കെ.പി.എ.സി ലളിത
ഞാന്‍ മഹേശ്വരി. മഹേശ്വരിയെ നിങ്ങള്‍ക്കറിയില്ല. എന്നാല്‍, എന്നെ നിങ്ങള്‍ക്കറിയാം -വര്‍ഷങ്ങള്‍ക്കുമുമ്പ് 'കഥതുടരും' എന്ന ഓര്‍മക്കുറിപ്പില്‍ കെ.പി.എ.സി. ലളിത ഇങ്ങനെ കുറിച്ചിട്ടു. മുഖച്ചമയങ്ങളില്ലാത്ത ജീവിതത്തിന്റെ ഉടമ. ചിത്തിരയ്ക്കുപിറന്ന മലയാളസിനിമയിലെ നക്ഷത്രം. അഭിനയത്തിലെ സ്ത്രീക്കരുത്ത്.
കുട്ടിക്കാലത്ത് അമ്മയുടെ സാരിചുറ്റി കണ്ണാടിക്കുമുമ്പില്‍ കാലവും നേരവും നോക്കാതെ ആടിത്തുടങ്ങിയ മഹേശ്വരി നൃത്തംപഠിച്ചും പിന്നീട് നാടകത്തിലൂടെ, സിനിമയിലൂടെ വളര്‍ന്ന് കെ.പി.എ.സി. ലളിതയായി. മലയാളിയുടെ സിനിമാക്കാഴ്ചയ്ക്ക് അനുഭവങ്ങളുടെ തീവ്രതപകര്‍ന്ന ചലച്ചിത്രകാരന്‍ വടക്കാഞ്ചേരി ഏങ്കക്കാടുകാരന്‍ ഭരതന്റെ ജീവിതസഖിയായി.
കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയില്‍ ജനനം. ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന പേരുവീണത്. നൃത്തത്തിലായിരുന്നു ആദ്യം താത്പര്യം. അരങ്ങേറ്റമെന്ന് പറയാവുന്ന നൃത്തമത്സരം രാമപുരത്ത് സ്‌കൂളിലായിരുന്നു. അതും എക്കാലത്തെയും മികച്ച വിപ്ലവപ്പാട്ടുകളില്‍ ഒന്നായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...' എന്ന വരികള്‍ക്കൊത്ത്. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. ഇതേപ്പറ്റി പറയാന്‍ കഥകളേറെയുണ്ട് ലളിതയ്ക്ക്.
കെ.എസ്. സേതുമാധവന്‍ 'കൂട്ടുകുടുംബം' സിനിമയാക്കിയപ്പോള്‍ ലളിത സിനിമാക്കാരിയായി, 1969-ല്‍. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അവര്‍ കഥാപാത്രമായി ജീവിച്ചു. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ -ഭരതന്റെ അമരത്തിനും ജയരാജിന്റെ ശാന്തത്തിനും. നാലുവട്ടം സംസ്ഥാന പുരസ്‌കാരം. പ്രേംനസീര്‍ മുതലുള്ള താരങ്ങള്‍ക്കൊപ്പം വേഷമിട്ട ലളിതയുടെ കഥപാത്രങ്ങളില്‍ നല്ലൊരുഭാഗവും മലയാളിയെ ചിരിപ്പിക്കുന്നതായി. ഗോഡ്ഫാദറിലെ കൊച്ചമ്മിണിടീച്ചറും വിയറ്റ്നാംകോളനിയിലെയും മണിച്ചിത്രത്താഴിലെയുമൊക്കെ കഥാപാത്രങ്ങളും ഇതില്‍ ചിലത്.
'മണിയേട്ടന്‍' എന്ന ഭരതന്റെ മരണം ലളിതയെ വല്ലാതെ തളര്‍ത്തിയിരുന്നു. പിന്നീട് മകന്‍ നടനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ അപകടവും വേദനിപ്പിച്ചു. ഈ സങ്കടങ്ങളില്‍നിന്നൊക്കെ കരകയറാന്‍ അവര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.
Content Highlights: KPAC Lalitha-maheshwari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..