വാഴക്കൃഷിയില്‍ 12 ലക്ഷം നഷ്ടം; നട്ട് രണ്ടാം കൊല്ലം മേജോയ്ക്ക് ലാഭം നല്‍കി പാഷന്‍ഫ്രൂട്ട്


ഗീതാഞ്ജലി

പാഷന്‍ഫ്രൂട്ട് കൃഷിക്ക് ആദ്യത്തെ കൊല്ലം മാത്രമാണ് പരിപാലനച്ചെലവ് അല്‍പം കൂടുതല്‍. നട്ടശേഷം പടരാന്‍ പന്തലിടുന്നതിനാണ് പ്രധാനമായും ഈ ചെലവ് വരിക.

മേജോ പാഷൻഫ്രൂട്ട് തോട്ടത്തിൽ

റ്റു വിളകളെ അപേക്ഷിച്ച് പരിപാലനച്ചെലവ് വളരെ കുറവ്. ആഴ്ച തോറും വിളവെടുക്കാം. മാത്രമല്ല ലാഭവും വിപണിസാധ്യതയും ഉറപ്പ്... പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ വിജയം കൊയ്യുകയാണ് തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി മേജോ ജോസഫ്. ഇടുക്കി കുളമാവില്‍, പാട്ടത്തിനെടുത്ത മൂന്നേക്കറോളം സ്ഥലത്ത് നാനൂറോളം ചുവട് പാഷന്‍ ഫ്രൂട്ടാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്.

ആരംഭിച്ച് രണ്ടാംകൊല്ലംതന്നെ മുടക്കുമുതലും ലാഭവും കയ്യില്‍വന്നുവെന്ന് മേജോ പറയുന്നു. പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍നിന്നുള്ള മേജോ പാഷന്‍ ഫ്രൂട്ട് കൃഷിയിലേക്ക് കടന്നിട്ട് രണ്ടുകൊല്ലമായി. എന്‍ 34, കാവേരി ഇനത്തില്‍പ്പെട്ട പാഷന്‍ഫ്രൂട്ട് ചെടികളാണ് മേജോയുടെ തോട്ടത്തിലുള്ളത്. കായകള്‍ക്ക് മധുരവും വലിപ്പവും കൂടുതലുള്ള ഇനങ്ങളാണ് ഇവ. ഇതില്‍ കാവേരിയുടെ കായകള്‍ക്ക് ഓവല്‍ ആകൃതിയാണ്. എന്‍ 34-ന്റെ കായകള്‍ ഉരുണ്ട രൂപത്തിലാണുള്ളത്.

12 ലക്ഷം രൂപ തുലച്ച വാഴക്കൃഷി

വാഴക്കൃഷിയായിരുന്നു മുമ്പ് മേജോ ചെയ്തിരുന്നത്. അയ്യായിരം വാഴവരെ നട്ട വര്‍ഷമുണ്ടായിരുന്നു. പക്ഷെ 2017-ലെ മഴയും പിന്നീടുണ്ടായ പ്രളയവും വാഴക്കൃഷി മുഴുവന്‍ നശിക്കാന്‍ കാരണമായി. തൊട്ടടുത്ത വര്‍ഷം സ്വര്‍ണമുഖി ഇനത്തില്‍പ്പെട്ട വാഴ വെക്കുകയും അത് കാലംതെറ്റി കുലയ്ക്കുകയും ചെയ്തതോടെ മേജോയുടെ വാഴക്കൃഷിയുടെ കാര്യം ഒരു തീരുമാനമായി. ഒന്നും രണ്ടുമല്ല, 10-12 ലക്ഷം രൂപയാണ് വാഴക്കൃഷിയില്‍ രണ്ടുകൊല്ലം കൊണ്ട് നഷ്ടംവന്നത്. അതോടെ വാഴക്കൃഷിയോട് ബൈ ബൈ പറയാന്‍ മേജോ തീരുമാനിച്ചു. ആ സമയത്താണ് ഒരു സുഹൃത്ത് പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്തുകൂടേയെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. അങ്ങനെയാണ് പാഷന്‍ഫ്രൂട്ട് കൃഷിയിലേക്ക് മെജോ കടക്കുന്നത്.

പാഷന്‍ഫ്രൂട്ട് കൃഷിയും പരിപാലനവും

പാഷന്‍ഫ്രൂട്ട് കൃഷിക്ക് ആദ്യത്തെ കൊല്ലം മാത്രമാണ് പരിപാലനച്ചെലവ് അല്‍പം കൂടുതല്‍. നട്ടശേഷം പടരാന്‍ പന്തലിടുന്നതിനാണ് പ്രധാനമായും ഈ ചെലവ് വരിക. മരങ്ങളുള്ള സ്ഥലമാണ് കൃഷിക്ക് തിരഞ്ഞെടുക്കുന്നതെങ്കില്‍ മുട്ട് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കേണ്ട ആവശ്യമില്ല. അങ്ങനെയെങ്കില്‍ ചെലവ് പിന്നെയും കുറയും. ആദ്യത്തെ കൊല്ലം ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് മോജോയ്ക്ക് ചെലവു വന്നത്. രണ്ടാംകൊല്ലം ഇത് വെറും അയ്യായിരം രൂപയായി ചുരുങ്ങി. ചെടി ചുവടുപിടിച്ച് രണ്ടാം കൊല്ലം മുതല്‍ പരിപാലനം മാത്രമേ ആവശ്യമുള്ളൂ. വളം, കീടനാശിനി എന്നിവയല്ലാതെ മറ്റൊന്നിനും വേണ്ടി പണം മുടക്കേണ്ടതില്ല. ആറുമാസം കൊണ്ട് ചെടി കായ്ച്ചു തുടങ്ങും. പിന്നീട് ചാണകം പുളിപ്പിച്ച് ഒഴിച്ചുകൊടുക്കും. വര്‍ഷത്തില്‍ എട്ടുമാസത്തോളം പാഷന്‍ ഫ്രൂട്ടുകള്‍ കിട്ടും. മൂന്നു-നാലു മാസം മാത്രമേ കായ കിട്ടാതിരിക്കുകയുള്ളൂ.

മേജോയുടെ പാഷന്‍ഫ്രൂട്ട് തോട്ടം

തേനീച്ച പാഷന്‍ ഫ്രൂട്ട് തോട്ടത്തിന്റെ നാഥന്‍

തേനീച്ചകളാണ് പാഷന്‍ഫ്രൂട്ട് തോട്ടത്തിലെ പരാഗണത്തിന്റെ ചുമതലക്കാര്‍. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ചെടികളില്‍ പൂ വിടരുക. ഈ സമയത്താണ് പരാഗണം നടക്കുക. മഴക്കാലത്ത് തേനീച്ചകള്‍ വരാത്തതിനാല്‍ പരാഗണം നടക്കില്ല. പൂക്കള്‍ കൊഴിഞ്ഞുപോവുകയും ചെയ്യും. ഇത്തവണ കാലംതെറ്റി പെയ്ത മഴയെത്തുടര്‍ന്ന് പൂക്കള്‍ കൊഴിഞ്ഞുപോയിരുന്നെന്ന് മേജോ പറയുന്നു.

ഫംഗസും തണ്ടുതുരപ്പനും വില്ലന്മാര്‍

മറ്റേതു വിളകളെയും പോലെ പാഷന്‍ഫ്രൂട്ട് ചെടിക്കുമുണ്ട് ചില ശത്രുക്കള്‍. ഇതില്‍ പ്രധാനികളാണ് ഫംഗസ് ബാധയും തണ്ടുതുരപ്പന്‍ വണ്ടും. കൂടുതലായും രണ്ടാംവര്‍ഷം മുതലാണ് കീടബാധ കണ്ടുവരുന്നത്. ചുവട് ദ്രവിച്ചുപോകുന്ന വിധത്തിലുള്ള ഫംഗസ് ബാധയുണ്ടാകാനിടയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മരുന്ന് ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതിയാകും. പിന്നെയുള്ളത് വണ്ടിന്റെ ശല്യമാണ്, ഇവ ചെടിയുടെ തണ്ട് മുറിച്ചു കളയും.

വാഴയ്ക്കും മറ്റുമുണ്ടാകുന്ന തണ്ടുതുരപ്പനെ തുരത്താന്‍ സ്വീകരിക്കുന്ന മാര്‍ഗം ഇതിനെതിരേയും സ്വീകരിച്ചാല്‍ മതിയാകും. ചുവട്ടില്‍നിന്ന് ഒരുമീറ്റര്‍ അകലത്തേക്ക് മരുന്നു തളിച്ചാല്‍ ഇതിനെ പ്രതിരോധിക്കാം. പൂവില്‍ വീഴാതെ ശ്രദ്ധിക്കണം. അത് പരാഗണത്തെ ബാധിക്കും. ആദ്യത്തെ കൊല്ലത്തിനു ശേഷം മുന്തിരിച്ചെടിക്കും മറ്റും ചെയ്യുംപോലെ പ്രൂണിങ് ചെയ്തുകൊടുക്കണം. അല്ലാത്തപക്ഷം വള്ളി നീണ്ടു പോകുന്നതിന് അനുസരിച്ച് കായ ചെറുതാകും. ഇത് ഒഴിവാക്കാനാണ് ഈ കോതിയൊതുക്കല്‍. ഇതോടെ പുതിയ തല്‍ുകള്‍ വരികയും ചെയ്യും.

വളപ്രയോഗം

ചെടി നട്ട് രണ്ടാം വര്‍ഷം മുതല്‍ യൂറിയയും പൊട്ടാഷും നാലുമാസം കൂടുമ്പോള്‍ ഇട്ടു കൊടുക്കാറുണ്ടെന്ന് മേജോ പറയുന്നു. കൃഷി ഭവനില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണിത്. വേനല്‍ക്കാലത്ത് ചെടികള്‍ നന്നായി നനച്ചു കൊടുക്കണം. 28 ഡിഗ്രിക്കു മുകളില്‍ താപനില വന്നാല്‍ പൂവിനെയും കായിനെയും ബാധിക്കും. കായ കൊഴിയും. ചൂടു കൂടുന്നത് മാത്രമല്ല, നിലവിട്ട് താഴ്ന്നാല്‍ അതും പാഷന്‍ഫ്രൂട്ട് ചെടികളെ ബാധിക്കും. താപനില 14 ഡിഗ്രിയില്‍ താഴെ പോയാലും കായ വല്ലാതെ കൊഴിയും. ഈ രണ്ട് താപനിലയ്ക്കുള്ളില്‍ നില്‍ക്കുന്നതാണ് പാഷന്‍ഫ്രൂട്ടിന് നല്ലത്.

വിളവെടുപ്പ്

ആഴ്ചയില്‍ ഒരുതവണ വീതമാണ് പാഷന്‍ഫ്രൂട്ട് വിളവെടുപ്പ്. ഒരുപാട് കായുണ്ടാകുയാണെങ്കില്‍ രണ്ടുതവണ എടുക്കും. പൂ വിരിഞ്ഞ് 72- 80 ദിവസത്തില്‍ (ഹൈറേഞ്ചില്‍ 80 ദിവസം, ലോ റേഞ്ചില്‍ 72 ദിവസം) വിളവെടുക്കാം. പാകമായി പര്‍പ്പിള്‍ കളറിലേക്ക് മാറുമ്പോള്‍ കായകള്‍ പറിച്ചെടുക്കും. കടകളിലേക്ക് കൊടുക്കുകയും എറണാകുളത്തേക്ക് കയറ്റിവിടുകയും ചെയ്യാറുണ്ട്. എക്പോര്‍ട്ടിങ് കമ്പനികളാണ് മറ്റുള്ള ഉപഭോക്താക്കള്‍. ഗ്രേഡ് അനുസരിച്ചാണ് പാഷന്‍ ഫ്രൂട്ടിന് വില. സീസണ്‍ സമയത്ത്, കമ്പനികളില്‍ കൊടുക്കുമ്പോള്‍ വില അല്‍പം കുറയും. എക്സ്പോര്‍ട്ടിങ് കമ്പനികള്‍ക്ക് 100-120 രൂപ നിരക്കിലാണ് വില്പന. കടകളിലേക്കും മറ്റും മൊത്തത്തില്‍ കൊടുക്കുമ്പോള്‍ അറുപതു രൂപയ്ക്ക് താഴെ നല്‍കാറില്ല. ലാഭകരമായതിനാല്‍ കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യവും മേജോയ്ക്കുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പാഷന്‍ ഫ്രൂട്ട് പല ഇനങ്ങളുണ്ട്. അറിയാവുന്ന തോട്ടങ്ങളില്‍ പോയി വിത്ത് വാങ്ങി മുളപ്പിച്ച് നടുന്നതാണ് നഴ്സറികളെ ആശ്രയിക്കുന്നതിനേക്കാള്‍ നന്നെന്നാണ് മേജോയുടെ അഭിപ്രായം. കാരണം രുചി, വലിപ്പം, പള്‍പ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഓരോ ഇനത്തിനും വ്യത്യാസമുണ്ട്.

Content Highlights: Thodupuzha native Mejo's success story in Passion fruit cultivation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented