'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'


ഡോ. ജോസ് സെബാസ്റ്റ്യന്‍/ വിഷ്ണു കോട്ടാങ്ങല്‍

ഡോ. ജോസ് സെബാസ്റ്റ്യൻ | Photo: Mathrubhumi

നമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേട്ടതിന്റെ ഞെട്ടല്‍ പൊതുജനത്തിന് മാറിയിട്ടുണ്ടാകില്ല. സര്‍വത്ര വിലക്കയറ്റം സൃഷ്ടിച്ചേക്കാവുന്ന, അധിക വിഭവ സമാഹരണത്തിനാണ് ധനമന്ത്രിയുടെ പടപ്പുറപ്പാട്. ഇത്തരത്തില്‍ ധനപ്രതിസന്ധിയുണ്ടാകാന്‍ കുറ്റം മുഴുവന്‍ കേന്ദ്രത്തിന്റെ തലയിലിട്ട് ധനമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണോ? സംസ്ഥാന ബജറ്റിന്റെ ആഘാതം ജനങ്ങള്‍ എത്രത്തോളം അഭിമുഖീകരിക്കേണ്ടിവരുമെന്ന് പരിശോധിക്കുകയാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഫാക്കല്‍റ്റിയും ധനകാര്യ വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റ്യന്‍.

  • കേരളത്തില്‍ വലിയ വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റാണിതെന്ന് കരുതുന്നുണ്ടോ? എന്തൊക്കെയാണ് ധനമന്ത്രിക്ക് പറ്റിയ പാളിച്ചകള്‍?
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെ പൂര്‍ണമായും ഞാന്‍ തള്ളിപ്പറയുന്നില്ല. കാരണം, വിഭവ സമാഹരണത്തിന് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ, അതില്‍ത്തന്നെ അദ്ദേഹം അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സമ്പന്ന- മധ്യവര്‍ഗ വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വിഭവസമാഹരണം നടത്തുകയും അതോടൊപ്പം പാവപ്പെട്ടവരെ വര്‍ധനവില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യാന്‍ ധനമന്ത്രിക്ക് അവസരമുണ്ടായിരുന്നു. അക്കാര്യം അദ്ദേഹം ചെയ്തില്ല.

ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഫീസുകള്‍ വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഏകദേശം 2,600 കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാന്‍ സാധിക്കുമായിരുന്നു. അതോടൊപ്പം കെട്ടിട നികുതികള്‍ പിരിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കണം. ഇതിനായി ആധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ഉപയോഗിച്ചിരുന്നെങ്കില്‍ തന്നെ 15,000 കോടി രൂപ സമാഹരിക്കാനാകുമായിരുന്നു. ഇത്തരം അവസരങ്ങളൊക്കെ ധനമന്ത്രി നഷ്ടപ്പെടുത്തി.

  • വരുമാനം വര്‍ധിപ്പിക്കാനാണ് നികുതി വര്‍ധിപ്പിച്ചതെന്ന് പറയാം. പക്ഷെ ചെലവ് കുറച്ചാല്‍ തന്നെ സര്‍ക്കാരിന് പ്രതിസന്ധിയില്‍ വലിയൊരു കുറവ് ഉണ്ടാകുമായിരുന്നില്ലേ? ബജറ്റില്‍ അത്തരം നിര്‍ദ്ദേശങ്ങളൊന്നും കണ്ടില്ല?
അതെ, ചെലവ് ചുരുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ സംസ്ഥാനത്തുണ്ട്. ഉദാഹരണത്തിന് പി.എസ്.സി. അംഗങ്ങളുടെ എണ്ണം ഇപ്പോള്‍ 21 ആണ്. അത് യു.പി.എസ്.സി.യുടെയോ മറ്റ് പി.എസ്.സികളുടെയോ മാതൃകയില്‍ ആറുപേര്‍ മാത്രമായി ചുരുക്കാം. എത്രയെത്ര ബോര്‍ഡ്- കോര്‍പ്പറേഷനുകളാണ് ഇവിടെയുള്ളത്. അവശ്യം വേണ്ടവ ഒഴിച്ച് ബാക്കിയുള്ളതൊക്കെ ഒഴിവാക്കാവുന്നതേയുള്ളു. അതുപോലെ തന്നെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണം. ഇതിനൊക്കെ ഒരുതരത്തിലുമുള്ള നടപടിയുമെടുക്കാതെ വിഭവ സമാഹരണത്തിന് വേണ്ടി പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടുക, കോര്‍ട്ട് ഫീസുകള്‍ വര്‍ധിപ്പിക്കുക തുടങ്ങി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ഒഴിവാക്കേണ്ടതായിരുന്നു.

  • ഇപ്പോള്‍ കൂട്ടിയ നികുതികളെല്ലാം തന്നെ സര്‍ക്കാരിന് നേരിട്ട് വരുമാനം നല്‍കുന്നവയാണെങ്കിലും പിരിച്ചെടുക്കാന്‍ അധികം അധ്വാനിക്കേണ്ടതില്ലാത്തവയാണ്. എന്നാല്‍ നികുതി ചോര്‍ച്ചയുണ്ടാകുന്ന ഒരുപാട് മാര്‍ഗങ്ങള്‍ അടയ്ക്കാതെ ഇങ്ങനെ അനിയന്ത്രിതമായി വിലക്കയറ്റമുണ്ടാക്കുന്ന രീതിയെ ന്യായീകരിക്കാനാകുമോ?
അതെ, ഈ പറഞ്ഞത് വളരെ ശരിയായ ഒരു കാര്യമാണ്. മദ്യം, പെട്രോള്‍- ഡീസല്‍, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ പ്രധാനപ്പെട്ട നികുതികള്‍ അധികം അധ്വാനമില്ലാതെ പിരിഞ്ഞുകിട്ടുന്നവയാണ്. നേരെ മറിച്ച് ജി.എസ്.ടിയുടെ കാര്യത്തില്‍ വന്‍തോതിലുള്ള വെട്ടിപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത് തടഞ്ഞ് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല.

ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അപ്പോള്‍ ഈ മേഖലയില്‍നിന്ന് സജീവമായി നികുതി പിരിക്കണമെന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം കൊടുക്കണം. നികുതി വെട്ടിപ്പ് തടയാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. ഇക്കാര്യത്തിലൊക്കെ സംസ്ഥാന ജി.എസ്.ടി. വകുപ്പൊക്കെ അമ്പേ പരാജയമാണെന്ന് പറയാതെ വയ്യ. ഒരുമാസത്തിന് മുമ്പ് മാത്രമാണ് ഒരു പുനഃസംഘടന നടന്നത്.

കമ്പ്യൂട്ടറൈസേഷനെന്നൊക്കെ പറഞ്ഞ് വെറുതെ കുറെ ഉപകരണങ്ങള്‍ സ്ഥാപിക്കുകയല്ല വേണ്ടത്. ആരാണ് നികുതി വെട്ടിക്കുന്നതെന്ന് കണ്ടെത്താനുള്ള സംവിധാനമൊക്കെ ഇന്ന് അപ്രാപ്യമല്ല. അതിനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. അത്തരത്തിലുള്ള മാര്‍ഗങ്ങളൊന്നും പ്രയോഗിക്കാന്‍ ശ്രമിക്കാതെ എളുപ്പമാര്‍ഗത്തിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്ന സമീപനമാണ് ഏറ്റവും വലിയ തകരാര്‍.

  • ക്ഷേമ പെന്‍ഷനുകള്‍ ഇത്തവണ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റ് അവതരിപ്പിക്കുകയും അതിന് ആനുപാതികമായൊരു വര്‍ധന ക്ഷേമ പെന്‍ഷനില്‍ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് കാണുന്നത്?
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ നമ്മുടെ വ്യാപാരവും വ്യവസായവുമൊക്കെ വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. കാരണം വര്‍ധിപ്പിക്കുന്ന ക്ഷേമ പെന്‍ഷന്‍ ഉടന്‍ തന്നെ വിപണിയിലേക്കാണ് എത്തുന്നത്. അത് കച്ചവടത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുക. അങ്ങനെ വര്‍ധിപ്പിക്കുന്ന പെന്‍ഷന്റെ പകുതിയെങ്കിലും നികുതി വരുമാനമായി ഖജനാവിലേക്ക് പെട്ടെന്നുതന്നെ എത്തുകയും ചെയ്യും. അപ്പോള്‍ ക്ഷേമപെന്‍ഷന്‍ യഥാര്‍ഥത്തില്‍ നഷ്ടമല്ല. പക്ഷെ, വരുമാനം വര്‍ധിപ്പിക്കാമായിരുന്ന അവസരം നമ്മുടെ ധനമന്ത്രി ഉപയോഗപ്പെടുത്തിയില്ല എന്ന് പറയേണ്ടി വരും.

  • വിലക്കയറ്റത്തിന്റെയും വിപണി ഇടപെടല്‍ കുറയുന്നതിന്റെയുമൊക്കെ പേരില്‍ കേന്ദ്രത്തിന് കുറ്റം പറയുമ്പോഴാണ് ഇവിടെ നേരിട്ട് വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്?
അതെ. ഈ ബജറ്റ് കേരളത്തില്‍ വിലക്കയറ്റത്തിന് കാരണമാകും. പക്ഷെ, സാധാരണ ജനങ്ങളെ അതെങ്ങനെ ബാധിക്കുമെന്ന കാര്യത്തിലാണ് നമ്മള്‍ കൂടുതല്‍ ആകുലപ്പെടേണ്ടത്. സമ്പന്ന വിഭാഗങ്ങള്‍ക്കോ സര്‍ക്കാര്‍ ജീവനക്കാരേപ്പോലെയുള്ള സംഘടിത വിഭാഗങ്ങള്‍ക്കോ ഇതുകൊണ്ട് വലിയ ആഘാതമുണ്ടാകുന്നില്ല.

കേരളത്തിലേതാണ്ട് ആറുലക്ഷം പേര്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നുണ്ട്. അവരെയൊക്കെ ഇത് വളരെ പ്രതികൂലമായി ബാധിക്കും. അതുപോലെ തന്നെ ഒരുകോടിയോളം ഇരുചക്ര വാഹനങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗവും വര്‍ക്കിങ് ക്ലാസാണ് ഉപയോഗിക്കുന്നത്. അവരുടെയൊക്കെ കുടുംബ ബജറ്റിനെ ഇത് ബാധിക്കും. ഒരുലിറ്റര്‍ പെട്രോളിന് രണ്ടുലിറ്റര്‍ വര്‍ധിപ്പിക്കുക എന്നുപറഞ്ഞാല്‍ ഒരുദിവസം അഞ്ച് ലിറ്റര്‍ പെട്രോള്‍ ഉപയോഗിക്കുന്ന ആളിന് ഒരുദിവസം 10 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. അപ്പോള്‍ അയാളുടെ കുടുംബ ബജറ്റിനെ അതെങ്ങനെ ബാധിക്കുന്നുവെന്ന് ഓര്‍ത്തുനോക്കു. ഒരുകാരണവശാലും ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല ഇത്തരം നടപടികള്‍. ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ടുപോകരുതായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ജനങ്ങളില്‍നിന്നുയര്‍ന്നാല്‍ ധനമന്ത്രി ഇത് പിന്‍വലിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

  • ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അത് എത്രത്തോളം ശരിയാണ്?
കേരളത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അടിസ്ഥാനപരമായ കാരണം മറ്റൊന്നാണ്. ചിലവില്‍ 50 ശതമാനമാണ് ശമ്പള പെന്‍ഷന്‍ വര്‍ധനവ് കാരണം 2022-ല്‍ ഉണ്ടായത്. അതദ്ദേഹം മറച്ചുവെക്കുകയാണ്. 47,000 കോടിയുണ്ടായിരുന്ന ശമ്പള- പെന്‍ഷന്‍ ചിലവ് 72,500 കോടിരൂപയായി വര്‍ധിച്ചുവെന്നാണ് റിസര്‍വ് ബാങ്കിന്റെ പഠനം കാണിക്കുന്നത്. വെറും അഞ്ച് ശതമാനത്തില്‍ താഴെവരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വരുമാനം കൂട്ടിക്കൊടുത്തതുമൂലം ഖജനാവ് കാലിയായി. ഇതിനെ മറച്ചുവെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതായത് ഇടത് സര്‍ക്കാരിന് പറ്റിയ അക്കിടി മറച്ചുവെക്കുന്നതിന് കേന്ദ്രത്തിനെ പഴിചാരുകയാണ് മന്ത്രി ചെയ്യുന്നത്.

ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം നീട്ടിവെക്കാന്‍ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. കോവിഡുവന്നു, പ്രളയം വന്നു. ഇതിന് പുറമെ മുന്‍ ശമ്പള കമ്മീഷനും പറഞ്ഞിരുന്നു 10 വര്‍ഷത്തിന് ശേഷമെ ഇനി പരിഷ്‌കരണം പാടുള്ളുവെന്ന്. അത് മറികടന്ന് മധ്യവര്‍ഗത്തിന് അനുകൂലമായൊരു തീരുമാനമെടുത്തു. അതുമൂലമുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ സാധാരണക്കാരുടെ മേല്‍ നികുതി ഭാരം ചുമത്തുകയാണ് എന്നതാണ് അതിലെ വിരോധാഭാസം.

Content Highlights: dr jose sebastian on kerala budget 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented