ചാക്കോച്ചിയുടെ ഹോട്ടല്‍, അച്ചായന്റെ പന്നിക്കട, എല്‍ദോയുടെ റബര്‍ക്കട; ഇത് കര്‍ണാടകത്തിലെ മനോഹരകേരളം


ബിജു പങ്കജ്

മിനികേരളത്തിന് തുടക്കം കുറിച്ചത് അങ്കമാലിക്കാരന്‍ വര്‍ഗീസ് മേസ്തിരി, നരസിംഹരാജപുര താലൂക്കില്‍ പതിനായിരത്തിലധികം മലയാളികള്‍

നരസിംഹരാജപുരയിലെ ക്ഷേത്രവും പള്ളിയും | | ഫോട്ടോ: നിഖിൽ ജോസഫ്|മാതൃഭൂമി ന്യൂസ്‌

ചാക്കോച്ചിയുടെ ഹോട്ടൽ.
അച്ചായന്റെ പന്നിക്കട.
എൽദോയുടെ റബർക്കട.
പെരുമ്പാവൂരിലോ കോതമംഗലത്തോ അല്ല, കർണാടകയിലെ ചിക്കമംഗളൂരുവിലുണ്ട് ഈ കടകളും മലയാളത്തിലുള്ള ബോർഡുകളും. എവിടെ നോക്കിയാലും മലയാളത്തിൽ സംസാരിക്കുന്നവർ. എല്ലായിടത്തും മലയാളിക്കടകൾ. നരസിംഹ രാജപുരയിൽ സർവം മലയാളിമയം.

ചിക്കമംഗളൂരുവിലെ ചെറിയൊരു താലൂക്കായ നരസിംഹ രാജപുരയിൽ ഇപ്പോൾ 2500 കുടുംബങ്ങളിലായി പതിനായിരത്തിലധികം മലയാളികളുണ്ട്. തൊണ്ണൂറു വർഷം മുമ്പു കേരളത്തിൽനിന്നു തുടങ്ങിയ കുടിയേറ്റം ഇപ്പോൾ ഏതാണ്ടു നിലച്ചെങ്കിലും വന്നവരാരും തിരിച്ചു പോയിട്ടില്ല. വിവിധ സഭകളുടേതായി 24 പള്ളികൾ, മലയാളികൾ പണിത അയ്യപ്പക്ഷേത്രം, സ്‌കൂളുകൾ, ആശുപത്രികൾ എന്നിങ്ങനെ സാമൂഹികജീവിതത്തിലുടനീളം തനിമലയാളിത്തം തുടരുന്നു ഇവിടത്തെ മലയാളികൾ. രാഷ്ട്രീയത്തിലും പങ്കാളിത്തം ചെറുതല്ല. വാർഡ് മെമ്പർമാർ മുതൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾവരെ മലയാളികളായുണ്ട്.

ചരിത്രം

മൈസൂരു രാജവംശത്തിന്റെ അധീനതയിലായിരുന്ന നരസിംഹ രാജപുരയുടെ ആദ്യപേര് എടയഹള്ളി എന്നായിരുന്നു. ശൃംഗേരിയിൽ നവരാത്രിപൂജക്കായി എത്തുന്ന നരസിംഹ രാജ വോഡയാറും കുടുംബാംഗങ്ങളും ഇവിടത്തെ വേനൽക്കാല വസതിയിൽ ഒരാഴ്ചയോളം താമസിക്കുന്ന പതിവുണ്ട്. ആ സമയത്തു സമീപത്തെ കാടുകളിൽ രാജാവും പരിവാരവും വേട്ടയ്ക്കിറങ്ങും. അങ്ങനെ എടയഹള്ളി നരസിംഹ രാജപുരയായി.

വർഗീസ് മേസ്തിരിയുംഭാര്യയും

അങ്കമാലിക്കാരൻ തറക്കല്ലിട്ട മിനി കേരളം

മിനി കേരളത്തിന്റെ ചരിത്രം സിനിമാക്കഥയെ വെല്ലുന്നതാണ്. അങ്കമാലിയിലെ സ്‌ക്കൂളിൽനിന്നു ദാരിദ്ര്യംകൊണ്ട് പഠനം മുടങ്ങി നാടുവിട്ട വർഗീസ് എന്ന പയ്യൻ പിന്നീട് വനംവകുപ്പിലെ കൂപ്പുപണിക്കായി 1930-കളിൽ എൻ.ആർ പുരയിൽ എത്തുന്നിടത്താണ് എല്ലാം തുടങ്ങുന്നത്. കൂപ്പിൽ ജോലിക്കെത്തിയ വർഗീസ് പിന്നീട് വനം വകുപ്പിന്റെ മേസ്തിരിയായി. വർഗീസിന്റെ ജോലിയിലെ സാമർത്ഥ്യം വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നന്നേ പിടിച്ചു. നാട്ടിൽനിന്നു കൂടുതൽ പണിക്കാരെ എത്തിക്കാൻ വനം വകുപ്പുകാർ വർഗീസിനോട് ആവശ്യപ്പെട്ടു. അങ്ങനെ അങ്കമാലിയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും വർഗീസിന്റെ ബന്ധുക്കളടക്കം നിരവധിപേർ എൻ.ആർ. പുരയിൽ എത്തിത്തുടങ്ങി. കേരളത്തിനു പുറത്തു മലയാളികളുടെ വലിയൊരു കുടിയേറ്റ പ്രക്രിയയ്ക്കു തുടക്കമാവുകയായിരുന്നു.

മേസ്തിരിപ്പണി വിട്ട് വർഗീസ് കൂപ്പ് കോൺട്രാക്ടറായി. വർഗീസിന്റെ വളർച്ചയ്ക്കൊപ്പം എൻ.ആർ. പുരയിലെത്തുന്ന മലയാളികളുടെ എണ്ണവും കൂടി. അങ്കമാലിയിൽനിന്നും പെരുമ്പാവൂരിൽനിന്നും കിട്ടിയ വണ്ടിക്ക് ആളുകൾ ചിക്കമംഗളൂരുവിലേക്കു പറന്നു. തൊട്ടുപിന്നാലെ കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി. വ്യാപകമായി സ്ഥലം പാട്ടത്തിന് കിട്ടുമെന്ന വാർത്ത പരന്നതോടെ നാട്ടിലുള്ളള്ളതു വിറ്റു പെറുക്കി മലയാളികൾ എൻ.ആർ. പുരയിലേക്കു കുടിയേറി. ഏക്കറ് കണക്കിനു സ്ഥലം പലർക്കും പാട്ടത്തിനു കിട്ടി. അവർ അവിടെ പൊന്നു വിളയിച്ചു. ഇതിനിടെ നടപ്പായ ഭൂപരിഷ്‌ക്കരണം കുടിയേറ്റക്കാർക്കു വലിയ നേട്ടമുണ്ടാക്കി. ഏക്കറു കണക്കിന് പാട്ടഭൂമി കൈവശക്കാരായ മലയാളികൾക്കു തന്നെ കിട്ടി.

മലയാളികളുടെ വളർച്ചയ്ക്കൊപ്പം വർഗീസ് മേസ്തിരിയും വളർന്ന് അതികായനായി. വനംവകുപ്പും പോലീസും ഭയപ്പെടുന്ന തരത്തിൽ വർഗീസ് മേസ്തിരി അധികാരകേന്ദ്രമായി മാറിയെന്ന് എൻ.ആർ. പുരയിലെ ഇപ്പോഴത്തെ കാരണവൻമാർ പറയുന്നു. വർഗീസ് മേസ്തിരിയുടെ കുടുംബമാണ് ഇന്ന് എൻ.ആർ. പുരയിലെ ഏറ്റവും സമ്പന്നർ. ഭദ്ര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വർഗീസ് മേസ്തിരി പണിതുകൊടുത്ത സിദ്ധേശ്വരക്ഷേത്രം അദ്ദേഹത്തിന്റെ അധികാരചിഹ്നമായി ഇപ്പോഴും ഇവിടെയുണ്ട്. കന്നഡിഗരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണു ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇന്നു ചുക്കാൻ പിടിക്കുന്നത്.

പള്ളിക്കും സർക്കാർ സംവിധാനങ്ങൾക്കും വർഗീസ് മേസ്തിരി സ്ഥലം നൽകിയിട്ടുണ്ട്. എൻ.ആർ. പുരയിൽനിന്ന് അക്കാലത്ത് ഒരു എം.എൽ.എയെ ജയിപ്പിച്ചെടുക്കാനും അതുവഴി കന്നഡിഗരുടെ മണ്ണിന്റെ മക്കൾ വാദത്തിന്റെ മുനയൊടിക്കാനും മേസ്തിരിക്ക് കഴിഞ്ഞു. അന്നു ജയിച്ച കടിതാൾ മഞ്ചപ്പ റവന്യുമന്ത്രിയും പിന്നീട് മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായത് മലയാളികൾക്കു തുണയായി. വർഗീസ് മേസ്തിരി വീണ്ടും വളരുകയായിരുന്നു. ചിലർക്ക് അദ്ദേഹം എൻ.ആർ. പുരയിലെ കിരീടം വെക്കാത്ത രാജാവായി. ചിലർക്ക് ഫ്യൂഡൽ മാടമ്പിയായി. ചിലരുടെ കണ്ണിൽ വർഗീസ് മേസ്തിരി പൊളിറ്റിക്കൽ കിങ് മേക്കറാണ്.

ഒരു കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. കർണാടകയിലെ ഈ മിനികേരളത്തിനു തറക്കല്ലിട്ടത് വർഗീസ് മേസ്തിരിയെന്ന അങ്കമാലിക്കാരനാണെന്ന കാര്യത്തിൽ. അങ്ങനെ വർഗീസ് മേസ്തിരിയുടെ സ്വാധീനത്തിൽ കൂടുതൽ മലയാളികൾ എൻ.ആർ. പുരയിലെത്തി പുതിയ ജീവിതം തുടങ്ങി.

നരസിംഹ രാജപുരയിലെ കേരള ഹോട്ടൽ | ഫോട്ടോ: നിഖിൽ ജോസഫ്\മാതൃഭൂമി ന്യൂസ്‌

കൃഷിയിൽ പൊന്നു കൊയ്തവർ

കുടിയേറ്റത്തിനു തുടക്കം കുറിച്ചവർക്ക് ആദ്യകാലത്തു തെരുവപ്പുൽ കൃഷിയായിരുന്നു ആശ്വാസം. ഇതിനും തുക്കമിട്ടത് വർഗീസ് മേസ്തിരി തന്നെ. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ പുൽത്തൈലത്തിനു വൻഡിമാന്റായി. അന്നു കൃഷിക്കിറങ്ങിയവർ സമ്പന്നരായി. പിന്നീടു തെരുവപ്പുൽ കൃഷി വനം വകുപ്പ് നിരോധിച്ചതോടെ പലരും നെൽക്കൃഷിയിലേക്കും റബർക്കൃഷിയിലേക്കും തിരിഞ്ഞു. വർഗീസ് മേസ്തിരിയുടെ ബന്ധുവായ അങ്കമാലി മോളയൽ പൗലോസാണ് ആദ്യമായി എൻ.ആർ. പുരയിൽ റബർ കൃഷി പരീക്ഷിച്ചത്. പൗലോസിന്റെ റബർ കൃഷിയുടെ പെരുമ പരന്നതോടെ റബർ ബോർഡ് ഉദ്യോഗസ്ഥർ ഈ മേഖല റബർകൃഷിക്ക് അനുയോജ്യമാണെന്നു ശുപാർശ ചെയ്തു.

പിന്നാലെ ഇവിടെയത്തിയ മലയാളികളും കന്നഡിഗരും റബർ കൃഷിയിലേക്ക് തിരിഞ്ഞു. മൂന്നു തലമുറ പിന്നിട്ടപ്പോഴേക്കും റബറിന്റെയും കാലം കഴിഞ്ഞു. ഇപ്പോൾ അടയ്ക്കയിലാണു മുഴുവൻ ശ്രദ്ധ. ഒപ്പം പച്ചക്കറികളും. ദിനംപ്രതി ഒട്ടേറെ ലോറികളാണ് ഇവിടെനിന്ന് ഏത്തക്കുലയും ചേനയുമടക്കമുള്ള പച്ചക്കറികളുമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കു പോവുന്നത്.

നെല്ലും കാപ്പിയും തേയിലയും ഏലവും മിനികേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു പിൻബലമാണ്. പച്ച വിരിച്ച പാടങ്ങളും വിളഞ്ഞു നിൽക്കുന്ന കാപ്പിത്തോട്ടങ്ങളും എൻ.ആർ. പുരയിലെങ്ങും കാണാം. പൂർവികർ നടത്തിയ പറിച്ചുനടലിനെ വിജയകരമായ കുടിയേറ്റം എന്നാണ് മോളയൽ പൗലോസിന്റെ മകൻ പൗലോസ് ജോൺ വിശേഷിപ്പിക്കുന്നത്. കുടിയേറിവരിൽ തൊണ്ണൂറ് ശതമാനവും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം മേഖലകളിൽ ഉണ്ടായിരുന്നവരാണ്.

മേയ്ക്കാട്ടുപറമ്പിൽ പൗലോസും കുടുംബവും | ഫോട്ടോ: നിഖിൽ ജോസഫ്\മാതൃഭൂമി ന്യൂസ്‌

ഓട്ടോ ഓടിക്കുന്ന എൽദോസുമാർ

മലയാളികൾ തിങ്ങിനിറഞ്ഞ എൻ.ആർ. പുരയിൽ ഒട്ടേറെ രസകരമായ വിശേഷങ്ങളുണ്ട്. പട്ടണത്തിലെ ബോർഡുകൾ മിക്കതും മലയാളത്തിലാണ്. വയനാട്ടിൽനിന്നു കുടിയേറിയ സന്തോഷിന്റേതാണ് ചാക്കോച്ചിയുടെ ഹോട്ടൽ. ഒരു തനിനാടൻ മലയാളി ഹോട്ടൽ. മിക്ക വൈകുന്നേരങ്ങളിലും ഇവിടെ വലിയ മലയാളിക്കൂട്ടായ്മ കാണാം. വിശേഷങ്ങൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും ഏറെ നേരം അവർ ചാക്കോച്ചി ഹോട്ടലിൽ ചെലവഴിക്കും. വിലയിടിവിനെ തുടർന്ന് കേരളത്തിൽ റബർക്കടകൾ അപ്രത്യക്ഷമാകുന്നുണ്ടെങ്കിലും നാലു പതിറ്റാണ്ടായി എൻ.ആർ. പുരയിലെ പ്രധാന റബർ വ്യാപാരി കോതമംഗലത്തുകാരൻ എൽദോസേട്ടനാണ്. ഓട്ടോ ഓടിക്കുന്ന എൽദോസുമാരും ഇവിടെയുണ്ട്. എല്ലാവരുടെയും അപ്പനപ്പൂപ്പൻമാർ വർഗീസ് മേസ്തിരിക്കു പിന്നാലെ എത്തിയവർ. ശനിയാഴ്ച്ചയാണു ചന്ത. എൻ.ആർ. പുരയ്ക്ക് അന്ന് ആഘോഷത്തിന്റെ ദിവസമാണ്. പച്ചക്കറി- പലവൃഞ്ജനങ്ങൾ വിൽക്കാനും വാങ്ങാനുമെത്തുന്നവരിൽ ഭൂരിഭാഗവും മലയാളികൾ തന്നെ.

എൻ.ആർ. പുരയിലെ കാരണവൻമാർ രണ്ട് പൗലോസുമാരാണ്. തൊണ്ണൂറ്റൊന്നുകാരനായ മേയ്ക്കാട്ട് പറമ്പിൽ പൗലോസും മോളയൽ പൗലോസ് ജോണും. ഇരുവരും മക്കളും കൊച്ചുമക്കളുമായി മിനികേരളത്തിൽ സന്തോഷത്തോടെ കഴിയുന്നു. മേയ്ക്കാട്ട് പറമ്പിൽ പൗലോസിന്റെ മകൻ ഷിബു പൗലോസ് എൻ.ആർ. പുരയിലെ സാധാരണ സ്‌ക്കൂളിൽ പഠിച്ച് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ എത്തി. ഷിബു പൗലോസ് അമേരിക്കയിൽ കോവിഡ് വാക്സിൻ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ശാസ്ത്രഞ്ജൻ. അമേരിക്കയിൽ കഴിയുമ്പോഴും കുടിയേറിയ മണ്ണിൽ ജീവിതം നെയ്ത പിതാവിന്റെയും മുത്തച്ഛന്റെയും ജീവിതമാണ് തനിക്ക് പ്രചോദനമെതന്ന് ഷിബു പൗലോസ് പറയുന്നു. പുതുശേരി പി.ജെ. ആന്റണിയാണ് ഇവിടത്തെ രാഷ്ട്രീയഗുരു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ആന്റണി പ്രധാന കർഷകൻ കൂടിയാണ്.

നരസിംഹ രാജപുരയിൽ ഓട്ടോ ഓടിക്കുന്ന എൽദോസുമാർ | ഫോട്ടോ: നിഖിൽ ജോസഫ്\മാതൃഭൂമി ന്യൂസ്‌

പള്ളിപ്പെരുമയും അയ്യപ്പക്ഷേത്രവും മലയാള ഭാഷയും

ഞായറാഴ്ചകളിലെ എൻ.ആർ. പുര ടൗണിന് അങ്കമാലി- പാലാ ഫീലാണ്. പള്ളിയിലേക്കു പോകുന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ വാഹനങ്ങളാണ് എങ്ങും. മലയാളി കുടിയേറ്റക്കാരുടെ വളർച്ചക്കൊപ്പം പള്ളികളുടെ എണ്ണവും കൂടി. റോഡിൽ നിന്നാൽ കേൾക്കുന്നതു മുഴുവൻ മലയാളത്തിലുള്ള ആരാധനാ ഗീതങ്ങളാണ്. മലയാളികൾ പണിത അയ്യപ്പക്ഷേത്രം എൻ.ആർ. പുരയുടെ പ്രത്യേകതയാണ്. മണ്ഡലകാലത്ത് ക്ഷേത്രം സജീവമാകും.

അഞ്ചാം തലമുറയിലേക്കു കടക്കുമ്പോഴും മലയാളം എൻ.ആർ. പുരയിലെ കുടിയേറ്റ മലയാളികൾക്ക് അഭിമാനമാണ്. ഭാഷ കൈമോശം വരാതിരിക്കാൻ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. മലയാളി അസോസിയേഷനാണ് ഇതിനു മുൻകൈ എടുക്കുന്നത്. പുതുതലമുറയിലെ കുട്ടികളും വീടുകളിൽ സംസാരിക്കുന്നതു മലയാളമാണ്. ഓണം ഉൾപ്പെടെയുള്ള ആഘോഷനാളുകളിലും മലയാളം അരങ്ങു തകർക്കും.

വർഗീസ് മേസ്തിരിയും കുടുംബവും താമസിച്ചിരുന്ന വീട്‌ | ഫോട്ടോ: നിഖിൽ ജോസഫ്\മാതൃഭൂമി ന്യൂസ്‌

ഇതും ദൈവത്തിന്റെ സ്വന്തം നാട്

ഉഡുപ്പിയിൽനിന്ന് ആഗുംബെ ചുരം കടന്ന് 119 കിലോ മീറ്റർ പിന്നിട്ടാൽ എൻ.ആർ. പുരയിലെത്താം. വനവും കൃഷിഭൂമിയും ഇടകലർന്നു കിടക്കുന്ന നരസിംഹ രാജപുര. ചൂടനുഭവപ്പെടാത്ത ഇളംതണുപ്പുള്ള കാലാവസ്ഥ. ഡിസംബറിൽ തണുപ്പു കൂടും. നിറഞ്ഞു കിടക്കുന്ന ഭദ്ര അണക്കെട്ടിലെ വെള്ളം കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നു. കൃഷിക്കാർക്കുള്ള വൈദ്യുതിയിൽ ഇളവും മറ്റ് ആനുകൂല്യങ്ങളും കൃഷിയുമായി മുന്നോട്ടുപോകാൻ മലയാളി കർഷകരെ പ്രേരിപ്പിക്കുന്നു. നാട്ടിലേക്ക് ഒരു തിരിച്ചുപോക്കിനു ഭൂരിഭാഗം പേർക്കും ആഗ്രഹമില്ല. ഈ സ്വപ്നഭൂമി അവർക്കത്രയും പ്രിയപ്പെട്ടതാണ്, മലയാളവും.

Content Highlights: Mini kerala in Narasimharajapura


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented