ജീവിക്കാന്‍ പൊന്നാട മതിയോ...കൃഷിക്കാര്‍ ചോദിക്കുന്നു


പ്രതീകാത്മക ചിത്രം/ പി ജയേഷ്‌

വീണ്ടുമൊരു കര്‍ഷകദിനം കൂടി എത്തി. ബുധനാഴ്ച ചിങ്ങം ഒന്നാണ്. കര്‍ഷകദിനാചരണവും ഇന്നാണ്. ആദരവിനപ്പുറം കൃഷിക്കാര്‍ ആഗ്രഹിക്കുന്നതെന്താണ്. വര്‍ഷങ്ങളായി അവര്‍ ആവശ്യപ്പെടുന്ന ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും തീര്‍പ്പായിട്ടില്ല. അത് ഇവയാണ്.

ന്യായവില

സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറിക്ക് ന്യായവില പ്രഖ്യാപിച്ചത് വലിയ നേട്ടമായി വിലയിരുത്തുന്നു. സമീപകാലത്ത് ആറ് ഉത്പന്നങ്ങള്‍കൂടി ന്യായവില പട്ടികയിലേക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ എത്ര വില നിശ്ചയിച്ചാലും മിക്കപ്പോഴും കൃഷിക്കാരന് അത്രയും തുക കിട്ടുന്നില്ലെന്നതാണ് സത്യം.

ന്യായവിലയ്ക് ചരക്ക് സംഭരിക്കാനുള്ള കേന്ദ്രങ്ങള്‍ വേണ്ടത്രയില്ല. വിളവുകൂടുമ്പോള്‍ കൃത്യമായ സംഭരണം നടന്നില്ലെങ്കില്‍ അതും വിലയിടിവിന് കാരണമാകും. കഴിഞ്ഞവര്‍ഷം കപ്പയ്ക് നേരിട്ടത് അതാണ്. വന്‍തോതില്‍ ചരക്ക് വന്നതോടെ വില ഇടിഞ്ഞു. കപ്പ നശിപ്പിച്ച് കളയുന്ന സ്ഥിതിവന്നു. സംഭരണം പരാജയപ്പെട്ടു. ഉണക്കക്കപ്പ സപ്ലൈക്കോ കിറ്റ് വഴി കൊടുക്കാനുള്ള നീക്കവും പൊളിഞ്ഞു. ഈ വര്‍ഷം കപ്പ കിട്ടാനില്ല. പക്ഷേ, കിലോഗ്രാമിന് 50 രൂപ വിലയുണ്ട്. എല്ലാസീസണിലും മാന്യമായ വില ഉത്പന്നങ്ങള്‍ക്ക് കിട്ടണം.

വളം വില വാണംപോലെ

ഓരോ വളത്തിനും ചെറിയ ഇടവേളയിലാണ് വില കൂടുന്നത്. പൊട്ടാഷ്-34(19), യൂറിയ-5.90(5), റോക്ക് ഫോസ്‌ഫേറ്റ്-11.50(9), ഫാക്ടംഫോസ്-29.80(21) എന്നിങ്ങനെയാണ് വില സമീപകാലത്ത് കൂടിയത്. ബ്രാക്കറ്റിലുള്ളത് പഴയ വില. ജൈവവളത്തിനും വില കൂടിയെന്ന് മാത്രമല്ല, നല്ലയിനം കിട്ടാനുമില്ല. വളത്തിന് സബ്ബ്‌സിഡി ഉറപ്പുവരുത്തണം എന്നാണ് കൃഷിക്കാര്‍ പറയുന്നത്.

കൃഷി തൊഴിലുറപ്പില്‍ വേണം

കൃഷിക്കാരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നതിന് ഇനിയും തീരുമാനമായില്ല. കൃഷിപ്പണിക്ക് വേണ്ടത്ര തൊഴിലാളികളെ കിട്ടാത്ത നാട്ടില്‍ തൊഴിലുറപ്പ് സേനയെ പ്രയോജനപ്പെടുത്താനാകും. കൃഷിക്കാരന്‍ പണിതാല്‍ അവര്‍ക്കും കൂലി കിട്ടും.

വില്ലന്‍ കാലാവസ്ഥ, മാറണം കലണ്ടര്‍

2021-ല്‍ 11 മാസം മഴ നീണ്ടുനിന്നു. കൃഷിക്ക് വന്‍തോതില്‍ നാശമുണ്ടായി. ഒക്ടോബറിലെ ഉരുള്‍പൊട്ടല്‍സമയത്ത് 52 കോടിയുടെ നാശമാണുണ്ടായത്. മഴയുടെ രീതി മാറുന്ന സ്ഥിതിക്ക് കാര്‍ഷിക കലണ്ടര്‍ മാറേണ്ടതുണ്ട്. അക്കാര്യത്തില്‍ പഠനം വേണം. ഒപ്പം വിള ഇന്‍ഷൂറന്‍സ് പരിഷ്‌കരിക്കണം.

കിട്ടാനുള്ള തുക

വിള ഇന്‍ഷൂറന്‍സ്, പ്രകൃതിക്ഷോഭത്തിലെ നാശനഷ്ടം എന്നിവ കൃത്യസമയത്ത് കിട്ടാത്തത് പ്രശ്‌നമാണ്. കൃഷിക്കാരെ കടക്കെണിയിലാക്കുന്നത് ഈ നഷ്ടം പരിഹരിക്കാതെപോകുമ്പോഴാണ്.

നല്ല വിത്ത്

സീഡ് അതോറിറ്റിയില്‍നിന്ന് കൊടുക്കുന്ന വിത്ത് മികപ്പോഴും മുളയ്കാതെ പോകുന്നുണ്ട്. വിത്തിന്റെ കാര്യക്ഷമത ഉറപ്പാക്കണം.

വരവിനെക്കാള്‍ ചെലവ്

റബ്ബറിന്റെ താങ്ങുവില 170 രൂപയാണ്. എന്നാല്‍ ഒരു കിലോ റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ 170 രൂപ വരുമെന്നാണ് ബോര്‍ഡ് പഠനം. അപ്പോള്‍ കൃഷിക്കാരന് മിച്ചമില്ല. നെല്ലിന് കിലോഗ്രാമിന് 35 രൂപ ചെലവ് വരും. താങ്ങുവില 29.20 രൂപയും. കേന്ദ്രസര്‍ക്കാര്‍ ഒരുരൂപ കൂട്ടിയതുകൊണ്ടാണിത്. നെല്ലില്‍ ഈര്‍പ്പം പറഞ്ഞ് താരതള്ളലുണ്ട്. 100 കിലോ നെല്ല് കൊടുത്താല്‍ അതില്‍നിന്ന് ആറ് കിലോ കുറച്ചേ തൂക്കം കണക്കാക്കൂ. ഇത് ഇനിയും മാറിയിട്ടില്ല. എടുക്കുന്ന നെല്ലിന്റെ വില കിട്ടാന്‍ കൃഷിക്കാരന്‍ സപ്ലൈക്കോ ഓഫീസില്‍ സമരം ചെയ്യേണ്ടിവരുന്നു.

ചുമട്ടുകൂലികൂടി കമ്പനി വഹിക്കണം

നെല്ലെടുക്കുമ്പോള്‍ പാടത്തുനിന്ന് ചാക്ക് ചുമന്ന് ലോറിയില്‍ കയറ്റാനുള്ള ചെലവ് കൃഷിക്കാരാണ് വഹിക്കുന്നത്. ഇത് നെല്ലെടുക്കുന്നവര്‍ വഹിക്കണമെന്നാണ് പറയാനുള്ളത്. കൊയ്ത് യന്ത്രത്തിന് മണിക്കൂറിന് 3000 രൂപയാണ് വാടക. ഇത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വഹിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണം. -സലിമോന്‍, മഞ്ചാടിക്കരി

കര്‍ഷകന് എന്നും കഞ്ഞി കുമ്പിളില്‍

വര്‍ഷങ്ങളായി സ്ഥലം പാട്ടമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഞങ്ങള്‍. വായ്പയെടുത്തും കടം വാങ്ങിയുമൊക്കെയാണ് കൃഷി ഇറക്കുന്നത്. എന്നാല്‍ വിളവെടുക്കുമ്പോള്‍ ഒരു വര്‍ഷത്തെ കഷ്ടപ്പാടിന്റെ കൂലിപോലും കിട്ടാത്ത സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം ഒന്‍പത് രൂപയ്ക്കാണ് ഒരുകിലോ കപ്പ വിറ്റത്. -ടി.ആര്‍. ഉണ്ണിക്കൃഷ്ണന്‍, തൊട്ടിക്കല്‍

സര്‍ക്കാര്‍ സഹായം നല്‍കണം

നെല്‍കര്‍ഷകരെല്ലാം വലിയ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ സഹായം ഉണ്ടെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കു. കൂലിവര്‍ധനവാണ് പ്രധാന കാരണം. വളത്തിനുള്‍പ്പെടെ എല്ലാത്തിനും അമിതമായി കൂലിവര്‍ധിച്ചു. എന്നാല്‍, 100 കിലോ നെല്ല് വിറ്റാല്‍ 2812 രൂപയാണ് ലഭിക്കുന്നത്. മഴയോ വെള്ളപ്പൊക്കമുണ്ടായാല്‍ വീണ്ടും ബുദ്ധിമുട്ടാണ്. നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുത്തതാലും സമയത്തിന് കിട്ടില്ല. -ഭരതരാജന്‍പിള്ള, നെല്‍കര്‍ഷകന്‍, വെച്ചൂര്‍

Content Highlights: Farmers' concerns on farmers' day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented