കോഴിക്കോട് ഐടി പാർക്ക് |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
'ആഗോള വക്തരണത്തിന് ബദലായി പുതിയ കേരള മോഡല്‍ നയങ്ങള്‍ വളര്‍ത്താനാണ് ഞങ്ങളുടെ ശ്രമം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2022-23 വര്‍ഷത്തില്‍ കേരളം നേരിടേണ്ടി ദുരന്തസമാനമായ സാഹചര്യമായി വിലകയറ്റം മാറുകയാണ്. വിലകയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.
ഈ സര്‍ക്കാര്‍ ഒരു ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ സമാനമായി ഉയര്‍ത്താന്‍ കഴിയണം എന്നതാണ് ലക്ഷ്യം. കേരളത്തെ സംബന്ധിച്ച് ഇത് അസാധ്യമായ ഒന്നല്ല. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നാടാണ് കേരളം. വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കുന്ന മനുഷ്യവിഭവശേഷിയും നമുക്കുണ്ട്. ഇതിനോടൊപ്പം അറിവിന്റെ അനന്തസാധ്യതകളും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷ്യമിട്ട നേട്ടം ഉദ്ദേശിച്ചതിലും നേരത്തെ നമുക്ക് പൂര്‍ത്തീകരിക്കാനാകും. ഇതിലേക്കുള്ള ഒരു പുതിയ വികസന കാഴ്ചപാടാണ് ബജറ്റിലൂടെ പ്രഖ്യാപിക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
തിരുവനന്തപരും-കൊല്ലം, ആറുവരിപാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനത്തെ നിലവിലുള്ള ഐടി കേന്ദ്രങ്ങളില്‍ നിന്നാകും ഉത്ഭവിക്കുക. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തില്‍ നിന്ന് കൊല്ലത്തേക്ക്, എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്തല, കോഴിക്കോട്-കണ്ണൂര്‍ എന്നിവിടങ്ങളാണ് നിര്‍ഷ്ട ഇടനാഴികള്‍. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും. 15 മുതല്‍ 25 ഏക്കര്‍വരെ ഏറ്റെടുത്തുകൊണ്ടാകും പാര്‍ക്ക് സ്ഥാപിക്കുക. ഐടി ഇടനാഴി വിപുലീകരണത്തിന്റെ ഭാഗമായി കൊല്ലത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി സൗകര്യം സ്ഥാപിക്കും
ഐടി കേന്ദ്രങ്ങള്‍ വിപുലീകരിക്കുന്നതിനായി പദ്ധതിയിലെ തുകകള്‍ക്ക് പുറമെ 100 കോടി കിഫ്ബിയില്‍ നിന്ന് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
Content Highlights: new IT parks in Kannur and Kollam will take Kerala to the next level of development in 25 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..