ഇതി‘ഹാസ്യം’


ജയരാജ് വാര്യര്‍

പ്രതീകാത്മക ചിത്രം

ഹാസ്യങ്ങളില്‍ ഒന്നാമനാണ് നമ്മുടെ പാരമ്പര്യത്തില്‍ വേരുള്ള ആക്ഷേപഹാസ്യം. ഒരല്പംപോലും ചോര പൊടിയാതെ, വാക്കുകള്‍കൊണ്ടും ഉപമകള്‍കൊണ്ടും കീറിമുറിക്കുന്ന ആയുധമാണ് ആക്ഷേപഹാസ്യം. മലയാളഭാഷയില്‍ താളത്തില്‍ കെട്ടിയിട്ട പദങ്ങള്‍ പാടി അഭിനയിച്ച് സകല പ്രമാണികളെയും വേണ്ടവിധം 'കലക്കി'യ ആചാര്യന്‍ സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരാണ് ഹാസ്യകുലത്തിന്റെ മഹാഗുരു.

അഴീക്കോട് മാഷിന്റെ നിര്‍വചനം
ഒരു രാഷ്ട്രീയകക്ഷിയുടെയും കൊടിയുടെ ശീതളിമയില്‍ ഒതുങ്ങിനില്‍ക്കാതെ ലോകകാര്യങ്ങള്‍ സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഔന്നത്യമുള്ള ഭാഷയില്‍ പ്രസംഗിക്കുമ്പോള്‍ അതിന് മേമ്പൊടിയായി അഴീക്കോട് മാഷ് 'ഹാസ്യം' പ്രയോഗിക്കേണ്ടിടത്ത് സമര്‍ഥമായി പ്രയോഗിച്ചു. ഹാസ്യത്തിന് അഴീക്കോട് മാഷ് ഒരു നിര്‍വചനവും നല്‍കി. ''മനുഷ്യനിര്‍മിതമായ പ്രതികരണമാധ്യമമാണ് ഹാസ്യം''. ശുദ്ധഹാസ്യത്തിന് ശത്രുക്കളെപ്പോലും ചിരിപ്പിക്കാന്‍ കഴിയണം.'' കേരളത്തിന്റെ ശൂന്യതയാണ് അഴീക്കോട് മാഷിന്റെ വിയോഗത്തില്‍ നാം അനുഭവിക്കുന്നത്.2012-ല്‍ മാഷ് വിടവാങ്ങിയപ്പോള്‍ പ്രസംഗകലയ്‌ക്കൊപ്പം ഹാസ്യവും വിടവാങ്ങി. അദ്ദേഹത്തിന്റെ ഒരു ഹാസ്യം പറയാം. തൃശ്ശൂരില്‍ കൊടുങ്ങല്ലൂരിനത്ത് 'മൂന്നുപീടിക' എന്നൊരു സ്ഥലമുണ്ട്. മാഷ് സഞ്ചരിച്ച വാഹനം നിര്‍ത്തി.ഡ്രൈവറായ സുരേഷിനോട് ചോദിച്ചു. ഈ സ്ഥലത്തിന്റെ പേര് എന്താണ്? ''മൂന്നുപീടിക'' എന്ന് സുരേഷ് പറഞ്ഞു. ചുറ്റും നോക്കി അഴീക്കോട് സാര്‍ പറഞ്ഞു:''ഇവിടെ മൂന്നല്ല മുന്നൂറു പീടികയുണ്ടല്ലോ.''

രാഷ്ട്രീയഹാസ്യം

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൊട്ടിവിരിഞ്ഞപ്പോള്‍ കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി ഇ.കെ. നായനാരായിരുന്നു. സ്വാഭാവികവും ജന്മസിദ്ധവുമായ നര്‍മബോധംകൊണ്ട് പല ദുര്‍ഘടസന്ധികളെയും അദ്ദേഹം സമര്‍ഥമായി തരണം ചെയ്തു. 'മുഖ്യമന്ത്രിയോട് ചോദിക്കാം' എന്ന ടെലിവിഷന്‍ പ്രോഗ്രാം കണ്ട് ലോക മലയാളികള്‍ പൊട്ടിച്ചിരിച്ചു.

എല്‍സി എന്നൊരു സ്ത്രീ ഒരു ആവശ്യത്തിന് മുഖ്യമന്ത്രിയെ വിളിക്കുന്നു.
''നീയ്... എല്‍.സിയാ.''
''ഓള് എല്‍.സി. മെമ്പറാ... കേട്ടോ... കാര്യം പറ.''
(ലോക്കല്‍ കമ്മിറ്റിയാണോ എന്ന ഹാസ്യം)

സിനിമാഹാസ്യം

'ഹാസ്യം' ഏറ്റവും നന്നായി വഴങ്ങുന്ന നായകന്‍ എന്നും സാക്ഷാല്‍ മോഹന്‍ലാലാണ്. പ്രാഞ്ചിയേട്ടന്‍, രാജമാണിക്യം എന്നീ സിനിമകളിലൂടെ മമ്മൂട്ടിയും ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറി. ശ്രീനിവാസന്‍, ജയറാം, ദിലീപ്, മുകേഷ്, ജയസൂര്യ തുടങ്ങി ഇപ്പോഴത്തെ നായകന്മാരായ ഫഹദ് ഫാസില്‍, സൗബിന്‍ വരെ ഹാസ്യത്തെ മനോഹരമാക്കി അവതരിപ്പിച്ചു.നര്‍മം വിതച്ചും നാടന്‍പാട്ടുകള്‍ പാടിയും പ്രേക്ഷകരെ കൈയിലെടുത്ത കലാഭവന്‍മണി വിടവാങ്ങി. മിനിസ്‌ക്രീനിലൂടെ ഹാസ്യകലാകാരന്മാരായി വളര്‍ന്നുവന്ന്, ഹാസ്യത്തിന്റെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ നേടി സലിംകുമാറും സുരാജ് വെഞ്ഞാറമ്മൂടും പുതിയ ചരിത്രംകുറിച്ചു.

പക്ഷേ...

ഹാസ്യത്തിന്റെ മഹാചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ തന്നെയായിരുന്നു. നിമിഷനേരംകൊണ്ട് കഥാപാത്രമാകാനും ഒറ്റ ഫ്രെയിമില്‍ നമ്മളെ അദ്ഭുതപ്പെടുത്താനും ചിരിപ്പിക്കാനും ഏറ്റവും സിദ്ധിയുള്ള കലാകാരന്‍. പുതു നൂറ്റാണ്ടിന്റെ പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ ജഗതി ശ്രീകുമാര്‍ മൗനിയായി. കഥാപാത്രങ്ങള്‍ അനാഥരായി.

ചാനല്‍ഹാസ്യം

പുതുനൂറ്റാണ്ടില്‍ ചാനലുകളില്‍ ഹാസ്യപരിപാടികള്‍ സീരിയലുകളെ പിന്തള്ളി മുന്നേറി. സിനിമാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും 'തനി പകര്‍പ്പു'കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മെഗാസ്റ്റാറുകളുടെയും ഹാസ്യതാരങ്ങളുടെയും ഒപ്പം അകാലത്തില്‍ പൊലിഞ്ഞുപോയ സൂപ്പര്‍താരം 'ജയന്‍' ഹാസ്യകഥാപാത്രമായി പ്രത്യക്ഷപ്പെട്ടു.

ഹാസ്യവേഷങ്ങള്‍ ഒരിക്കല്‍പോലും എടുത്തണിയാത്ത ജയന്‍ ഹാസ്യാനുകരണക്കാരുടെ കൈയിലെ കളിപ്പാട്ടമായി മാറി. (ഈ ഗതികേട് നാളെ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനകൂടിയുണ്ട്... ട്ടോ) മിനിസ്‌ക്രീനിലും കേരളത്തിലെയും വിദേശരാജ്യങ്ങളിലെയും അപരന്മാര്‍ കൈയടി നേടി. വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, എ.കെ. ആന്റണി എന്നിവര്‍ക്കും അപരന്മാരുണ്ടായി.ഇന്നും 'കോമഡി ഷോ'കള്‍ ധാരാളം.ചിലതൊക്കെ നിലവാരം പുലര്‍ത്തുമ്പോള്‍ ഭൂരിഭാഗവും ആവര്‍ത്തനവിരസതയും ദ്വയാര്‍ഥപ്രയോഗങ്ങളും അമിതമായ ചമയവും സെറ്റും ഒരുക്കി നമ്മുടെ മുമ്പില്‍ മുന്നേറുന്നു.

ട്രോള്‍ഹാസ്യം

കഴിഞ്ഞ കുറച്ചുവര്‍ഷംമുമ്പ് ഫോണിലൂടെ നാം കൈയിലാക്കിയ ഫെയ്സ്ബുക്കും വാട്സാപ്പും 'ഹാസ്യം' പങ്കിടാന്‍ പിറന്ന പുതുവേദിയായി മാറി.'ഹാസ്യം' പ്രധാന പ്രമേയമായ ഒട്ടേറെ വീഡിയോകള്‍ ലോകം മുഴുവന്‍ പ്രചരിക്കുകയാണിന്ന്. ട്രോളുകളിലൂടെ സാമൂഹ്യവിമര്‍ശനവും കുറിക്കുകൊള്ളുന്ന ഹാസ്യവും കണ്ടും കേട്ടും നമ്മള്‍ തലകുത്തി ചിരിക്കുന്നുമുണ്ട്.നര്‍മബോധമുള്ള പുതുതലമുറ സൃഷ്ടിക്കുന്ന 'ഹാസ്യം' വൈറലാകുന്നുണ്ട്, വയറുനിറയുന്നില്ലെങ്കിലും.

Content Highlights: jayaraj warrier, Kerala Piravi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented