പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: കായികമേഖലയിലെ സംരംഭകത്വം പോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളുടെ ഉത്പാദനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ കേരളത്തിന്റെ ജിഡിപിയിലേക്ക് കായിക മേഖലയുടെ സംഭാവന ഒരു ശതമാനം മാത്രമാണ്. അത് മൂന്നു മുതല്‍ നാല് വരെ ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
തിരുവനന്തപുരം മേനംകുളത്ത് ജി.വി രാജ സെന്റര്‍ ഓഫ് എക്‌സലന്‍സും മൂന്നാറിലെ ഹൈ ആള്‍ട്ടിട്യൂഡ് ട്രെയിനിങ് സെന്ററില്‍ അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും സ്ഥാപിക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കായിക അക്കാദമികള്‍ രൂപീകരിക്കും. സ്വകാര്യ അക്കാദമികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കും. ഇതിനായി ആകെ 2.50 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഗ്രാമീണ കളിസ്ഥല പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
ഇ-സ്‌പോര്‍ട്‌സ് മേഖല വലിയ പ്രചാരം നേടുന്നത് പരിഗണിച്ച് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ മുഖേന യുവജനങ്ങള്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഹെല്‍ത്തി കിഡ്‌സ് ആയോധന മത്സരങ്ങള്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നിവയ്ക്കുള്ള സമഗ്ര പരിശീലന പദ്ധതികള്‍ക്കും പുതിയ സ്‌പോര്‍ട്‌സ് പോളിസി നടപ്പാക്കുന്നതിനും 6.50 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
കോവിഡ്-19 ചികിത്സയ്ക്കുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിരുന്ന സ്റ്റേഡിയങ്ങള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തി ഉപയോഗ യോഗ്യമാക്കാനുള്ള ചെലവുകള്‍ക്കായി രണ്ടു കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കായിക-യുവജന വകുപ്പുകള്‍ക്കായി ആകെ 130.75 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.
Content Highlights: Kerala Budget 2022 Sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..