'അതിന്റേതായ സമയമുണ്ട് ദാസാ...'


സത്യന്‍ അന്തിക്കാട്

Sathyan Anthikad | Photo: Mathrubhumi

വെറുതേയൊന്ന് ആലോചിച്ചുനോക്കി. 'പൊന്മുട്ടയിടുന്ന താറാവ്' എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കില്‍ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം? തട്ടാന്‍ ഭാസ്‌കരനെയും പവിത്രനെയും സ്‌നേഹലത എന്ന കുറുമ്പിപ്പെണ്ണിനെയും പുതിയ തലമുറയില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞേക്കും. പക്ഷേ, മൂത്ത തട്ടാനെ ആര് അവതരിപ്പിക്കും? കൃഷ്ണന്‍കുട്ടിനായര്‍ തകര്‍ത്തഭിനയിച്ച വേഷമാണ്. മരിച്ചതായി പലവട്ടം തോന്നിപ്പിക്കുകയും വീണ്ടും ജീവനോടെ കമ്പിളിപ്പുതപ്പിനുള്ളില്‍ക്കിടന്ന് നമ്മളെ ചിരിപ്പിക്കുകയും ചെയ്ത മൂത്തതട്ടാന്‍! ഇല്ല. കൃഷ്ണന്‍കുട്ടിനായരല്ലാതെ ആ വേഷമഭിനയിക്കാന്‍ എന്റെ അറിവില്‍ മറ്റാരുമില്ല; അന്നും ഇന്നും.

അതുപോലെത്തന്നെയാണ് ശങ്കരാടിയുടെ നാട്ടുപ്രമാണിയും കരമന ജനാര്‍ദനന്‍ നായരുടെ ഹാജിയാരും. വേറെ ആരുടെയെങ്കിലും രൂപത്തില്‍ അവരെ കാണാന്‍ മനസ്സു സമ്മതിക്കുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും നാട്ടുകാരുടെ വിഷയങ്ങളില്‍ ഇടപെടുകയും സന്ധ്യാനേരങ്ങളില്‍ ക്ഷേത്രമുറ്റത്ത് ഉറഞ്ഞുതുള്ളുകയും രാത്രിയായാല്‍ രഹസ്യമായി ഇത്തിരി ചാരായം മോന്തുകയും ചെയ്യുന്ന വെളിച്ചപ്പാടായിട്ട് ജഗതി ശ്രീകുമാറിനുപകരം ആരുണ്ട്?ഓരോ സിനിമയും അതതുകാലങ്ങളിലേക്കു വേണ്ടി സൃഷ്ടിക്കപ്പെടുന്നു എന്നതാണ് സത്യം. ചിലരൊക്കെ പറയാറുണ്ട്-പൊന്മുട്ടയിടുന്ന താറാവും തലയണമന്ത്രവും അപ്പുണ്ണിയുമൊക്കെ ഇന്ന് ഇറങ്ങേണ്ട സിനിമകളായിരുന്നു എന്ന്. എനിക്കതിനോട് യോജിപ്പില്ല. നമ്മള്‍ ജീവിക്കുന്ന സാമൂഹികാവസ്ഥകളാണ് സിനിമകള്‍ക്ക് പ്രചോദനമാകുന്നത്. 'സന്ദേശം' എന്ന സിനിമ മാത്രമാണ് അതിനൊരു അപവാദം. 'സന്ദേശം' ഇന്നും പ്രസക്തമാകുന്നത് നമ്മുടെ രാഷ്ട്രീയം അന്നത്തേതില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോകാത്തതുകൊണ്ടായിരിക്കാം. തിരഞ്ഞെടുപ്പില്‍ ഒരു മുന്നണി പരാജയപ്പെട്ടാല്‍ താത്ത്വികമായ അവലോകനങ്ങള്‍ ഇന്നും നടക്കുന്നു. എതിര്‍ചേരിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് ഇന്നും ചര്‍ച്ചചെയ്ത് കണ്ടെത്തുന്നു. നേതാക്കള്‍ ആഹ്വാനംചെയ്യുന്നു, അണികള്‍ തല്ലുകൊള്ളുന്നു, ജലപീരങ്കിയേല്‍ക്കുന്നു. ഒരു മാറ്റവുമില്ലാതെ സന്ദേശകാലം തുടരുന്നു.

അഭിനേതാക്കളുടെ കാര്യമവിടെ നില്‍ക്കട്ടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നമ്മള്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള കഥാപാത്രങ്ങളില്‍ പലതും ഇന്ന് തിരശ്ശീലയ്ക്ക് പിന്നിലായിരിക്കുന്നു. ശരിക്കുള്ളൊരു വെളിച്ചപ്പാടിനെപ്പോലും ഇന്നു കാണാന്‍ കിട്ടുന്നില്ല. അത്തരമൊരു വെളിച്ചപ്പാടിന്റെ കഥയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് 'നിര്‍മാല്യ'ത്തിലൂടെ എം.ടി. പറഞ്ഞത്. 'പിന്‍ഗാമി' എന്ന സിനിമയില്‍ വരെയുണ്ട് വെളിച്ചപ്പാട്.

അടുത്തകാലത്ത് എന്റെ അകന്ന ബന്ധത്തില്‍പ്പെട്ടൊരു ചേച്ചി വീട്ടില്‍ വന്നു. അവരുടെ മകന്‍ അബുദാബിയില്‍ എന്‍ജിനിയറായിരുന്നു. കൊറോണയ്ക്ക് വളരെ മുമ്പേ ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടില്‍ വന്നു. ഇപ്പോള്‍ പേരുകേട്ട ഒരു സ്വകാര്യക്ഷേത്രത്തില്‍ 'കോമര'മാണത്രേ. രാവിലെയും വൈകീട്ടും അരമണികെട്ടി പള്ളിവാളുമെടുത്ത് വെളിച്ചപ്പെടണം. കല്പന പറയണം. ശമ്പളം കൂടാതെ ദക്ഷിണയായും നല്ലൊരു തുക കിട്ടും. എന്‍ജിനിയര്‍ ജോലിയെക്കാള്‍ വരുമാനം. തികച്ചും പ്രൊഫഷണല്‍.

അന്തിക്കാട് എന്ന ഗ്രാമം പണ്ട് അറിയപ്പെട്ടിരുന്നത് നല്ല തെങ്ങിന്‍ കള്ള് കിട്ടുന്ന സ്ഥലം എന്ന പേരിലായിരുന്നു. മദ്രാസില്‍ സംവിധാനം പഠിക്കാന്‍ പോയ സമയത്ത് ശങ്കരാടിയെ പരിചയപ്പെട്ടപ്പോള്‍ ആദ്യംചോദിച്ചത് അന്തിക്കാടന്‍ കള്ളിനെപ്പറ്റിയാണ്. മായമില്ലാത്ത കള്ളുകിട്ടാന്‍ അന്യദേശത്തുനിന്നുപോലും ആളുകള്‍ അന്തിക്കാട്ടെത്തുമായിരുന്നു. നേരം വെളുത്താല്‍ ചെത്തിയെടുത്ത കള്ള് അളക്കുന്ന സ്റ്റോറുകള്‍ പലയിടത്തും സജീവമായ കാഴ്ചയായിരുന്നു. ശുദ്ധമായ നാട്ടുകള്ളിന്റെ മണമേറ്റാണ് ഞങ്ങളൊക്കെ സ്‌കൂളുകളില്‍ പോയിരുന്നത്. 'മണ്ടന്മാര്‍ ലണ്ടനില്‍' എന്ന എന്റെ ആദ്യകാല ചിത്രത്തില്‍ പറവൂര്‍ ഭരതന്‍ ചെത്തുകാരനാണ്. 'മഴവില്‍ കാവടിയി'യിലും ചെത്തുകാരനുണ്ട്. അതില്‍ ഒടുവിലിനുവേണ്ടി കൊണ്ടുപോയത് എന്റെ അയല്‍വാസിയായിരുന്ന ചെത്തുകാരന്‍ ഷണ്‍മുഖന്റെ ഉപകരണങ്ങളായിരുന്നു അത്. ഷണ്‍മുഖന്‍ പിന്നീട് ചെത്ത് ഉപേക്ഷിച്ച് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന് ക്ഷീരകര്‍ഷകനായി മാറി.

വിരലിലെണ്ണാവുന്ന ചെത്തുകാരേ ഈ പഞ്ചായത്തില്‍ ഇപ്പോഴുള്ളൂവെന്ന് ഈയിടെ പറഞ്ഞത് അന്തിക്കാട്ടുകാരനായ വി.എസ്. സുനില്‍കുമാറാണ്. 'നാടോടിക്കാറ്റി'ന്റെ രണ്ടാംഭാഗമായ 'പട്ടണപ്രവേശ'ത്തില്‍ സി.ഐ.ഡി. ദാസനും വിജയനും കുറ്റാന്വേഷണത്തിന്റെ ഭാഗമായി കുട നന്നാക്കുന്നവരായി വരുന്നുണ്ട്. 'കുട നന്നാക്കാനുണ്ടോ' എന്ന് വിളിച്ചുചോദിച്ചുനടക്കുന്ന മോഹന്‍ലാലിനെയും ശ്രീനിവാസനെയും കെ.പി.എ.സി. ലളിത വീട്ടില്‍ വിളിച്ചുകേറ്റുന്ന രംഗം ആ സിനിമ കണ്ടവര്‍ മറക്കാനിടയില്ല. ഇന്ന് ആ ഒരു വിഭാഗത്തിനെ നാട്ടിടവഴികളില്‍ കാണാറേയില്ല.

കക്ഷത്തൊരു ബാഗും ആ ബാഗുനിറയെ ജാതകക്കുറിപ്പുകളും യുവതീയുവാക്കളുടെ ഫോട്ടോകളുമായി നടക്കുന്ന കല്യാണ ബ്രോക്കര്‍മാരെയും ഇപ്പോള്‍ കാണാനില്ലാതായി. 'മനസ്സിനക്കരെ'യില്‍ മാമുക്കോയയും 'അച്ചുവിന്റെ അമ്മ'യില്‍ കെ.പി.എ.സി. ലളിതയും കല്യാണബ്രോക്കര്‍മാരാണ്. പുതിയൊരു സിനിമയില്‍ അങ്ങനെയൊരു കഥാപാത്രത്തെപ്പറ്റി ആലോചിക്കാന്‍ പറ്റില്ല. മാട്രിമോണിയലുകളും കല്യാണ ഏജന്‍സികളുമൊക്കെ ആ രംഗം കീഴടക്കിക്കഴിഞ്ഞു. സ്വന്തം കല്യാണം സ്വയം അന്വേഷിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ തുടങ്ങുന്നതുപോലും. അത് സംവിധാനംചെയ്ത അനൂപിനോട് ഞാന്‍ പറഞ്ഞു: ''നിനക്കൊരു വധുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞാനൊരു പരസ്യം കൊടുക്കട്ടെ?''അവിവാഹിതനായ യുവസംവിധായകനായി ഞാന്‍ ഷൈന്‍ ചെയ്യുന്നതിന്റെ അസൂയയാണ് അച്ഛന് എന്നുപറഞ്ഞ് അവന്‍ മുങ്ങിക്കളഞ്ഞു.

തമാശയല്ല. പണ്ടായിരുന്നെങ്കില്‍ അവിവാഹിതനായ ഒരു മകനുണ്ടെന്നറിഞ്ഞാല്‍ പല പെണ്‍കുട്ടികളുടെയും ആലോചനകളുമായി കല്യാണ ബ്രോക്കര്‍മാര്‍ ഇവിടെ കയറിയിറങ്ങിയേനെ. മാമുക്കോയയെപ്പോലെ ഒരു ചായപ്പീടികക്കാരനെയോ കുതിരവട്ടത്തെപോലൊരു കാളവണ്ടിക്കാരനെയോ കണ്ടിട്ട് കാലമെത്രയായി!

ഇതൊന്നും ഒരു കുറ്റമല്ല. കാലം മാറുകയാണ്. മാധവിക്കുട്ടി എഴുതിയ ഒരു ലേഖനം ഓര്‍മവരുന്നു. ഒരിക്കല്‍ പേരക്കുട്ടികളോട് മാധവിക്കുട്ടി പറഞ്ഞുവത്രെ: ''നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്ത് എന്തുമാത്രം കളികളായിരുന്നു. ഓലപ്പന്തുകളിയും വേലിയിറമ്പില്‍ നിന്ന് മഷിത്തണ്ട് പറിച്ചെടുത്ത് സ്ലേറ്റ് മായ്ക്കലും അപ്പൂപ്പന്‍താടിയുടെ പിന്നാലെ ഓടിക്കളിക്കലും നാട്ടുചെടിയുടെ പശ ഊതി കുമിളകള്‍ പറപ്പിച്ചുകളിക്കലും - അതൊന്നും അനുഭവിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമില്ലാതായല്ലോ?'' കുട്ടികള്‍ പറഞ്ഞത്രെ: ''അമ്മൂമ്മയുടെ കുട്ടിക്കാലമോര്‍ത്ത് ഞങ്ങള്‍ക്കാണ് സങ്കടം, അന്ന് ഇന്റര്‍നെറ്റില്ല. വീഡിയോ ഗെയിമില്ല. കംപ്യൂട്ടറില്ല-കഷ്ടം.''

നമുക്ക് മറുപടിയില്ലെങ്കിലും ഒരു നഷ്ടബോധമുണ്ട്. പ്രത്യേകിച്ചും പഴയ സിനിമകള്‍ കാണുമ്പോള്‍. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പിന്നെ ഒരാശ്വാസമുള്ളത് ആ സിനിമകള്‍ ഇന്നത്തെ തലമുറയും ആസ്വദിക്കുന്നു എന്നുള്ളതാണ്. അന്നു ജനിച്ചിട്ടില്ലാത്തവര്‍ പോലും തട്ടാനിലെ 'പശുവിനെ കളഞ്ഞ പാപ്പി'യെക്കണ്ട് കൈയടിക്കുന്നു. ''പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'' എന്നു പറയുന്നു. ''എത്ര മനോഹരമായ നടക്കാത്ത സ്വപ്നം'' എന്നു പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. ''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ'' എന്ന് സമാധാനിക്കാം.

(പുനപ്രസിദ്ധീകരണം)

Content Highlights: Sathyan Anthikad, Kerala Piravi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented