കൊത്ത് സിനിമയുടെ പോസ്റ്റർ, സിബി മലയിൽ
''ഞാന്‍ സിനിമ ചെയ്യാതിരുന്ന കാലത്ത് പൊതുസ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കും, 'നിങ്ങളുടെ പഴയകാല മാജിക്കുള്ള സിനിമകള്‍ കാണാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് അത്തരം സിനിമകള്‍ സംഭവിക്കാത്തത്..?'' സിബി മലയില്‍ ഏറെ നാളായി പ്രേക്ഷകരില്‍ നിന്ന് നേരിടുന്ന ചോദ്യമാണിത്. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം, കമലദളം, ആകാശദൂത്, സമ്മര്‍ ഇന്‍ ബത്‌ലഹേം.. തുടങ്ങി മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകള്‍ സമ്മാനിച്ച മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുകയാണ്. കണ്ണൂര്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ' കൊത്ത്' എന്ന ഇമോഷണല്‍ ത്രില്ലറുമായാണ് സിബി മലയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ മികച്ച ചിത്രങ്ങള്‍ക്ക് ശേഷം ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിതും പി. എം. ശശിധരനും ചേര്‍ന്ന് നിര്‍മിക്കുന്ന കൊത്തില്‍ ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന സിബി മലയില്‍ ചിത്രമാകും കൊത്തെന്ന് സംവിധായകന്റെ ഉറപ്പ്. സെപ്തംബര്‍ 16ന് പ്രദര്‍ശനത്തിനെത്തുന്ന കൊത്തിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
'കൊത്ത്'... പേരില്‍ തന്നെ ഒരുവയലന്‍സ് ഒളിഞ്ഞിരിപ്പുണ്ട്, ഏത് തരത്തിലുള്ള സിനിമയാണ്...?
പേര് സൂചിപ്പിക്കുന്നത് കൊത്ത് ഒരു വയലന്‍സ് സിനിമയല്ല. കഥയുമായി കണകട് ചെയ്യുന്നൊരു പേര് എന്ന നിലയിലാണ് ആ പേരിട്ടത്. സാധാരണ സിനിമകളിലുണ്ടാകുന്ന മിതമായ സംഘട്ടന രംഗങ്ങള്‍ മാത്രമാണ് കൊത്തിലുമുള്ളത്. എന്നാല്‍ രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ചിത്രം കഥപറയുന്നത് എന്ന് മാത്രം.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ ചില സിനിമകള്‍ പക്ഷം പിടിക്കാറുണ്ട്, അത്തരം സിനിമകള്‍ക്ക് നേരെ വിമര്‍ശനങ്ങളുമുയരാറുണ്ട്, കൊത്തില്‍ അത്തരം പക്ഷംപിടിക്കലുണ്ടോ..?
ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയേയോ അല്ലെങ്കില്‍ പ്രത്യയശാസ്ത്രത്തെയോ വിമര്‍ശിക്കാനോ ഇകഴ്ത്തി കാട്ടാനോ ലക്ഷ്യം വച്ചൊരു സിനിമയല്ല ഇത്. കൊത്തിന്റെ പക്ഷം മനുഷ്യത്വത്തിന്റേതാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണെങ്കിലും മനുഷ്യര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയും കൊലപാതകങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.കൊല്ലപ്പെട്ടവരെ കുറിച്ചും കൊലപ്പെടുത്തിയ പ്രതികളെ കുറിച്ചും മാത്രമാണ് വാര്‍ത്തകളിലൂടെ നമ്മള്‍ കാണുകയും അറിയുകയും ചെയ്യുന്നത്. ദിവസങ്ങള്‍ കഴിയുമ്പോള്‍ അവരെ നമ്മള്‍ മറന്നു പോകുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെയും കൊലപ്പെടുത്തിയവരുടെയും വീടുകളില്‍ വേറെയും മനുഷ്യരുണ്ട്. ഭാര്യമാര്‍, മക്കള്‍, അമ്മമാര്‍, സഹോദരിമാര്‍ ഇവരുടെയൊന്നും സങ്കടങ്ങള്‍ നമ്മള്‍ ആരും അറിയുന്നോ കാണുന്നോ ഇല്ല. അവര്‍ക്കും ജീവിതമുണ്ട്. അത്തരം ജീവിതങ്ങളെ ആധാരമാക്കിയാണ് കൊത്ത് കഥ പറയുന്നത്. സിനിമ എന്ന നിലയില്‍ ഉണ്ടാകുന്ന എല്ലാ വിമര്‍ശനങ്ങളെയും നല്ല രീതിയില്‍ തന്നെ സ്വാഗതം ചെയ്യും.
ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സിനിമയുമായി എത്തുന്നത്, എപ്പോഴാണ് ഒരു പുതിയ സിനിമ ചെയ്യാം എന്ന തീരുമാനമെടുക്കുന്നത്...?
അവസാനം ഞാന്‍ ചെയ്ത ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയി. അപ്പോഴാണ് കുറച്ച് കൂടി ശ്രദ്ധയോടെ കഥകള്‍ തെരഞ്ഞെടുക്കണം എന്ന് തീരുമാനിച്ചത്. നല്ലൊരു തിരക്കഥ കിട്ടിയിട്ട് മാത്രമേ അടുത്ത സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനമാണ് ശരിക്കും എന്നെ ചെറിയ ഇടവേളയിലേക്ക് നയിച്ചത്. ഒരുപാട് കഥകള്‍ ഇതിനിടയ്ക്ക് കേട്ടു. പക്ഷേ അതിലൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് ഹേമന്ദ് ഈ കഥയുമായി എത്തുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് കൊത്തിന്റെ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തത്. കൊവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്ക് ശേഷം രണ്ട് ഘട്ടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി.
കൊത്തിന്റെ നിര്‍മാതാവായ രഞ്ജിത്തുമായി നീണ്ട സൗഹൃദമുമുണ്ട്, ആ നാളുകളെ കുറിച്ച്..?
രഞ്ജിത്തുമായി മുപ്പത് വര്‍ഷത്തിലേറെ നീണ്ട സൗഹൃദമുണ്ട്. 1987 ല്‍ ഞാന്‍ 'എഴുതാപ്പുറങ്ങള്‍' എന്ന സിനിമ ചെയ്യുമ്പോള്‍ അഭിനേതാവായി ആണ് രഞ്ജിത്തിനെ ആദ്യം പരിചയപ്പെടുന്നത്. അന്ന് തൊട്ടുള്ള സൗഹൃദമാണ്. മായാമയൂരം, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ് തുടങ്ങി രഞ്ജിത്തിന്റെ തിരക്കഥയില്‍ ഞാന്‍ പിന്നീട് നല്ല സിനിമകള്‍ ചെയ്തു. ഇപ്പോള്‍ കൊത്തില്‍ നിര്‍മാതാവായും അഭിനേതാവായും രഞ്ജിത്ത് കൂടെയുണ്ട്, അതിയായ സന്തോഷം.
അപൂര്‍വ്വരാഗം, വയലിന്‍, ഉന്നം എന്നിവയ്ക്ക് ശേഷം വീണ്ടും ആസിഫ് അലിയുമൊന്നിച്ച്, ആ കെമിസ്ട്രിയേ കുറിച്ച്..?
ആസിഫ് അലിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ഞാന്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം. ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയാണ് ആസിഫ് ആദ്യം ചെയ്തത്. എന്നാല്‍ അപൂര്‍വരാഗം വിജയിച്ചതോടെയാണ് ആസിഫ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതനായത്. പിന്നീട് വയലിന്‍, ഉന്നം എന്നീ രണ്ട് സിനിമകള്‍ ഞങ്ങളൊന്നിച്ച് ചെയ്തു. ശേഷം പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊത്തില്‍ വീണ്ടുമൊന്നിക്കുന്നത്. ആ പത്ത് വര്‍ഷം കൊണ്ട് ഒരു നടനെന്ന നിലയില്‍ ആസിഫ് ഏറെ മുന്നോട്ട് പോയിട്ടുണ്ട്. അത് ഈ സിനിമയില്‍ നമുക്ക് കാണാന്‍ പറ്റും. കൊത്തില്‍ ആസിഫ് അഭിനയിച്ച് തുടങ്ങിയപ്പോള്‍ അയാളിലെ അഭിനേതാവിനുണ്ടായ വളര്‍ച്ചകണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപ്പോയി. വളരെ പെട്ടെന്ന് കഥാപാത്രത്തെ മനസ്സിലാക്കുകയും അതിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയിക്കാനും ഇപ്പോള്‍ ആസിഫിന് സാധിക്കുന്നുണ്ട്.
ഇമോഷണല്‍ രംഗങ്ങളില്‍ എപ്പോഴും സിബി മലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരമൊരു മാജിക് കൊത്തിലും കാണാനാകുമോ..?
അത്തരമൊരു ഇമോഷണല്‍ സാധ്യത ഉള്ളത് കൊണ്ടാണ് ഈ കഥ ഞാന്‍ തെരഞ്ഞെടുത്തത്. ഇമോഷണല്‍ ഏരിയയിലാണ് കൊത്തിലും നമ്മളേറെ പ്രാധാന്യം കൊടുത്തത്. കിരീടം എന്ന സിനിമയെപ്പറ്റി പറയുമ്പോള്‍ അതിനെയൊരു ആക്ഷന്‍ സിനിമയെന്ന് പറയാന്‍ പറ്റില്ല. കാരണം ആക്ഷനേക്കാളും ആ സിനിമയെ മുന്നോട്ട് നയിക്കുന്നത് കഥാപാത്രങ്ങളുടെ ഇമോഷനുകളാണ്. കൊത്തിനെയും ആക്ഷന്‍ സിനിമയാണോ എന്ന് പേര് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ സംശയിക്കും. എന്നാല്‍ കൊത്ത് പൂര്‍ണമായ ഒരു ഇമോഷണല്‍ ത്രില്ലറാണ്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന സിബിമലയില്‍ ട്രാക്കിലുള്ള ഒരു സിനിമ. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളുടെ ഗണത്തിലേക്ക് കൊത്തും അടയാളപ്പെടുത്തും. വൈകാരികമായ രംഗങ്ങളെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കാറുണ്ടെന്ന് വിമര്‍ശകര്‍ പോലും പറയാറുണ്ട്. അത് ഈ സിനിമയിലും വിജയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
ലോഹിതദാസ്, എം.ടി, രഞ്ജിത്, ഡെന്നീസ് ജോസഫ്, ജോണ്‍പോള്‍ തുടങ്ങി പ്രതിഭാധനരായ എഴുത്തുകാരുടെ തിരക്കഥകള്‍ സിബി മലയില്‍ സംവിധാനം ചെയ്തിട്ടുണ്ട്, അവരെ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ടോ ?
മികച്ച തിരക്കഥാകൃത്തുക്കളെ മലയാള സിനിമ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. കാരണം ലോഹി വന്നതോട് കൂടിയാണ് എന്റെ കരിയറില്‍ ഗൗരവമായൊരു സമീപനം സിനിമയോട് ഉണ്ടാകുന്നത്. നല്ലൊരു കൂട്ടുകെട്ടായി അത് രൂപപ്പെടുകയും മലയാള സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന സിനിമകള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ ലോഹിയുടെ പ്രതിഭയാണ് അത്തരം സിനിമകള്‍ സാധ്യമാക്കിയത്. അതുപോലെ എം.ടി സാറിനൊപ്പം ചെയ്ത 'സദയം' കരിയറിലെ മറ്റൊരു മികച്ച ചിത്രമാണ്. രഞ്ജിതും ഡെന്നീസ് ജോസഫും രഘുനാഥ് പലേരിയും തുടങ്ങി ഏറ്റവും മികച്ച എഴുത്തുകാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നത് സംവിധായകനെന്ന നിലയില്‍ എനിക്ക് കിട്ടിയ അനുഗ്രഹമാണ്. ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു തിരക്കഥാകൃത്താണ് കൊത്ത് എഴുതിയ ഹേമന്ദ് കുമാര്‍. ഇതൊരു വലിയ കൂട്ടുകെട്ടായി മാറും എന്നാണ് എന്റെ പ്രതീക്ഷ.
രണ്ടുതലമുറകളോടൊപ്പം സിനിമ ചെയ്ത സംവിധായകനാണ്, സെറ്റുകളില്‍ സൗഹൃദങ്ങളും നല്ല ചര്‍ച്ചകളും കുറഞ്ഞതായി തോന്നിയിട്ടുണ്ടോ..?
സിനിമ സെറ്റുകളില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സിനിമ സെറ്റുകളില്‍ ഇടവേളകളില്‍ പോലും എല്ലാവരും ഒന്നിച്ചിരുന്നാണ് കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. വലിയ സൗഹൃദ അന്തരീക്ഷം ഓരോ സെറ്റിലും ഉണ്ടായിരുന്നു. അത് സിനിമകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ കാരവാന്‍ കള്‍ച്ചര്‍ വന്നതോടെ ഈയൊരു അന്തരീക്ഷം മാറി. ഇപ്പോള്‍ ഓരോ ഷോട്ട് കഴിയുമ്പോഴും താരങ്ങള്‍ കാരവാനിലേക്ക് പോകുകയാണ്. ഷോട്ടിന്റെ സമയത്ത് മാത്രമേ അവര്‍ പുറത്ത് ഇറങ്ങൂ. ഓരോരുത്തരും ഓരോ തുരുത്തുകളായി മാറിപ്പോകുകയാണ്. നല്ല ചര്‍ച്ചകളും ഗാഢമായ സൗഹൃദങ്ങളും ഉണ്ടാവുന്നില്ല. എല്ലാ ബന്ധങ്ങളും ഔപചാരികമായി മാറുന്നു.
പ്രേക്ഷകരോട്...? പുതിയ സിനിമകള്‍..?
ഞാന്‍ സിനിമ ചെയ്യാതിരുന്ന കാലഘട്ടത്തില്‍ പൊതുസ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കുന്നത് നിങ്ങളുടെ പഴയകാല മാജിക്കുള്ള സിനിമകള്‍ കാണാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് അത്തരം സിനിമകള്‍ സംഭവിക്കാത്തത് എന്ന് ചോദിക്കാറുണ്ട്. ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കൊത്ത്. എന്നില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം കൊത്തിലുണ്ട്. അടുത്ത രണ്ട് സിനിമകളുടെ പണിപ്പുരയിലാണ്. ഹേമന്ദ് കുമാറാണ് രണ്ടും എഴുതുന്നത്. സമ്മര്‍ ഇന്‍ബത് ലഹേമിന്റെ രണ്ടാം ഭാഗത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. നല്ലൊരു കഥ വന്നാല്‍ അപ്പോള്‍ നോക്കാം എന്ന് മാത്രം.
Content Highlights: sibi malayil interview about new movies sibi malayil on kotthu movie asif ali roshan mathew


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..