ആശാ ശരത്ത് | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
പോലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പോലീസിനെ ഇപ്പോഴും പേടിയാണെന്ന് പറയുകയാണ് നടി ആശാ ശരത്ത്. കഴിഞ്ഞ ജന്മത്തിൽ കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ലെന്നും എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും പേടിയാണെന്നാണ് ആശാ ശരത്ത് പറയുന്നത്. ആശാ ശരത്തും മകൾ ഉത്തരയും അമ്മയുടേയും മകളുടേയും വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഖെദ്ദ. മനോജ് കാന സംവിധാനം ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങൾ ആശാ ശരത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.
മകളെ സ്കൂൾ കുട്ടിയുടെ വേഷത്തിൽ കണ്ടപ്പോൾ സന്തോഷം
ഉത്തര ഒരു സ്കൂൾ കുട്ടിയുടെ വേഷമാണ് ചെയ്യുന്നത്. ഷർട്ടും പാവാടയുമൊക്കെയിട്ട് ഉത്തരയെ വീണ്ടും ഒരു സ്കൂൾ കുട്ടിയായി കാണുമ്പോൾ സന്തോഷമാണ് തോന്നിയത്. പക്ഷേ ഷൂട്ട് കഴിയുമ്പോഴും സ്കൂൾ കുട്ടിയുടെ സ്വഭാവം തന്നെയായിരുന്നു ഉത്തരക്ക്. പിന്നീട് അത് മാറ്റിക്കോളൂ എന്ന് പറയുകയായിരുന്നു അവളോട്. ഉത്തരയെ സെറ്റിൽ മറ്റൊരു ആർട്ടിസ്റ്റായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ. അമ്മയും മകളുമായി കണ്ടിട്ടേയില്ല. നമ്മുടെ ക്ലോസ് ഫ്രണ്ട്സുമായി അഭിനയിക്കും. അപ്പോഴുമൊക്കെ ഓപ്പോസിറ്റ് ഉള്ള ആളെ ആർട്ടിസ്റ്റായി മാത്രമേ കാണാറുള്ളൂ. അങ്ങനെയായിരുന്നു ഉത്തരയും.

ഉത്തരയും ഖെദ്ദയും
മാസ്റ്റേഴ്സ് കഴിഞ്ഞ് നിൽക്കുമ്പോഴാണ് സിനിമ ചെയ്യണമെന്ന ആഗ്രഹം ഉത്തര പറഞ്ഞത്. ആദ്യം തന്നെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭാസം വേണം. അവർക്ക് രണ്ട് കാലിൽ നിൽക്കാൻ സാധിക്കണം എന്നതാണ് എന്റെ നിലപാട്. അതിന് ശേഷമാകണം ഏതൊരു പ്രൊഫഷനായാലും തിരഞ്ഞെടുക്കേണ്ടത്. അത് സിനിമ എന്നല്ല ഏതൊരു പ്രൊഫഷനായാലും വിദ്യാഭ്യാസം ഉണ്ടാകണം. അതിന് കുറച്ചുകൂടി ബലം ഉണ്ടാകും. മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടിവരരുത് എന്ന കാഴ്ചപ്പാടായിരുന്നു എനിക്ക്. മക്കളോട് ഒന്നിനും നോ പറയാത്ത പാരന്റ്സാണ് ഞങ്ങൾ. മനോജ് കഥപറയാനായി വീട്ടിലെത്തുമ്പോൾ ഉത്തരയാണ് മനോജിന് ചായ കൊടുത്തത്. അപ്പോൾ മനോജ് തന്നെ ചോദിക്കുകയായിരുന്നു ഉത്തര അഭിനയിക്കുമോ എന്ന്. കഥയും കഥാപാത്രവുമൊക്കെ അറിയുന്നതിന് മുൻപ് തന്നെ ഉത്തര യെസ് പറയുകയായിരുന്നു.

നമുക്ക് അറിയാവുന്നവരാണ് സവിതയും മകളും
ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് അമ്മയെ ആണ്. ചില അമ്മയും മക്കളും തമ്മിൽ ഭയങ്കര ഓപ്പൺ ആയിരിക്കും. ചിലപ്പോൾ കുറച്ച് കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ അമ്മ വിഷമിക്കുമോ എന്ന് പേടിക്കുന്നവരുണ്ടാകും. അങ്ങനെ പല തരത്തിലുള്ള റിലേഷനുകളുണ്ട്. റിയൽ ലൈഫ് വിട്ട് ഖെദ്ദയിലേക്ക് എത്തിയാൽ വ്യത്യസ്തമായ ഒരു അമ്മ കഥാപാത്രമാണത്. ഖെദ്ദയിലെ അമ്മ മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു നഴ്സറി ടീച്ചറാണ്. സവിത എന്നാണ് കഥാപാത്രത്തിന്റെ പേര്. സവിത വളരെ ചെറുപ്പത്തിലേ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്തൊക്കെ ജോലി ചെയ്തും കുട്ടിയെ നോക്കുകയാണ്. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം. നമ്മൾക്ക് അറിയാവുന്നവരാണ് സവിതയും മകളും, നമ്മുടെ ചുറ്റുമുള്ളവരാണ് സവിതയും മകളും. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള കാലത്ത് ഏതെങ്കിലും ഒരു വീട്ടിൽ അനിഷ്ടങ്ങൾ സംഭവിച്ചു എന്ന് മാത്രമേ അറിയൂ. അതിന്റെ ഉള്ളറകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

പോലീസിനെ ഇപ്പോഴും പേടിയാണ്
പോലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പോലീസിനെ ഇപ്പോഴും പേടിയാണ്. കഴിഞ്ഞ ജന്മത്തിൽ കള്ളനോ മറ്റോ ആയിരുന്നോ ആവോ എന്ന് അറിയില്ല. അമ്മയോട് ഞാൻ അടുത്തിടെ ചോദിച്ചിരുന്നു, കുഞ്ഞായിരിക്കുമ്പോൾ പോലീസ് എന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടോയെന്ന്. എന്തായാലും ഇപ്പോഴും പോലീസിനെ പേടിയാണ്.

വിവാഹം ചെയ്തില്ലെങ്കിലും ജീവിക്കാം
വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കണം. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം ചെയ്യേണ്ടത്. വിവാഹം ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്നൊന്നും ഇല്ല. അതിന് വിദ്യാഭ്യാസം വേണം. നിനക്കൊരു കൂട്ടുകാരൻ വേണമെന്ന് തോന്നുന്ന സമയത്ത് നീ എന്നോട് പറയണമെന്ന് ഉത്തരയോട് പറഞ്ഞിരുന്നു. സ്വയം കണ്ടുപിടിക്കുക അല്ലെങ്കിൽ നിനക്കൊരു സഹായം വേണമെന്ന് തോന്നുന്നെങ്കിൽ എന്നോട് പറയുക. ഉത്തരക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ളപ്പോഴാണ് ഉത്തരയോട് പറഞ്ഞത്. അങ്ങനെ ഒരു ദിവസം കാറിൽ ഡ്രൈവ് ചെയ്യുമ്പോൾ ഉത്തര വിവാഹത്തെക്കുറിച്ച് പറയുകയായിരുന്നു. പെട്ടന്ന് എന്റെ മനസിൽ ലഡ്ഡുപൊട്ടുകയായിരുന്നു. മാർച്ച് മാസത്തിൽ ഉത്തരയുടെ വിവാഹമാണ്.
Content Highlights: asha sarath interview, khedda movie by manoj kana, uthara sarath debut movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..