്ങളും അലിഞ്ഞില്ലാതായി ആ സ്നേഹ സ്പർശത്തിൽ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഈ പാട്ടിന്റെ വരികൾ ആഴമുള്ള അർത്ഥതലങ്ങൾ കൈവരിക്കുന്നതുപോലെ തോന്നും. ഈ വഴി നീയും മറന്നുവോ എന്നൊരു പരിഭവം ചോരുന്ന കള്ളനോട്ടം എന്ന വരി ഉദാഹരണം. അത് പോലെ ചരണത്തിലെ അകലെ നിന്നാലും ചിലപ്പോൾ ചിരിച്ചുകൊണ്ട് അരികത്തു നീ ഓടിയെത്തും എന്ന വരിയും...''

പാട്ടിലെ തനിക്കേറ്റവും പ്രിയപ്പെട്ട വരി വികാരഭരിതയായി മൂളുന്നു ചിത്ര: എന്നാലും ഞാനറിയുന്നു കണ്ണന് എന്നെയാണെന്നെയാണിഷ്ടം.. ``ഇതുപോലുള്ള ചില കൊച്ചു കൊച്ചു വിശ്വാസങ്ങൾ അല്ലേ നമ്മെയെല്ലാം ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ?'' സദാ ചിരിയ്ക്കുന്ന കണ്ണുകളിൽ ഒരു നീർകണം പൊടിഞ്ഞുവോ?

Content Highlights: KS Chithra birthday chowalloor Krishnankutty Guruvayoor devotional song

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented