പരിണയ പരിണാമ പാഠങ്ങള്‍


രശ്മി രഘുനാഥ്

മലയാളിയുടെ വിവാഹചിന്തകളിലൂടെ ഒരു യാത്ര. തുടര്‍ച്ചയോ അതിജീവനമോ പുനര്‍ജനിക്കലോ ഒക്കെയാണ് മലയാളിക്ക് എന്നും വിവാഹചിന്തകളും ചടങ്ങുകളും. വിവാഹനാളില്‍ ഓരോ മലയാളിയും കൂടുതല്‍ തെളിമയോടെ പുനരവതരിപ്പിക്കപ്പെടുകയാണ്

പ്രതീകാത്മക ചിത്രം | Photo: AFP

പുതുതലമുറയുടെ കുതിച്ചുചാട്ടം സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിച്ചതുപോലെ കല്യാണച്ചടങ്ങിലും സംഭവിച്ചു. ഓരോ കാലത്തും. വിവാഹപ്രായത്തിന് കേരളത്തില്‍ കല്പിച്ചിരുന്ന പരിധിയില്‍ മാറ്റംവന്നത് സാമൂഹിക മാറ്റത്തില്‍വന്ന വലിയ മാറ്റമാണ്. 20 വര്‍ഷംമുമ്പ് പഠിച്ചുകഴിഞ്ഞാലുടന്‍ പെണ്ണിനും ജോലികിട്ടിയാലുടന്‍ ആണ്‍കുട്ടിക്കും വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, ജോലികിട്ടി അല്പനാള്‍ കഴിഞ്ഞ് മതി വിവാഹമെന്ന ചിന്താഗതിയിലേക്ക് മാറിയിട്ടുണ്ട് ആണും പെണ്ണും. ഇത് കുടുംബത്തിന്റെ സാന്പത്തികസ്ഥിതി, വിദ്യാഭ്യാസം, ജാതി, മതം എന്നിവയില്‍ അധിഷ്ഠിതമാണുതാനും.

മഞ്ഞളില്‍ മുങ്ങിക്കുളിച്ച്
കല്യാണത്തിന് പലനാട്ടിലും പല ചടങ്ങുകളാണ്. പരമ്പരാഗത ചടങ്ങുകള്‍ ഉള്ളപ്പോഴും വധൂവരന്മാര്‍ വടക്കേ ഇന്ത്യന്‍ കല്യാണരീതികള്‍ കൂട്ടിച്ചേര്‍ത്തപ്പോഴാണ് അടുത്തിടെ കല്യാണച്ചടങ്ങളുടെ ദിവസം കൂട്ടിയത്. ചടങ്ങളുടെ എണ്ണവും വര്‍ധിച്ചു. കണ്ണടച്ച് തുറക്കുംമുമ്പ് എല്ലാ മലയാളിക്കല്യാണച്ചടങ്ങും കഴിയുമെന്ന വിഷമം തീര്‍ക്കാന്‍ ഹിന്ദി സിനിമകളിലെ വടക്കേ ഇന്ത്യന്‍ വിവാഹരീതകളെ മലയാളിക്കല്യാണത്തിലും കൂട്ടിച്ചേര്‍ത്തത് പുതുതലമുറയാണ്. അതിലൊന്നാണ് മൈലാഞ്ചിക്കല്യാണത്തെ 'മെഹന്ദി കല്യാണ'മെന്ന രൂപമാറ്റത്തില്‍ പെടുത്തി ചടങ്ങ് ദീര്‍ഘിപ്പിച്ചത്.അഞ്ചാറുവര്‍ഷംമുമ്പാണ് 'മഞ്ഞള്‍ കല്യാണ'മെന്ന പുതിയ 'ചടങ്ങ്' കേരളത്തില്‍ അതിഥിയായെത്തിയത്. ഇന്ന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഈ ചടങ്ങ് പിന്തുടരുന്നു. ആദിവസം വധു മഞ്ഞവസ്ത്രത്തിലായിരിക്കും. മഞ്ഞപ്പൂമാലകള്‍ കഴുത്തിലും തലയിലും കൈകളിലും ചൂടും. സ്വര്‍ണാഭരണങ്ങള്‍ക്ക് സ്ഥാനമില്ല. ഒപ്പമുള്ളവരും മഞ്ഞവസ്ത്രങ്ങളില്‍. ചിലര്‍ മഞ്ഞച്ചോറും മഞ്ഞസര്‍ബത്തും മഞ്ഞലഡുവും ജിലേബിയുമൊക്കെയായി ചടങ്ങ് മഞ്ഞക്കളറാക്കും.

ക്യാമറയിലൂടെ വിവാഹമാമാങ്കം

വിവാഹമെന്നത് സ്വപ്നംപോലൊരു ഉത്സവച്ഛായയില്‍ മുങ്ങിക്കുളിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ ക്യാമറക്കണ്ണിലൂടെ മെല്ലെ വിരിയുന്ന മാമാങ്കമായിമാറുന്നു വിവാഹം. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയില്‍ ഈ രംഗത്തുണ്ടായ മാറ്റം സ്വപ്നസമാനമാണ്. ഇക്കാര്യത്തില്‍ കാലാകാലങ്ങളില്‍ ഫൊട്ടൊഗ്രഫിയിലെ ടെക്നോളജിയും അനുഗ്രഹമായി. വിവാഹ ആല്‍ബം, വീഡിയോ എന്നത് ഒരു നീണ്ടകാലത്തിലൂടെ കടന്നുപോകുന്ന ഒരു സിനിമപോലെയാക്കുകയാണ് വിവാഹം. ആല്‍ബങ്ങള്‍ എടുത്താല്‍ പൊങ്ങാത്ത സ്യൂട്ട് പോലെയായിരുന്നു മുമ്പ്. ഇന്നത് ഫോണിലേക്ക് ചുരുങ്ങിക്കൂടി ആല്‍ബവും വീഡിയോയുമായി. സാമൂഹിക മാധ്യമങ്ങളിലൂടെ വധൂവരന്മാര്‍ ഒന്നിച്ച് ക്ഷണിക്കാനായി അയച്ചുകൊടുക്കുന്ന ചെറുദൈര്‍ഘ്യമുള്ള വീഡിയോ വാട്സാപ്പ്, മെയില്‍ ഐ.ഡി., ഫെയ്സ്ബുക്ക് തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കല്യാണക്ഷണക്കത്തിലെ ധാരാളിത്തം ഇപ്പോള്‍ ഇത്തരം ലൈവ് വീഡിയോയിലേക്ക് കളംമാറി. കല്യാണത്തിന് കുറഞ്ഞത് ഒരു പത്തുപേരടങ്ങുന്ന സംഘം വേണം ഫോട്ടോ എടുക്കാന്‍. പെണ്ണുകാണല്‍ മുതല്‍ വിവാഹശേഷമുള്ള തീം ഷൂട്ട് വരെയായി നീളുകയാണ് കല്യാണ ആല്‍ബം. വീഡിയോകളില്‍ സിനിമാപ്പാട്ടുകള്‍ ഔട്ട്. പകരം സ്പോട്ട് എഡിറ്റിങ്ങിനോടാണ് താത്പര്യം. യഥാര്‍ഥ സംഭാഷണങ്ങള്‍ മാത്രം മതിയെന്ന്. ദിനംപ്രതി നടക്കുന്ന വിവാഹഫോട്ടോ പരീക്ഷണങ്ങള്‍ അങ്ങ് 'ബി.ബി.സി'യില്‍ വരെ വാര്‍ത്തയായി. ഇതിന് ചെലവഴിച്ച തുക, ഒരുക്കിയ സജ്ജീകരണങ്ങള്‍, ആളുകളുടെ പ്രതികരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വാര്‍ത്തവന്നത്. കല്യാണ പൂര്‍വഷൂട്ടായ 'സേവ് ദ ഡേറ്റ്' ഹോട്ടായി വൈറലുമായി.

ദേശമാറ്റങ്ങള്‍

രീതികളില്‍ ദേശമാറ്റമുണ്ട്. വടക്കന്‍ ജില്ലകളില്‍ ആഘോഷത്തിന്റെ മൊത്തം മൂഡ് ചിത്രങ്ങളില്‍ വരണമെന്ന് ആഗ്രഹിക്കുന്നു. ആഹാരം, കൂട്ടായ്മ, രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒക്കെ ചിത്രങ്ങളില്‍ നിറയണം. എന്നാല്‍, തെക്കന്‍ മേഖലകളില്‍ ഇത്തരം ആഘോഷങ്ങളില്‍ അതിഥികളുടെ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ പ്രാധാന്യം ചെറുക്കനും പെണ്ണിനും വേണമെന്ന് ശഠിക്കുകയാണ്. അതുകൊണ്ട് ആല്‍ബത്തില്‍ നിറയുന്നത് വധൂവരന്മാരാണ്. 20 വര്‍ഷംമുമ്പ് ഒരു സാധാരണ കല്യാണവീഡിയോ ആല്‍ബത്തിന് 40,000 രൂപയാകുന്ന സ്ഥാനത്ത് ഇന്നത് 1.5 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഗ്രാമങ്ങളില്‍ ഇതിന് മാറ്റം വരുന്നു.

എല്ലാം ഓണ്‍ലൈന്‍

പണ്ടൊക്കെ വരന്‍ വധുവിനെ കണ്ടെത്തുന്നത് കല്യാണ ബ്രോക്കര്‍ മുഖേനയെന്നത് പിന്നീട് ചില സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. പുതിയ ടെക്നോളജിയുടെ ഉടലെടുപ്പുമൂലം 70 ശതമാനം കല്യാണവും ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകളിലേക്ക് മാറി. ലോകം മുഴുവനുള്ള 'ചോയ്സ്' എന്നതാണ് ഗുണം. ഒപ്പം പ്രാദേശികമായി വധൂവരന്മാരെ കണ്ടെത്താന്‍ കുടുംബശ്രീപോലും എത്തിയതാണ് പുതിയ വാര്‍ത്ത.

സോഫ്റ്റ് സംഗീതം

സിനിമയിലെ ആട്ടവും പാട്ടും കടംകൊണ്ടാണ് വിവാഹവേദികള്‍ മുന്നേറുന്നത്. എഴുപതുകളില്‍ വിവാഹത്തോടനുബന്ധിച്ച് ശാസ്ത്രീയസംഗീതവിരുന്ന് ഒരുക്കിയിരുന്നത് പിന്നെയും കുറേനാള്‍ തുടര്‍ന്നു. എന്നാല്‍, തൊണ്ണൂറുകളില്‍ ഇവ പലതും ചെറുതും വലുതുമായ സിനിമാഗാനപരിപാടികളിലേക്ക് ചുവടുമാറി. വയലിന്‍, ഗിത്താര്‍ കച്ചേരികളും കടന്നെത്തി. ഇന്ന് ഗാനമേളകളുടെ ശബ്ദകോലാഹലത്തോട് താത്പര്യമില്ല. ഉപകരണസംഗീതം മതിയെന്ന മട്ട്. അപൂര്‍വമായി ഇന്ന് ചെറുക്കനും പെണ്ണും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തഗാനപരിപാടിയായിപ്പോലും വിവാഹവേദി മാറിയിട്ടുണ്ട്.

സ്വര്‍ണമില്ലാതെ എങ്ങനെ

ആഭരണങ്ങളുടെ ഉപയോഗത്തില്‍ ഒരു കുറവും വരുത്തിയില്ല കാലങ്ങള്‍. അന്നുമിന്നും പാലയ്ക്കമാല, കാശുമാല, മുല്ലമൊട്ടുമാല തുടങ്ങിയ പരമ്പരാഗത ആഭരണങ്ങളോട് ഇഷ്ടം കാണിക്കുന്നവര്‍ കുറവല്ല. 15 വര്‍ഷംമുമ്പാണ് ഇതരസംസ്ഥാന ആഭരണങ്ങളുടെ കടന്നുവരവ്. ചെട്ടിനാട് ഡിസെസനും തമിഴ്‌നാടിന്റെ ടെമ്പിള്‍ ഡിസൈനുമൊക്കെ. ഇപ്പോള്‍ അതും കടന്ന് മീനകാരി, പോള്‍ക്കി തുടങ്ങിയ മുന്തിയ ഇനം ഡിസൈനുകളോടായി പ്രിയം. പണ്ട് മറ്റൊരാളുടെ ആഭരണം പോലെയൊന്ന് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇന്നത് എനിക്കുള്ളത് മറ്റാര്‍ക്കും പാടില്ല എന്നായി. അതോടെ ഡിസൈനര്‍ സ്വര്‍ണാഭരണങ്ങളും െട്രന്‍ഡായി.

മെയ്ക്കപ്പില്‍ എച്ച്.ഡി.

കഴിഞ്ഞ 35 വര്‍ഷംകൊണ്ടുള്ള വളര്‍ച്ചയാണ് മെയ്ക്കപ്പില്‍ വന്നിരിക്കുന്നത്. അതിനുമുമ്പ് കുറച്ച് മുല്ലപ്പൂവും നല്ലപൊട്ടും സാരിയും മാത്രമായിരുന്നു ആഢ്യത്വം. അന്ന് 20 മിനിറ്റുകൊണ്ട് വധു ഒരുങ്ങും. ചെലവ് 200 രൂപ. ഇന്നത് നാലും അഞ്ചും മണിക്കൂറായി. ഫോട്ടോ എടുക്കുംപോലെ ഒരു സംഘമാണ് മെയ്ക്കപ്പിന് പിന്നിലും. അഞ്ചുവര്‍ഷത്തിനിടയില്‍ വലിയ മാറ്റം. എച്ച്.ഡി. ക്യാമറപോലെ എച്ച്.ഡി. മെയ്ക്കപ്പ്, ത്രീഡീ മെയ്ക്കപ്പ്, വാട്ടര്‍ പ്രൂഫ് മെയ്ക്കപ്പ് എന്നിവ പ്രചാരത്തിലായിക്കഴിഞ്ഞു. ചെലവ് പതിനായിരങ്ങളാണ്. സാരികളില്‍ അന്നുമിന്നും കാഞ്ചീപുരം, ബനാറസ് സാരികളാണ് മുന്നില്‍. അതില്‍ ഡിസൈനുകളും നിറവും മാറുമെന്ന് മാത്രം. തലയില്‍ ചൂടാന്‍ മുല്ലപ്പൂവിന് പകരം ചെത്തിപ്പൂവ്, ജമന്തി, തുളസിക്കതിര്‍ എന്തിന് കനകാംബരംപോലും തിരിച്ചെത്തി.

കസ്റ്റമൈസ്ഡ് ഭക്ഷണം

സാധാരണ പരമ്പരാഗത ഭക്ഷണം എന്നത് മാറി. ഓരോ ചടങ്ങിനും അവരുടെ ഇഷ്ടത്തിനുള്ള ഭക്ഷണം വിളമ്പന്‍ തുടങ്ങി. ഒരുകാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മാത്രം വിളന്പിയിരുന്ന ഭക്ഷണം മാത്രമല്ല അവിടത്തെ ക്രോക്കറി ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി നിലവാരം നിലനിര്‍ത്താന്‍ കഴിയുന്നതരമാണ് ഭക്ഷണം വിളന്പുന്നത്.

സാഡിസമാവുന്ന ആഘോഷങ്ങള്‍

പഴയകാലത്ത് വിവാഹത്തിന് നവവധൂവരന്മാര്‍ക്ക് രസകരമായ സമ്മാനങ്ങള്‍ നല്‍കിയിരുന്ന സുഹൃത്തുക്കള്‍ കഴിഞ്ഞ കുേറവര്‍ഷം നല്‍കിയത് ആഘോഷങ്ങളെ ക്രമസമാധാനപ്രശ്‌നങ്ങളിലേക്ക് എത്തിച്ച കാഴ്ചയാണ്. കല്യാണദിവസം വരനെയും വധുവിനെയും പലതരത്തില്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും (കോളേജ് റാഗിങ് പോലെ) വിധമുള്ള സമ്മാനങ്ങള്‍. വാഹനം തടഞ്ഞുനിര്‍ത്തി റോഡില്‍ നടത്തുക, അവരുടെ നല്ല ചെരുപ്പുവാങ്ങി പഴയ കീറിയ ചെരുപ്പുകള്‍ നല്‍കുക പോലുള്ള കാര്യങ്ങള്‍. കഴിഞ്ഞവര്‍ഷം അതിരുകടക്കുന്ന വിവാഹ റാഗിങ്ങിനെതിരേ മുന്നറിയിപ്പുമായി പോലീസിനുപോലും എത്തേണ്ടിവന്നു. മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന സാഡിസമായി ആഘോഷങ്ങള്‍ മാറുന്നുവെന്നായിരുന്നു പോലീസ് നിരീക്ഷണം. റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലില്‍ അവസാനിക്കുന്നതുമുതല്‍ കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ടെന്നതോടെ ഇതിന് പോലീസ് കൂച്ചുവിലങ്ങിട്ടത് കഴിഞ്ഞവര്‍ഷമാണ്.

Content Highlights: wedding traditions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented