അത്ര ലളിതമല്ല, ലളിതാമാജിക്


എം.പി. സുരേന്ദ്രൻ

വളരെക്കുറച്ച് മുഴുനീള കഥാപാത്രങ്ങളേ അവർക്ക് ലഭിച്ചിട്ടുള്ളൂ. എങ്കിലും നമുക്കുചുറ്റിലുമുള്ള ജീവിതത്തിൽനിന്ന് അവർ മനുഷ്യരെ സിനിമയിലേക്ക് അടർത്തിക്കൊണ്ടുവന്നതാണ് ലളിതാമാജിക്.

കെ.പി.എ.സി. ലളിത | ഫോട്ടോ: സുമേഷ് മോഹൻ | മാതൃഭൂമി

മ്മുടെ കാലത്തിന്റെ ദൃശ്യാനുഭവങ്ങളിൽ കെ.പി.എ.സി. ലളിത എന്ന അഭിനേത്രി എപ്പോഴുമുണ്ടായിരുന്നു. മലയാളത്തിന്റെ സിനിമാ ഭൂപടത്തിൽ അവർ അറുനൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ചു.

ലോകഗതിയെയും ചുറ്റുമുള്ള മനുഷ്യരെയും സ്വാംശീകരിച്ചെടുത്ത് നാനാതരം ജീവിതാനുഭവങ്ങളുടെ രസമാപിനിയിലേക്ക് കടത്തിവിടുന്ന അത്ര ലളിതമല്ലാത്ത ഒരഭിനയ സങ്കല്പം ലളിതാമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ഘടനയിലേക്ക് അവർ പ്രവേശിക്കുന്നത് നാം അറിയുകയില്ല. ഡയലോഗുകളുടെ റെൻഡറിങ്ങിൽ (ഭാഷാന്തരം) അവർ പുലർത്തിയ നാട്ടുമൊഴിത്തനിമയുടെ വൈവിധ്യവും വിസ്മയകരമായിരുന്നു. ഇത് കഥാപാത്രത്തിന്റെ പ്രത്യക്ഷ സാമൂഹികസ്വഭാവത്തിനു നല്ല പിൻബലം നൽകി.

നടിയാണ്, കാണുന്നത് അഭിനയമാണ് എന്ന് അല്പംപോലും തോന്നിപ്പിക്കാതെ കഥാപാത്രങ്ങളെ ആഴത്തിൽ അനുഭവിപ്പിച്ച ആ പരിചരണ സിദ്ധി, അതേ തീക്ഷ്ണതയിൽ ശങ്കരാടിയിലും തിലകനിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും സ്വാഭാവികതയിൽ നാം കണ്ടത് ഈ അഭിനേത്രിയിലാണ്.

വളരെക്കുറച്ച് മുഴുനീള കഥാപാത്രങ്ങളേ അവർക്ക് ലഭിച്ചിട്ടുള്ളൂ. എങ്കിലും നമുക്കുചുറ്റിലുമുള്ള ജീവിതത്തിൽനിന്ന് അവർ മനുഷ്യരെ സിനിമയിലേക്ക് അടർത്തിക്കൊണ്ടുവന്നതാണ് ലളിതാമാജിക്. എഴുപതുകളിലെ സിനിമാ നിരൂപണങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾ അതു വായിക്കുമ്പോൾ അമ്പരക്കും. ഓരോ നിരൂപണത്തിലും കാണും ലളിത കഥാപാത്രമായി ജീവിച്ചു എന്ന വാചകം.

കേരളത്തനിമയും വിവിധ ഗ്രാമീണ പ്രാദേശികതയും സംഗമിക്കുന്ന നിത്യപരിചിതരായ കഥാപാത്രങ്ങളിലേക്ക് ലളിത അനായാസം കയറിപ്പോയി. അമ്മ, അമ്മൂമ്മ, ഭാര്യ തുടങ്ങി സ്ഥിരം വേഷങ്ങളിൽ അവർ ജാഗ്രതയോടെ ചിലപൊടിപ്പുകൾ നൽകി വ്യത്യസ്തയാക്കി. കൂട്ടുവേഷങ്ങളിൽ വീട്ടുകാരി എന്ന ലേബലിൽ അവർ മറ്റുള്ളവരെ അതിശയിപ്പിച്ചു. ഒരു കഥാപാത്രത്തിന്റെ ഉടുപുടവയിലും (ആഹാര്യം) പ്രാദേശികമൊഴി ഭേദങ്ങളിലും സമുദായികസ്വഭാവങ്ങളിലും മറ്റു നടികളെ അതിശയിക്കുന്ന പരിചരണബോധം അവർക്കുണ്ടായിരുന്നു. അവരുടെ മുഖഘടനപോലും കേരളീയ കഥാപാത്രങ്ങളെ, ഭാഷണഭേദത്തോടെ അവതരിപ്പിക്കാൻ സഹായകമായിരുന്നു. ആ വൈവിധ്യമാണ് വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണ്, അപൂർവം ചിലരിലെ മേരിക്കുട്ടി, അമരത്തിലെ ഭാർഗവി, സന്മനസുള്ളവർക്ക് സമാധാനത്തിലെ കാർത്യായനി, പെരുവഴിയമ്പലത്തിലെ ദേവയാനി, തേന്മാവിൻകൊമ്പത്തെ കാർത്തു, സദയത്തിലെ ദേവകി, ഗോഡ്ഫാദറിലെ കൊച്ചമ്മിണി തുടങ്ങിയ കഥാപാത്രങ്ങളിൽ കാണുന്നത്.

ഒപ്പംചേർന്നുള്ള റോളുകളിൽ (കോമ്പിനേഷൻ റോൾ) ലളിതയിലെ അഭിനേത്രി, മറ്റു നടീനടന്മാരോടൊപ്പം നിശ്ശബ്ദമായി മത്സരിക്കുന്നുണ്ട്. അപൂർവം ചിലരിലെ മേരിക്കുട്ടി (ഇന്നസെന്റുമൊത്ത്), ഗജകേസരി യോഗത്തിലെ മാധവി (ഇന്നസെന്റുമൊത്ത്), മനസ്സിനക്കരയിലെ കുഞ്ഞുമറിയ (ഷീലയുമൊത്ത്) തുടങ്ങിയ സിനിമകളിലെ ചെറുറോളുകളിൽ ലളിതാമ്മയുടെ കഥാപാത്രങ്ങൾ സ്വഭാവികവും അയത്നലളിതവുമായ പരിചരണംകൊണ്ട് ശ്രദ്ധേയമാകുന്നു.

''ഒരു കഥാപാത്രം ആരെങ്കിലും നീട്ടിയാൽ ഞാൻ വിശദമായി ചോദിച്ചറിയും. അപ്പോഴേക്കും അതുപോലൊരു യഥാർഥ സ്ത്രീ എന്റെ മുമ്പിലെത്തും. പിന്നെ എന്റേതായ ചില മിനുക്കുകളും ഉണ്ടാകും. അവരുടെ ഭാഷയിലാണ് ഞാൻ കൂടുതൽ പണിയെടുക്കുക. ദേശവും ഭാഷയും മതവും ജാതിയും സ്വഭാവവുമൊക്കെ ഞാൻ ആ കഥാപാത്രത്തിൽ കൃത്യമായി നിക്ഷേപിക്കും.'' ഒരു ദീർഘസംഭാഷണത്തിനിടയ്ക്ക് അവർ പറഞ്ഞതാണ്.

''അതു തെറ്റിപ്പോയത് അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിൽ മാത്രമാണ്. ഞാൻ ചെയ്യേണ്ടത് എന്തെന്ന് അടൂർ വിശദമായി പറഞ്ഞു. എങ്കിലും ഭരത് ഗോപിയുടെ ശങ്കരൻകുട്ടിയിലൂടെ ശാന്തമ്മ ആരാണെന്ന് പിടികിട്ടി. അമ്മയുടെ തണലിൽ ജീവിക്കുന്ന ശാന്തമ്മയുടെ പരിഭവവും സ്നേഹവും ദുഃഖവും നൈരാശ്യവുമൊക്കെ എന്റെ ഗ്രാമത്തിൽക്കണ്ട ഒരു ചേച്ചിയിൽനിന്ന് ഞാനെടുത്തു.'' -അവർ വിശദീകരിച്ചു.

'സ്ഫടികം' എന്ന സിനിമയിൽ ചാക്കോ മാഷും ആടു തോമയുമൊക്കെയാണ് മുഖ്യ കഥാപാത്രങ്ങൾ. പക്ഷേ, അതേസിനിമയിൽ കെ.പി.എ.സി. ലളിത അഞ്ചാറു സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് അവരോടൊപ്പം ഉയരമുള്ള കഥാപാത്രമായിനിന്നു. അപ്പനും മകനുമിടയിൽ ഉരുകിത്തിളയ്ക്കുന്ന ലാവപോലെ ഒരു കഥാപാത്രം. പള്ളിയിൽവെച്ച് 'എന്റെ മോൾടെ കല്യാണത്തിന് അവൻ വരണ്ട, ഐ.എ.എസുകാരനായ ശിഷ്യൻ വരുമെന്ന്' ചാക്കോമാഷ് എടുത്തടിച്ച് പറയുമ്പോൾ, അതേ വാശിയോടെ ഒരമ്മയുടെ രോഷത്തോടെ ചീറുന്നുണ്ട് ലളിതയുടെ കഥാപാത്രം: ''നിങ്ങളുടെ മോടെ കല്യാണത്തിന് ഇവൻ വരില്ല. എന്റെ മോൻ തെണ്ടിയല്ല. എന്താടാ നോക്കിനിക്കണത്, ഇറങ്ങിപ്പോടാ'' എന്ന ഡയലോഗിൽ തന്നെയുണ്ട് ഒരമ്മയുടെ അതിതീവ്രമായ പ്രതിരോധം. ജീവിതത്തിന്റെ ക്രൂരമായ വിധിബോധത്തെ കനൽക്കാറ്റ് എന്ന സിനിമയിലെ കഥാപാത്രമായ ഓമനയും ചോദ്യംചെയ്യുന്നുണ്ട്. സ്ത്രീയുടെ അഭിമാനബോധത്തെ യുക്തിപൂർവം ഉയർത്തുന്ന ഉചിതമായ ഭാവപ്രകടനമാണ് ലളിതയുടെ ഓമന.

ഇതിവൃത്തത്തിൽ പ്രത്യക്ഷ പങ്കാളിത്തമില്ലാത്ത, പേരുപോലും ഇല്ലാത്ത, നേർരേഖയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങൾക്കുപോലും അവർ വിസ്മയകരമായ വിധത്തിൽ അർഥവത്തായ പ്രാധാന്യം നൽകാറുണ്ട്. സസ്നേഹത്തിലെ റോസി തൃശ്ശൂർ പട്ടണത്തിലെ സ്‌പെസിമെൻ കഥാപാത്രമാണ്. ഒരു ക്രൈസ്തവ കഥാപാത്രത്തിന്റെ ഭാവം, ലളിത എടുത്തണിയുമ്പോഴുള്ള ചെറിയതും സൂക്ഷ്മവുമായ പൊടിവേലകളിൽനിന്ന് ജന്മംകൊണ്ടതാണ് ലളിതയുടെ റോസി. ഇതിൽനിന്ന് ബഹുദൂരം അകലെയാണ് അപൂർവം ചിലരിലെ മേരിക്കുട്ടിയും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ മേരിയും. രണ്ടും ലളിത എത്ര വ്യത്യസ്തമായാണ് കൈകാര്യംചെയ്തതെന്ന് അദ്ഭുതപ്പെടുമ്പോഴാണ് സൂക്ഷ്മഭാവങ്ങളിൽ ലളിത സ്വീകരിക്കുന്ന അഭിനയമൂലകങ്ങൾ എന്തെന്ന് ബോധ്യപ്പെടുക.

ഒരു കുടുംബം എന്ന സിനിമയിൽ വേഷമിട്ടതിനുശേഷം ഇരുനൂറോളം ചെറു കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ് 'ചക്രവാകം' എന്ന സിനിമയിലെ ഭ്രാന്തിപ്പാറു എന്ന കഥാപാത്രം ലളിതയെ തേടിവന്നത്. ഒരു കുഞ്ഞുമായി ഊരുചുറ്റുന്ന യാചകിയുടെ വേഷം ആ നടി ഉജ്ജ്വലമായാണ് ആവിഷ്‌കരിച്ചത്. പിന്നീട് 1977-ലാണ് കൊടിയേറ്റത്തിലെ ശാന്തമ്മ എത്തുന്നത്. 2001-ൽ ജയരാജ് സംവിധാനം ചെയ്ത 'ശാന്തം' എന്ന ചിത്രത്തിലാണ് ലളിതയുടെ ഏറ്റവും മികച്ച വേഷം കാണുന്നത്. ആ ചിത്രത്തിലെ നാരായണി ദുഃഖങ്ങൾ ഉള്ളിലൊതുക്കി ഉൽക്കടമായ അശാന്തിയോടെ ജീവിക്കുന്ന ഒരമ്മയാണ്. രാഷ്ട്രീയ എതിരാളികൾ വിളിച്ചിറക്കി വെട്ടിക്കൊന്ന മകനെയോർത്ത് വിങ്ങുന്ന കഥാപാത്രമാണ് നാരായണി. പുഴയോരത്ത് തോരാമഴയിൽ അതിനെക്കാൾ പ്രചണ്ഡമായ കണ്ണീർ മഴയിൽ ഏകയായി നിൽക്കുന്ന നാരായണിയുടെ ചിത്രം ലളിതയുടെ തന്നെ ജീവിതചിത്രം കൂടിയാണ്.

'ആദ്യത്തെ കണ്മണി'യിലെ അഹങ്കാരം തലയ്ക്കുപിടിച്ച മാളവിക എന്ന അമ്മായിഅമ്മ കഥാപാത്രത്തെ തീർത്തും നിയന്ത്രിതമായ ചലനങ്ങളോടെ അവർ പൂർണതയുള്ള ഒരു പ്രതിനായികാകഥാപാത്രമാക്കി മാറ്റി. കോട്ടയം കുഞ്ഞച്ചനിലെ തന്റേടിയായ ഏലിയാമ്മ എന്ന കഥാപാത്രത്തിനുമുണ്ട് ഈ രൂപപ്പൊരുത്തം. ദൈവത്തിനെയും ദൈവവചനങ്ങളെയും ഭയപ്പെട്ടു ജീവിക്കുന്ന ഭർത്താവിന്റെ ഭീരുത്വത്തെ ഈ പാലാക്കാരി നിഷ്പ്രയാസം മറികടക്കുന്നു. കോട്ടയം കുഞ്ഞച്ചനെപ്പോലും വരച്ചവരയിൽ നിർത്തുന്ന മക്കളെ ചിറകിനടയിൽ വളർത്തുന്ന ഈ അച്ചായത്തിയെ ലളിതയ്ക്കല്ലാതെ ഇത്രയും അതിശയകരമായ അനായാസതയോടെ അവതരിപ്പിക്കാനാവില്ല എന്ന തീർപ്പിൽ നാമെത്തുകയും ചെയ്യും. സംഭാഷണത്തിലേക്ക് കൊണ്ടുവരുന്ന ആ വാമൊഴിഭേദം, ലളിതയുടെ അഭിനയജീവിതത്തിലെ അടർത്തിമാറ്റാനാവാത്ത സിദ്ധിയായിണെന്നു ബോധ്യപ്പെടുകയും ചെയ്യും.

1968-ലെ 'കൂട്ടുകുടുംബ'ത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം പത്തുവർഷം തുടർച്ചയായി അഭിനയിച്ച ലളിതാമ്മ 1978-ൽ അഭിനയം നിർത്തിവെച്ചു. പിന്നീട് 'കാറ്റത്തെ കിളിക്കൂടി'ലൂടെയാണ് തിരിച്ചുവരുന്നത്. ഭർത്താവും സംവിധായകനുമായ ഭരതന്റെ മരണത്തിനുശേഷം അവർ വീണ്ടും സിനിമയിൽനിന്ന് അകന്നുകഴിഞ്ഞു. പിന്നീട് 'വീണ്ടും ചില വീട്ടുകാര്യ'ങ്ങളിലാണ് തിരിച്ചെത്തുന്നത്. ആ ഇടവേളകൾ ഒരേസമയം സന്തോഷത്തിന്റെയും സന്താപത്തിന്റേതുമായിരുന്നു. ആ വലിയ ഇടവേളകളിൽ ഒരുപാട് കഥാപാത്രങ്ങൾ നഷ്ടപ്പെട്ടതായിരുന്നു അവരുടെ ദുഃഖം.

വടക്കാഞ്ചേരിക്കടുത്ത എങ്കക്കാട്ട് ദേശത്തെ 'ഓർമ' എന്ന വീട്ടിലേക്ക് അവസാനമായി പോയത് കെ.പി.എ.സി. ലളിത ഓർമകൾപോലുമില്ലാതെ അവസാന നിമിഷങ്ങൾ പിന്നിടുമ്പോഴാണ്. അമ്മ എന്നെപ്പോലും തിരിച്ചറിയുന്നില്ല' മകൻ സിദ്ധാർഥൻ പറഞ്ഞു. ഒരർഥത്തിൽ അതു നന്നായി. തന്റെ കലാജീവിതം, ഒരു സാക്ഷരസമൂഹത്തിനു സമർപ്പിച്ച പ്രതിഭാധനയായ അഭിനേത്രിക്ക് ശവത്തിൽപോലും കുത്തുവാക്കുകളൊന്നും കേൾക്കേണ്ടിവന്നില്ലല്ലോ. കക്ഷിരാഷ്ട്രീയത്തിൽ കക്ഷിചേർന്നതിന്റെ അപഹാസം ഏറ്റവും കൂടുതൽ അനുഭവിച്ചത് ലളിതാമ്മയായിരുന്നു. പക്ഷേ, തിരക്കഥകളിൽപ്പോലും എഴുതിച്ചേർത്തിട്ടില്ലാത്ത വേദനകൾ അവർ ജീവിതത്തിൽ അനുഭവിച്ചുതീർത്തിരുന്നു.

നടിയാണ്, കാണുന്നത് അഭിനയമാണ് എന്ന് അല്പംപോലും തോന്നിപ്പിക്കാതെ കഥാപാത്രങ്ങളെ ആഴത്തിൽ അനുഭവിപ്പിച്ചു, ആ പരിചരണസിദ്ധി.

Content Highlights: KPAC Lalitha's memorable characters in big screen

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented