KPAC Lalitha
പൊൻകുന്നം: ഓർമയിലെന്നും ലളിതയുടെ ലാളിത്യവും വിനയവുമുണ്ടാവും. അഹങ്കരിക്കാവുന്ന സ്ഥാനം കലാരംഗത്ത് നേടിയിട്ടും ലാളിത്യം കൈവിടാതെ, ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത സുഹൃത്ത്...അതാണെനിക്ക് കെ.പി.എ.സി. ലളിത. കെ.പി.എ.സി.യുടെ അഞ്ച് നാടകത്തിൽ ഒപ്പം അഭിനയിച്ച സംഗീതജ്ഞനും നടനുമായ കെ.പി.എസി. രവിയുടെ വാക്കുകളാണിവ.
തുലാഭാരം എന്ന നാടകത്തിൽ നായകൻ രവി. വയലാർ എഴുതി ദക്ഷിണാമൂർത്തി സ്വാമി സംഗീതം പകർന്ന സ്വർഗവാതിൽപക്ഷി ചോദിച്ചു...സ്വപ്‌നത്തിനെത്ര വയസ്സായി എന്ന ഗാനം ഓരോ വേദിയിലും പാടി അഭിനയിക്കുകയായിരുന്നു അന്ന്. നായികയുടെ കൂട്ടുകാരിയായി വേഷമിട്ട ലളിതയും ഈ ഗാനത്തിലെ ഏതാനും വരികൾ ആലപിച്ചാണ് വേദിയിൽ അഭിനയിച്ചത്. അന്ധകാരത്തിനെ കാവിയുടുപ്പിച്ച് സന്ധ്യ പടിഞ്ഞാറുവന്നു...എന്നു തുടങ്ങുന്ന ഈരടികളാണ് ലളിത ആലപിച്ചത്.
കെ.പി.എ.സി.യുടെ ഗാനമേള സംഘത്തിൽ പൊൻകുന്നം രവിക്കൊപ്പം ലളിതയും നടി കൂടിയായ ശ്രീലത നമ്പൂതിരിയും കേരളത്തിനകത്തും പുറത്തും ഗായകരായി. നിരവധി ഗാനങ്ങൾ ആലപിച്ച ഈ കൂട്ടായ്മ കൊൽക്കൊത്ത, മുംബൈ തുടങ്ങിയ മഹാനഗരങ്ങളിലും മലയാള ഗാനങ്ങളുമായി പര്യടനം നടത്തിയിരുന്നു.
അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ കെ.പി.എ.സി.യുടെ ഗാനമേളയും നാടകവും പതിവായിരുന്നു. യുദ്ധകാണ്ഡം, കൂട്ടുകുടുംബം, തുലാഭാരം, ഇന്നലെ ഇന്ന് നാളെ, മാനസപുത്രി എന്നീ അഞ്ച് നാടകത്തിലൂടെ ഏഴുവർഷം ഒരുമിച്ചഭിനയിച്ചു ലളിതക്കൊപ്പം. കെ.എസ്. ജോർജും കെ.പി.എ.സി. രവിയും അക്കാലത്ത് അരങ്ങിൽ പാടി അഭിനയിച്ച് നടന്മാരെന്ന നിലയിലും ഗായകരായും പ്രശസ്തരായവരാണ്.
എൺപതാം വയസ്സിലും സ്വാതിതിരുനാൾ സംഗീത വിദ്യാലയത്തിലൂടെ ശിഷ്യർക്ക് സംഗീതം പകർന്നു നൽകുകയാണ് കെ.പി.എ.സി. രവി. 2015-ൽ സംഗീതവിദ്യാലയത്തിന്റെ ജൂബിലിയാഘോഷം നടത്തിയപ്പോൾ മുഖ്യാതിഥി ലളിതയായിരുന്നു. സിനിമയുടെ തിരക്കുകൾക്കിടയിലും പഴയബന്ധങ്ങളെ മറക്കാത്ത ആ സുഹൃത്തല്ലാതെ മറ്റൊരാളെ വിശിഷ്ടാതിഥിയായി സങ്കൽപ്പിക്കാനില്ലായിരുന്നു കെ.പി.എ.സി. രവിക്ക്.
Content Highlights: KPAC Lalitha KPAC Ravi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..