പിണറായി വിജയൻ| Photo:Mathrubhumi
തിരുവനന്തപുരം: പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെന്നുകൂടിയാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസം പൊതുജനാരോഗ്യം, അധികാര വികേന്ദ്രീകരണം, എന്നിവയ്ക്കും അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ പദ്ധതികള്‍ക്കും ബജറ്റില്‍ ആവശ്യമായ വകയിരുത്തലുണ്ട്. സമീപനത്തിന്റെ സമഗ്രതയിലുടെ അടുത്ത കാല്‍നൂറ്റാണ്ടില്‍ കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണമെന്ന വീക്ഷണം യാഥാര്‍ത്ഥ്യമാക്കാനുള്ളള സുപ്രധാന കാല്‍വെയ്പ്പുകള്‍ ഈ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. പ്രതികൂല സാഹര്യങ്ങള്‍ മറികടക്കാനുള്ള ദൃഢനിശ്ചയവും ബജറ്റിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുളളത്. ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലപ്പെടുത്തി വിജ്ഞാന മേഖലയെ ഉല്‍പ്പാദന രംഗവുമായി ബന്ധപ്പെടുത്താനും വ്യക്തമായ നിര്‍ദ്ദേശം ബജറ്റിലുണ്ട്. ഇതിന്റെ ഭാഗമാണ് സയന്‍സ് പാര്‍ക്കുകള്‍ എന്ന ആശയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശീയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ലെന്നും മുഖ്യന്ത്രി ചൂണ്ടിക്കാണിച്ചു.
Content Highlights: CM Pinarayi Vijayan's comment in Kerala budget 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..