എലിപ്പത്തായത്തിൽ കരമന ജനാർദനൻ നായർ, സുധീർ കരമന | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്, ശ്രീജിത്ത് പി രാജ്
മലയാളിയുടെ അസ്തിത്വമായ ചില സിനിമകളുണ്ട്. അതിലൊന്നാണ് എലിപ്പത്തായം. ഇന്ത്യൻ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായ ഈ ചിത്രം അടൂർ ഗോപാലകൃഷണന്റെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്നാണ്. മാറുന്ന കാലത്തിന് പിന്തിരിപ്പനാകുന്ന ഒരു പഴയ തറവാട്ടിലെ കാരണവരായ ഉണ്ണിയുടെ കഥപറയുന്ന ചിത്രം ഫ്യൂഡലിസത്തിന്റെ അവസ്ഥാന്തരങ്ങളെ ചർച്ച ചെയ്യുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്ര സൃഷ്ടികളിൽ ഒന്നാണ് എലിപ്പത്തായത്തിലെ ഉണ്ണി. നാടിന്റെ മാറ്റത്തെ ഉൾക്കൊള്ളാൻ മടിയുള്ള കാരണവരായ ഉണ്ണി ഫ്യൂഡലിസത്തിന്റെ അവസാന പ്രതിനിധികളിൽ ഒന്നാണ്. പൗരുഷം നിറഞ്ഞ ഫ്യൂഡൽ മാടമ്പികളിൽ നിന്നും വ്യത്യസ്തനായ കരമന ജനാർദ്ദനൻ നായരുടെ ഉണ്ണി എന്തിനെയും ഭയക്കുന്ന ഒരാളാണ്. ഉത്തരവാദിത്തങ്ങളിൾ നിന്നും ഒളിച്ചോടുന്ന, ധൈര്യം പലപ്പോഴും ചോർന്ന് പോകുന്ന അയാൾ മലയാള നായക സങ്കൽപ്പങ്ങളുടെ വിഭിന്ന മുഖമാണ്. എന്താണ് ഉണ്ണിയും മനോജ് കാനയുടെ ഖെദ്ദ എന്ന ചിത്രവും തമ്മിലുള്ള ബന്ധം എന്ന് ചോദിച്ചാൽ ഖേദയിലെ സുധീർ കരമന ചെയ്ത വേഷം ഉണ്ണിയും തമ്മിൽ പല സാമ്യതകളുമുണ്ട്.
"എന്റെ അച്ഛന്റെ തറവാട് എലി കാരണം നശിച്ചു പോയതാണെന്ന്" സുധീർ കരമന പറയുന്നുണ്ട്. എലിപ്പത്തായത്തിലെ ഉണ്ണിയും എലിയെ പേടിച്ച് ജീവിക്കുന്ന ഒരാളാണ്. അത് മാത്രമല്ല കഥാപാത്രത്തിന്റെ രൂപീകരണത്തിലും സാമ്യത നമുക്ക് പ്രകടമാകുന്നുണ്ട്. ഒരാൾ അലസനും മടിയനും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന സഹോദരനാകുമ്പോൾ ഇപ്പുറത്ത് അതെ അലസതയും ഉത്തരവാദിത്തമില്ലായ്മയുള്ള ഭർത്താവാണ് മറ്റൊരാൾ. രണ്ടു പേരും കുടുംബത്തിലെ ഗൃഹനാഥന്മാരാണെങ്കിലും കുടുംബകാര്യങ്ങളിലെ അലസത അവരെ ദുരന്തങ്ങളിൽ കൊണ്ടെത്തിക്കുന്നു. വീട്ടിൽ കള്ളൻ കേറിയെന്നു തോന്നുന്ന സന്ദർഭങ്ങളിലും ഭയപ്പെട്ട് നിൽക്കുന്നവരാണ് ഇരുവരും. എലിയോടുള്ള ഭയം രണ്ടു കഥാപാത്രങ്ങളിലും നിഴലിച്ചു നിൽപ്പുണ്ട്. കഷ്ട്ടപ്പെടുന്ന ഭാര്യക്ക് തണലാവാൻ ഒരു സമയത്തും ശ്രമിക്കാത്ത ഒരാളാണ് സുധീർ കരമനയുടെ കഥാപാത്രമെങ്കിൽ. എലിപ്പത്തായത്തിലെ ഉണ്ണിയാകട്ടെ സഹോദരങ്ങൾക്ക് വഴികാട്ടി ആകുന്നില്ല. എന്തിരുന്നാലും വർഷങ്ങൾക്ക് മുൻപ് അച്ഛൻ ചെയ്തു വെച്ച ഒരു കഥാപാത്രത്തെ മറ്റൊരു വേഷത്തിലൂടെ പ്രതിഫലിപ്പിക്കുകയാണ് സുധീർ കരമന.
2020 ലെ ഏറ്റവും മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്‌കാരം നേടിയ 'കെഞ്ചിറ'യുടെ സംവിധായകനായ മനോജ് കാനയുടെ മറ്റൊരു ചിത്രമാണ് ഖെദ്ദ. ഒരു കുടുംബ ചിത്രം എന്ന നിലയിലും സാമൂഹിക പ്രസ്കതമായ പല കാര്യങ്ങളും ചർച്ച ചെയ്യുന്നു എന്ന നിലയിലും ചിത്രം വേറിട്ട് നില്ക്കുന്നുണ്ട്. സുധീർ കരമനക്ക് പുറമെ ആശാ ശരത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശാ ശരത്തിന്റെ മകളായ ഉത്തര, സുദേവ് നായർ തുടങ്ങിയർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കുടുബത്തിൽ നടക്കുന്ന കഥയെ ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Content Highlights: sudheer karamana's character in khedda, karamana in elipathayam, manoj kana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..