കെ.പി.എ.സി ലളിതയും സത്യൻ അന്തിക്കാടും (Photo: .)
താരങ്ങൾ ഇല്ലെങ്കിലും നമുക്ക് സിനിമചെയ്യാം. എന്നാൽ, കെ.പി.എ.സി. ലളിതയെപ്പോലെ, മാമുക്കോയയെപ്പോലെ, ഇന്നസെന്റിനെപ്പോലെ ഉള്ളവരില്ലാതെ പുതിയ സിനിമകൾ ആലോചിക്കാൻ പ്രയാസമാണ്. ശങ്കരാടിയും ഒടുവിൽ ഉണ്ണികൃഷ്ണനും നെടുമുടി വേണുവും എല്ലാം അത്തരക്കാരായിരുന്നു. ഇവർക്ക് പകരം മറ്റൊരാളെ ആലോചിക്കാൻ പ്രയാസമാണ്. ലളിതച്ചേച്ചിയെല്ലാം എന്റെ തരം സിനിമകളിൽ അവിഭാജ്യഘടകങ്ങളാണ്. പലതരം കഥകൾ ചിന്തിക്കാൻ ഇവരെല്ലാം എന്റെ ധൈര്യമായിരുന്നു. ആ ധൈര്യമാണ് ഇവരുടെ ഓരോരുത്തരുടെയും മരണത്തിലൂടെ നഷ്ടമാവുന്നത്.
ലളിതച്ചേച്ചിതന്നെ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, ഭരതനേക്കാൾ കൂടുതൽ നല്ല കഥാപാത്രങ്ങളെ തനിക്ക് തന്നത് സത്യനാണെന്ന്. അത് എനിക്ക് കിട്ടിയ വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്.
ലളിതച്ചേച്ചിയുടെ രണ്ട് തിരിച്ചുവരവുകൾക്ക് ഞാൻ നിമിത്തമായിട്ടുണ്ട്. ഒന്ന് ഭരതനെ വിവാഹം ചെയ്തശേഷം, ഇനി ഞാൻ സിനിമയിലേക്ക് ഇല്ലെന്നുപറഞ്ഞ് അവർ മാറിനിന്ന സന്ദർഭത്തിലാണ്. ആ സമയത്ത് ഞാൻ ‘അടുത്തടുത്ത്’ എന്ന സിനിമ പ്ലാൻചെയ്തപ്പോൾ അതിൽ സുകുമാരിച്ചേച്ചിയും ലളിതച്ചേച്ചിയും മസ്റ്റ് ആയി വേണമായിരുന്നു. ഭരതേട്ടനെ വിളിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘അയാൾ വരുകയാണെങ്കിൽ എനിക്ക് വിഷമമൊന്നുമില്ല’ എന്ന്. അങ്ങനെ പറഞ്ഞാൽ പോരാ, ഭരതേട്ടൻ നിർബന്ധിച്ച് ചേച്ചിയെ സിനിമയിലേക്ക് വിടണമെന്നായി ഞാൻ. അങ്ങനെ ഒരിടവേളയ്ക്കുശേഷം ലളിതച്ചേച്ചി സിനിമയിൽ സജീവമായി. ഭരതേട്ടൻ മരിച്ചുപോയശേഷമായിരുന്നു അവർ വീണ്ടും സിനിമയിൽനിന്ന് മാറിനിന്നത്. അപ്പോഴാണ്, ഗൃഹലക്ഷ്മിയുടെ ബാനറിൽ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ പ്ലാൻചെയ്യുന്നത്. ഞാനും പി.വി. ഗംഗാധരനും എല്ലാം നിർബന്ധിച്ചിട്ടും അവർ തയ്യാറായില്ല. അപ്പോൾ, അവരുടെ മക്കളായ ശ്രീക്കുട്ടിയോടും സിദ്ധാർത്ഥിനോടും പറഞ്ഞാണ് സമ്മതിപ്പിച്ചത്. വൈകാരികമായ സന്ദർഭമായിരുന്നു അത്.
‘ഞാൻ പ്രകാശനി’ൽ പൗളിച്ചേച്ചിയായി അവർ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചു. ‘മകൾ’ എന്ന സിനിമയിൽ ഞാൻ ലളിതച്ചേച്ചിക്കായി ഒരു കഥാപാത്രം തയ്യാറാക്കിയിരുന്നു. ആ സന്ദർഭത്തിലാണ് അവർ സുഖമില്ലാതെ ആശുപത്രിയിലായത്. അതോടെ ഞാൻ, ആ കഥാപാത്രത്തിന്റെ പ്രാധാന്യംതന്നെ കുറച്ചു. ഇതാണ് പ്രശ്നം. ഒരാൾ ഇല്ലാതാവുമ്പോൾ ഒരു കഥാപാത്രംതന്നെ ഇല്ലാതാവുന്നു. ലളിതച്ചേച്ചി ഇല്ലാതാവുമ്പോൾ അതാണ് പ്രതിസന്ധിയാവുന്നത്. അതാണ് സങ്കടം. ഈ കാര്യം ഞാൻ അവരോടുതന്നെ പറഞ്ഞപ്പോൾ ലളിതച്ചേച്ചി എന്നോട് പറഞ്ഞത്, അതെല്ലാം ഒരു നിയോഗമാണെന്നാണ്. അതേ, ഇതും ഒരു നിയോഗമാവാം. ദൈവത്തിന്റെ തിരക്കഥയിൽ ഇത്രയേ എഴുതിയിട്ടുണ്ടാവൂ...
Content Highlights: Sathyan Anthikad remembers KPAC Lalitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..