കെ.പി.എ.സി ലളിത കലാഭവൻ മണിയ്‌ക്കൊപ്പം വാൽക്കണ്ണാടി എന്ന ചിത്രത്തിൽ
ജീവിതവും അഭിനയവും കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ടാവാം ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെപ്പോലും വളരെ സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്ക് കഴിഞ്ഞത്. ചെറുപ്പംമുതല്‍ക്കേ അനുഭവിക്കേണ്ടിവന്ന അളവില്ലാത്ത വ്യഥ അഭിനയജീവിതത്തിലും പ്രതിഫലിച്ചിരുന്നു. കാലം വേദനകളാല്‍ പലതവണ മുറിവേല്‍പ്പിച്ചിട്ടും തോറ്റുകൊടുത്തിട്ടില്ല കെ.പി.എ.സി. ലളിത. ''ദൈവം എന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് കൂടുതല്‍ വേദനകള്‍ എനിക്ക് നല്‍കുന്നത്.'' എന്ന് ലളിത പല അഭിമുഖങ്ങളിലും പറയാറുണ്ടായിരുന്നു. കയറുപൊട്ടിയ പട്ടംപോലെ പറന്നുനടന്ന ഭരതനെന്ന അനുഗൃഹീതനായ കലാകാരന്റെ വിജയത്തിനുപിന്നില്‍ അദ്ദേഹത്തിന് ഭാര്യയായ ലളിത അനുവദിച്ചുനല്‍കിയ അമിത സ്വാതന്ത്ര്യവും അതിനായി അവര്‍ അനുഭവിച്ചുതീര്‍ത്ത വേദനകളുമാണ്. കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സംവിധായകര്‍ ലളിതയെത്തേടിവന്നു. പകരംവെക്കാനാവാത്തതരത്തില്‍ ലളിത ആ വേഷങ്ങളെ മികവുറ്റതാക്കി. അതുകൊണ്ടുതന്നെ ലളിതയ്ക്കുശേഷം ആ വേഷങ്ങള്‍ ചെയ്യാന്‍ മറ്റാരുമില്ലാതായിരിക്കുന്നു. മലയാളസിനിമയില്‍ ലളിത നിന്നയിടം ശൂന്യമാണിപ്പോള്‍. ഒരുപക്ഷേ, പുതിയ തലമുറയില്‍നിന്ന് ആരു കടന്നുവന്നാലും ലളിത അഭിനയിച്ചുവെച്ച തരത്തിലുള്ള കഥാപാത്രങ്ങളെ അത്രയ്ക്ക് തന്മയത്വത്തോടെ അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞെന്നും വരില്ല. ഇത്രയും ഊര്‍ജം ലളിത സംഭരിച്ചത് കെ.പി.എ.സി. എന്ന മഹത്തായ പ്രസ്ഥാനത്തില്‍നിന്നാണ്
നാടകം, സിനിമ
സിനിമയ്ക്കുമുമ്പേ നാടകത്തില്‍ കരുത്തുതെളിയിച്ചിരുന്നു ലളിത. അച്ഛനൊപ്പം കെ.പി.എ.സി.യുടെ നാടകങ്ങള്‍ കണ്ടുശീലിച്ച ലളിതയ്ക്ക് ചെറുപ്പം മുതല്‍ക്കേ നാടകത്തോട് അഭിനിവേശമായിരുന്നു. ഒടുവില്‍ കെ.പി.എ.സി.യില്‍ത്തന്നെ ചെന്നെത്തുകയും അവിടത്തെ പ്രധാനനടിമാരിലൊരാളായിത്തീരുകയും ചെയ്തു. ലളിതയ്ക്ക് നാടകത്തിലേക്കുള്ള വഴിതുറന്നത് നൃത്തത്തിലുള്ള പ്രാവീണ്യമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നല്ല പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായിരുന്ന അച്ഛന്‍ അനന്തന്‍നായര്‍ ആണ് ലളിത ഒരു കലാകാരിയായവണമെന്ന് ഏറെ ആശിച്ചത്.
എന്നാല്‍, അച്ഛനും അമ്മയുടെ വീട്ടുകാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ലളിതയുടെ ബാല്യകാലത്ത് അസ്വാരസ്യങ്ങള്‍ക്കിടയാക്കി. പാര്‍ട്ടിപ്രവര്‍ത്തനവുമായും മറ്റും ബന്ധപ്പെട്ടുള്ള അച്ഛന്റെ വീടുവിട്ടുള്ള യാത്രകളും അമ്മയില്‍നിന്ന് പതിവായി കേള്‍ക്കുന്ന ശകാരവും മര്‍ദനവുമെല്ലാം വീട്ടില്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി. ലളിതയിലുള്ള കലാമോഹം തിരിച്ചറിഞ്ഞ അച്ഛന്‍ അവളെ ചെറുപ്പം മുതല്‍ക്കേ നൃത്തംപഠിപ്പിച്ചിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള പതിവുവഴക്കുകള്‍ക്കിടയിലും ലളിത അച്ഛന്റെ പക്ഷത്ത് നിലയുറപ്പിച്ചു. നടിയാവാനുള്ള മകളുടെ ആഗ്രഹത്തിന് അച്ഛന്‍ പിന്തുണനല്‍കി. കെ.പി.എ.സി.യുടെ നാടകങ്ങള്‍ കാണാന്‍ പോവുമ്പോള്‍ അദ്ദേഹം മകളെ ഒപ്പം കൂട്ടി. ചങ്ങനാശ്ശേരി ഗീഥയിലൂടെയാണ് ലളിത നാടകരംഗത്ത് തുടക്കമിട്ടത്. ടാഗോറിന്റെ ബലി എന്ന ചിത്രത്തില്‍ രണ്ടു നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ഇതിനിടെയാണ് കെ.പി.എ.സി.യിലേക്കെത്തിയത്. ലളിത തിരഞ്ഞെടുക്കപ്പെട്ടത്. അവിടെവെച്ച് തോപ്പില്‍ ഭാസിയുടെ ശിക്ഷണത്തിലാണ് ലളിത മികച്ച നടിയായി പേരെടുത്തത്. പിന്നീട് കെ.പി.എ.സി.യുടെ നാടകമായ കൂട്ടുകുടുംബം ഉദയായുടെ ബാനറില്‍ സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ അഭിനയിച്ച അടൂര്‍ഭവാനി, ആലംമൂടന്‍, ലളിത എന്നിവരുള്‍പ്പെടെ നാലുപേരെ പരിഗണിച്ചു.
Content Highlights: M. Shaji writes the theatre life of KPAC Lalitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..