സേതുമാധവന്റെ മുന്നിൽ വിറച്ചുനിന്ന ആ പെൺകുട്ടി പിന്നീട് ചെയ്തതൊന്നും ശരിയാകാതെ വന്നില്ല


സിറാജ് കാസിം

ക്ലാസിക് സ്പർശത്തിന്റെയും കലാമൂല്യത്തിന്റെയും സൂപ്പർ ഹിറ്റിന്റെയുമൊക്കെ അളവുകോലുകളിൽ ഒരുപോലെ തിളങ്ങാനായതാണ് കെ.പി.എ.സി. ലളിത എന്ന നടിയെ ചരിത്രം വിജയകരമായി അടയാളപ്പെടുത്തുന്നതിന്റെ അടിസ്ഥാനം.

കെ.പി.എ.സി ലളിത | ഫോട്ടോ: മധുരാജ് | മാതൃഭൂമി

ദ്യമായി സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്റെ തലേ രാത്രിയിൽ ആ പെൺകുട്ടി ടെൻഷൻ കാരണം അല്പംപോലും ഉറങ്ങിയിരുന്നില്ല. പിറ്റേദിവസം സംവിധായകന്റെ മുന്നിലെത്തുമ്പോൾ കൂപ്പുകൈകളോടെ വിറച്ചുകൊണ്ടു അവൾ പറഞ്ഞു: ''എനിക്കു സിനിമ പറ്റില്ല, എന്നെ വിട്ടേക്കൂ.'' പക്ഷേ, സിനിമയുടെ സംവിധായകനായ കെ.എസ്. സേതുമാധവന് ആ പെൺകുട്ടിയെ അങ്ങനെ പറഞ്ഞയക്കാൻ തോന്നിയില്ല. ''നമുക്ക് എടുത്തുനോക്കാം, ശരിയാകുന്നില്ലെങ്കിൽ നീ പൊയ്ക്കോളൂ.'' എന്നായിരുന്നു സേതുമാധവന്റെ മറുപടി. മുറത്തിൽ അരി പാറ്റുന്ന രംഗം അഭിനയിച്ച് 'കൂട്ടുകുടുംബം' എന്ന സിനിമയിൽ ആ പെൺകുട്ടി ചെയ്തതൊന്നും പക്ഷേ, ശരിയാകാതെ വന്നില്ല. മനോഹരമായ ഒട്ടേറെ വേഷങ്ങളിലൂടെ കേരളത്തിലെ കുടുംബങ്ങളുടെ പ്രിയങ്കരിയായി ആ പെൺകുട്ടി മാറിയത് പേരുപോലെ ലളിതമായ അഭിനയംകൊണ്ടായിരുന്നു. കെ.പി.എ.സി. ലളിത വിടപറയുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മായാതെ ലളിതമായ ആ വേഷങ്ങളുണ്ടാകും.

ക്ലാസിക് സ്പർശത്തിന്റെയും കലാമൂല്യത്തിന്റെയും സൂപ്പർ ഹിറ്റിന്റെയുമൊക്കെ അളവുകോലുകളിൽ ഒരുപോലെ തിളങ്ങാനായതാണ് കെ.പി.എ.സി. ലളിത എന്ന നടിയെ ചരിത്രം വിജയകരമായി അടയാളപ്പെടുത്തുന്നതിന്റെ അടിസ്ഥാനം. സ്വയംവരവും കൊടിയേറ്റവും പോലെയുള്ള ക്ലാസിക് സിനിമകളിൽ ലളിതമനോഹരമായ അഭിനയം കാണിച്ചുതന്ന ലളിതതന്നെയാണ് വെങ്കലവും അമരവും ശാന്തവും സ്ഫടികവുംപോലെയുള്ള സിനിമകളിലെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളായി പകർന്നാടിയത്. ഇതിനിടയിൽ മണിച്ചിത്രത്താഴും വിയറ്റ്നാം കോളനിയും ലൈഫ് ഈസ് ബ്യൂട്ടിഫുളും ഗോഡ്ഫാദറും പോലെയുള്ള ചിരിയുടെ അമിട്ടുകൾക്കു തിരികൊളുത്താനും ലളിതയ്ക്ക് അനായാസം സാധിച്ചിരുന്നു.

കല്ലിൽ കൊത്തിവെച്ച കവിതയാണ് സിനിമയെന്നാണ് ലളിത എന്നും പറഞ്ഞിരുന്നത്. ടി.വി. സീരിയലുകളുടെ തിരക്കിലേക്കു കൂടുമാറിയപ്പോഴും സിനിമയും അതിലെ കഥാപാത്രങ്ങളും ശക്തമായ വികാരമായി ലളിത എന്നും അടയാളപ്പെടുത്തിയിരുന്നു. ''മിക്ക സീരിയലുകളും വെള്ളത്തിൽ വരച്ച വരപോലയാണ്. സിനിമ പക്ഷേ, കല്ലിൽ കൊത്തിവെച്ച കവിതയാണ്. സിനിമ എത്രനാൾ കഴിഞ്ഞാലും നമ്മുടെ ഓർമയിലുണ്ടാകും. സീരിയലിൽ പക്ഷേ, അതു കഴിഞ്ഞു നമ്മൾ ആ കഥാപാത്രമായി ഓർക്കപ്പെടില്ല.'' -ലളിത ഒരിക്കൽ പറഞ്ഞ വാക്കുകളിൽ സിനിമയെ അവർ എത്രമേൽ ആഴത്തിൽ സ്പർശിച്ചിരുന്നുവെന്നതിന്റെ കൃത്യമായ സാക്ഷ്യപത്രമുണ്ട്.

ഭരതൻ ചിത്രങ്ങളുടെ കലാസ്പർശത്തിൽനിന്നു തമാശകളുടെ പൂത്തിരികളിലേക്കു മാറിയപ്പോഴാണ് ലളിത എന്ന നടി മലയാളി പ്രേക്ഷകരുടെയെല്ലാം പ്രിയങ്കരിയാകുന്നത്. ഇന്നസെന്റും ലളിതയും ചേർന്നു സൃഷ്ടിച്ച തമാശകളുടെ രസതന്ത്രം ആസ്വദിച്ച് മലയാളികൾ എത്രയോ ചിരിച്ചുമറിഞ്ഞിരിക്കുന്നു. മണിച്ചിത്രത്താഴും ഗോഡ്ഫാദറും പൊന്മുട്ടയിടുന്ന താറാവും ഗജകേസരിയോഗവും മക്കൾമാഹാത്മ്യവും ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസും മൈ ഡിയർ മുത്തച്ഛനും ശുഭയാത്രയും അടക്കം എത്രയോ സിനിമകൾ ആ ചിരിപ്പട്ടികയിൽ പറയാനുണ്ട്. ''ഞാൻ ഇന്നുവരെ ഒരു സിനിമയിൽ അഭിനയിച്ചപ്പോഴും തന്റെ ജോഡി ആയി ഇന്ന നടിയെ അഭിനയിപ്പിച്ചാൽ നന്നായിരിക്കുമെന്നും അതിന്റെ സംവിധായകനോടു പറഞ്ഞിട്ടില്ല. പക്ഷേ, ഗോഡ്ഫാദർ എന്ന സിനിമയെപ്പറ്റി സംവിധായകരായ സിദ്ദിഖും ലാലും പറഞ്ഞപ്പോൾ തന്റെ ജോടിയായി ലളിത വന്നാൽ അതുനന്നായിരിക്കുമെന്നു അവരോടു പറഞ്ഞിരുന്നു.'' -ഇന്നസെന്റ് ഒരിക്കൽ പറഞ്ഞ വാക്കുകളിൽ അവർ തമ്മിലുള്ള ചിരി രസതന്ത്രത്തിന്റെ എല്ലാ കഥകളും തെളിയുന്നുണ്ട്.

സിനിമയിലെ കഥാപാത്രങ്ങളിലേക്കു കൂടുമാറിയാൽ ജീവിതത്തിലെ ഏതു സങ്കടവും അതിൽ അലിയിപ്പിച്ചു കളയാൻ അസാമാന്യമായൊരു കഴിവുണ്ടായിരുന്നതും ലളിതയെ മലയാള സിനിമാചരിത്രത്തിൽ വേറിട്ട് അടയാളപ്പെടുത്തുന്നുണ്ട്. ഭർത്താവായ ഭരതന്റെ മരണം ആകെ ഉലച്ചുകളഞ്ഞ ലളിത അതിനുശേഷം കുറെക്കാലം സിനിമകളിൽ അഭിനയിച്ചിരുന്നില്ല. പിന്നീട് സത്യൻ അന്തിക്കാടിന്റെ സ്നേഹപൂർവമുള്ള നിർബന്ധത്തിനുവഴങ്ങിയാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന ചിത്രത്തിലൂടെ ലളിത വീണ്ടും അഭിനയരംഗത്തെത്തുന്നത്. ആ സിനിമയുടെ ലൊക്കേഷനിലേക്ക്‌ ഭരതന്റെ പ്രിയ സുഹൃത്ത് നെടുമുടി വേണു കടന്നുവന്നപ്പോൾ പഴയ ഓർമകളിൽ പൊട്ടിക്കരഞ്ഞുപോയ ലളിതയുടെ ചിത്രം ഇന്നും ആ സെറ്റിലുണ്ടായിരുന്നവർ ഓർക്കുന്നുണ്ട്. പക്ഷേ, കഥാപാത്രത്തിന്റെ വിളി വന്നപ്പോൾ ആ കരച്ചിൽ അധികനേരം നീണ്ടില്ല. മേരിപ്പെണ്ണ് എന്ന കരുത്തുറ്റ കഥാപാത്രത്തിലേക്ക് ലളിത കൂടുമാറിയപ്പോൾ അത് അവരുടെ കരിയറിലെത്തന്നെ മികച്ച വേഷങ്ങളിൽ ഒന്നായി. ലളിതയുടെ അഭിനയ മികവിനെ സാക്ഷ്യപ്പെടുത്താൻ പിന്നീട് സത്യൻ അന്തിക്കാട് പറഞ്ഞ ഒരു വാചകം കൂടി ഓർക്കാം: ''വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലെ നായകനെ വരെ വേണമെങ്കിൽ മാറ്റാമായിരുന്നു. പക്ഷേ തിലകനും കെ.പി.എ.സി. ലളിതയ്ക്കും പകരക്കാരായി മറ്റാരെയും ആ കഥാപാത്രങ്ങളിലേക്ക് സങ്കല്പിക്കാൻ പോലുമാകില്ലായിരുന്നു.''

Content Highlights: Unforgettable characters of KPAC Lalitha, Movies of KPAC Lalitha

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented