പല രോഗങ്ങൾക്കും ഔഷധക്കൂട്ടുകൾ കൂടിയായിരുന്നു ഈ ഇലവർഗങ്ങൾ; ​ഗോത്രച്ചെപ്പിലെ ഔഷധങ്ങൾ


രമേഷ് വെള്ളമുണ്ട

വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം നാമ്പുകൾനീട്ടുന്ന കാടിനുള്ള അമൂല്യ ഔഷധച്ചെടികളെക്കുറിച്ചുപോലും ഗോത്ര വൈദ്യൻമാർക്ക് നല്ല ധാരണയുണ്ടായിരുന്നു

വയനാടൻ മഞ്ഞൾ, കൂവക്കിഴങ്ങ് , തോടിറമ്പങ്ങളിൽ താള് ശേഖരിക്കുന്ന ആദിവാസി സ്ത്രീ , എം.എസ്.എസ്.ആർ. സീഡ് കെയർ പത്തില ചന്ത (ഫയൽ ചിത്രം)

നാട്ടുവൈദ്യൻമാരുടെയും നാട്ടറിവുകളുടെയും നാടാണ്‌ വയനാട്. മാരി പെയ്തിറങ്ങുന്ന കാലവർഷത്തിൽ കൊടും തണുപ്പിനെയും മലമ്പനിയെയും അതിജീവിച്ചുവന്ന ഗ്രോത്രവംശജരുടെ നാട്ടറിവുകൾ ഈ നാടിന്റെ പൈതൃകമാണ്. പ്രകൃതിയിൽനിന്ന്‌ കണ്ടെത്തിയ ഔഷധക്കൂട്ടുകൾ മാത്രമാണ് ഇവരുടെ വംശാവലിയെ ഏറെദൂരം മുന്നോട്ട് നടത്തിക്കൊണ്ടുവന്നത്. നൂറ്റാണ്ടുകൾക്കുമുമ്പ് പടർന്നുപിടിച്ച വസൂരിയടക്കമുള്ള രോഗത്തിന് കടിഞ്ഞാണിടാൻ ആദിവാസി വംശീയവൈദ്യത്തിന് കഴിഞ്ഞതായി മുൻതലമുറകൾ പറയുന്നു. കാട്ടിനുള്ളിൽനിന്ന് ശേഖരിക്കുന്ന അപൂർവമായ ഔഷധക്കൂട്ടുകൾ ഓരോരോഗത്തിനും പ്രത്യേകമായി തയ്യാറാക്കുന്നതിൽ ആദിവാസി സമൂഹത്തിന് കഴിവുണ്ടായിരുന്നു.

വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം നാമ്പുകൾനീട്ടുന്ന കാടിനുള്ള അമൂല്യ ഔഷധച്ചെടികളെക്കുറിച്ചുപോലും ഗോത്ര വൈദ്യൻമാർക്ക് നല്ല ധാരണയുണ്ടായിരുന്നു. ഓരോ ഗോത്രവിഭാഗത്തിനും വൈദ്യസിദ്ധിയുള്ള കുടുംബം ഉണ്ടായിരുന്നു. ഈ കുടുംബാംഗങ്ങൾ തലമുറകളായി കൈമാറ്റംചെയ്താണ് ചികിത്സാ മുറകൾ നടത്തിയിരുന്നത്. ഈ അറിവുകൾ പരക്കെ പ്രചരിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി അലിഖിത ഗോത്ര നിയമമുണ്ട്. തലമുതിർന്ന വൈദ്യൻ ജീവിതത്തിന്റെ അവസാനപാദത്തിൽ തന്റെ തലമുറയിലെ വിശ്വസ്തരായിട്ടുള്ള ഒരാളിലേക്കാണ് ഈ അറിവിനെ കൈമാറുക. കറുത്തിരുണ്ടു വരുന്ന കർക്കടകമാസം ഇവർക്കും കരുതലിന്റെമാസമാണ്. ശരീരം ഇളമിയ്ക്കുമ്പോൾ രോഗം എളുപ്പംകടന്നുകൂടും. ഇതിനായി തകർത്ത് പെയ്യുന്ന വയനാടൻമഴയിൽ ചെറിയകുടിലുകളിലിരുന്ന് തീകൂട്ടി ആദിവാസികൾ ശരീരത്തെ ചൂടുപിടിപ്പിക്കും. കുറുന്തോട്ടിയുടെയും കാട്ടിനുള്ളിൽനിന്ന് വേനൽക്കാലത്ത് ശേഖരിക്കുന്ന ഔഷധച്ചെടികളുടെ വേരുകളും കുടിലിന്റെ അകത്തളത്തിന് നടുക്കായി ഒരുക്കിയ അടുപ്പിലിട്ട് ഇവർ പുകച്ചുകൊണ്ടിരിക്കും. മഴക്കാലത്ത് ശരീരമാസകലം പുകകൊണ്ട് തണുപ്പിനെയും രോഗങ്ങളെയും പ്രതിരോധിക്കുകയാണെന്ന് ഇവരുടെ മുതിർന്നതലമുറകൾ പറയും. രോഗപീഡകളിൽ നിന്നുമുള്ള മോചനത്തിനായിരുന്നു ഇവരുടെ ഈ പരിരക്ഷയെല്ലാം.

കാലം കാത്തുവെച്ച നാട്ടറിവുകൾ

കർക്കകടകമാസത്തിലെ ആരോഗ്യപരിപാലനത്തിന് പത്തിലകൾ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്നു. താള്, വട്ടത്തകര, മത്തനില, എളവൻ ഇല, പയറില, പൊന്നാങ്കണ്ണി, തഴുതാമ, കൊടിത്തൂവ, കടുമുടുങ്ങ, ചേനയില എന്നിവയാണ് പത്തിലകളിൽ ഉൾപ്പെടുന്നത്. തണുപ്പിനെ പ്രതിരോധിക്കുന്ന ഉത്തമ ഭക്ഷ്യവിഭവങ്ങളാണിത്. തുളസി, കയ്യൂന്നി, നിലമ്പന, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, കറുക, വിഷ്ണുക്രാന്തി, പൂവാംകുറുന്നില, മുയൽച്ചെവി എന്നീ ദശപുഷ്പങ്ങൾ കർക്കടകമാസത്തിൽ ശീപോതിവെക്കാനും ഉപയോഗിച്ചിരുന്നു. ഭക്ഷ്യയോഗ്യമായ അമ്പതിലധികം ഇലവർഗങ്ങൾ ഗോത്രജനതയുടെ അറിവിലുണ്ടായിരുന്നു. ഇതിൽ പകുതിയിലധികം നശിച്ചു. ഒരു കാലത്ത് ഇവരുടെ ആരോഗ്യസംരക്ഷണത്തിന് കരുത്ത് പകർന്നിരുന്നത് ഈ ഭക്ഷ്യശീലങ്ങൾതന്നെയാണ്. ഈ ശീലങ്ങളെ പുതിയതലമുറകൾ ഉപേക്ഷിച്ചതോടെ രോഗവും ഇവരുടെ കൂടെപ്പിറപ്പായിമാറിയതായി വാളാരംകുന്ന് കോളനിയിലെ കറപ്പൻ. വയൽവക്കിലും തോടിറമ്പത്തിലുമെല്ലാം ധാരാളമായി ശേഖരിക്കാൻ കഴിയുന്ന ഈ പ്രകൃതിയുടെ മരുന്നുകൾ ഇപ്പോൾ കാണാനുമില്ല. പുതിയ തലമുറകൾക്കാകട്ടെ ഇവയൊന്നും കണ്ടാൽ തന്നെ തിരിച്ചറിയാനുള്ള അറിവുമില്ലെന്നാണ് ഗോത്ര സമുദായത്തിലെ മുതിർന്നവരുടെ തലമുറകൾ പറയുന്നത്.

കർക്കടകത്തിലെ രോഗപീഡകൾ മാറ്റാനും ആരോഗ്യപരിചരണം നടത്താനും പ്രകൃതിയിൽത്തന്നെ ഔഷധക്കൂട്ടുകളുണ്ട്. വയനാടിന്റെ നാട്ടുവഴികളിൽനിന്ന്‌ കണ്ടെടുത്ത അനേകം ഔഷധപച്ചകളെ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനു കീഴിലെ സീഡ് കെയർ യൂണിറ്റുകൾ സ്വാംശീകരിച്ചിട്ടുണ്ട്. വിവിധ ആദിവാസി വിഭാഗത്തിലുള്ളവർ അവരുടെ സമുദായത്തിന്റെ പാരമ്പര്യ അറിവുകളിൽ ഒരുകാലത്ത് ഭദ്രമായിസൂക്ഷിച്ച ഔഷധപച്ചകളെ ഇവരിൽനിന്ന് നേരിട്ടറിയാം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്റെ ലഭ്യത സമൂഹത്തിന്റെ ആരോഗ്യത്തെ നിർണയിക്കുന്ന ഘടകമായി പിൽക്കാലം ഇതിനെ വിലയിരുത്തുന്നു. നാടൻഭക്ഷണശീലങ്ങളുടെയും അതതുകാലത്തെ ആരോഗ്യ പരിരക്ഷയുടെയും ചരിത്രം കൂടിയാണ് ഗോത്രസമുദായങ്ങൾ പരമ്പരാഗത അറിവിലൂടെ പങ്കുവെക്കുന്നത്. കൃഷിചെയ്യുന്നവയും ശേഖരിക്കുന്നവയുമായി നിരവധി ഔഷധസസ്യങ്ങളും ചെറുജീവികളും കൺമുന്നിൽനിന്ന്‌ മാഞ്ഞുപോകുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന ഈ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനുള്ള മുന്നേറ്റങ്ങൾകൂടിയാണ് ഈ കർക്കടകമാസമെന്ന് ഗോത്രസമുദായങ്ങളും ഓർമിപ്പിക്കുന്നു.

വിസ്മൃതിയുടെ പുതിയകാലം

നാട്ടറിവുകളും കാട്ടറിവുകളുംചേർന്ന് സമ്മിശ്രമായിരുന്നു ഗോത്ര വയനാടിന്റെ ഗതകാലങ്ങൾ. ഇല വർഗവന്യസസ്യങ്ങളുടെ വംശീയഭക്ഷണങ്ങൾ ആദിവാസിജനതയുടെ ആരോഗ്യ പോഷണത്തിന് കരുത്തുപകർന്നു. കാടിനുള്ളിലും വയൽ വക്കിലും സമൃദ്ധമായി വളർന്ന പൊന്നാങ്കണ്ണിയും തഴുതാമയും മുത്തിളും തവരയുമെല്ലാം ഒന്നാന്തരം ഭക്ഷ്യവർഗങ്ങളാണെന്ന് മുൻ തലമുറകൾ തെളിയിച്ചു. പല രോഗങ്ങൾക്കും ഔഷധക്കൂട്ടുകൾ കൂടിയായിരുന്നു ഈ ഇലവർഗങ്ങൾ. ആദിവാസി ജീവിത ചാരുതകളിൽനിന്ന് ഇവയെ അടർത്തിമാറ്റിയാൽ ഇവർക്ക് ജീവിതമില്ല.

പൊന്നാങ്കണ്ണി, മുത്തിൾ, മരുമചപ്പ്, വഷളച്ചീര, കൊല്ലിച്ചേമ്പ്, വെള്ളമരുമ, പനച്ചകം, അളിയൻ ചപ്പ്, പുളിയാറില, മുയൽ ചെവിയൻ, തഴുതാമ, മുക്കരിച്ചപ്പ്, പാലൻ ചീര, മരക്കീര, വയൽച്ചുള്ളി, ചൊറിയാണം, കൊഴുപ്പ ചീര, കരിമുടുങ്ങ, ഉണ്ണിത്തണ്ട്, കാട്ടുതുവര, തുമ്പ, കുമിഴ്, പാൽ ചീര, കന്നി ചപ്പ് തുടങ്ങി വംശീയവൈദ്യത്തിലെ വന്യ ഇലവർഗങ്ങൾ നീളുകയാണ്. ഒന്നിനുംപകരം വെക്കാൻ മറ്റൊന്നില്ലാത്ത പഴമയുടെനാളുകളിൽ അലോപ്പതിമരുന്നുകൾ പ്രാപ്യമല്ലാത്ത കാലഘട്ടത്തിൽ ഇവയിൽ നിന്നുമുള്ള മരുന്നുകൾതേടി രോഗശമനത്തിനായി ഒരുപാട് ആളുകൾ എത്തിയിരുന്നു.

Content Highlights: karkidakam lifestyle, ayurveda, tribal life of wayanad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented